ഒന്നുകില്‍ ഖുറൈശികള്‍ മുഹമ്മദിനും കൂട്ടര്‍ക്കും കഅ്ബ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കും. ഇത് ഇരുകക്ഷികളും തമ്മിലുള്ള ശത്രുത കുറക്കാന്‍ കാരണമാവും. അല്ലെങ്കില്‍ അവര്‍ ഗൃഹാതുരത്വത്തോടെ തിരിച്ചു പോകും. അതാണ് സംഭവിക്കുന്നതെങ്കില്‍ ഓര്‍ത്തോളൂ, മുഹമ്മദ് അധികം വൈകാതെ ശക്തമായ സൈന്യവുമായി മക്കയില്‍ തിരിച്ച് വരും.
കടുത്ത ചൂടിനെ തടുക്കാന്‍ അയാള്‍ വലത് കൈവിരലുകള്‍ പുരികത്തിന് മീതെ വിടര്‍ത്തി വെച്ചു. എന്നിട്ട് ദൂരേക്ക് നോക്കി. മൈലുകള്‍ അകലെയാണ് ഖൈബര്‍. ഒട്ടകപ്പുറത്ത് കയറി അയാളതിനെ തെളിക്കാന്‍ തുടങ്ങി. ഒറ്റക്കേയുള്ളൂ. നല്ല ക്ഷീണം തോന്നുന്നുണ്ട്. അകത്ത് ദുഃഖവും സങ്കടവും നുരയുന്നു. അപ്പോഴാണ് പിറകില്‍ നിന്നൊരു വിളി.
'ഇബ്‌നു ഉബയ്യ്, എങ്ങോട്ടാ?''
അയാള്‍ പുഛത്തോടെ, കുറ്റപ്പെടുത്തുന്ന കണ്ണുകളോടെ തിരിഞ്ഞുനോക്കി. ഈയാളുകള്‍ എന്തിനാണ് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്? ഓ, പറഞ്ഞിട്ട് കാര്യമില്ല. മുഹമ്മദ് സകലയിടങ്ങളിലും ചാരന്മാരെ നിര്‍ത്തിയിരിക്കുകയല്ലേ. നിങ്ങളൊന്ന് പുറത്തിറങ്ങിയാല്‍, വല്ലതും സംസാരിച്ചാല്‍ അവരത് കണ്ടെത്തുകയായി, റിപ്പോര്‍ട്ട് ചെയ്യുകയായി. വല്ലാത്തൊരു തരം ഉപരോധം തന്നെ. പക്ഷേ, ഇബ്‌നു ഉബയ്യ് തന്റെ ഈര്‍ഷ്യയെല്ലാം അടക്കിയൊതുക്കി. മറുപടി പറഞ്ഞപ്പോള്‍ അതില്‍ പരിഹാസമുണ്ടായിരുന്നു.
''അല്ലാഹുവിലേക്ക് യാത്രയാവുകയാണേ.....''
അയാളെ അയാളുടെ പാട്ടിന് വിട്ട് ഇബ്‌നു ഉബയ്യ് തന്റെ ഒട്ടകപ്പുറത്ത് ഖൈബറിന്റെ ദിശയില്‍ യാത്ര തുടര്‍ന്നു. ഖൈബര്‍! അവിടെ സ്വര്‍ണമുണ്ട്, കൃഷിയുണ്ട്, കന്നുകാലികളുണ്ട്... സമൃദ്ധമായി. പിന്നെ എന്തിനും പോന്ന പോരാളികളും. അവരുടെ നേതാവ് അത്യാവേശക്കാരനായ സല്ലാമുബ്‌നു മിശ്കം. പിന്നെ ജൂതന്മാരുടെ സ്വന്തം നേതാവായ കിനാനതുബ്‌നു റബീഅ. അയാള്‍ എടുത്തുചാടി പലതും ചെയ്തുപോകും. മുതിര്‍ന്ന ജൂതനേതാവായിരുന്ന ഹുയയ്യുബ്‌നു അഖ്തബിന്റെ മകള്‍ സ്വഫിയ്യയുടെ ഭര്‍ത്താവാണ്. അതെ, ഈയാളുകളുടെയെല്ലാം മനസ്സില്‍ പക എരിഞ്ഞു കത്തുകയാണ്. അവര്‍ക്ക് പ്രതികാരം ചെയ്‌തേ മതിയാവൂ. ഖൈനുഖാഅ്, നളീര്‍, ഖുറൈള ഗോത്രങ്ങളോട് ചെയ്തതിനുള്ള പ്രതികാരം. കഅ്ബുബ്‌നു അശ്‌റഫ്, ഹുയയ്യുബ്‌നു അഖ്തബ്, കഅ്ബുബ്‌നു അസദ് തുടങ്ങിയവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം. അങ്ങേയറ്റം കൂറ് പുലര്‍ത്തിയ ഈ സുഹൃത്തുക്കള്‍ സ്വയം ബലിയര്‍പ്പിച്ചു കഴിഞ്ഞു. അവരെയോര്‍ത്താല്‍ ഒരു ഹൃദയവും ശാന്തമാവില്ല. മുഹമ്മദുമായുള്ള പോരില്‍ മരണം വരെ തെല്ലും കുലുങ്ങാതെ ഒപ്പം നിന്നവര്‍.... അതെ, അബ്ദുല്ലാഹിബ്‌നു ഉബയ്യ്, നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിന് പറ്റിയ ഇടം തന്നെ ഖൈബര്‍. അതിന് പറ്റിയ അന്തരീക്ഷവും. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ അവിടത്തുകാര്‍ക്ക് നല്ല താല്‍പര്യമുണ്ടാവും.
