നാം മക്കയിലേക്കൊരു തീര്‍ഥാടനം ഉദ്ദേശിക്കുന്നു എന്ന് പ്രവാചകന്റെ പള്ളിയില്‍ വെച്ചുള്ള പ്രസ്താവം മുഹാജിറുകളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ അലയിളക്കമുണ്ടാക്കി. സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോള്‍ അവരുടെ മുഖം പ്രസന്നമായിരുന്നു. ദൈവത്തിന്റെ വിശുദ്ധ മന്ദിരം സന്ദര്‍ശിക്കാനുള്ള അവസരമാണല്ലോ ലഭിക്കാന്‍ പോകുന്നത്. ഭക്തിയിലാണ്ട് ദൈവമന്ദിരത്തെ വലം വെക്കുക, അറഫയില്‍ നില്‍ക്കുക, അങ്ങനെ ആകാശഭൂമികളുടെ സ്രഷ്ടാവിനോട് നേരില്‍ സംസാരിക്കുക-അതിനെക്കാള്‍ ഹൃദ്യവും മധുരവുമായി മറ്റെന്തുണ്ട്! എത്ര കാലമായി സ്വന്തക്കാരെയും ബന്ധുക്കളെയും പിരിഞ്ഞിരുന്നിട്ട്. അവരെ നേരില്‍ കാണാന്‍ അവസരമൊരുങ്ങുകയാണ്. ഓര്‍മകളുമായി മുഹാജിര്‍ സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ കാലവും വര്‍ത്തമാനകാലവും തമ്മില്‍, ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മില്‍, പഴയ ബലഹീനതയും ഇപ്പോള്‍ കൈവന്നിരിക്കുന്ന ശക്തിയും തമ്മില്‍ ആ മുഹാജിര്‍ മനസ്സില്‍ താരതമ്യം നടത്തുന്നുണ്ടാവും.
അശരണരും മര്‍ദിതരുമായി നാടുവിടേണ്ടി വന്ന ഈ മുഹാജിറുകള്‍ തിരിച്ചുവരുന്നത് മക്കക്കാര്‍ വളരെ ജാഗ്രതയോടെ തന്നെയാവും കാണുന്നുണ്ടാവുക. എന്തെല്ലാം പീഡനങ്ങള്‍, പരിഹാസങ്ങള്‍- എല്ലാം അതിജീവിച്ച് ഈ സംഘം അസാധാരണ ഈമാനിക ശക്തിയാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ത്യാഗത്തിന്റെയും ഉറച്ചുനില്‍പിന്റെയും മുന്നേറ്റങ്ങളുടെയും വിജയഗാഥകള്‍ ലോകമൊട്ടുക്കും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഒരു മഹാത്ഭുതം മക്കക്കാരുടെ കണ്‍മുന്നില്‍ യാഥാര്‍ഥ്യമായി പുലരാന്‍ പോവുകയാണ്. സത്യത്തിന്റെ മൗലികതയും ശക്തിയും സൗന്ദര്യവും ഇനി അവര്‍ക്ക് തൊട്ടറിയാം. ദൈവസഹായത്താല്‍ വിശ്വാസികളുടെ ചെറു സംഘം എങ്ങനെ വിജയം നേടുന്നുവെന്നും ബലഹീനത എങ്ങനെ ശക്തിയായി പരിണമിക്കുന്നുവെന്നും നേരിട്ടറിയാം. രക്തപങ്കിലമായ പല ഏറ്റുമുട്ടലുകള്‍ക്കും ശേഷമുള്ള ഈ യാത്ര എത്ര ആസ്വാദ്യകരം! മുഹാജിറുകള്‍ മാത്രമല്ല, അന്‍സ്വാറുകളും ഒപ്പമുണ്ടാവും, ഈ കഅ്ബാ സന്ദര്‍ശനത്തിന്. അത് മനസ്സിനേകുന്ന ശാന്തിയും ആശ്വാസവും...!
