'ബിസ്മില്‍' ഹൃദയത്തില്‍ പെയ്ത പ്രണയമഴ
കെ.വി.കെ ബുഖാരി
september 2022
ധര്‍മനിഷ്ഠമായൊരു പശ്ചാത്തലമുണ്ടെങ്കിലും സമകാലിക ജീവിതത്തിന്റെ
വിചാരപഥങ്ങളെ പുല്കിയുള്ളതാണ് 'ബിസ്മില്‍'.
'പ്രണയം കാട്ടുതേന്‍ പോലെയാണ്. അതിലൊരു വസന്തം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.'
ജസ്ന താഷിബിന്റെ 'ബിസ്മില്‍ 'എന്ന ചെറുനോവല്‍ വായിച്ചു തീര്‍ന്നപ്പോള്‍ മലയാളത്തിന്റെ സര്‍ഗ സുകൃതം കമലദാസിന്റെ വാക്കുകളാണ് ഓര്‍മയില്‍ കൊരുത്തത്. അത്രമേല്‍ ഹൃദയസ്പര്‍ശിയായാണ് ജസ്ന താഷിബ് നോവല്‍ ശില്പത്തെ ചേതോഹരമാക്കിയിരിക്കുന്നത്. നനവൂറും നയനങ്ങളില്‍ ആര്‍ദ്രതയുടെ സ്നേഹ നീലാംബരിയായി 'ബിസ്മില്‍' ഹൃദയത്തോടൊട്ടി നില്ക്കുന്നു.
ആശയങ്ങളെയും കഥാപാത്രങ്ങളെയും കൃത്യമായി അടയാളപ്പെടുത്താനും അവരിലൂടെ ഒരു കാലഘട്ടത്തിന്റെ ജീവിതപരിസരത്തെ സമകാലികമായി അവതരിപ്പിക്കാനും എഴുത്തുകാരിക്ക് നല്ല പാടവമുണ്ട്. സൈറ/ഹിബ /ഫാത്വിമ ജമീലിന്റെ ജീവിതത്തെ ചുറ്റിവരിഞ്ഞ പ്രണയവള്ളികള്‍. പക്ഷേ, ഈ പ്രണയപുഷ്പദളങ്ങളെ ഒരു കാമുകന് എന്ന തീവ്ര ബോധത്തിലൂടെ സ്വന്തമാക്കാനോ അതിനായി പ്രതിരോധ കലഹം സൃഷ്ടിക്കാനോ ജമീലിന് സാധിക്കുന്നില്ല. അവന്റെ മനസ്സില്‍ കുടിയേറിയ' വിശുദ്ധ പ്രണയം' എന്ന സങ്കല്പം അതിനു തടസ്സം സൃഷ്ടിക്കുന്നു. അവന്റെ പ്രണയം കാലവര്‍ഷം പോലെ, മാറി മാറി ദിശ തെറ്റി ഒഴുകിപ്പോകുന്ന ജീവിതനദിയാണ്. ഇതിന് കാരണം ജമീലിനെ സ്വാധീനിച്ച നൈതിക സനാതന ആദര്‍ശവും ധാര്‍മികബോധവുമാണ്. മദ്റസാകാലത്തു കിളിര്‍ത്ത പ്രണയ മോഹമായതിനാല് ജമീലിന്റെ പ്രണയവഴികളിലൊക്കെ അവന് 'ഒരു ദര്‍വീഷ് 'ആയി സ്വയമറിയാതെ മാറുന്നു. ഇത് ജമീല്‍ അവനറിയാതെ തന്നെ തന്റെ പ്രണയിനിയോട് പറയുന്നുണ്ട്.
ജമീലിലെ സ്വൂഫിയുടെ ആത്മഗതം കേട്ട പ്രണയിനിയില്‍ ഉണ്ടാവുന്ന ഈ തളര്‍ച്ച ഒരാഗ്രഹത്തിന്റെ ഇഛാഭംഗമാണ്. മോഹത്തിനേറ്റ മുറിവ്. അത് തന്റെ കാമുകനില്‍നിന്ന് നേര്‍ക്കുനേരെ കേള്‍ക്കുമ്പോള്‍ ഏതൊരു കാമുകിയും അവനെ സംശയിക്കും. അവര്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള ഒരു കാമുകനെ ജമീലില്‍ കാണാത്തതിലുള്ള നിരാശ. ഇതാണ് ജമീലില്നിന്നും പ്രണയപക്ഷികള്‍ പറന്നു പോകാന്‍ കാരണം.
ലൈലയെ പ്രണയിച്ച ഖൈസിന്റെ ആധുനിക പ്രതീകമാണ് ജമീല്‍. വിധിയുടെ നിശ്ചിത തീരങ്ങളിലൂടെ സഹിച്ചും ത്യജിച്ചും പ്രണയച്ചൂട് സ്വന്തം നെഞ്ചില്‍ ആളിക്കത്തിച്ചും ഒരവദൂതനെപ്പോലെ യാത്ര ചെയ്യുന്ന /ഈ യാത്രകളെ സ്വയം ആസ്വദിക്കുന്ന കഥാപാത്രം. ഈ കഥാപാത്രത്തെ ധാര്‍മികമായി പ്രണയവല്ലരിയില്‍ തളച്ചിടാന്‍ കഴിഞ്ഞിടത്താണ് ജസ്നയുടെ സര്‍ഗ കഴിവ് കൂടുതല്‍ മികവുറ്റതാകുന്നത്.
മഴ പെയ്തു തോര്‍ന്നിട്ടും പിന്നെയും മരം പെയ്യുന്ന അനുഭവവേദ്യമായ വായനയാണ് ബിസ്മില്‍. ധര്‍മനിഷ്ഠമായൊരു പശ്ചാത്തലമുണ്ടെങ്കിലും സമകാലിക ജീവിതത്തിന്റെ വിചാരപഥങ്ങളെ പുല്കിയുള്ളതാണ് ആശയം. ഈ നോവലില്‍ എവിടെയൊക്കെയോ എഴുത്തുകാരി ഒളിഞ്ഞിരിപ്പുണ്ട്. ജസ്ന എന്ന കഥാകാരിയുടെ സ്വാനുഭവങ്ങളുടെ ജീവിതപരിഛേദമായി ബിസ്മില്‍ മാറുന്നുണ്ട്.
l