ന്യൂഡല്‍ഹിയിലെ ദ വുമണ്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റിന് കീഴില്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ സാക്ഷരതാ കാമ്പയിന്‍ മുന്‍നിര്‍ത്തി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍
എ റഹ്‌മത്തുന്നിസ ആരാമത്തോട് സംസാരിക്കുന്നു.
uവുമണ്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) ആരംഭിച്ച ദേശീയ തല സാക്ഷരതാ കാമ്പയിനെക്കുറിച്ച് വിശദീകരിക്കാമോ?
'നിരക്ഷരതയില്‍ നിന്നുള്ള സ്വാതന്ത്ര്യം: ഓരോരുത്തരും പത്ത് പേരെ വീതം പഠിപ്പിക്കുക' എന്ന തലക്കെട്ടില്‍ വായന, എഴുത്ത്, ശ്രവണം എന്നിവ ഉള്‍പ്പെടുന്ന പ്രവര്‍ത്തന സാക്ഷരതയിലൂടെ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാക്ഷരതാ കാമ്പയ്നിനാണ് നാം തുടക്കം കുറിച്ചിട്ടുള്ളത്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരികയും ഓരോ സ്ത്രീയെയും അന്തസ്സോടെ ജീവിതം നയിക്കാന്‍ പ്രാപ്തയാക്കുകയും ചെയ്യുക എന്ന ഈ മഹത്തായ ദൗത്യത്തില്‍ താല്‍പര്യമുള്ള ആര്‍ക്കും പങ്കാളികളാകാമെന്ന് കാമ്പയിനിന്റെ തലക്കെട്ട് തന്നെ സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീകളെ അക്ഷരാഭ്യാസത്തിലേക്ക് നയിക്കുക വഴി സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ കഴിവുകള്‍ സമൂഹ നിര്‍മിതിക്കായി ഉപയോഗിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും ഇതൊരു മികച്ച അവസരമാണ്. കൂടാതെ വൊളന്റിയര്‍ സര്‍ട്ടിഫിക്കറ്റും, അനുഭവ പഠനങ്ങളും ചേര്‍ത്ത് സ്വന്തം പ്രൊഫൈലിന് മൂല്യം വര്‍ധിപ്പിക്കാനും ഈ പരിപാടിയുടെ ഭാഗമാകുന്നതോടെ സാധിക്കും. ഞങ്ങളുടെ പരിശീലന പരിപാടികളിലൂടെയും ഫീല്‍ഡിലെ അനുഭവങ്ങളിലൂടെയും വോളന്റിയര്‍മാര്‍ക്ക് തങ്ങളുടെ നേതൃഗുണങ്ങളും ധിഷണയും (Emotional Intelligence) വികസിപ്പിക്കാന്‍ കഴിയും. അത് അവരുടെ കരിയറിലും കുടുംബ ജീവിതത്തിലും പ്രയോജനം ചെയ്യും. രാജ്യത്തിന്റെ നന്മക്കായി യുവജനശക്തിയെ ക്രിയാത്മകമായി ഇടപെടുത്താനുള്ള ശ്രമം കൂടിയാണിത്.
uഇത്തരം കാമ്പയിനുകള്‍ ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്? ഈ പ്രവര്‍ത്തനത്തിലൂടെ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത്?
സ്ത്രീ ശാക്തീകരണത്തിനായി നൈപുണി വികസന പരിശീലനങ്ങള്‍, ഉപജീവന പദ്ധതി നടപ്പാക്കല്‍, നിയമാവബോധം, സാമ്പത്തിക സാക്ഷരത തുടങ്ങി നിരവധി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ട്വീറ്റ് ഏര്‍പ്പെട്ടുവരുന്നു. ഈ പ്രക്രിയയിലെ ഏറ്റവും വലിയ തടസ്സം ഗുണഭോക്താക്കളായ വനിതകളുടെ നിരക്ഷരതയാണ്. രാജ്യത്തെ സ്ത്രീകളുടെ നിലവിലെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. സമൂഹത്തില്‍ സ്ത്രീകള്‍ ധാരാളമായി ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വിശകലനം ചെയ്താല്‍, രാജ്യത്തെ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സാക്ഷരതാ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട് എന്ന് ബോധ്യമാകും. മാത്രമല്ല, 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന സമയത്തും സ്ത്രീ സാക്ഷരതയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മള്‍ 123-ാം സ്ഥാനത്താണെന്നത് ലജ്ജാകരമാണ്.
