സ്പാനിഷ് എഡുക്കേഷന്‍ മന്ത്രാലയത്തിനു കീഴില്‍ സ്പെയിനിലെ സ്കൂളുകളില്‍
ഇംഗ്ലീഷ് ഭാഷാ അസിസ്റ്റന്റായി ജോലി ചെയ്ത ജുഷ്ന അവിടുത്തെ അധ്യാപന
രീതിയെക്കുറിച്ച് ആരാമം വായനക്കാരോട് സംസാരിക്കുന്നു.
2019-ല്‍ ഹേരേസ് ദേ ലാ ഫ്രോന്തെര (Jerez de la Froutera) യിെല അൻഡ്രസ് ബെനിട്ടേഴ്സ് സ്കൂൾ IES ലേക്ക് ഞാന്‍ എത്തിച്ചേരുമ്പോള്‍ ഒരു ഇന്ത്യക്കാരിയെ കണ്ടു എന്ന സന്തോഷത്തിലാണ് എന്റെ ദ്വിഭാഷാ കോ ഓര്‍ഡിനേറ്റര്‍ കാര്‍മിന ഫാറ്റോ എന്നോട് സംസാരിക്കുന്നത്. അവരെന്നോട് ആദ്യമായി പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് വീസന്തെ ഫെറേർ ഫൗണ്ടേഷനു വേണ്ടി അവരുടെ സ്കൂള്‍ ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു. ഇത്തരമൊരു ഫൗണ്ടേഷനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആദ്യമായാണ് കേള്‍ക്കുന്നത്. സ്പെയിനിലെ ബാഴ്സലോണക്കാരായ വീസന്തെ ഫെറേറും അന്ന ഫെറെറുമാണ് ആനന്ദ്പൂരില്‍ വിസന്റ് ഫെറര്‍ ഫൗണ്ടേഷന് സ്ഥാപിക്കുന്നത്. സ്പെയിനില്‍ ശക്തമായ വേരുകളുള്ള ഫൗണ്ടേഷന് തീര്‍ത്തും ദരിദ്രരായ ആളുകളുടെ വിദ്യാഭ്യാസത്തില്‍ തന്നെയാണ് ശ്രദ്ധയൂന്നുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ഇതിനാവശ്യമായ പണം അവര്‍ കണ്ടെത്തുന്നു. ആന്ധ്രപ്രദേശിലെ ഒരു കുഗ്രാമമാണ് ആനന്ദ്പൂര്‍. സെക്കന്ററി സ്കൂള്‍ 22 കിലോമീറ്ററോളം അകലെയായത് കൊണ്ടുമാത്രം ഉപരിപഠന സാധ്യതകള്‍ നിഷേധിക്കപ്പെട്ട ഒരുപാട് പെണ്‍കുട്ടികള്‍ ഉള്ള നാട്. അത്രയും ദൂരം കുട്ടികളെ തനിച്ചു വിടുന്നതിലെ ഭീതിയും അടുക്കളകളില്‍ പാകം ചെയ്യുന്നത് ദാരിദ്ര്യം മാത്രമായതുകൊണ്ടും സ്കൂളിലേക്കെത്തുന്നതിനു മറ്റുപാധികള് കണ്ടെത്താന്‍ കഴിയാത്തതും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് അവരെ പിറകോട്ട് നടത്തുന്നു. സ്പെയിനിനെ സ്കൂള്‍ കുട്ടികളുടെ കുഞ്ഞുകുഞ്ഞു സംഭാവനകള്‍ കൂട്ടിവെച്ച് ആനന്ദ് പൂരിലെ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സൈക്കിളുകള്‍ വാങ്ങിച്ചു കൊടുക്കാന്‍ ഫൗണ്ടേഷനു കഴിഞ്ഞു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ പറഞ്ഞുവെക്കും മുമ്പ് യൂറോപ്പിലെ വിശിഷ്യാ, സ്പെയിനിലെ വിദ്യാഭ്യാസ രീതി പരിചയപ്പെടാം.
അതിമനോഹരമായി പണികഴിപ്പിച്ച കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് റൂമുകളും വൈറ്റ് ബോര്‍ഡും പ്രൊജക്ടറും നിരനിരയായി കിടക്കുന്ന ബെഞ്ചുകളും ഡെസ്ക്കുകളും അതിനിടയില്‍ ചാരകണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള 12 വയസ്സായ കുഞ്ഞുങ്ങള്‍. നിങ്ങളുടെ പുതിയ ലാംഗ്വേജ് അസിസ്റ്റന്റ് എന്ന് അവര്‍ക്കെന്നെ പരിചയപ്പെടുത്തുമ്പോള്‍ സന്തോഷത്തോടു കൂടി തന്നെയാണ് അവരെന്നെ അഭിവാദ്യം ചെയ്തത്.
