അഹങ്കാരത്തിന് അറുതി വരുത്തുന്ന ദര്‍ശനം
ശൈഖ് മുഹമ്മദ് കാരകുന്ന്
october 2022
മനസ്സിനെ ബാധിക്കുന്ന അത്യന്തം അപകടകരമായ രോഗമാണ് അഹങ്കാരം.
അഹങ്കാരം സമൂഹ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ശിഥിലമാക്കുന്നു.
അല്ലാഹു ചോദിച്ചു: ''ഞാന്‍ നിന്നോട് കല്പിച്ചപ്പോള് പ്രണാമമര്‍പ്പിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?'' അവന് പറഞ്ഞു: ''ഞാനാണ് അവനെക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.''(ഖുര്‍ആന്‍ 7:12)
ലോകത്ത് ആദ്യത്തെ തെറ്റ് ചെയ്തത് പിശാചാണ്. അവന് അല്ലാഹുവോട് അനുസരണക്കേട് കാണിച്ചു. ആദമിന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്പിച്ചപ്പോള് വിസമ്മതിച്ചു. അതിന് അവന് പറഞ്ഞ ന്യായമാണ് മേലുദ്ധരിച്ച വിശുദ്ധ വാക്യം. പിശാചിന് വന്നുപെട്ട എല്ലാ പതനത്തിനും പാതയൊരുക്കിയത് അഹങ്കാരമാണ്. അതിനാലാണ് അല്ലാഹു പിശാചിനോട് സ്വര്‍ഗത്തില്‍നിന്ന് പുറത്തു കടക്കാന്‍ പറഞ്ഞത്.
ഭൂമിയില്‍ ആദ്യത്തെ തെറ്റ് ചെയ്തത് ഖാബീലാണ്. തന്റെ ആഗ്രഹമാണ് നടക്കേണ്ടതെന്നും സഹോദരന് ഹാബീല്‍ തന്നെക്കാള്‍ മേലെയാകാന്‍ പാടില്ലെന്നുമുള്ള അഹന്തയാണ് അയാളെ കൊലപാതകിയാക്കിയത്. അയാള്‍ അഹങ്കാരത്തോടെ സഹോദരനോട് ഗര്‍ജിക്കുകയായിരുന്നു: 'നിന്നെ ഞാന്‍ കൊല്ലും.' ഹാബീലിന്റെ പ്രതികരണം വളരെ വിനീതവും സൗമ്യവും ശാന്തവുമായിരുന്നു. എന്നിട്ടും ഖാബീല്‍ ഹാബീലിനെ ക്രൂരമായി കൊലപ്പെടുത്തി. അഹങ്കാരം അയാളെ അത്രമേല്‍ അന്ധനാക്കിയിരുന്നു. പ്രവാചകന്മാരെ ധിക്കരിക്കാന്‍, അവര്‍ നിയോഗിതരായ സമൂഹങ്ങളിലെ മേലാളന്മാരെ പ്രേരിപ്പിച്ചതും അഹങ്കാരം തന്നെ. പ്രവാചകന്മാരെ പിന്തുടര്‍ന്ന അനുയായികളെ സംബന്ധിച്ച അവരുടെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. അവര്‍ പറഞ്ഞു: 'ഞങ്ങളില്‍ ഏറ്റവും അധഃസ്ഥിതരായ ആളുകളല്ലാതെ നിന്നെ പിന്തുടരുന്നതായി ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളെക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല' (11:27). നംറൂദിനെയും ഫറവോനെയും ഖാറൂനെയുമെല്ലാം നശിപ്പിച്ചത് അഹങ്കാരമാണ്. ആദ്, സമൂദ് ഗോത്രങ്ങളുടെ നാശത്തിന് നിമിത്തമായതും മറ്റൊന്നല്ല.
അഹങ്കാരത്തിന്റെ അംശം ലവലേശമുള്ളവര്ക്ക് സന്മാര്ഗം പ്രാപിക്കാനാവില്ല. അല്ലാഹു അരുള്‍ ചെയ്യുന്നു: 'ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ച് നടക്കുന്നവരെയൊക്കെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ തെറ്റിച്ച് കളയും. എന്ത് തെളിവ് കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍വഴി കണ്ടാലും അവരത് സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും'(7:146).
മനസ്സിനെ ബാധിക്കുന്ന അത്യന്തം അപകടകരമായ രോഗമാണ് അഹങ്കാരം. അഹങ്കാരം സമൂഹ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ശിഥിലമാക്കുന്നു. കുടുംബത്തിലും സമൂഹത്തിലും നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിക്കുന്നു. തനിക്ക് താന്‍ പോന്നവനാണെന്ന അഹങ്കാര ചിന്ത മനുഷ്യനെ അക്രമിയാക്കുന്നു. അധികാര മത്സരവും അതിക്രമവും പിറവിയെടുക്കുന്നത് അഹങ്കാരത്തില്‍ നിന്നാണ്. പരസ്പര പോരിന്റെ പ്രേരകവും മറ്റൊന്നല്ല. അഹങ്കാരത്തിന് അനേക തലങ്ങളുണ്ട്. വിദ്യയും ഉദ്യോഗവും പണവും പദവിയുമുള്ള മക്കള്‍ മാതാപിതാക്കളോട് കാണിക്കുന്ന അനാദരവ്, ഗൃഹനാഥന് ജീവിത പങ്കാളിയോട് പുലര്‍ത്തുന്ന പുച്ഛം, സമ്പത്തും സൗന്ദര്യവുമുള്ള സ്ത്രീ ഭര്‍ത്താവിനോട് കാണിക്കുന്ന അവഗണന, വിദ്യാര്‍ഥി അധ്യാപകരോട് അപമര്യാദയായി പെരുമാറുന്നത്, നേതാവ് അനുയായികളെ അടിമകളോടെന്നപോലെ സമീപിക്കുന്നത്, പണ്ഡിതന് പാമരന്മാരെ പുഛിക്കുന്നത്, ധനികര്‍ ദരിദ്രരെ മാറ്റി നിര്‍ത്തുന്നത്, കുടുംബിനി വീട്ടുജോലിക്കാരെ അവഗണിക്കുന്നത് തുടങ്ങി അഹങ്കാരത്തിന് നിരവധി രൂപഭാവങ്ങളുണ്ട്.