മദീനക്കാരെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ട്. ഈ കഅ്ബാ സന്ദര്‍ശന യാത്രയില്‍ ചുറ്റുമുള്ള എല്ലാ ഗോത്രക്കാരെയും തന്റെ ഒപ്പം ചേരാന്‍ പ്രവാചകന്‍ ക്ഷണിച്ചിരിക്കുന്നു. ബിംബാരാധന നടത്തുന്നവരും റസൂലില്‍ വിശ്വാസമില്ലാത്തവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. ആ ഭവനം ദൈവഭവനമാണല്ലോ. ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് കഅ്ബ സന്ദര്‍ശിക്കട്ടെ. ഈ വിശാല മനസ്സ് സത്യവചനത്തിന്റെ ശത്രുക്കള്‍ക്ക് ആശ്വാസമായി തോന്നാനിടയുണ്ട്. മുഹമ്മദ് വരുന്നത് ഏറ്റുമുട്ടലിനല്ല, അനുഷ്ഠാനങ്ങളുടെ നിര്‍വഹണത്തിനാണെന്നതിന് ഇതൊക്കെ ഖുറൈശികള്‍ക്ക് മതിയായ തെളിവാണല്ലോ.
അബ്ദുല്ലാഹിബ്‌നു ഉബയ്യ് കൈകള്‍ കൂട്ടിത്തിരുമ്മി ഭാര്യയോട് പറഞ്ഞു: ''ഈ നീക്കത്തിലൂടെ മുഹമ്മദ് സകല വയ്യാവേലിയും മദീനയുടെ മേല്‍ വലിച്ചിടുകയാണ്. ഇത് കാരണം നമ്മുടെ ഭൂമിയും വീടുകളും കുട്ടികളും അപകടത്തിലാവും. നമ്മള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി സ്വതന്ത്രരായി ജീവിച്ചുപോന്ന ഈ മണ്ണില്‍ ഖുറൈശികള്‍ കണ്ണുവെക്കും. നമ്മെ ഇവിടെ നിന്ന് ആട്ടിയോടിക്കാന്‍ അവര്‍ പദ്ധതികള്‍ തയാറാക്കും.''
ഭാര്യക്ക് അത്ഭുതമായി.
''എന്ത് വിചിത്ര വര്‍ത്തമാനാണ് പറയുന്നത്. ഇതുപോലെ ഒരാളും പറയുന്നത് കേട്ടിട്ടില്ല.''
''കാരണം, നീ പൊതുജനത്തെപ്പോലെ വിഡ്ഢിയാണ്.''
''അതെങ്ങനെ സംഭവിക്കും എന്നാണ് പറയുന്നത്?''
''നോക്ക്, മുഹമ്മദിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞാല്‍ ഖുറൈശികള്‍ക്ക് കലി കയറും. സ്വയം രക്ഷക്ക് അവര്‍ നമ്മുടെ നാടിനെ കയറി അക്രമിക്കും. ബദ്‌റിലും ഉഹുദിലുമൊക്കെയായി മുഹമ്മദ് എത്ര മക്കക്കാരെ വകവരുത്തിയിട്ടുണ്ട്. മക്കയുടെ തെരുവില്‍ മുഹമ്മദ് ഇറങ്ങി നടക്കുന്നത് കണ്ടാല്‍ അവരുടെ ബന്ധുക്കള്‍ക്ക് സഹിക്കുമോ?''
ഭാര്യ ഇടപെട്ടു.
''നിങ്ങള്‍ എന്തൊക്കെയാണിപ്പറയുന്നത്. കൊല്ലപ്പെട്ടത് അവരില്‍നിന്ന് മാത്രമാണോ, മുസ്‌ലിംകളില്‍ നിന്നും കൊല്ലപ്പെട്ടിട്ടില്ലേ? ദുഃഖവും വേദനയും രണ്ട് കൂട്ടര്‍ക്കും ഉണ്ടായില്ലേ? അവരില്‍നിന്ന് കൊല്ലപ്പെട്ടവര്‍ക്കുള്ള അതേ പവിത്രത നമ്മില്‍നിന്ന് കൊല്ലപ്പെട്ടവര്‍ക്കുമില്ലേ?''
