ശാക്തീകരണത്തിന്റെ പുതുവഴി തേടി വനിതകള്‍

പി.കെ ജമാല്‍
september 2022
ജമാഅത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ ഭൂരിഭാഗം ഓഫീസുകളും കൈയടക്കിയ വനിതാ വിഭാഗം, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ കാലത്തെ ഓര്‍മിപ്പിച്ചു.

ദല്‍ഹി ജാമിഅ നഗറില്‍, ഓക്‌ല അബുല്‍ ഫസ്ല്‍ എന്‍ക്ലേവില്‍, യമുനാ നദിക്ക് അഭിമുഖമായി നിലകൊള്ളുന്ന പതിനഞ്ച് ഏക്കര്‍ സ്ഥലത്താണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സും അനുബന്ധ സ്ഥാപനങ്ങളും. 1975-ലാണ് എന്റെ ആദ്യ ദല്‍ഹി യാത്ര. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സമ്മേളനത്തില്‍ സംബന്ധിക്കാനായിരുന്നു അത്. നാല്‍പത്തേഴ് വര്‍ഷം മുമ്പുള്ള ദല്‍ഹിയല്ല ഇന്ന്. തലസ്ഥാന നഗരി അടി മുടി വരെ മാറിയിരിക്കുന്നു. കുലീനമായ ചരിത്ര പൈതൃകത്തിന്റെ അവശേഷിപ്പുകളും ദീനഭാവവും പേറിനില്‍ക്കുന്ന പുരാതനമായ കെട്ടിടമായിരുന്നു അന്നത്തെ ഓഫീസ്. ഇന്ന്, ആധുനിക സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ കെട്ടിട സമുച്ചയങ്ങള്‍, ഗാര്‍ഡന്‍, പുല്‍ത്തകിടികള്‍, വിശാലമായ നടപ്പാതകള്‍, ഇടതൂര്‍ന്ന വൃക്ഷങ്ങള്‍, പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന വിശാലമായ മസ്ജിദ്. ഇവയെല്ലാം അടങ്ങുന്ന സമ്പൂര്‍ണ  സംവിധാനമാണ് ജമാഅത്ത് ഓഫീസിനുള്ളത്. ജൂണ്‍ 11,12 തീയതികളില്‍ ഇത്തിഹാദുല്‍ ഉലമ കേരള സംഘടനയെ പ്രതിനിധാനം ചെയ്താണ് യൂസുഫ് ഉമരിയും ഞാനും പോയത്. അമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ആശയ വിനിമയം നടത്തിയും വിവിധ ഓഫീസുകള്‍ സന്ദര്‍ശിച്ചും രണ്ട് ദിവസങ്ങള്‍ ഫലപ്രദമായി ചെലവഴിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചറെ കാണാനും പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചറിയാനും സാധിച്ചു. ജമാഅത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ ഭൂരിഭാഗം ഓഫീസുകളും കൈയടക്കിയ വനിതാ വിഭാഗം, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ കാലത്തെ ഓര്‍മിപ്പിച്ചു. നൂതന പ്രവര്‍ത്തന പരിപാടികളിലൂടെ വനിതാ വിഭാഗം കേന്ദ്രത്തില്‍ തങ്ങളുടെ ഇടം സ്വന്തമാക്കിയെന്ന് അഭിമാനിക്കാം. റഹ്മത്തുന്നിസ മഹാരാഷ്ട്ര പര്യടനത്തിന് യാത്ര തിരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. യാത്രാ സംബന്ധമായ ഒരുക്കങ്ങളുടെ ഇടയില്‍ കിട്ടിയ ഏതാനും സമയം, ഇന്ത്യയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന വനിതാ രംഗത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. 'പണ്ഡിത സമൂഹത്തില്‍നിന്ന് പ്രസ്ഥാനത്തിലെ വനിതാ സംഘടന തേടുന്നതെന്ത്?' എന്ന വിഷയത്തെക്കുറിച്ച് സംഗമത്തില്‍ റഹ്മത്തുന്നിസ സംസാരിച്ചിരുന്നു. അവരുടെ വിശാലവും വിപുലവുമായ കര്‍മ മേഖലയെക്കുറിച്ച ഏകദേശ ധാരണ ഉര്‍ദുവില്‍ അവര്‍ നടത്തിയ പ്രസംഗത്തില്‍നിന്ന് ലഭിച്ചിരുന്നു.
വിദ്യാഭ്യാസം, സാമൂഹിക സേവന സംരംഭങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, തര്‍ബിയത്ത് തുടങ്ങി സര്‍വ മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇവക്കെല്ലാം നേതൃത്വം നല്‍കാന്‍ പ്രാപ്തരായ നേതാക്കളെ വനിതകളില്‍നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെയും അധഃസ്ഥിതരുടെയും അബലരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ശബ്ദമായിത്തീരാന്‍ ജമാഅത്തിന് കീഴിലുള്ള വനിതാ സംഘടനക്ക് കഴിഞ്ഞു.
വനിതകളെ വൈജ്ഞാനികമായി ശാക്തീകരിക്കാന്‍ വിദ്യാഭ്യാസ ബോധവത്കരണ പരിപാടികള്‍, ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണ അകറ്റുന്നതിനും ദൈവിക ദീനിനെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാട് പകരുന്നതിനുമായി കാമ്പയിനുകളും നടത്തുന്നു. പ്രാദേശിക, സംസ്ഥാന, ദേശീയ തലത്തില്‍ നടക്കുന്ന പരിപാടികളില്‍ സ്ത്രീധനം, സ്ത്രീ പീഡനം, വിവേചനം, അശ്ലീലത, നഗ്നത, മയക്കുമരുന്ന്, മദ്യം തുടങ്ങിയ അധാര്‍മികതകള്‍ക്കെതിരില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഇസ്‌ലാമിന്റെ മാനവിക വീക്ഷണം, സാഹോദര്യം, സമുദായ സൗഹാര്‍ദം, അഴിമതി, ചൂഷണം എന്നിവക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം  ലക്ഷ്യം വെച്ച് ഇന്റര്‍ഫെയ്ത്ത് ഡയലോഗുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു.
വിവിധ സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകന്മാര്‍, മത നേതാക്കള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍, എഴുത്തുകാര്‍, മീഡിയാ പ്രവര്‍ത്തകര്‍ എന്നിവരുമായും നയരൂപവത്കരണ രംഗത്തെ പ്രമുഖരുമായും ആശയ വിനിമയം നടത്തുന്നു.
ദാരിദ്ര്യം, രോഗം, പട്ടിണി, തൊഴിലില്ലായ്മ എന്നിവക്ക് ഇരകളാകുന്ന സ്ത്രീകളെ പുനരധിവസിപ്പിച്ചും ഗവണ്‍മെന്റ് സഹായങ്ങള്‍ നേടിക്കൊടുത്തും സംഭാവനകള്‍ സംഘടിപ്പിച്ചും സാമൂഹിക സേവന രംഗത്ത് സ്വന്തമായ മേല്‍വിലാസമുണ്ടാക്കാന്‍ വനിതാ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
AURA ഇംഗ്ലീഷ് ഡിജിറ്റില്‍ വനിതാ മാഗസിന്‍ വനിതാ വിംഗിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്.കുട്ടികളുടെ സര്‍ഗസിദ്ധി വളര്‍ത്താനും അവരുടെ കഴിവുകള്‍ കണ്ടെത്തി ക്രിയാത്മക മേഖലകളിലേക്ക് നയിക്കാനും ചില്‍ഡ്രന്‍സ് സര്‍ക്ക്ള്‍, കൗണ്‍സലിംഗ് സെന്റര്‍, പ്രീ മാരിറ്റല്‍-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാമുകള്‍, പാരന്റിംഗ് കൗണ്‍സലിംഗ് തുടങ്ങി ശക്തവും ഭദ്രവുമായ കുടുംബ സംവിധാനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ വനിതാ വിഭാഗത്തിനു കീഴില്‍ നടക്കുന്നു. 'നേരും നന്മയും നീതിയും' എന്ന മുദ്രാവാക്യമുയര്‍ത്തി മീഡിയാ രംഗത്തും ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ക്ക് സാധിച്ചു. വിമന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫേസ് ബുക് പേജ് പുതിയ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും പ്രകാശിതമാക്കുന്ന വേദിയാണ്.
വനിതാ നവോത്ഥാന രംഗത്ത് നൂതനമായ പാത വെട്ടിത്തെളിയിക്കാനും വ്യക്തമായ ദിശാബോധത്തോടെ സാമൂഹിക മുന്നേറ്റങ്ങളുടെ അവിഭാജ്യഘടകമാക്കി മാറ്റാനും കഴിഞ്ഞത് ജമാഅത്തിന് കീഴിലുള്ള വിമന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എടുത്തുപറയേണ്ട നേട്ടമാണ്. ദല്‍ഹി കേന്ദ്രമാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ടച്ച് നല്‍കാന്‍ റഹ്മത്തുന്നിസയുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞേ പറ്റൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media