ഇബ്‌നു ഉബയ്യ് വെറുതെ ഇന്നലെ ഭാര്യ പറഞ്ഞ ആ വാക്യം ഓര്‍ത്തു. ഈ മണലാരണ്യത്തില്‍ ഓരോ മനുഷ്യനും ഇടുങ്ങിയ ഒരു കുഴി മാത്രമേയുള്ളൂ! ആ വാക്കുകള്‍ തന്നെ ഏറെ വേവലാതിപ്പെടുത്തുന്നു. ജീവിതത്തോട് വല്ലാത്ത ആര്‍ത്തിയാണ് തോന്നുന്നത്. എല്ലാം തകര്‍ക്കപ്പെട്ടത് കണ്ട് മരിക്കാനാവുമോ തന്റെ വിധി? ജീവിതത്തില്‍ കെട്ടിപ്പൊക്കിയതെല്ലാം ധൂളിയായിപ്പോകുമോ? മരണത്തിന്റെ അടി അന്തിമമായിരിക്കും. രക്ഷപ്പെടാനൊക്കില്ല. അതാണ് ഏറ്റവും സങ്കടകരം. മരണത്തിന്റെ അടിയേറ്റ് കഴിഞ്ഞാല്‍ തന്റെ ശരീരത്തെ കുഴിയിലിട്ട് മൂടുക. അങ്ങനെ താന്‍ മൂടപ്പെട്ടു കഴിഞ്ഞാലും മുഹമ്മദ് സ്വഛന്ദം വിഹരിക്കുന്നുണ്ടാകും. തന്റെ കൊടിക്കീഴിലേക്ക് ആളുകളെ കൂട്ടുന്നുണ്ടാകും. തന്റെ ഖബ്‌റിനരികിലൂടെ പോകേണ്ടി വന്നാല്‍ അവര്‍ പറയുന്നത് ഇങ്ങനെയായിരിക്കും.
'ഇബ്‌നു ഉബയ്യേ, നിനക്ക് ശാപം! ജീവിച്ചാലും മരിച്ചാലും താന്‍ നിന്ദ്യനായി തന്നെ ഇരിക്കട്ടെ.'
ഒടുങ്ങാത്ത അരിശത്തോടെ ഇബ്‌നു ഉബയ്യ്, താനിരിക്കുന്ന വാഹനമായ ഒട്ടകത്തിന്റെ പുറം വടികൊണ്ട് അടിച്ചു പൊള്ളിച്ചു. അത് കണ്ടാല്‍ ദിനങ്ങളെയും സംഭവങ്ങളെയും തന്റെ മരണത്തെയും ദുര്‍ബലതകളെയും വാര്‍ധക്യത്തെയും മറികടക്കാനുള്ള ത്വരയാണെന്ന് തോന്നിപ്പോകും. നിശ്ചയദാര്‍ഢ്യവും സാഹസികതയുമാണല്ലോ പോരാളികള്‍ക്ക് ജന്മം നല്‍കുക. ശാരീരികാവശതകളും വാര്‍ധക്യവുമൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ അയാള്‍ക്ക് തോന്നുന്നത് താന്‍ മരണത്തെക്കാള്‍ ശക്തനാണെന്നാണ്. തോല്‍ക്കാതിരിക്കാനുള്ള ശക്തിയും തനിക്കുണ്ട്. യാത്ര പുറപ്പെടുമ്പോള്‍ ഭാര്യ പറഞ്ഞത് അയാള്‍ ഓര്‍ത്തു: 'അബ്ദുല്ലാ, എങ്ങോട്ടാണീ യാത്ര? യാത്രയിലെ പ്രയാസങ്ങള്‍ താങ്ങാന്‍ കഴിയുമോ?'
