വൈറലുകള്‍ക്കുള്ളിലെ വൈറസുകള്‍
സി.ടി സുഹൈബ്
october 2022
ലൈക്കും ഷെയറും അംഗീകാരങ്ങളും സന്തോഷത്തെയും ദുഃഖത്തെയും നിര്‍ണയിക്കുന്ന കാലത്ത് എല്ലാറ്റിലും പ്രകടനപരത കയറിവരാനുള്ള സാധ്യത കൂടുതലാണ്.
അബൂസഈദ് (റ) പറയുന്നു. ഞങ്ങള്‍ ദജ്ജാലിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ റസൂല്‍ (സ) ഞങ്ങളുടെ അരികിലേക്ക് വന്നു. റസൂല്‍ (സ)പറഞ്ഞു: 'ദജ്ജാലിന്റെ ഉപദ്രവത്തെക്കാള്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നത് എന്തെന്നറിയുമോ? അത് ഗോപ്യമായ ശിര്‍ക്കാണ്. നമസ്‌കരിച്ചുകൊണ്ടിരിക്കെ ആരെങ്കിലും തന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കി നമസ്‌കാരത്തെ ഭംഗിയാക്കലാണത്.' ഗോപ്യമായ ശിര്‍ക്ക് എന്താണെന്ന് മറ്റൊരിക്കല്‍ സ്വഹാബിമാര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ച നേരം അത് 'രിയാഅ്' (ലോകമാന്യം) എന്നുത്തരമേകി.
കര്‍മങ്ങളൊക്കെയും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് മാത്രമാവുക എന്നതാണ് വിശ്വാസിയുടെ സംസ്‌കാരമാവേണ്ടത്. അല്ലാഹുവിന്റെ തൃപ്തിയും അവന്റെ പ്രതിഫലവും ആഗ്രഹിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണുകയും അറിയുകയും പ്രശംസിക്കുകയും, അതുവഴി ഭൗതിമായ വല്ലതും ലഭിക്കണമെന്നൊക്കെയുള്ള ചിന്തയും ഉദ്ദേശ്യവും കടന്നുവരുന്നത് കര്‍മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും.
രക്തസാക്ഷിയായ ഒരാളും പണ്ഡിതനായ മറ്റൊരാളും ധര്‍മിഷ്ഠനായ മൂന്നാമതൊരാളും അല്ലാഹുവിങ്കല്‍ പ്രതിഫലമാഗ്രഹിച്ച് ചെല്ലുമ്പോള്‍, അതെല്ലാം ആളുകള്‍ പ്രശംസിക്കാനായി ചെയ്തതാണെന്ന് പറഞ്ഞ് പ്രതിഫലം നിഷേധിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ച് റസൂല്‍ (സ)പഠിപ്പിക്കുന്നുണ്ട്. പ്രകടമായ ശിര്‍ക്കുകളെക്കുറിച്ച് നമ്മള്‍ പൊതുവെ സൂക്ഷ്മതയുള്ളവരും അതില്‍നിന്ന് അകന്ന് നില്‍ക്കുന്നവരുമായിരിക്കും. എന്നാല്‍, രിയാഅ് എന്ന ഗോപ്യമായ ശിര്‍ക്ക് ഏതൊരാളിലേക്കും എളുപ്പത്തില്‍ കടന്നുവരുന്നതാണ്. അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യേണ്ടത് മറ്റുള്ളവരിലേക്ക് പങ്കിടുന്നതിനാലാണത് ശിര്‍ക്കായിത്തീരുന്നത്.
ലൈക്കും ഷെയറും അംഗീകാരങ്ങളും സന്തോഷത്തെയും ദുഃഖത്തെയും നിര്‍ണയിക്കുന്ന കാലത്ത് എല്ലാറ്റിലും പ്രകടനപരത കയറിവരാനുള്ള സാധ്യത കൂടുതലാണ്. എങ്ങനെയാണ് എന്നെ നാലാള്‍ അറിയുക? എന്തു ചെയ്താലാണ് ഞാന്‍ വൈറല്‍ ആവുക? ഈ ചിന്തയിലാണ് പലരും. ആശയങ്ങളും ആവിഷ്‌കാരങ്ങളും പരമാവധി ആളുകളിലേക്കെത്തിക്കാനും ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ സജീവമായി ഇടപെടാനും സോഷ്യല്‍ മീഡിയ പല രീതിയില്‍ സഹായിക്കുന്നുണ്ട്. ഒരേസമയം സാധ്യതകളുടെ ഇടമാണെന്നതോടൊപ്പം മനസ്സില്‍ പ്രകടനപരതയും സ്വാര്‍ഥ താല്‍പര്യങ്ങളും വളരാന്‍ പറ്റിയ സാഹചര്യം കൂടിയാണവ ഒരുക്കിത്തരുന്നത്. നന്മകളെല്ലാം മറ്റുള്ളവരെ കാണിക്കണമെന്നും അറിയിക്കണമെന്നും സദ് വിചാരങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ രൂപപ്പെടണമെന്നുമൊക്കെ ആഗ്രഹിക്കാന്‍ തുടങ്ങും. അനുകൂല പ്രതികരണങ്ങള്‍ മനസ്സിനെ സന്തോഷിപ്പിക്കും; പ്രതികൂല പ്രതികരണങ്ങള്‍ അസ്വസ്ഥതയും ദുഃഖവുമുണ്ടാക്കും. പതിയെ, ചെയ്യുന്നതെന്തും ചുറ്റുമുള്ളവര്‍ക്കിടയില്‍ പ്രശസ്തി ആഗ്രഹിച്ചുകൊണ്ടായിത്തീരുകയും ചെയ്യും.
