കോവിഡ് സീസണില്‍ അകലം പാലിക്കാനുള്ള സര്‍ക്കാറുത്തരവുകള്‍ വന്നതോടെ ചില
പാക്കേജുകളുടെ നിരക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും വിലക്കയറ്റം കണക്കിലെടുത്താല്‍ എല്ലാം
ലാഭകരമാണെന്നത്രെ പൊതു അഭിപ്രായം.
അങ്ങനെ, വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്കായി അവര്‍ ഒരു പാക്കേജ് അന്വേഷിച്ചു: വരന്‍, സര്‍ക്കാര്‍ ജോലി, വീട്, കാറ് എന്നിവക്ക് പുറമെ ഒഴിവുകാല വസതി കൂടിയുള്ള പാക്കേജിന് ബ്രോക്കര്‍മാര്‍ മോശമല്ലാത്ത നിരക്ക് ഈടാക്കി. എന്നാലും തരക്കേടില്ല. നിലയും വിലയും നോക്കണമല്ലോ.
പിന്നെ കല്യാണ നാളിനും പാക്കേജ് മോശമായിക്കൂടാത്തതിനാല്‍ അവര്‍ നഗരമധ്യത്തിലെ നിരക്ക് കൂടിയ ഹാള്‍ തന്നെ ബുക്ക് ചെയ്യിച്ചു. തലേന്ന് മെഹന്ദി, കല്യാണ നാളില്‍ ഗാനമേള തുടങ്ങിയവക്കൊപ്പം ആനയെഴുന്നള്ളത്ത് കൂടി പാക്കേജില്‍ ഓഫറുണ്ടായിരുന്നെങ്കിലും നഗരമധ്യത്തിലെ പ്രയാസം കരുതി അത് ഒഴിവാക്കുകയായിരുന്നു. പകരം കല്യാണച്ചടങ്ങുകള്‍ പകര്‍ത്തി എഡിറ്റ് ചെയ്ത് യൂട്യൂബില്‍ ഇടുന്ന ഓഫര്‍ അടങ്ങുന്ന ബദല്‍ പാക്കേജ് സ്വീകരിച്ചു.
സ്വീകരണങ്ങള്‍ക്കും വിരുന്നിനും പ്രത്യേക പാക്കേജുകള്‍ വേറെ ഉണ്ടായിരുന്നു. അവതാരകയുടെ നിലവാരത്തിനനുസരിച്ചും ക്ഷണിതാക്കളുടെ എണ്ണത്തിനനുസരിച്ചും ഭക്ഷണ വിഭവങ്ങളുടെ സ്വഭാവമനുസരിച്ചും എ,ബി,സി എന്നീ തരം പാക്കേജുകള്‍. എ തന്നെ എടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കളുണ്ട് ഈ പാക്കേജിലെ ക്ഷണിതാക്കളില്‍. വിഭവങ്ങള്‍ തരാതരം, ഇഷ്ടം പോലെയും അതിലേറെയും. ഫേസ്ബുക്ക് ലൈവിന് കാഴ്ചക്കാരെ സംഘടിപ്പിക്കാന്‍ പ്രത്യേക ക്രമീകരണവും.
കുറച്ചു മാസം കഴിഞ്ഞപ്പോള്‍ പ്രസവ പാക്കേജിനെപ്പറ്റി അന്വേഷണം തുടങ്ങി. എട്ടാം മാസത്തില്‍ അഡ്മിറ്റാക്കും. വി.ഐ.പി സന്ദര്‍ശക മുറി, സ്ഥിരം വിസിറ്റേഴ്‌സിന് പ്രത്യേക കൂപ്പെ, സ്വന്തമായി ഭക്ഷണം പാകം ചെയ്യേണ്ടവര്‍ക്കും പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കേണ്ടവര്‍ക്കും പ്രത്യേകം പ്രത്യേകം ഉപ പാക്കേജുകള്‍. ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ഭക്ഷണത്തിന് പ്രത്യേക ഡിസ്‌കൗണ്ട്. പാക്കേജിന്റെ ഭാഗമായി എം.എസ് (ഗൈനക്)കാരിയായ ലേഡി ഡോക്ടറും രണ്ട് നഴ്‌സുമാരും സേവനത്തിനുണ്ടാകും. പെയിന്‍ലെസ് ഡെലിവറിക്ക് പാക്കേജും അതിന് ഡിസ്‌കൗണ്ടും. രണ്ടും നെഗോഷ്യബ്ള്‍. സിസേറിയന്‍ പ്രീ ബുക്ക് ചെയ്യാനും സംവിധാനമുണ്ട്.