അപ്പോള്‍ സ്വയം മറുപടി പറയുകയാണ് ചെയ്തത്: 'കഴിയും, എനിക്ക് കഴിയും. ഏത് കാലുഷ്യങ്ങളെയും നേരിടാന്‍ ഞാന്‍ ശക്തനാണ്. കാരണം, ആയിരം പേരുടെ നിശ്ചയദാര്‍ഢ്യത്തിന് തീപിടിപ്പിക്കാന്‍ പോന്ന അരിശത്തിന്റെ കരുത്ത് എനിക്കുണ്ട്. ഞാന്‍ ഒന്നാകെ ഒരു സൈന്യമാകുന്നു. നാളെ എന്റെ ഭാര്യ അറിയും, മുഹമ്മദ് അറിയും... ഞാന്‍ ആരാണെന്ന്. മുഹമ്മദിന് സ്വര്‍ഗത്തിന്റെ രുചിയും ആനന്ദവും പറഞ്ഞ് സാമാന്യ ജനത്തിന്റെ ഭാവനകളെ തീപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍, ഭ്രാന്തമായി അവര്‍ മരണത്തിലേക്ക് പാഞ്ഞ് ചെന്നുകൊള്ളും.... എന്ത് ചെയ്യാന്‍! സാമാന്യ ജനം ഇങ്ങനെയാണ്. അവരെ നയിക്കുന്നത് വികാരങ്ങളാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും അവരെ കെണിയില്‍ പെടുത്തുന്നു. കയ്പുള്ള സത്യം ആര്‍ക്കും രുചിയായി തോന്നുകയില്ല. അതില്‍ അന്ധവിശ്വാസവും ആവേശവും കവിതയുമൊക്കെ ചാലിച്ച് അവര്‍ക്ക് നല്‍കേണ്ടി വരും...'
താന്‍ മുഹമ്മദിന്റെ പേരില്‍ കള്ളമാരോപിക്കുകയാണെന്നും അദ്ദേഹത്തോട് അനീതി ചെയ്യുകയാണെന്നും അറിയാം. മുഹമ്മദ് യഥാര്‍ഥത്തില്‍ വഴിപിഴപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്നില്ല. മുഹമ്മദിന്റെ വാക്കുകള്‍ക്ക് മധുരവും സൗന്ദര്യവും വശീകരണ ശക്തിയുമൊക്കെ ഉള്ളതോടൊപ്പം തന്നെ അവ യുക്തിയോട് ചേര്‍ന്ന് നില്‍ക്കുന്നു. പിന്നെയെങ്ങനെ ജനം പൊള്ളയായ അവകാശവാദങ്ങള്‍ക്കും അലംകൃതമായ അന്ധവിശ്വാസങ്ങള്‍ക്കും പിറകെ പോയി തങ്ങളുടെ വിലപ്പെട്ട ജീവന്‍ ബലികഴിക്കും?
തന്റെ ചിന്തകള്‍ തലതിരിഞ്ഞ് പോവുകയാണല്ലോ എന്ന് ഇബ്‌നു ഉബയ്യ് പെട്ടെന്ന് ഓര്‍ത്തു. ഈ സംശയവും ചാഞ്ചല്യവും തന്റെ മനോദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. അത്തരം ചിന്തകളൊക്കെ അയാള്‍ മനസ്സില്‍നിന്ന് തേച്ച് മായ്ച്ചു. തനിക്ക് ഏറ്റവും ഭയക്കാനുള്ളത് തന്നെത്തന്നെയാണെന്ന് അയാള്‍ക്ക് തോന്നി.
ഇബ്‌നു ഉബയ്യ് ഖൈബറിലെത്തി. ഖൈബറിന്റെ നേതാവ് സല്ലാമുബ്‌നു മിശ്കമും കിനാനത്തുബ്‌നു റബീഅയും ഉള്‍പ്പെടെ മറ്റനവധി ജൂതപ്രമുഖരും ഇബ്‌നു ഉബയ്യിനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരോതിയ ഹൃദ്യമായ സ്വാഗത വചനങ്ങള്‍, അണച്ചുപൂട്ടി പിടിത്തം... വികാരഭരിതനായി ഇബ്‌നു ഉബയ്യ് കണ്ഠമിടറി പറഞ്ഞു: ''എന്നെ ഉണര്‍ത്തിയത് മുഹമ്മദ് അന്യായമായി ചിന്തിയ രക്തമാണ്..... ഖുറൈശികളുടെ ചതി എന്നെ വേദനിപ്പിച്ചു. ബനൂഖുറൈളയിലെ നിരപരാധികളുടെ നിലവിളി എന്റെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു. ഈ സങ്കടങ്ങളൊക്കെയും ലഘൂകരിക്കപ്പെട്ടത് ഒരു സംഘം പോരാളികളെ ഇപ്പോള്‍ മുന്നില്‍ കാണ്ടപ്പോഴാണ്.''
