വൃദ്ധരായ മാതാപിതാക്കളുടെ പരിചരണവും അവരോടുള്ള സമീപനവും ഇസ്ലാം
വളരെ ഗൗരവതരത്തില്‍ കണ്ടിട്ടുണ്ട്.
അനിഷേധ്യ യാഥാര്‍ഥ്യമാണ് വാര്‍ധക്യം. ബാല്യവും കൗമാരവും യുവത്വവും കടന്ന് ആയുസ്സിന്റെ അറുതിയെത്തിയാല്‍ സട കൊഴിഞ്ഞ് എല്ലും പല്ലും നഖവുമൊക്കെ ക്ഷയിക്കുന്നത് സൃഷ്ടി കര്‍മം നിര്‍വഹിച്ച നാഥന്റെ പരീക്ഷണമാണ്. ''അവശമായ അവസ്ഥയില്‍ നിന്ന് നിങ്ങളുടെ സൃഷ്ടി തുടങ്ങിയത് അല്ലാഹു തന്നെയാകുന്നു. പിന്നീട് ആ അവശാവസ്ഥക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ശക്തിയേകി. പിന്നെ, ആ ശക്തിക്കു ശേഷം നിങ്ങളെ അവശരും വയോധികരുമാക്കി. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാകുന്നു''(അര്‍റൂം 54).
വാര്‍ധക്യം അതനുഭവിക്കുന്നവര്‍ക്കു മാത്രമല്ല, പരിചരിക്കുന്നവര്‍ക്കും പ്രയാസങ്ങളേറെ നല്‍കുന്നതാണ്. ശൈശവത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷകളോ ആശകളോ ഇല്ലാത്ത, മരണത്തിലേക്ക് ഓടിയടുക്കുന്ന ഏകാന്ത യാത്രയാണ് വാര്‍ധക്യം. വാര്‍ധക്യത്തിന്റെ അവശതയും നിസ്സഹായതയും കഠിനമാണ്. ശാരീരികവും മാനസികവുമായ ദുര്‍ബലതകള്‍ വല്ലാതെ തളര്‍ത്തുന്നതു കൊണ്ടാവണം നബി(സ) പതിവായി ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നത്: ''അല്ലാഹുവേ, പിശുക്കില്‍ നിന്നും അലസതയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. പടുവാര്‍ധക്യത്തിന്റെ അവശതയില്‍ നിന്നും ഖബർ ശിക്ഷയില്‍ നിന്നും ദജ്ജാലിന്റെ ഫിത്നയില്‍നിന്നും ജീവിത-മരണങ്ങളിലെ ഫിത്നയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.'
വയോജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും നബി(സ) പഠിപ്പിച്ചു: ''ഇളമുറക്കാര്‍ മുതിര്‍ന്നവര്‍ക്കും നടക്കുന്നവന്‍ ഇരിക്കുന്നവനും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണം''(ബുഖാരി).
വൃദ്ധജനങ്ങളുടെ ശാരീരികവും മാനസികവുമായ അവശത പരിഗണിച്ച് അനുഷ്ഠാന കര്‍മങ്ങളില്‍ പ്രത്യേക ഇളവ് അനുവദിച്ച നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. പ്രായമായവര്‍ക്ക് നോമ്പൊഴിവാക്കാം, നിന്ന് നമസ്‌കരിക്കാന്‍ ആവുന്നില്ലെങ്കില്‍ ഇരുന്നാവാം നമസ്‌കാരം. അതിനും സാധിക്കുന്നില്ലെങ്കില്‍ കിടന്നുകൊണ്ട് നിര്‍വഹിക്കാം. ഇങ്ങനെ അനേകം ഇളവുകള്‍.