പ്രസവാനന്തര ഗാര്‍ഹിക ശുശ്രൂഷക്ക് (മൂന്നു മാസം) വേറെ പാക്കേജ്. തൊഴിലെടുക്കുന്ന അമ്മയെങ്കില്‍, രണ്ടാം വര്‍ഷം മുതല്‍ ക്രഷ് സൗകര്യം അടുത്തുതന്നെ ലഭ്യമാണ്. ബേബി ഫുഡിന് തരാതരം പാക്കേജുകളും ലഭ്യം.
പക്ഷേ, നമുക്ക് വേണ്ടത് വീട്ടില്‍തന്നെ വന്ന് കുട്ടിയെ നോക്കുന്ന ആയയെയാണ്. എല്‍.കെ.ജിയില്‍ ചേര്‍ക്കുന്നതു വരെ അടങ്ങുന്ന പാക്കേജാണ് കൂട്ടത്തില്‍ മെച്ചം. ആയ രാവിലെ വരും, സന്ധ്യക്ക് പോകും. അതല്ല, ഫുള്‍ടൈം വേണമെങ്കില്‍ കുറച്ചുകൂടി ഉയര്‍ന്ന പാക്കേജാക്കാം.
ബോര്‍ഡിംഗില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ അന്താരാഷ്ട്ര സ്‌കൂളുണ്ട്. സ്‌കൂള്‍, പഠനം, താമസം തുടങ്ങിയവക്കനുസരിച്ച് തരാതരം പാക്കേജുകള്‍. അമ്മക്ക് കുട്ടിയെ മാസത്തിലൊരിക്കല്‍ ചെന്നു കാണാം. അഛനു കൂടി കാണാന്‍ അല്‍പം ഉയര്‍ന്ന സ്ലാബില്‍ പാക്കേജുണ്ട് (ഡിസ്‌കൗണ്ടും ലഭ്യം).
വിദ്യാഭ്യാസം, തൊഴിലന്വേഷണം തുടങ്ങിയ പാക്കേജ് ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ മകന് സ്വന്തമായി പാക്കേജുകള്‍ അന്വേഷിക്കാം. വിവാഹാലോചന, വിവാഹം, റിസപ്ഷന്‍...
അതു കഴിഞ്ഞ്, അഛനമ്മമാരെ നന്നായി ശുശ്രൂഷിക്കാന്‍ മറ്റൊരു പാക്കേജ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നു. പല നിലവാരത്തിലുള്ള വൃദ്ധസദനങ്ങളില്‍, വേണ്ടതെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പാക്കേജ് അനുസരിച്ച് നിരക്ക്. മികച്ച ശുശ്രൂഷ, മികച്ച ഭക്ഷണം, മികച്ച വൈദ്യ പരിപാലനം, മാസത്തിലൊരിക്കല്‍ മകനുമായി വീഡിയോ കൂടിക്കാഴ്ചക്ക് പ്രത്യേക നിരക്കില്‍ സംവിധാനമടക്കം ലോകോത്തര സൗകര്യങ്ങള്‍ (നിബന്ധനകള്‍ ബാധകം). 'എ' ടൈപ്പ് പാക്കേജില്‍ മരണ ശുശ്രൂഷകള്‍ സൗജന്യം.
കോവിഡ് സീസണില്‍ അകലം പാലിക്കാനുള്ള സര്‍ക്കാറുത്തരവുകള്‍ വന്നതോടെ ചില പാക്കേജുകളുടെ നിരക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും വിലക്കയറ്റം കണക്കിലെടുത്താല്‍ എല്ലാം ലാഭകരമാണെന്നത്രെ പൊതു അഭിപ്രായം.