പിന്നെ ചോദിച്ചു:
''നിങ്ങള്‍ക്ക് എന്റെ സന്ദേശം കിട്ടിയോ?''
''കിട്ടി. അതുകൊണ്ടാണല്ലോ ഞങ്ങളിവിടെ കാത്തിരുന്നത്. തീക്കട്ടയെക്കാള്‍ ചൂടോടെ ഞങ്ങള്‍ ഈ വരവ് കാത്തിരിക്കുകയായിരുന്നു.''
കൂടിക്കാഴ്ച സല്ലാമുബ്‌നു മിശ്കമിന്റെ വീട്ടില്‍ വെച്ചായിരുന്നു. ആ സായാഹ്നത്തില്‍ ഖൈബര്‍ പ്രമുഖരെല്ലാം അവിടെ ഒത്തുചേര്‍ന്നിട്ടുണ്ട്. അവര്‍ ഭാവി പരിപാടികള്‍ ആലോചിക്കുകയാണ്. അവരുടെ തലക്കകത്ത് നുരയുന്നത് മുഹമ്മദിനെക്കുറിച്ച ഭീതിയാണ്. ഒരാള്‍ക്കും അത് തട്ടിമാറ്റാനാവുന്നില്ല. മറന്നുകളയാനും പറ്റുന്നില്ല. ചര്‍ച്ച തുടങ്ങിവെച്ചത് ഇബ്‌നു ഉബയ്യ് തന്നെ.
''ദിവസങ്ങള്‍ ഓടിമറയുകയാണ്; ഒപ്പം കാലവും.''
കിനാനയാണ് അതിനോട് പ്രതികരിച്ചത്.
''പകല്‍ മുഴുവന്‍, രാത്രിയുടെ വലിയൊരു ഭാഗം ഞങ്ങള്‍ക്ക് ഒറ്റച്ചിന്തയേ ഉള്ളൂ- മുഹമ്മദ്!''
ഇബ്‌നു ഉബയ്യ്: ''അറിഞ്ഞു കാണുമല്ലോ, മുഹമ്മദ് മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.''
സല്ലാമുബ്‌നു മിശ്കലാണ് പിന്നെ സംസാരിച്ചത്.
''വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. മുഹമ്മദ് മരണത്തിലേക്ക് എടുത്തു ചാടുകയാണ്. മുഹമ്മദിനെയും സംഘത്തെയും മക്കയില്‍ കടത്തുകയില്ലെന്ന് ഖുറൈശികള്‍ പ്രതിജ്ഞ എടുത്തിട്ടുണ്ടല്ലോ. കടക്കാന്‍ സമ്മതിച്ചാല്‍ അതവര്‍ക്ക് അപമാനവുമാണ്. അവര്‍ ആയുധങ്ങളുമായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. മുഹമ്മദാണെങ്കില്‍ മക്കയില്‍ പോയേ തീരൂ എന്ന വാശിയിലും. അതിന്റെ അര്‍ഥമെന്താണ്, കൂട്ടരേ? പൊരിഞ്ഞ പോര് തന്നെ. അയുധമെടുക്കാതെ മക്കയിലേക്ക് കടക്കാമെന്ന മുസ്ലിംകളുടെ ധാരണ അവിവേകമല്ലാതെ മറ്റെന്ത്? മൊത്തം ചത്തൊടുങ്ങുകയായിരിക്കും ഫലം. നമുക്കും ചിലത് ചെയ്യാനുണ്ട്. നാം പിറകില്‍നിന്ന് ആക്രമിക്കണം. അവര്‍ മദീന വിടുന്ന തക്കം നോക്കി അവിടെ അതിക്രമിച്ച് കയറണം.''