അവള്‍ തുടര്‍ന്നു: ''ഹജ്ജ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇത് പണ്ടേക്കും പണ്ടേ അറബികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളിലാണെങ്കില്‍ രക്തമൊഴുക്കാന്‍ ഒരു മഖ്‌ലൂഖും വാളുയര്‍ത്തില്ല.''
അയാള്‍ പരിഹാസത്തോടെ ചിരിച്ചു.
''കാര്യം അപ്പടിയെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ. ഇങ്ങോട്ട് മദീനയിലേക്ക് എഴുന്നള്ളിയിട്ട് ആറു വര്‍ഷം കഴിഞ്ഞില്ലേ. എന്നിട്ട് എന്തുകൊണ്ടാണ് ഈ ആറ് വര്‍ഷക്കാലം മുഹമ്മദിന് ഇങ്ങനെയൊരു ചിന്ത ഉണ്ടാവാതിരുന്നത്?'' ഭാര്യ മറുപടി പറയുന്നില്ലെന്ന് കണ്ട് അയാള്‍ വീണ്ടും: ''നീ വലിയ കൂര്‍മ ബുദ്ധിക്കാരിയല്ലേ. എന്റെ ചോദ്യത്തിന് ഉത്തരം പറ. ഖിബ്‌ല കഅ്ബയിലോട്ട് മാറ്റിയിട്ട് കാലം കുറെയായില്ലേ? കഅ്ബയുടെ പോരിശ പറഞ്ഞ് ഖുര്‍ആന്‍ ആയത്തുകളും വന്നിരുന്നല്ലോ.''
അപ്പോഴും ഭാര്യ മിണ്ടാതെ നില്‍ക്കുകയാണ്. ''ഉത്തരം ഞാന്‍ തന്നെ പറയാം. അപ്പോഴൊക്കെ യുദ്ധം കത്തിനില്‍ക്കുന്ന സമയമാണ്. ഖുറൈശികളുടെ ഇടയിലേക്ക് ചെന്നാല്‍ മുസ്‌ലിംകള്‍ വിവരമറിയും. മുസ്‌ലിംകളുടെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ചും ഖുറൈശികള്‍ക്ക് യാതൊരു ഉറപ്പും ഇല്ലല്ലോ.''
ദൃഢസ്വരത്തില്‍ അവള്‍ പറഞ്ഞു: ''മുസ്‌ലിംകള്‍ ഒരാളെയും വഞ്ചിക്കാറില്ല.''
അയാള്‍ക്ക് നന്നായി കോപം വരുന്നുണ്ടായിരുന്നു. ''നിന്റേത് ഒരു പൊട്ടപ്പെണ്ണിന്റെ സംസാരമാണ്. അങ്ങാടിയില്‍ നടക്കുന്നതിനെക്കുറിച്ച് നിനക്ക് എന്തറിയാം?''
അവളും വിട്ടുകൊടുത്തില്ല: ''നിങ്ങള്‍ക്കൊരു വിചാരമുണ്ട്. ഈ മുസ്‌ലിംകളെ ഒന്നിനും കൊള്ളില്ല, അവരുടെ ചിന്തകളൊക്കെ അമ്പേ പിഴവ്... എന്നാലോ ശത്രുക്കള്‍ എന്തൊക്കെ ചെയ്തുകൂട്ടിയാലും അതിനൊക്കെ നിങ്ങള്‍ക്ക് നൂറായിരം ഉദ്‌റ് പറയാനുമുണ്ടാവും... ഏ മനുഷ്യാ, നിങ്ങളുടെ മനസ്സ് എപ്പോഴും ആ ശത്രുക്കള്‍ക്കൊപ്പമാണ്.''
''വിവരം കുറഞ്ഞവളേ, സത്യത്തിനൊപ്പം എന്ന് പറയ്.''