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുക, ആശയ വിനിമയ സാധ്യത പരിപോഷിപ്പിക്കുക തുടങ്ങിയവയായിരുന്നു എന്റെ ഉത്തരവാദിത്തങ്ങള്‍. പ്രൈമറിയിലാണോ സെക്കന്ററിയിലാണോ പഠിപ്പിക്കേണ്ടത് എന്നൊക്കെ നമുക്ക് തീരുമാനിക്കാവുന്നതാണ്. കൗമാര പ്രായക്കാരോടുള്ള ആശയ വിനിമയം ഇഷ്ടമുള്ളത് കൊണ്ടുതന്നെ ഹൈസ്കൂളാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഏകദേശം 11 വയസ്സാകുമ്പോഴേക്കും ഒരു വിദ്യാര്‍ഥി പ്രൈമറിയില്‍നിന്ന് സെക്കന്ററിയിലേക്ക് മാറ്റപ്പെടും. മൂന്നു വര്‍ഷത്തോളം ലാംഗ്വേജ് അസിസ്റ്റായി ജോലി ചെയ്തതില്‍ രണ്ടു തവണ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു. ഒരു പ്രാവശ്യം മുതിര്‍ന്ന ആളുകള്‍ക്കൊപ്പവും.
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സ്പെയിന് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ രീതിയില്‍ സൗജന്യ വിദ്യാഭ്യാസമാണ് ഗവണ്മെന്റ് സ്കൂളുകള്‍ വഴി നല്‍കുന്നത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി യാത്ര ചെയ്യുന്ന ആളെന്ന നിലയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠനം പൂര്‍ത്തീകരിച്ച ആളെന്ന നിലയിലും സ്പെയിനിലെ വിദ്യാഭ്യാസ രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്റൂമുകളാവട്ടെ, സ്റ്റാഫ് റൂമാവട്ടെ, കാന്റീന്, ശുചിമുറികള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്തുമാവട്ടെ; എല്ലാം വളരെ വൃത്തിയായും കൃത്യമായും ഒരുക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു. പ്രൈമറി വിഭാഗത്തിനും സെക്കന്ററി വിഭാഗത്തിനും പ്രത്യേകം സ്കൂളുകളുണ്ട്. ആറു വയസ്സ് മുതല്‍ 16 വയസ്സുവരെ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്.
പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ച് ക്ലാസില്‍ വരാവുന്നതാണ്. പതിനൊന്നും പന്ത്രണ്ടും വയസ്സായ കുട്ടികള്‍ക്കിടയില്‍ പോലും മുടിയൊക്കെ കളര്‍ ചെയ്തവര്‍ ഉണ്ടായിരുന്നു. ഇത്് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന് അത്രയേറെ പ്രാധാന്യം നല്കുന്ന നാടാണ് സ്പെയിന്.
എന്തു ധരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ അധികാരം കുട്ടികള്‍ക്കുണ്ട്. യൂണിഫോമില്ലാത്തതിനെ കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്ക് സഹപ്രവര്‍ത്തക നല്കിയ മറുപടി. ''കുട്ടികളുടെ കൈയില്‍ ഉള്ളതിലും കൂടുതലായി ഒരു യൂണിഫോം സെറ്റ് കൂടി വാങ്ങാന്‍ അവരെ ഒരിക്കലും നിര്ബന്ധിക്കില്ല. ആര്‍ക്കൊക്കെ പുതിയ വസ്ത്രം വാങ്ങാന്‍ കഴിയുമെന്ന് നമുക്കറിയില്ലല്ലോ.'' എന്നാണ്. ഒരുപോലുള്ള വസ്ത്രമാണ് ഏകതാ സ്വഭാവം കൊണ്ടു വരികയെന്നും മറ്റു കുട്ടികള്‍ക്കിടയില്‍ വസ്ത്രമില്ലായ്മയുടെ അപകര്‍ഷതാ ബോധം വരാതിരിക്കാന്‍ യൂണിഫോം നല്ലതാണെന്നുമുള്ള എന്റെ ചിന്താഗതിക്ക് ഒരു ബദല്‍ ആശയമായിരുന്നു അവര്‍ പറഞ്ഞുവെച്ചത്. ഇന്ത്യയിലേതു പോലെ പരമദരിദ്രരില്ലാത്ത ഒരു രാജ്യത്ത് ഈ ചിന്താഗതിയില്‍ യുക്തിയുണ്ടെന്ന തിരിച്ചറിവില്‍ ഞാന്‍ നിശബ്ദയായി. വസ്ത്രധാരണം എന്നതിനപ്പുറത്ത് കുട്ടികളുടേതാണെങ്കില്‍ പോലും വ്യക്തി സ്വാതന്ത്ര്യത്തിനും കാഴ്ചപ്പാടുകള്‍ക്കും സ്പെയിനില്‍ കിട്ടുന്ന പരിഗണന എടുത്തു പറയേണ്ടതാണ്.