ഇബ്‌നു ഉബയ്യ് ആത്മവിശ്വാസത്തോടെ ചിരിച്ചു. ''ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ സുഹൃത്തുക്കളേ, ഇത്രയൊക്കെ സംഭവിച്ചിട്ടും ഇപ്പോഴും നിങ്ങള്‍ക്ക് മുഹമ്മദിനെ മനസ്സിലായിട്ടില്ല. വലിയ ചിന്തകളും ആസൂത്രണങ്ങളുമായാണ് മുഹമ്മദിന്റെ ഓരോ നീക്കവും. ഞാനിതൊക്കെ വളരെ അടുത്ത്‌നിന്ന് നോക്കിക്കാണുന്ന ആളല്ലേ... വളരെയേറെ ആലോചിച്ച ശേഷമല്ലാതെ, ആകസ്മികതകള്‍ വരെ മുന്നില്‍ കണ്ടുകൊണ്ടല്ലാതെ മുഹമ്മദ് ഒരിടത്തേക്കും പോകില്ല. ഫലം എന്താകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത, തീരെ മുന്നൊരുക്കങ്ങള്‍ നടത്താത്ത ഒരു യുദ്ധത്തിലേക്ക് അദ്ദേഹം എടുത്തു ചാടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?''
ഒന്നിച്ചായിരുന്നു അവരുടെ മറുപടി... ''നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ജാഗ്രത മുഹമ്മദ് കാണിക്കാതിരിക്കില്ല.''
''അതെ, അപ്പോള്‍ മുഹമ്മദും കൂട്ടരും യുദ്ധത്തിനാണ് പോകുന്നതെന്ന് കരുതാന്‍ വളരെ പ്രയാസമാണ്. ആകെ ആയിരത്തി നാനൂറ് പേരാണുള്ളത്. സാധാരണ ഓരോരുത്തരും കരുതുന്ന വാള്‍ മാത്രമേ അവരുടെ കൈയിലുള്ളൂ. പിന്നെ കുറച്ചു ബലിമൃഗങ്ങളും. യുദ്ധത്തിനല്ല, ഹജ്ജിനാണ് പോകുന്നതെന്ന് എല്ലായിടത്തും വാര്‍ത്ത പരന്നു കഴിഞ്ഞു. ഹജ്ജ് കര്‍മങ്ങളനുഷ്ഠിക്കാനായി സമാധാനത്തോടെയും സൗഹൃദത്തോടെയുമുള്ള യാത്രയാണെന്ന് പരിസരത്തുള്ളവരൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരമൊരു സംഘത്തെ കടന്നാക്രമിച്ചാല്‍ ഖുറൈശികളെ എല്ലാവരും പഴിക്കുകയേ ഉള്ളൂ. ഈ കുറ്റകൃത്യത്തില്‍ പങ്ക് കൊള്ളാന്‍ ഖുറൈശികള്‍ക്ക് മറ്റാരെയും കിട്ടുകയുമില്ല. ഇനി സംഘട്ടനം ഉണ്ടായെന്ന് തന്നെ കരുതുക. എങ്കില്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ മക്കയില്‍ കഴിയുന്ന മുസ്ലിംകള്‍ മുഹമ്മദിന്റെ രക്ഷക്കെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ, മക്കയില്‍ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഒരുപാട് ബന്ധുക്കളില്ലേ? അവരും സഹായിക്കാനിറങ്ങിയേക്കും. മുമ്പും അവരങ്ങനെ ചെയ്തിട്ടുണ്ടല്ലോ. ഈ തീര്‍ഥാടനത്തിനായി മുസ്ലിംകളല്ലാത്ത ഗോത്രവര്‍ഗങ്ങളെയും മുഹമ്മദ് ഒപ്പം കൂട്ടുന്നുണ്ടെന്ന കാര്യം മറക്കരുത്.''
ഇബ്‌നു ഉബയ്യിന്റെ സംസാരം സാകൂതം കേട്ടുകൊണ്ടിരിക്കുകയാണ് ജൂതപ്രമുഖര്‍. സംഭവങ്ങളെ ഉള്‍ക്കാഴ്ചയോടെയും ദീര്‍ഘദൃഷ്ടിയോടെയുമാണ് അയാള്‍ നോക്കിക്കാണുന്നതെന്ന് അവര്‍ മനസ്സിലാക്കി. ഇങ്ങനെ പലതും പറഞ്ഞും ആലോചിച്ചും കഴിയുന്നതിനിടക്ക് ഏറക്കുറെ മുഖം മറച്ച ഒരു സ്ത്രീ സദസ്സിലേക്ക് കടന്നുവന്നു. എന്നിട്ട് പറഞ്ഞു. 'ഈ വിധിനിര്‍ണായക യോഗത്തില്‍ ഞാനും പങ്ക് കൊള്ളാന്‍ ആഗ്രഹിക്കുന്നു.''