uവിദ്യാഭ്യാസ ശാക്തീകരണം സ്ത്രീകളുടെയും സമൂഹത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?
'നിങ്ങള്‍ ഒരു പുരുഷനെ പഠിപ്പിച്ചാല്‍ ഒരു വ്യക്തിയെ പഠിപ്പിക്കുന്നു; നിങ്ങള്‍ ഒരു സ്ത്രീയെ പഠിപ്പിക്കുകയാണെങ്കില്‍, ഒരു സമൂഹത്തെ പഠിപ്പിക്കുന്നു' എന്നത് ശരിയെന്ന് തെളിഞ്ഞ ആപ്തവാക്യമാണ്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും, കുടുംബങ്ങളുടെ കെട്ടുറപ്പിലുമെല്ലാം ഇത് സ്വാധീനം ചെലുത്തും. അക്ഷരാഭ്യാസം വിവരങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഇത് സമൂഹത്തില്‍ ക്രിയാത്മകമായി ഇടപഴകാനുള്ള ശേഷി വര്‍ധിപ്പിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ അടിത്തറ നല്‍കുകയും ചെയ്യുന്നു. ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചങ്ങലകള്‍ തകര്‍ക്കാനും അവസരങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവതികളാകാനും അക്ഷരാഭ്യാസം അനിവാര്യമാണ്. പൗരയെന്ന നിലക്കുള്ള കടമ ശരിയായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിവുള്ളവരാക്കി സ്ത്രീകളെ മാറ്റിയെടുക്കാനുള്ള ഏറ്റവും ഉത്തമമായ ആയുധമാണ് വിദ്യാഭ്യാസം. പൗരസമൂഹത്തിന് ശരിയായ അവബോധമില്ലെങ്കില്‍, ജനാധിപത്യ സമ്പ്രദായം തന്നെ ചില മേലാളരുടെ മേധാവിത്വമായി തുടരും. ചുരുക്കത്തില്‍, രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ വിഭജനവും ഉച്ചനീചത്വങ്ങളും കുറക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പുകളിലൊന്നാണിത്.
u അടുത്ത കാലത്തായി മുസ്്ലിം സമുദായത്തില്‍ വിദ്യാഭ്യാസ അവബോധം വര്‍ധിച്ചതായി കാണാം. പക്ഷേ, മാറുന്ന ലോകവുമായി പൊരുത്തപ്പെടാന്‍ ഇത് പര്യാപ്തമാണോ?