വൃദ്ധരായ മാതാപിതാക്കളുടെ പരിചരണവും അവരോടുള്ള സമീപനവും ഇസ്ലാം വളരെ ഗൗരവതരത്തില്‍ കണ്ടിട്ടുണ്ട്. 'വാര്‍ധക്യം പ്രാപിച്ച മാതാപിതാക്കളുണ്ടായിട്ടും അവര്‍ മുഖേന സ്വര്‍ഗപ്രവേശം സാധിക്കാത്തവന്‍ നശിക്കട്ടെ'എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. 'മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് 'ഛെ'എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: 'നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!'(അല്‍ഇസ്റാഅ് :17 : 24-30)
വാര്‍ധക്യം ശാപമല്ല, അനുഗ്രഹമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആയുസ്സിനെ സല്‍ക്കര്‍മങ്ങളിലൂടെ അനുഗ്രഹമാക്കിത്തീര്‍ക്കുന്നവരാണ് ഭാഗ്യവാന്മാര്‍ എന്ന് റസൂല്‍ (സ) പഠിപ്പിക്കുന്നു. നാട്ടിലും വീട്ടിലും മുതിര്‍ന്നവരുടെ സാന്നിധ്യം അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷത്തിന് കാരണമാകുമെന്നും റസൂല്‍ പറഞ്ഞിരിക്കുന്നു. ഇബ്നു അബ്ബാസ് നിവേദനം ചെയ്ത ഹദീസില്‍, 'സര്‍വ ഐശ്വര്യവും (ബറകത്ത്) നിങ്ങളുടെ കൂട്ടത്തില്‍ വാര്‍ധക്യം പ്രാപിച്ചവരോടൊപ്പമായിരിക്കും' എന്ന് റസൂല്‍(സ) അരുള്‍ ചെയ്തതായി കാണാം (ഇബ്നു ഹിബ്ബാന്‍: 559).
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അബ്സീനിയയിലേക്ക് പലായനം ചെയ്തവര്‍ തിരിച്ച് റസൂലിന്റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ അവിടുന്ന് ചോദിച്ചു: ''അബ്സീനിയായില്‍ നിങ്ങള്‍ കണ്ട വിസ്മയകരമായ കാര്യങ്ങളെപ്പറ്റി നിങ്ങള്‍ക്കെന്നോട് പറയാനില്ലേ?'' അപ്പോള്‍ കൂട്ടത്തിലെ ചില യുവാക്കള്‍ പറഞ്ഞു: ''ഒരിക്കല്‍ ഞങ്ങളിങ്ങനെ ഇരിക്കവേ, ഒരു കുടത്തില്‍ വെള്ളവും തലയില്‍ ചുമന്ന് ഒരു വൃദ്ധ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി. അവര്‍ അന്നാട്ടിലെ ഒരു ചെറുക്കന്റെ സമീപത്തുകൂടി പോയപ്പോള്‍ ആ ചെറുക്കന്‍ തന്റെ ഒരു കൈ ആ വൃദ്ധയുടെ ചുമലിലൂടെ ഇട്ട് ഒരൊറ്റ തട്ട് കൊടുത്തു. വൃദ്ധ മുട്ടുകുത്തി വീഴുകയും കുടം വീണുടയുകയും ചെയ്തു. വീണിടത്തു നിന്ന് എഴുന്നേറ്റു നിന്ന ആ വൃദ്ധ ആ ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: എടോ വഞ്ചകാ, നിനക്ക് തിരിയും, നാളെ അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും, എന്നിട്ട് മുന്‍ഗാമികളും പിന്‍ഗാമികളുമായ സകലരെയും ഒരുമിച്ചുകൂട്ടുകയും, അങ്ങനെ തങ്ങള്‍ ചെയ്തു കൂട്ടിയതിനെപ്പറ്റി കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, അന്ന് നാഥന്റെ മുമ്പില്‍ എന്റെയും നിന്റെയും കാര്യമെന്തായിരിക്കുമെന്ന് നീ അറിയും കെട്ടോ. റസൂല്‍ (സ) പറഞ്ഞു: ശരിയാണവര്‍ പറഞ്ഞത്, വളരെ ശരിതന്നെ, അല്ലെങ്കിലും ശക്തരില്‍ നിന്ന് ദുര്‍ബലര്‍ക്ക് കിട്ടേണ്ടത് കിട്ടാത്ത ഒരു സമുദായത്തെ അല്ലാഹു എങ്ങനെയാണ് പരിശുദ്ധരാക്കുക? (ഇബ്നുമാജ: 4010 )
വൃദ്ധരെ പ്രത്യേകം പരിഗണിക്കുക എന്നത് അറബികളുടെ പാരമ്പര്യമായാണ് ചരിത്രം കുറിക്കുന്നത്. സദസ്സുകളില്‍ അവരെ ബഹുമാനത്തോടെ വരവേല്‍ക്കുക, അവര്‍ വരുമ്പോള്‍ എണീറ്റ് നില്‍ക്കുക, അവശരായവരെ ആശ്വസിപ്പിക്കുക, പ്രത്യേക ഇരിപ്പിടം തയ്യാര്‍ ചെയ്തു കൊടുക്കുക തുടങ്ങിയ മര്യാദകള്‍ അറബികള്‍ക്കിടയില്‍ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. 'കുടുംബത്തിലെ പ്രായമുള്ളവര്‍ ഒരു സമുദായത്തിന്റെ പ്രവാചകനെപ്പോലെയാണെ'ന്ന പഴമൊഴി അറബികള്‍ക്കിടയില്‍ പ്രസിദ്ധം. വാര്‍ധക്യത്തിലെത്തിയവര്‍ നന്മയും സുകൃതങ്ങളുമുള്ളവരാണെങ്കില്‍ കൂടുതല്‍ പരിഗണനീയരാണെന്നാണ് നബിവചനം. അബൂമൂസ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: 'നര ബാധിച്ച മുസ്ലിനെ ആദരിക്കുക, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരെ ആദരിക്കുക, നീതിമാനായ ഭരണാധികാരിയെ ആദരിക്കുക - ഇത് അല്ലാഹു കല്‍പ്പിച്ച ബഹുമാനങ്ങളാണ്.' (അബൂദാവൂദ്). അനസി(റ)ല്‍ നിന്ന്. നബി(സ) പറഞ്ഞു: 'ഒരു യുവാവ് വാര്‍ധക്യത്തിലെത്തിയ ഒരാളെ പരിഗണിച്ചാല്‍ അവന്റെ വാര്‍ധക്യത്തില്‍ സഹായിയായി അല്ലാഹു ഒരാളെ നിശ്ചയിക്കുന്നതാണ്'(തുര്‍മുദി).
അഞ്ചാം ഖലീഫയെന്നു പ്രസിദ്ധനായ ഉമറുബ്നു അബ്ദില്‍ അസീസ്(റ) തന്റെ ഗവര്‍ണര്‍മാര്‍ക്കെഴുതി: 'നിങ്ങള്‍ ചുറ്റുഭാഗവും കണ്ണോടിക്കണം. വാര്‍ധക്യത്തിലെത്തിയ അമുസ്ലിംകള്‍ക്ക് മുസ്ലിംകളുടെ പൊതുഖജനാവില്‍ നിന്ന് ചെലവുകള്‍ വകയിരുത്തണം. ശാരീരിക അസ്വസ്ഥതകളും ദൈനംദിന ജീവിതത്തിന്റെ കഷ്ടപ്പാടുകളും അവരെ തളര്‍ത്തരുത്. ഉമര്‍(റ)വിന്റെ മാതൃക നമ്മുടെ മുന്നിലുള്ളത് നിങ്ങള്‍ തിരിച്ചറിയണം.' തിരുനബി(സ)യുടെ സവിധത്തില്‍ പ്രത്യേകം പരിഗണന ലഭിക്കുന്നവരായിരുന്നു വൃദ്ധജനങ്ങള്‍. അപ്രകാരം അവരെ പരിഗണിക്കാനും ആദരിക്കാനും നമുക്കും സാധിക്കണം.
l