ഭാര്യയും ശബ്ദം കടുപ്പിച്ചു. അത് അയാളുടെ കോപം ഇരട്ടിപ്പിക്കുമെന്ന് അവള്‍ക്കറിയാം.
''സത്യം മുഹമ്മദിനൊപ്പമാണ്.''
വെറുപ്പോടെ അയാള്‍ കൈയയുര്‍ത്തി.
''എന്റെ ബുദ്ധിയും ചിന്തയും പണയം വെക്കണമെന്നാണോ നീ പറയുന്നത്? മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രം.''
അവള്‍ ഇടക്ക് കയറി.
''ഒരു നബിയും... അത് മറക്കരുത്. അദ്ദേഹം നമ്മിലേക്ക് കൊണ്ടുവരുന്നത് വഹ്‌യിന്റെ വചനങ്ങളാണ്. അല്ലാഹുവിന്റെ വചനങ്ങള്‍. ആ വചനങ്ങളെ കൊച്ചാക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും നിങ്ങള്‍ കരുതണം. മനുഷ്യ ബുദ്ധിക്ക് അതിന്റെ സ്രഷ്ടാവിനെ വെല്ലുവിളിക്കാനാവില്ല. ആ വചനങ്ങളെക്കാള്‍ ശരിയായത് കണ്ടെത്താനുമാവില്ല.''
''നീ പറയുന്നതില്‍ യുക്തിയില്ലെന്ന് ഞാന്‍ പറയില്ല. പക്ഷേ, അതിന്റെ അറ്റത്ത് വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.''
''അതെങ്ങനെ?''
''മുഹമ്മദ് പറയുന്നതും ചെയ്യുന്നതും എല്ലാം വഹ്‌യ് അുസരിച്ചല്ല. മുഹമ്മദ് മനുഷ്യന്‍ എന്ന നിലക്ക് ചെയ്യുന്ന കാര്യങ്ങളുണ്ട്, നബി എന്ന നിലക്ക് ചെയ്യുന്ന കാര്യങ്ങളുമുണ്ട്. രണ്ടും തമ്മില്‍ വലിയ വ്യത്യാസവും ഉണ്ട്. ഉഹുദ് ദിനത്തില്‍ ശത്രുക്കളെ നേരിടാന്‍ മുഹമ്മദ് മദീന വിട്ട് പോയില്ലേ, അത് അബദ്ധമായിരുന്നു. തുടക്കത്തില്‍ മുഹമ്മദിന്റെ അഭിപ്രായവും മദീനയില്‍ തന്നെ നില്‍ക്കാം എന്നായിരുന്നു. പക്ഷേ, ആവേശം കയറിയ ചില പിള്ളേരുടെ വാക്ക് കേട്ട് പുറത്തുപോയി യുദ്ധം ചെയ്തു. അതൊന്നും വഹ്‌യല്ല, അതൊക്കെ മനുഷ്യനെന്ന നിലക്കുള്ള തീരുമാനമാണ്. ശരിയല്ലേ?''
അവളതിനെ ചോദ്യം ചെയ്തു.
''മുഹമ്മദിന് തെറ്റ് പറ്റിയിട്ടില്ല. ആ പരിശുദ്ധ നാമത്തോട് തെറ്റ് എന്ന പദം ചേര്‍ത്തിപ്പറയുന്നത് എനിക്ക് ഇഷ്ടമല്ല. തെറ്റ് പറ്റിയത് പ്രവാചകന്റെ കല്‍പനകള്‍ ധിക്കരിച്ച അമ്പെയ്ത്തുകാര്‍ക്കാണ്. അവരെ മലമുകളില്‍ കാവല്‍ നിര്‍ത്തിയതായിരുന്നു. യുദ്ധമുതലുകള്‍ വാരിക്കൂട്ടാനായി അവര്‍ തങ്ങളെ നിര്‍ത്തിയേടത്ത് നിന്ന് താഴെയിറങ്ങി. ഇതുപോലെ ഓരോ സംഭവവും ദൈവത്തിന്റെ പരീക്ഷണമാണ്. അതില്‍നിന്ന് പലതും പഠിക്കാനുണ്ടാവും.''
