'നിങ്ങളുടെ പെണ്‍മക്കളോട് സംസാരിക്കുക. നിങ്ങളുടെ ആണ്‍മക്കളുമായി കളിക്കുക. മറ്റാരേക്കാളും നിങ്ങള്‍ അവര്‍ക്ക് നല്ല സുഹൃത്തായിരിക്കണം. ഈ സമൂഹം ഒരുപാട് ദുഷ്ടസുഹൃത്തുക്കളെ വാഗ്ദാനം ചെയ്യുന്നു, അത്തരം സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് മുമ്പ് അവര്‍ നിങ്ങളില്‍ അവരുടെ ഉറ്റ ചങ്ങാതിയെ കണ്ടെത്തേണ്ടതുണ്ട്.'
പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും ഇസ്ലാമിക ചിന്തകനുമായ നുഅ്മാന്‍ അലിഖാന്റെതാണ് ഈ വാക്കുകള്‍.
മക്കള്‍ക്ക് എല്ലാം കണ്ടെത്തി നല്‍കുന്നവരാണ് നാം. നല്ല ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുന്ന ക്ലാസുകൾ... അങ്ങനെ എല്ലാം. എന്നിട്ടും വാര്‍ത്തകള്‍ കണ്ട് നാം നടുങ്ങുന്നു. മദ്യത്തില്‍ ആറാടുന്ന, മയക്കുമരുന്ന് കൈവശം വെക്കുന്ന, പീഡിപ്പിക്കുന്ന, മോഷ്ടിക്കുന്ന, കൊലപാതകം ചെയ്യുന്ന കുട്ടിത്തവും കൗമാരവും വിടാത്തവര്‍. ഇതിനെന്താണ് പരിഹാരമെന്നന്വേഷിക്കുന്ന ഓരോ രക്ഷിതാവിനുമുള്ള ഉപദേശമാണ് മേലുദ്ധരിച്ചത്. എല്ലാം കൊടുക്കുന്ന രക്ഷിതാക്കള്‍ക്ക് മക്കള്‍ക്കായി നല്‍കാനാവാത്തത് അവരോടൊത്തുള്ള കളിചിരികള്‍ സമ്മാനിക്കുന്ന സമയങ്ങളാണ്. സൗഹൃദങ്ങളിഷ്ടപ്പെടുന്ന പ്രായത്തില്‍ അത് കിട്ടുന്ന ഇടങ്ങള്‍ ഇന്ന് ധാരാളമുണ്ട്. അത് അത്യാവശ്യമാണുതാനും. പക്ഷേ, 'വൈകിട്ടെന്താ പരിപാടി' എന്നാണ് പുറത്തെ ചോദ്യങ്ങള്‍.
വീട്ടിലേക്കാള്‍ സമയം നാട്ടിലാണെല്ലാവര്‍ക്കും. അവിടെ തളിര്‍ക്കുന്ന കൂട്ടായ്മകളാണ് മദ്യ-മാഫിയ കളളക്കടത്തിലേക്ക് നീളുന്നത്. മക്കൾ ഇതിലേക്കാകര്‍ഷിക്കപ്പെടാതെ വീട്ടിലെത്തണമെങ്കില്‍ അവരോടൊപ്പം കൂടാന്‍ അവിടെ രക്ഷിതാക്കൾ ഉണ്ടാവണം. ഉമ്മ മാത്രം പോരാ, ഉപ്പയും വേണം. നാട്ടിലേക്കാള്‍ എന്നെ ആവശ്യം വീട്ടിലാണ്, എന്റെ മക്കള്‍ക്കാണെന്ന ബോധ്യം ഓരോ രക്ഷിതാവിനും ഉണ്ടാവണം. സമൂഹത്തിനു വേണ്ടി വല്ലാതെ പണിയെടുത്ത് രാവേറെ ചെന്ന് മക്കളുറങ്ങിയതിനു ശേഷം വീട്ടിലെത്തുന്നവരാണ് പലരും. ഇത് മാറേണ്ടതുണ്ട്. സമയം കൊല്ലുന്ന, അങ്ങാടിയിലെ അനാവശ്യ സംസാരങ്ങളം ഇടപാടുകളും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ലെന്ന് വഴിയോടുള്ള ബാധ്യതയെക്കുറിച്ച പ്രവാചക വചനം ഓര്‍മപ്പെടുത്തുന്നുണ്ട്.
അക്കാദമിക മേഖലയില്‍ നൂറുമേനി വിളയിക്കല്‍ മാത്രമാവരുത് അധ്യാപകരുടെ ലക്ഷ്യം. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായി മാറാനാവണം. കൂട്ടുകാരും വഴികാട്ടികളുമാകണം. ഇടറിപ്പോവുന്ന കൗമാരത്തിന് വീടകവും സ്‌കൂളും ചുറ്റുപാടും ഒന്നിച്ചുനിന്ന് താങ്ങാവേണ്ടതുണ്ട്.