സല്ലാമുബ്‌നു മിശ്കം എഴുന്നേറ്റ് അവളോട് ഒച്ചയിട്ടു... ''ഹാരിസിന്റെ പുത്രി സൈനബേ, ഇത് പെണ്ണുങ്ങള്‍ക്കുള്ള സദസ്സല്ല. ഇക്കണ്ട പുരുഷകേസരികള്‍ ഒന്നിച്ച് നിന്നിട്ടും ഈ ആപത്ത് തടയാന്‍ പറ്റിയില്ലെങ്കില്‍ അപ്പോള്‍ സ്ത്രീകളോട് വരാന്‍ പറയാം.''
പക്ഷേ, തന്റെ ഭര്‍ത്താവിന്റെ പരിഹാസ വാക്കുകളൊന്നും സൈനബ് ബിന്‍ത് ഹാരിസ് വകവെക്കുന്നുണ്ടായിരുന്നില്ല. ഖുസ്വയ്യ് എന്ന ഗോത്ര പ്രമുഖന് ഒഴിച്ചിട്ട ഇരിപ്പിടത്തില്‍ അവള്‍ ഇരിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ''എന്തായാലും ഞാനിവിടം വിട്ടുപോകുന്നില്ല.''
ഇബ്‌നു ഉബയ്യ് ഇടപെട്ടു. 'ശരി, സൈനബ് ഇരിക്കട്ടെ. നമുക്ക് പ്രശ്‌നമൊന്നുമില്ലല്ലോ.''
ചര്‍ച്ച പുനരാരംഭിച്ചു. കിനാന പറഞ്ഞതിങ്ങനെ: ''ഖുറൈശികള്‍ വാളൂരി മുഹമ്മദിനെതിരെ പാഞ്ഞു ചെല്ലും എന്നാണ് ഞാന്‍ കരുതിയത്. നിങ്ങള്‍ വിശദീകരിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അതാണ് സംഗതിയുടെ മര്‍മം.''
ഇബ്‌നു ഉബയ്യ് ഒന്നുകൂടി വിശദീകരിച്ചു: ''ശരിയെന്ന് എനിക്ക് വിശ്വാസമുള്ള കാര്യമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. നമുക്ക് മുന്നിലുള്ള സാധ്യതകള്‍ ഞാന്‍ പറയാം. ഒന്നുകില്‍ ഖുറൈശികള്‍ മുഹമ്മദിനും കൂട്ടര്‍ക്കും കഅ്ബ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കും. ഇത് ഇരുകക്ഷികളും തമ്മിലുള്ള ശത്രുത കുറക്കാന്‍ കാരണമാവും. അല്ലെങ്കില്‍ മുസ്ലിംകള്‍ ഗൃഹാതുരത്വത്തോടെ തിരിച്ചു പോകും. അതാണ് സംഭവിക്കുന്നതെങ്കില്‍ ഓര്‍ത്തോളൂ, മുഹമ്മദ് അധികം വൈകാതെ ശക്തമായ സൈന്യവുമായി മക്കയില്‍ തിരിച്ച് വരും. പിന്നെ നമ്മുടെ മുമ്പില്‍ അപമൃത്യുവിനു ഇരയായ നമ്മുടെ രക്തസാക്ഷി ഹുയയ്യുബ്‌നു അഖ്ത്വബിന്റെ വഴി മാത്രമാണുണ്ടാവുക.''
സല്ലാമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബിന് ഒരു സംശയം തീര്‍ക്കാനുണ്ടായിരുന്നു... ''ഗത്വ് ഫാന്‍കാരും ഖുറൈശികളുമൊക്കെ അഹ്‌സാബായി സംഘം ചേര്‍ന്നിട്ടും തോറ്റ സ്ഥിതിക്ക് അവരെ വീണ്ടും അണിചേര്‍ക്കാന്‍ വല്ല സാധ്യതയുമുണ്ടോ?''
''പിന്നെന്താ, ഹാരിസിന്റെ മകളേ! അവരുടെ മനസ്സുകളില്‍ മുഹമ്മദിനോടുള്ള പക പുകഞ്ഞുകൊണ്ടിരിക്കുകയാണ്. തോല്‍ക്കുക കൂടി ചെയ്തതോടെ പക ആളിക്കത്താന്‍ തുടങ്ങിയിട്ടുണ്ട്.''