അവള്‍ കുറച്ച് നേരം മിണ്ടാതിരുന്നു. പിന്നെ ഇടറിക്കൊണ്ട് പറഞ്ഞു: ''രണ്ടാമത്തെ തെറ്റ്... നിങ്ങളുടേതുമാണ്.''
''എന്റെ തെറ്റോ?''
''യുദ്ധഭൂമിയിലേക്ക് പോകുന്ന ആ നിര്‍ണായക ഘട്ടത്തില്‍ വഴിയില്‍ വെച്ച് നിങ്ങള്‍ നിങ്ങളുടെ ആളുകളുമായി തിരിച്ചു പോന്നില്ലേ, മനുഷ്യാ?''
അയാള്‍ തലയാട്ടി.
''പിന്നെ ഞാനെന്ത് ചെയ്യണം? എന്റെ മനസ്സ് വേണ്ട എന്ന് പറഞ്ഞതില്‍ പോയി തലയിടണോ? എന്നെ മരണത്തിന് ഏല്‍പിച്ചു കൊടുക്കണോ? മുസ്‌ലിംകള്‍ ചെയ്യുന്ന മണ്ടത്തരത്തിന് ഞാന്‍ ശിക്ഷ അനുഭവിക്കണോ?''
''പക്ഷേ, യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്കായിരുന്നല്ലോ വിജയം...?''
''പൊട്ടിപ്പെണ്ണേ, ഒരു കാര്യം അവസാനഫലം എന്തായി എന്ന് നോക്കിയാണ് വിധി പറയേണ്ടത്.''
''കുറെയേറെ ബലിയര്‍പ്പണങ്ങള്‍ വേണ്ടിവന്നുവെങ്കിലും ഉഹുദിന്റെ അവസാനഫലം അത്ര മോശമൊന്നുമല്ല. പിറ്റേന്ന് തന്നെ മുഹമ്മദ് നബിയും സംഘവും അബൂസുഫ്‌യാനെ നേരിടാനായി പുറപ്പെട്ടില്ലേ? നേരിടാന്‍ ധൈര്യമില്ലാതെ ഖുറൈശികള്‍ മക്കയിലേക്ക് തിരിച്ചോടുകയല്ലേ ചെയ്തത്? കുടില തന്ത്രങ്ങളില്‍ അഭിരമിക്കുന്ന ജൂതഗോത്രങ്ങളെ മദീനയില്‍നിന്ന് പുറത്താക്കാന്‍ അതിനു ശേഷമല്ലേ സാധ്യമായത്? ഉഹുദിന് ശേഷവും മുസ്‌ലിംകളുടെ എണ്ണത്തില്‍ എത്ര വര്‍ധനവാണുണ്ടായത്. ഇതിനെ എങ്ങനെ തോല്‍വി എന്ന് പറയാന്‍ പറ്റും?''