ഏതാനും ചില മണിക്കൂറുകളിലെ ക്ലാസുകള്‍ക്കു ശേഷം ഒന്നാമത്തെ ദിവസത്തെ അനുഭവത്തെ പറ്റി കാര്മിനയോടു സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം പതിനഞ്ചു വയസ്സു പ്രായം വരുന്ന വിദ്യാര്‍ഥി സംഘം 'കാര്‍മിന, ഞങ്ങള്‍ക്കു ഈ പ്രൊജക്ടില്‍ നിങ്ങളുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടു. കാര്‍മിന അമ്പതുകളില്‍ എത്തിനില്‍ക്കുന്നു. ഇത്രയും പ്രായക്കൂടുതലുള്ള അവരെ പേരു വിളിച്ച് സുഹൃത്തുക്കളെ പോലെ ഇടപഴകുന്ന വിദ്യാര്‍ഥി സമൂഹത്തെ ഞെട്ടലോടെയാണ് ഞാന്‍ നോക്കി കണ്ടത്. 'മാഡം', 'സര്' വിളികള്‍ കേട്ടു തഴമ്പിച്ച എന്റെ കാതുകള്‍ക്ക് ഇവിടെ കുട്ടികള്‍ അങ്ങനെ വിളിക്കാറേയില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ചിലപ്പോഴെങ്കിലും പ്രഫസര്‍ എന്നു ചുരുക്കി 'പ്രൊഫ' എന്നും 'പ്രൊഫസൊറ' എന്നും വിളിക്കാറുണ്ടെങ്കിലും അവരൊരിക്കലും ആരേയും 'മാഡം' എന്നോ 'സാര്‍' എന്നോ വിളിക്കാറില്ല. ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോറിഡോറുകളില്നിന്നും മറ്റും അവരെന്നെ 'ജുഷ്ന, ഗുഡ്മോണിംഗ്' എന്നു അഭിവാദനം ചെയ്യുന്നതിനെ സ്വീകരിക്കാന്‍ എനിക്കു സാധിച്ചു. കുട്ടികള്‍ക്കും അധ്യാപകര്ക്കുമിടയിലുള്ള ബന്ധം തികച്ചും ഒരു കുടുംബത്തെപോലെ, സുഹൃത്തുക്കളെ പോലെയായിരുന്നു. നമ്മളെങ്ങനെയാണോ പെരുമാറുന്നത് അതാണ് കുട്ടികളില്‍നിന്ന് തിരികെ ലഭിക്കുന്നത്. സ്പെയിനിലെ അധ്യാപകര്‍ സ്വന്തം കുടുംബമായി വിദ്യാര്‍ഥികളെ കാണുമ്പോള്‍ അവര്‍ക്കിടയിലുള്ള ഇഴയടുപ്പം കൂടുതല്‍ ദൃഢതയുള്ളതാവുന്നു. ഒരിക്കലും കുട്ടികളെ ശകാരിക്കാറില്ലാത്ത ഇവര്‍ തങ്ങളെ വെറുക്കുന്നതിന് വളരെ കുറച്ചു കാരണങ്ങളേ കുട്ടികള്‍ക്ക് നല്‍കുന്നുള്ളൂ. സ്പാനിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളായ ലാംഗ്വേജ് അസിസ്റ്റന്റുകള്‍ക്കുള്ള പരിശീലന പരിപാടിയില്‍ വെച്ചാണ് എനിക്കിത് മനസ്സിലായത്.