സൈനബ് സംസാരിക്കുമ്പോള്‍ മുഖപടം ഉയര്‍ത്തിയിരുന്നില്ല. അതിനാല്‍ മുഖത്ത് പ്രത്യക്ഷമാകുന്ന പകയുടെ ഭാവമാറ്റങ്ങള്‍ അടുത്തിരിക്കുന്നവര്‍ക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവള്‍ പറഞ്ഞു: 'ഏറ്റവും അടുത്ത വഴി ഒന്നേയുള്ളൂ. മുഹമ്മദിനെ കൊല്ലുക.''
ഇബ്‌നു ഉബയ്യ് തലയനക്കി... ''അതെ, ഞങ്ങളും അത് ആലോചിച്ചതാണ്. ബനുന്നളീറും അത് ആലോചിച്ചു. അംറുബ്‌നു ജഹ്ശ് അതിന് ശ്രമിച്ചു, പരാജയപ്പെട്ടു. അവര്‍ അയാളെ പിടികൂടി പീഡിപ്പിച്ച് കൊന്നുകളഞ്ഞു.''
സൈനബ് വിട്ടില്ല... ''ഒരിക്കല്‍ പരാജയപ്പെട്ടെന്ന് കരുതി വീണ്ടുമൊരു ശ്രമം നടത്തിക്കൂടെന്നുണ്ടോ?''
ആലോചിക്കാതെ അതുമിതും പറയുന്ന സൈനബിനെതിരെ അവിടെ കൂടിയിരുന്നവര്‍ ബഹളമുണ്ടാക്കി. ഇബ്‌നു ഉബയ്യ് അവരെ ശാന്തരാക്കി: ''സുഹൃത്തുക്കളേ, നാം ഇവിടെ കൂടിയിരിക്കുന്നത് എല്ലാ വശങ്ങളും ആലോചിച്ച് അഭിപ്രായങ്ങള്‍ പറയാനാണ്. സൈനബിന് പറയാനുള്ളത് പറയട്ടെ. നമുക്ക് നഷ്ടമൊന്നുമില്ലല്ലോ.''
സൈനബ് തന്റെ പ്ലാന്‍ വിശദീകരിച്ചു:
''നമ്മിലൊരാള്‍, അത് ആണാകാം പെണ്ണാകാം, ഇസ്ലാം സ്വീകരിച്ചെന്ന് പ്രഖ്യാപിക്കുക. എന്നിട്ട് മുഹമ്മദിന്റെ അടുത്ത് ചെന്ന് ഭക്ഷണത്തില്‍ വിഷം പുരട്ടുക. ഭക്ഷണം എല്ലാവരും കഴിച്ചാല്‍ ആ മുഴുവന്‍ സംഘവും തീര്‍ന്നുകിട്ടി. ഇനി, അഥവാ പരാജയപ്പെട്ടാല്‍ നമുക്കൊരാളെയല്ലേ നഷ്ടമാവുകയുള്ളൂ.''
ഇബ്‌നു ഉബയ്യ് ശാന്തനായി സാവധാനമാണ് പറഞ്ഞത്: ''നല്ലൊരു ആശയമാണ്. പക്ഷേ, അതിനെ മാത്രം അവലംബിച്ചാല്‍ മതിയാവുകയില്ല. വലിയൊരു പ്ലാന്‍ ആദ്യം വേണം. മുഹമ്മദിന്റെ ശത്രുക്കളെ വീണ്ടും ഒരേ വേദിയില്‍ ഒന്നിപ്പിക്കുക എന്നതാണത്.''
ഇബ്‌നു ഉബയ്യുമായുള്ള പൂര്‍വ സൗഹൃദം ഓര്‍ത്തെടുത്തുകൊണ്ട് കിനാന പറഞ്ഞു.
'വിശ്വസ്തനായ സുഹൃത്തേ, താങ്കളെ ഞങ്ങള്‍ക്ക് എത്രയോ കാലമായി പരിചയമുണ്ട്. ബനുന്നളീര്‍ ഉപരോധകാലത്ത് താങ്കള്‍ ഞങ്ങളെ മുഹമ്മദിന്റെ വാള്‍ത്തലപ്പില്‍നിന്ന് രക്ഷിച്ചത് മറക്കാനാകുമോ? ഈ പോരാട്ട വഴിയില്‍ താങ്കള്‍ എന്തെല്ലാം ത്യജിച്ചു, സഹിച്ചു! നമുക്കിടയിലെ സ്‌നേഹം മുന്‍നിര്‍ത്തി താങ്കളുടെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു വാര്‍ത്ത ഞാന്‍ പറയട്ടെ: ഗത്വ് ഫാന്‍കാര്‍ വീണ്ടും നമ്മളുമായി സഹകരിക്കാമെന്ന് തത്ത്വത്തില്‍ ഏറ്റിട്ടുണ്ട്. ഞങ്ങളും വലിയ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഖുറൈള രക്തസാക്ഷികള്‍ക്ക് വേണ്ടി നാം പ്രതികാരം ചെയ്യും. അങ്ങനെ അവരുടെ ഉറ്റവരുടെ കണ്ണുനീരിന് അറുതിയാവട്ടെ. എല്ലാം പഴയ പടിയാവും. കവര്‍ന്നെടുക്കപ്പെട്ട കിരീടം താങ്കള്‍ക്ക് തിരിച്ച് കിട്ടും.''