മദീനയിലെ തന്റെ പഴയ കൂട്ടാളികളായ ജൂത ഗോത്രങ്ങളെപ്പറ്റിയും അവരെ പുറത്താക്കിയതിനെപ്പറ്റിയും ഭാര്യ പറഞ്ഞപ്പോള്‍ ഇബ്‌നു ഉബയ്യ് ആ പഴയ കാലങ്ങള്‍ ഓര്‍ത്തെടുത്തു... മദീനയിലെ ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്ന കാലം. ചില ജൂതന്മാര്‍ക്ക് ഔസിനോടായിരുന്നു ചായ്‌വ്. യുദ്ധത്തില്‍ തോറ്റത് ഇബ്‌നു ഉബയ്യിന്റെ ഗോത്രമായ ഖസ്‌റജ്. ഇബ്‌നു ഉബയ്യാകട്ടെ യുദ്ധത്തില്‍ ശത്രുക്കളുടെ പിടിയിലാവുകയും ചെയ്തു. ഔസുകാരുടെ വാളുകള്‍ അയാളെ കഷണം കഷണമാക്കുമെന്ന് ഏറക്കുറെ ഉറപ്പായ സന്ദര്‍ഭം. അപ്പോഴാണ് ജൂതന്മാരെത്തി ഇബ്‌നു ഉബയ്യിനെയും അയാളുടെ കുടുംബത്തെയും രക്ഷപ്പെടുത്തുന്നത്. ഈ സഹായം എങ്ങനെ മറക്കാന്‍ കഴിയും! ഈ സംഭവം മുതല്‍ ജൂതഗോത്രങ്ങളോട് ഉള്ളില്‍ വല്ലാത്തൊരു സ്‌നേഹമുണ്ട് ഇബ്‌നു ഉബയ്യിന്. എപ്പോഴും അവരോട് ചേര്‍ന്നാണ് അയാളുടെ നില്‍പ്. അവരുടെ ഏത് പരിപാടികള്‍ക്കും പരിപൂര്‍ണ പിന്തുണ. മദീനയിലെ കച്ചവടം ജൂതന്മാരുടെ പിടിയിലായിരുന്നല്ലോ. ഇടപാടുകള്‍ നടത്തുമ്പോള്‍ ഇബ്‌നു ഉബയ്യിനെ പൂര്‍ണ വിശ്വാസമായിരുന്നു അവര്‍ക്ക്. ജൂതന്മാരിലെ ഒരാളായിത്തന്നെ അവര്‍ അയാളെ കണ്ടു. മദീനയില്‍ ഒരു രാജാവിനെ വാഴിക്കുന്ന കാര്യം ആലോചനക്ക് വന്നപ്പോള്‍ ഇബ്‌നു ഉബയ്യിനെയല്ലാതെ മറ്റൊരാളെയും ആ സ്ഥാനത്തേക്ക് ജൂതന്മാര്‍ക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നില്ല... അപ്പോഴാണ് മുഹമ്മദും ഒരു പറ്റം അഭയാര്‍ഥികളും വന്ന് സകല പദ്ധതികളും അട്ടിമറിച്ചത്.
ഇബ്‌നു ഉബയ്യ് ഭാര്യക്ക് നേരെ ഒരു കടുത്ത നോട്ടം പായിച്ചു:
''നിന്റെ മാനം കാത്തവരാണ് ഈ ജൂതന്മാര്‍. അവര്‍ തന്നെയാണ് നിന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചതും. അത് മറക്കണ്ട.''
ഭാര്യ തിരിച്ചങ്ങോട്ടും അതേ തീക്ഷ്ണതയോടെ നോക്കി: ''എല്ലാം ഓര്‍ക്കണം, ഇബ്‌നു ഉബയ്യ്. അവര്‍ എന്തിനും വിലപേശും, പണമാണ് അവര്‍ക്ക് വലുത്. കരാറെഴുതുമ്പോള്‍ ഒരു ഉറപ്പിന് വേണ്ടി ഒരു സംഘം ജൂത യുവാക്കളെ പണയമായി നിങ്ങളെ ഏല്‍പിച്ചിരുന്നില്ലേ? ഇവരുടെ പിതാക്കള്‍ കരാര്‍ ലംഘിച്ചാല്‍ ഈ യുവാക്കളെ നിങ്ങള്‍ക്ക് കൊന്നുകളയാം. എന്നിട്ട് എന്താണ് സംഭവിച്ചത്? നിങ്ങളുടെ ഖസ്‌റജ് ഗോത്രവുമായുണ്ടാക്കിയ കരാര്‍ ജൂതന്മാര്‍ ലംഘിച്ചു. അവര്‍ ഔസിനൊപ്പം ചേര്‍ന്നു. പണയമായി പിടിച്ചുവെച്ച ഈ യുവാക്കളെ ബലി കൊടുക്കുന്നതില്‍ അവര്‍ക്ക് മനഃപ്രയാസമൊന്നുമുണ്ടായില്ല. എന്നല്ല അവരിലൊരുത്തന്‍ ഇങ്ങനെ പറയുകയും ചെയ്തു, സ്ത്രീകള്‍ക്കൊപ്പം കിടന്നാല്‍ ഇതുപോലുള്ള യുവാക്കള്‍ ഇനിയും ഉണ്ടാകില്ലേ എന്ന്! പക്ഷേ, ആ യുവാക്കളെ ഒരു പോറലുമേല്‍പ്പിക്കാതെ നിങ്ങള്‍ തിരിച്ചേല്‍പിച്ചു. പിന്നെ ബനുന്നളീര്‍ ജൂത ഗോത്രത്തിന് വേണ്ടി അവര്‍ക്കും മുഹമ്മദിനും ഇടയില്‍ മധ്യസ്ഥനായും നിങ്ങള്‍ നിന്നില്ലേ? ഇതിനൊക്കെ പകരമായി അവര്‍ നിങ്ങളുടെ ജീവനും രക്ഷിച്ചു എന്ന് കൂട്ടിയാല്‍ മതി.''