വിശ്വാസം സമ്മാനിക്കുന്ന വിനയം ഇല്ലാത്തവരില്‍ സമ്പത്തും സന്താനങ്ങളും ഉണ്ടാക്കുന്ന അഹങ്കാരത്തിന് അതിരുകളുണ്ടാവില്ല. ദാമ്പത്യത്തകര്‍ച്ചയിലും കുടുംബ ശൈഥില്യത്തിലും അഹങ്കാരം വഹിക്കുന്ന പങ്ക് വലുതാണ്. അഹങ്കാരമുള്ളവര്‍ ഒരുവിധ വിട്ടുവീഴ്ചക്കും അഡ്ജസ്റ്റ്മെന്റിനും തയ്യാറല്ല. ഓരോരുത്തരും തങ്ങളാര്‍ജിച്ച വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അമിതമായ മതിപ്പ് വെച്ചുപുലര്‍ത്തുമ്പോള്‍ ജീവിതപങ്കാളിയോട് അവജ്ഞയും അവമതിപ്പും തോന്നുന്നു. സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നതിനെക്കാള്‍ എത്രയോ ഇരട്ടി വിദ്യാസമ്പന്നര്‍ക്കിടയില്‍ വിവാഹമോചനവും കുടുംബത്തകര്ച്ചയുമുണ്ടാകാനുള്ള കാരണവും അത് തന്നെ.
ആലോചിക്കുന്നവര്‍ക്ക് അഹങ്കാരത്തിന്റെ അര്‍ഥശൂന്യത ബോധ്യമാകും. ഇന്നലെ വരെ അഹങ്കരിച്ചു നടന്നിരുന്നവര്‍ ഇന്ന് മണ്ണിനടിയിലാണ്; നാളെ പുഴുക്കള്‍ക്ക് ആഹാരവും. അവരുടെ തലക്കും മാറിനും മുകളില്‍ കുറുക്കന്മാര് ഓരിയിട്ട് നടക്കുന്നു. അനേക കാതമകലെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നവര്‍ ചവിട്ടി നടക്കുന്നു. നാമൊക്കെ നടന്നുനീങ്ങുന്നത് കഴിഞ്ഞുപോയ തലമുറകളിലെ ആരുടെയൊക്കെ തലക്കും മാറിനും മുകളിലൂടെയാണ്. വരുംകാലത്ത് നമുക്ക് മുകളിലൂടെ ആരെല്ലാം ഓടിച്ചാടി നടക്കുമെന്ന് ഒരാള്‍ക്കും പറയാനാവില്ല.
നമസ്കാരത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന പദം 'അല്ലാഹു അക്ബര്‍' എന്നാണ്. ഐഛിക നമസ്കാരമോ ബാങ്കോ ഇഖാമത്തോ ഇല്ലാതെ നിര്‍ബന്ധ നമസ്കാരം മാത്രം നിര്‍വഹിക്കുന്നവര്‍ ദിനംപ്രതി നന്നെച്ചുരുങ്ങിയത് 94 തവണയെങ്കിലും അതാവര്‍ത്തിക്കുന്നു. തന്റെ നിസ്സാരത ഊന്നിയൂന്നിപ്പറഞ്ഞ് അഹങ്കാരത്തിന് അറുതി വരുത്തുകയാണ് ഇതിലൂടെ വിശ്വാസി ചെയ്യുന്നത്. നമസ്കാരത്തിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം സാഷ്ടാംഗമാണ്. മനുഷ്യനെ ഇതിനേക്കാള്‍ വിനീതനാക്കുന്ന മറ്റൊരു കര്‍മവുമില്ല. നന്നെച്ചുരുങ്ങിയത് ദിനംപ്രതി പതിനേഴ് തവണയെങ്കിലും, തല താഴ്ത്താന്‍ കഴിയുന്നതിന്റെ പരമാവധി അല്ലാഹുവിന്റെ മുമ്പില്‍ താഴ്ത്തിയമര്ത്തി വെക്കുകയാണല്ലോ വിശ്വാസി ചെയ്യുന്നത്. അതോടൊപ്പം തന്റെ മുന്നിലുള്ള അണിയില്‍നിന്ന് നമസ്കരിക്കുന്നയാളുടെ കാലിനടുത്ത് തന്റെ തലവെക്കുന്നു; അത് വീട്ടിലെ ജോലിക്കാരനാണെങ്കിലും. ഇങ്ങനെ ഇസ്ലാം വിവിധ വിധേന വിശ്വാസിയെ അഹങ്കാരത്തിന്റെ അംശമില്ലാത്ത വിനീതനാക്കി മാറ്റുന്നു. അങ്ങനെ സ്വര്‍ഗപ്രവേശനത്തിനുള്ള തടസ്സം തട്ടിമാറ്റുന്നു.
l