അല്‍പനേരം ആരും ഒന്നും മിണ്ടിയില്ല. മൗനം ഭഞ്ജിച്ചത് സല്ലാമുബ്‌നു മിശ്കമാണ്. 'ഖുറൈശികളുമായി നമ്മള്‍ നടത്തിയ ചര്‍ച്ച ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.''
ഇബ്‌നു ഉബയ്യ് അര്‍ഥം വെച്ച് ചിരിച്ചു.
''നിങ്ങള്‍ ഗത്വ് ഫാനുമായി സംസാരിച്ചത് ഞാന്‍ അറിഞ്ഞില്ലെന്ന് കരുതിയോ? അതിനൊക്കെ വഴി തുറന്നത് ഞാനാണ്. എന്റെ ആളുകളെ ഞാന്‍ അങ്ങോട്ട് പറഞ്ഞയച്ചിരുന്നു. പക്ഷേ, നമ്മുടെ വലിയ അവലംബം ഖുറൈശികള്‍ തന്നെയാണ്.''
പിന്നെ സൈനബിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: ''സൈനബിന്റെ അഭിപ്രായവും നമുക്ക് മുഖവിലക്കെടുക്കണം... ഇരുട്ടിലൊരു കുത്ത്, അല്ലെങ്കില്‍ വിഷം പുരട്ടിയ ഭക്ഷണം, ഇതിലേതെങ്കിലുമൊന്ന് മതിയാവും മുഹമ്മദിന്റെ ആധിപത്യത്തില്‍നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍.''
സൈനബ് ആവേശത്തിലായി.
''ഒന്ന് നിങ്ങള്‍ മനസ്സിലാക്കണം: ദുരിതങ്ങളൊക്കെ അനുഭവിക്കേണ്ടി വരുന്നത് ഞങ്ങള്‍ സ്ത്രീകളായിരിക്കും. നമ്മള്‍ തോറ്റാല്‍ നമ്മുടെ സ്ത്രീകളെ പിടിച്ച് കൊണ്ടു പോയി അവര്‍ അടിമകളാക്കും. ഖൈനുഖാഇനും ഖുറൈളക്കും നളീറിനും സംഭവിച്ചത് നമുക്കും സംഭവിക്കും. ഹുയയ്യിന്റെ മകളും കിനാനയുടെ ഭാര്യയുമായ സ്വഫിയ്യയും, ഹാരിസിന്റെ മകളും സല്ലാമിന്റെ ഭാര്യയുമായ സൈനബും അവരുടെ കീഴില്‍ അടിമകളായിക്കഴിയുക... എന്തൊരു മാനക്കേടായിരിക്കും! അതാലോചിക്കുമ്പോള്‍ എനിക്ക് എല്ലാം കറങ്ങുന്നപോലെ തോന്നും. അതിനാല്‍, നിങ്ങളുടെ പെണ്ണുങ്ങള്‍ മുഹമ്മദിന്റെ ഭാര്യമാരുടെ ഭൃത്യകളാകാതിരിക്കാന്‍ ഒരുങ്ങൂ, ഒരുങ്ങൂ ആണുങ്ങളേ.''
ഇബ്‌നു ഉബയ്യിന് അല്‍പ്പം തല കറങ്ങുന്ന പോലെ തോന്നി. ഇവിടെയിതാ ഒരു പെണ്ണുമ്പിള്ള... എന്തൊരു വര്‍ത്തമാനമാണവള്‍ പറയുന്നത്! എന്റെ ഭാര്യയോ? വഞ്ചകി! മുഹമ്മദിന്റെ വാക്ക് കേട്ട് മയങ്ങിപ്പോയവള്‍. എന്നിട്ട് എന്നെ വെല്ലുവിളിക്കുന്നു.
എന്നിട്ടയാള്‍ അത്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ സൈനബിനെ നോക്കി മന്ത്രിച്ചു: ''നീയാണ് ഭാര്യ.''
(തുടരും)