ആനന്ദപൂരിലെ കുട്ടികള്‍ക്ക് സൈക്കിള്‍ മേടിച്ചു കൊടുക്കുന്നതിനെ പറ്റി കാര്‍മിന എന്നോട് പറയുമ്പോള്‍ പദ്ധതി വിജയിക്കുമെന്നോ കുട്ടികളില്‍നിന്ന് 65000-ത്തോളം രൂപ പിരിച്ചെടുക്കാന്‍ കഴിയുമെന്നോ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ വലിയൊരു തുക ശേഖരിക്കുന്നതിനും അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞു എന്നതിന് സൈക്കിളുകള്‍ക്കൊപ്പം ചിരിച്ച മുഖത്തോടെ നില്ക്കുന്ന അവരുടെ ഫോട്ടോ മാത്രം മതി. എന്റെ കുട്ടികളെ കുറിച്ചും സ്കൂളിനെ കുറിച്ചും ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
പാഠഭാഗങ്ങളെ ഗുളിക രൂപത്തിലാക്കി വിഴുങ്ങാന്‍ പറയുന്ന രീതി ഇവിടുത്തെ സ്കൂളുകളില്‍ ഇല്ല. വളരെ അപൂര്‍വമായേ ബ്ലാക് ബോര്‍ഡ് ഉപയോഗിക്കാറുള്ളൂ. പാഠഭാഗത്തിന്റെ ഒരേകദേശ രൂപം പറഞ്ഞു കൊടുത്തശേഷം 45 മിനിറ്റോളം വരുന്ന പ്രവര്‍ത്തനങ്ങളും കളികളും ചെയ്യിക്കാറാണ് പതിവ്.
ഫ്രഞ്ച് റെവലൂഷനെക്കുറിച്ച് ഹൈസ്കൂള്‍ ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി തിരിക്കുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അവരുടെ ചിന്തകളെ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ദ്വിഭാഷി എന്ന നിലയില്‍ ഞാനും ക്ലാസില്‍ ഉണ്ടായിരുന്നു. വളരെയധികം കൗതുകകരമെന്നു വിശേഷിപ്പിക്കാവുന്ന കണ്ടെത്തലുകളാണ് ഓരോരുത്തരും അവതരിപ്പിച്ചത്. ബ്രിട്ടീഷ് കോളനിവല്ക്കരണത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ എന്നെ എന്തും ഉരുട്ടി വിഴുങ്ങാവുന്ന പരുവത്തില്‍ കിട്ടുമായിരുന്ന എന്റെ ചരിത്ര ക്ലാസുകളിലേക്കെത്തിച്ചു.
ഓരോ പ്രായപരിധിയിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനാധിഷ്ഠിത പഠനരീതിയാണ് എല്ലാ സ്കൂളുകളും പിന്തുടരുന്നത്. മൂല്യങ്ങള്‍ എഴുതി പഠിക്കുകയല്ല, പ്രവര്‍ത്തനങ്ങളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുക്കുകയാണ്.
പ്രൈമറി ക്ലാസുകളില്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി മാത്രമാണ് പിന്തുടരുന്നത്. കളികളിലൂടെ പുതിയ നിഗമനങ്ങളിലേക്കെത്തിച്ചേരാന് അവര്‍ക്ക് ഒരുപാട് സമയം ലഭിക്കുന്നു. പെയിന്റും പേപ്പറും മറ്റു വസ്തുക്കളും അവര്‍ക്കിഷ്ടം പോലെ ലഭിക്കുന്നു.
പരീക്ഷപ്പേടി ഇല്ലാതെ കളികളിലൂടെയും റോള്പ്ലേകളിലൂടെയും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ പുതിയ അറിവുകള്‍ നേടിയെടുക്കുന്നു. നല്ല ഭംഗിയില്‍ കത്രികയും വര്ണക്കടലാസുമുപയോഗിച്ച് പൂക്കളും പൂമ്പാറ്റകളുമുണ്ടാക്കുന്ന നാലു വയസ്സുകാരെ കണ്ടപ്പോള്‍ എനിക്ക് കത്രികയൊക്കെ സ്വന്തം ഉപയോഗിക്കാന്‍ കിട്ടിയ കാലത്തെക്കുറിച്ച് വെറുതെ ഓര്‍ത്തുപോയി. എത്ര മനോഹരമായാണ് ഈ കുഞ്ഞുങ്ങള്‍ അവരെ തന്നെ നിര്‍വചിക്കുന്നത്. രൂപപ്പെടുത്തി എടുക്കുന്നത്.