മറ്റുള്ളവര്‍ അറിയുകയും കാണുകയും ചെയ്യുന്ന രൂപത്തില്‍ ഒന്നും ചെയ്യരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല, മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമാകുന്ന രൂപത്തില്‍ ചിലതൊക്കെ പരസ്യമാക്കുന്നതും നല്ലതാണ്. പക്ഷേ, അത് അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചാവണമെന്ന് മാത്രം. വ്യക്തിപരമായി ചെയ്യുന്നതില്‍ സൂക്ഷ്മത പാലിക്കുകയും സാമൂഹിക കൂട്ടായ്മകളിലൂടെ ചെയ്യുന്നത് പരസ്യപ്പെടുത്തുകയുമാണ് രിയാഅ് തടയാന്‍ സഹായകമാവുക. 'നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.' (ഖുര്‍ആന്‍ 2:271)
രിയാഅ് മനുഷ്യനെ 'സ്വന്തത്തെക്കുറിച്ച അതിരുകവിഞ്ഞ തോന്നലെ'ന്ന ആപത്തിലേക്ക് കൊണ്ടെത്തിക്കും. 'ഇഅ്ജാബ് ബിന്നഫ്‌സ്' എന്നു പറയും. ഞാന്‍ അത്യാവശ്യം കൊള്ളാവുന്ന ആളാണ്, എനിക്ക് ഒരുപാട് കഴിവുകളും സ്വാധീനങ്ങളുമുണ്ട് എന്ന ചിന്ത കൂടിക്കൂടി വന്ന് തന്നെ പ്രദര്‍ശിപ്പിക്കാനും തന്റെ പക്കലുള്ളതൊക്കെയും മറ്റുള്ളവരെക്കാള്‍ മികച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ താന്‍ മറ്റുള്ളവരെക്കാള്‍ മുകളിലാണെന്ന തോന്നലുണ്ടാവുന്നു. അത് അഹന്തയിലേക്കും അഹങ്കാരത്തിലേക്കും മറ്റുള്ളവരെ വിലകുറച്ച് കാണുന്നതിലേക്കും എത്തിക്കും.
വിനയമാണ് ലോമാന്യത്തില്‍നിന്നും അഹങ്കാരത്തില്‍നിന്നും രക്ഷപ്പെടാനുള്ള വഴി. കഴിവുകളെ കുറിച്ച് ബോധ്യമുണ്ടാകുന്നതോടൊപ്പം അത് പടച്ചവന്റെ അനുഗ്രഹമാണെന്നും അവന്‍ തീരുമാനിച്ചാല്‍ ഇല്ലാതായിത്തീരുമെന്നുമുള്ള ബോധ്യം മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. എന്നാല്‍, അതൊരിക്കലും അപകര്‍ഷ ബോധം ഉണ്ടാക്കുന്നതാവരുത്. അനശ്വരമായതും നിലനില്‍ക്കുന്നതും ഈ ലോകത്തിനപ്പുറത്തെ ജീവിത വിജയവും അംഗീകാരവുമാണെന്ന് മനസ്സിലാക്കുമ്പോള്‍, അല്ലാഹുവിന്റെ പ്രീതിയും തൃപ്തിയും നമ്മുടെ ഏറ്റവും വലിയ ആഗ്രഹമായിത്തീരും.
നന്മ ഉദ്ദേശിച്ച് ചെയ്യുന്ന കാര്യം ആളുകള്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ അതില്‍ സന്തോഷിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അബൂദര്‍റുല്‍ ഗിഫാരി(റ)യില്‍ നിന്ന് നിവേദനം. റസൂലുല്ലാഹി(സ)യോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: 'ഒരാള്‍ ചെയ്ത നന്മയുടെ കാര്യത്തില്‍ ജനങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നുവെങ്കില്‍ അതേക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്.' റസൂല്‍ (സ) പറഞ്ഞു: 'അത് ഒരു വിശ്വാസിക്കുള്ള സന്തോഷ വാര്‍ത്തയാണ്.' (മുസ്ലിം). അതായത്, പ്രസ്തുത കര്‍മം പടച്ചവന്‍ സ്വീകരിക്കുകയും പരലോകത്ത് പ്രതിഫലം നല്‍കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തിന്റെ മുന്നോടിയാണത്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുന്നതോടൊപ്പം ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം അതിനിടയില്‍ കണ്ടെത്തുന്നത് കര്‍മങ്ങളെ പാഴാക്കിക്കളയില്ല. അറിവ് പകര്‍ന്നു നല്‍കുന്നത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യേണ്ട കാര്യമാണ്. എന്നാല്‍, അധ്യാപനത്തിലൂടെ തന്റെ ഭൗതികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വരുമാനം ആഗ്രഹിക്കുന്നത് തെറ്റല്ല. ഹജ്ജ് വേളയില്‍ ജീവിതാവശ്യങ്ങള്‍ക്കുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കുഴപ്പമില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്: '(ഹജ്ജിനിടയില്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല' (2:198). വൈറലാകാന്‍ വെമ്പുന്ന കാലത്ത് മനസ്സിനകത്തേക്ക് കുടിയേറുന്ന വൈറസുകളെ പ്രതിരോധിച്ചില്ലെങ്കില്‍ ഈ ലോകത്തിനപ്പുറമുള്ള ജീവിതത്തില്‍ നമുക്കൊന്നും ബാക്കിയുണ്ടാവില്ല. നമ്മുടെ ഫോളോവേഴ്‌സില്‍ നിന്നൊരാളും നമുക്ക് വേണ്ടി ശിപാര്‍ശക്കെത്തുകയില്ല.
l