മൊത്തം സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച്, പാര്‍ശ്വവത്കരിക്കപ്പെട്ടവരും നിരാലംബരുമായ സമൂഹങ്ങളിലും ചില മാറ്റങ്ങള്‍ ദൃശ്യമാവും. അത് സ്വാഭാവികമാണ്. ലഭ്യമായ കണക്കുകളും ഫീല്‍ഡ് അനുഭവങ്ങളും, മുസ്്ലിം സ്ത്രീകളുടെ പുരോഗതി മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ മന്ദഗതിയിലാണ്. ഇത് വളരെ ആശങ്കാജനകമാണ്. ഡിജിറ്റല്‍ സാക്ഷരതയുടെ ഈ കാലത്ത് പല സംസ്ഥാനങ്ങളിലെയും മുസ്്ലിം സ്ത്രീകള്‍ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും പ്രയോജനപ്പെടുത്താനാവാതെ നിരക്ഷരരായി തുടരുകയാണ്. മുസ്്ലിം സമൂഹത്തിലെ സ്ത്രീകളെ പിന്നാക്കം തള്ളുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഇത് സ്ഥാപനപരമായ അശ്രദ്ധയാണെന്നും ദുര്‍ഭരണം കാരണം സംഭവിച്ച പരാജയമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതേസമയം, മുസ്്ലിം സ്ത്രീകളെപ്പോലെ തന്നെ മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ നിരക്ഷരതയുടെ അന്ധകാരത്തില്‍ ഇപ്പോഴും കഴിഞ്ഞുകൂടുന്ന ഇതര മതവിഭാഗങ്ങളിലെ സ്ത്രീകളെയും ജാതിമത ഭേദമന്യേ കൈപിടിച്ചുയര്‍ത്താനാണ് ഈ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
u പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വെല്ലുവിളി നിറഞ്ഞതാണ്. ഇപ്പോള്‍ രാജ്യത്തെ നിലവിലെ അന്തരീക്ഷം കണക്കിലെടുത്ത് ഇത് എത്രത്തോളം സാധ്യമാണ്?
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് രാജ്യത്ത് നിരവധി നല്ല പദ്ധതികളും നിയമങ്ങളും ഉണ്ട്. എന്നാല്‍, അവ നടപ്പാക്കുന്നിടത്ത് പരാജയപ്പെടുന്നു. അഴിമതി, തെറ്റായ മുന്‍ഗണനകള്‍, ജാതിവ്യവസ്ഥ, ഭരണകക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍, ചില പ്രദേശങ്ങളോടും സമുദായങ്ങളോടുമുള്ള പക്ഷപാതം എന്നിവ കാരണം ചില വിഭാഗം പെണ്‍കുട്ടികള്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കുന്നുള്ളൂ. ഉദാഹരണത്തിന്, 'ബേഠി ബച്ചാവോ, ബേഠി പഠാവോ' പ്രോജക്റ്റ്. അനുവദിച്ച ബജറ്റിന്റെ പരമാവധി ഭാഗം എങ്ങോട്ടാണ് പോയതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ പൗരസമൂഹത്തിന്റെ ജാഗ്രത അത്യന്താപേക്ഷിതമാണ്. നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ വരും.
uകാമ്പയിനിന്റെ വിജയത്തില്‍ എത്രത്തോളം ആത്മവിശ്വാസമുണ്ട്? ഇതിന് ധാരാളം മാനവ വിഭവശേഷിയും ധനശേഷിയും ആവശ്യമാണല്ലോ, എങ്ങനെ അത് കണ്ടെത്താന്‍ കഴിയും?
ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. സാമ്പത്തികമായോ ശാരീരികമായോ നല്ല ലക്ഷ്യത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറുള്ള നിരവധി ആളുകള്‍ രാജ്യത്തുണ്ടെന്ന് വിഷന്‍ പ്രോജക്റ്റുകള്‍ ആരംഭിച്ചതു മുതലുള്ള നമ്മുടെ അനുഭവമാണ്. നമ്മുടെ പ്രതീക്ഷ വിദ്യാസമ്പന്നരായ പെണ്‍കുട്ടികളിലാണ്. അവരെ ശരിയായ രീതിയില്‍ പ്രചോദിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്താല്‍, സഹജീവികള്‍ക്ക് ഗുണപരവും തങ്ങള്‍ക്ക് പ്രതിഫലാര്‍ഹവുമായിത്തീരുന്ന ഈ യജ്ഞം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവും. ഒരുപാട് മനുഷ്യസ്നേഹികളുടെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണയിലൂടെ തന്നെയാണ് ഇതുവരെയും നാം പ്രവര്‍ത്തിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇതര എന്‍.ജി.ഒകളില്‍ നിന്നും പരമാവധി പിന്തുണയും സഹായവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്: സ്റ്റാഫ് റിപ്പോര്‍ട്ടര്‍