എങ്ങനെയാണ് ക്ഷമ അധ്യാപനത്തിന്റെ താക്കോല്‍ ആവുന്നതെന്ന് എന്നെ പഠിപ്പിച്ചത് സ്പെയിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മൂന്നു വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരധ്യാപികയും കുട്ടികളോട് ദേഷ്യപ്പെടുന്നതോ ക്ലാസില്‍നിന്ന് പുറത്താക്കുന്നതോ അവരുടെ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ശകാരിക്കുന്നതോ കാണാന്‍ കഴിഞ്ഞിട്ടില്ല. ഹോം അസൈന്മെന്റുകള് വൈകിയതിനു കാരണം ചോദിച്ചാല്‍ അവര്‍ സാധാരണ പോലെ പറഞ്ഞേക്കും, 'ഇന്നലെ തിരക്കിലായിരുന്നു, ജുഷ്ന, ഒരു മ്യൂസിക്ക് പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു എന്ന്.' അവര്‍ അസൈന്മെന്റ് സമര്‍പ്പിക്കുന്നത് വരെ ക്ഷമയോട് കൂടെ കാത്തിരിക്കാന്‍ ഞാനും പഠിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും നിയന്ത്രണം നഷ്ടപ്പെടുന്ന ആരെയും ഇവിടെ കാണാന്‍ കഴിയില്ല. ഒരു പ്രവര്‍ത്തനത്തിനും സമര്‍പ്പിക്കേണ്ട അവസാന തീയതി എന്ന ഒന്നില്ല. എങ്കിലും കുട്ടികള്‍ സജീവമായി തന്നെ പഠന പ്രക്രിയയുടെ ഭാഗമാവുകയും അസൈന്മെന്റുകള് പൂര്‍ത്തീകരിക്കുകയും ചെയ്യാറുണ്ട്. പല തരത്തിലുള്ള പരീക്ഷകളും വിജയിച്ചാണ് ആളുകള്‍ അധ്യാപനം തൊഴിലായി സ്വീകരിക്കേണ്ടത്, അവര്‍ പഠിപ്പിക്കേണ്ട കുട്ടികളുടെ പ്രായത്തെ പറ്റിയും രീതികളെ പറ്റിയുമുള്ള മനശാസ്ത്രപരമായ പരീക്ഷകള്‍ വരെയുണ്ടാകും അതില്‍. എന്നാല്‍ പോലും സ്ഥിര നിയമനം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും സ്ഥാപന മേധാവികളുടെ യോഗ്യതയുണ്ടെന്ന സാക്ഷ്യപ്പെടുത്തലുകളും വേണ്ടി വരും. അത്രമേല്‍ പ്രാധാന്യത്തോടെയാണ് പുതുതലമുറയുടെ വിദ്യാഭ്യാസത്തെ സ്പെയിന് നോക്കി കാണുന്നത്.
ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പി.എച്ച്.ഡിയോ പി.ജിയോ എടുക്കുന്നവര്‍, എന്തിന് യൂനിവേഴ്സിറ്റികളിലേക്കെത്തിപ്പെടുന്നവര് തന്നെ വളരെ തുഛമായിരിക്കും. മിക്കവരും പുതിയ കഫേ തുടങ്ങുന്നതിനോ ഡ്രൈവര്‍മാര്‍ ആകുന്നതിനോ പുതിയ സലൂണുകള്‍ ആരംഭിക്കുന്നതിനോ ഒക്കെ താല്പര്യപ്പെടുന്നവരായിരിക്കും. ഒരിക്കല്‍ ഒരു കുട്ടി എന്നോട് പറഞ്ഞത് അവനിഷ്ടം ഒരു മിഡ് വൈഫ് ആവുക എന്നതാണ്. ഡോക്ടറാവുന്നതിനും സയന്റിസ്റ്റ് ആവുന്നതിനും ഒക്കെ താല്പര്യപ്പെടുന്നവരും ഉണ്ട്. ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള മേഖലകളില്‍ മാത്രമാണ് എത്തിപ്പെടാറുള്ളത്. നല്ല യൂട്യൂബേഴ്സ് ആവണമെന്ന ലക്ഷ്യം വച്ചു നീങ്ങുന്നവരും കൂട്ടത്തില്‍ ഉണ്ട്. ഏതു ജോലിക്കും മാന്യതയുണ്ടെന്ന് വെറുതെ പറഞ്ഞു വെക്കുകയല്ല, ജീവിതത്തില്‍നിന്ന് മനസ്സിലാക്കി എടുക്കുകയാണ് ചെയ്യുന്നത്. 'യേരായ്' എന്ന എന്റെ 12 വയസ്സുകാരന് മിടുക്കനായ വിദ്യാര്‍ഥി പറഞ്ഞത്, വലുതാകുമ്പോള്‍ അവന് ഒരു സ്വീപ്പര്‍ ആകുമെന്നാണ്. വേഗം ജോലി കഴിഞ്ഞ് നഗരത്തിലുള്ളവരെ കാണാനും ചിരിക്കാനും അവനു പറ്റും എന്നും. എത്ര ഉന്നതമായാണ് നഗരം വൃത്തിയാക്കുന്ന തൊഴിലിനെ പോലും അവര്‍ മനസ്സിലാക്കി എടുക്കുന്നത്? യേറായ്യെ ഞാനൊരിക്കലും മറന്നുപോകാത്തതിനു കാരണം അവന് പകര്‍ന്ന ഈ പാഠമായിരിക്കണം.
മുതിര്‍ന്ന ആളുകളോടൊത്തുള്ള അധ്യാപന ജീവിതവും കുട്ടികളോടൊത്തുള്ളതുപോലെ തന്നെയായിരുന്നു. എന്റെ അതേ പ്രായമുള്ളവര്‍, അല്ലെങ്കില്‍ അതിലും മുതിര്‍ന്നവര്‍ ആയിരുന്നു പഠിക്കാന്‍ വരുന്നവര്‍ ഏറെയും. അവരുടെ ജോലി സമയം കഴിഞ്ഞും അവര്‍ വന്നിരുന്നു എന്നത് അവരുടെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. ക്ലാസിനു പുറത്ത് നല്ല സുഹൃത്തുക്കളായിരുന്നെങ്കില്‍ പോലും വളരെയധികം മാന്യതയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് അവര്‍ ക്ലാസുകളില്‍ ഇരിക്കാറുണ്ടായിരുന്നത്.
ഓരോ സ്കൂളിനോടും യാത്ര പറഞ്ഞ് മറ്റൊരിടത്തേക്ക് ചേക്കേറുക എന്നത് വേദനാജനകമാണ്. യാത്ര പറയുമ്പോള്‍ എന്റെ കോ-ഓര്‍ഡിനേറ്റര്‍ എനിക്ക് സമ്മാനിച്ചത് ഒരു ശിരോവസ്ത്രമാണ്. തട്ടമിടുന്ന ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍, കൂടെ പഠിപ്പിച്ചിരുന്നവരില്നിന്നു വ്യത്യസ്തയായിരുന്ന ഞാന്‍, എന്നാല്‍ ഇസ്ലാമോഫോബിയയെ സംബന്ധിക്കുന്ന എന്റെ മുന്ധാരണകള്ക്കപ്പുറമായിരുന്നു എല്ലാവരുടെയും സമീപനം. എപ്രകാരമാണ് സ്പെയിനിലെ അധ്യാപകര്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതെന്ന് അനുഭവിച്ചറിയുകയായിരുന്നു ഒരിക്കല്‍ ഹാലോവീന്‍ പദങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ഒരു വിദ്യാര്‍ഥി അവനത് പഠിക്കാന്‍ താല്പര്യമില്ലെന്ന് പറയുകയും അവനിഷ്ടമുള്ളത് ചെയ്യാന്‍ അനുവാദം ലഭിക്കുകയുമുണ്ടായി. കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയ ടീച്ചര്‍ കണ്ണുചിമ്മിക്കൊണ്ട് എന്നോട് പറഞ്ഞു; 'അവന് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ആയതുകൊണ്ടാണ് അവനിതില്‍ പങ്കെടുക്കാത്തത് വിശ്വാസവുമായി ബന്ധമില്ലെങ്കില്‍ പോലും അവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ നമ്മള് മാനിക്കണം.'
ഈയൊരൊറ്റ സംഭവം എന്നെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. മറ്റുള്ളവര്‍ക്കിടയില്‍ അവന്റെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് പരസ്പര ബഹുമാനത്തോടെ അവനു ജീവിക്കാന്‍ കഴിയുന്നു എന്നത് എത്ര ആത്മവിശ്വാസം പകരുന്ന ഒരു സംഗതിയാണ്.
അധ്യാപന രീതിശാസ്ത്രം ഓരോ ദിവസം നമ്മെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കും. അത് അനന്തമായി നീളുന്ന ഒരു പഠന പ്രക്രിയ തന്നെയാണ്. മൂന്നു വര്‍ഷത്തിനിടക്ക് പഠിച്ചതും പഠിക്കാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്.
വിവ: പി. സുകൈന