''നീ ഒരു താഴ്‌വരയില്‍, ഞാന്‍ മറ്റൊരു താഴ്‌വരയില്‍... നമ്മള്‍ ഒരിക്കലും കണ്ടുമുട്ടില്ല. ഇവിടെ നമ്മള്‍ ഒരേ വീട്ടില്‍, ഒരേ മോന്തായത്തിനു താഴെ താമസിക്കുന്നു. പക്ഷേ, നമ്മള്‍ തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലമുണ്ട്. ഇതൊക്കെയാണ് ഒരു കുടുംബത്തില്‍ മുഹമ്മദ് കാട്ടിക്കൂട്ടുന്നത്.''
''നമുക്ക് കണ്ടുമുട്ടാനൊക്കും, നിങ്ങളൊന്ന് വിചാരിച്ചാല്‍ മതി.''
''എങ്ങനെ?''
''നിങ്ങള്‍ക്കത് അറിയാം.''
''എണീറ്റു പോ. നിന്റെ സംസാരം എനിക്ക് മടുത്തു.''
''സത്യവചനം കേള്‍ക്കുമ്പോഴല്ലേ ഈ എടങ്ങേറ്.'' പറയുന്നതൊന്നും ഇബ്‌നു ഉബയ്യിന് ഒട്ടും പിടിക്കുന്നുണ്ടായിരുന്നില്ല.
''നീയാണിപ്പോള്‍ എന്നെ സത്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്നത്. ഇവിടെയിതാ പെണ്ണ് ഭര്‍ത്താവിനോട് മറുത്ത് പറയുന്നു. എന്തൊരു കലികാലം! കള്ള തേജസ്സ് കണ്ട് മനം മയങ്ങി അതിന്റെ പിന്നാലെ പോവുകയാണ് ഈ വിഡ്ഢികള്‍.''
''അത് കള്ള തേജസ്സല്ല, യഥാര്‍ഥ തേജസ്സാണ്.''
ഇബ്‌നു ഉബയ്യിന്റെ സകല നിയന്ത്രണങ്ങളും പൊയ് പോയിരുന്നു. അയാള്‍ അവളുടെ ചുമല്‍ ശക്തിയായി പിടിച്ചുകുലുക്കി.
''മിണ്ടാതെ നിന്നോ. അല്ലെങ്കില്‍ നിന്റെ തലയോട്ടി ഞാന്‍ എറിഞ്ഞുടക്കും.''
''നിങ്ങള്‍ എന്താന്ന് വെച്ചാല്‍ ചെയ്യ്. നിങ്ങളുടെ മുന വെച്ച വര്‍ത്തമാനങ്ങള്‍ കേട്ട് ഇനിയെനിക്ക് മിണ്ടാതിരിക്കാന്‍ വയ്യ. ഏതായാലും നിങ്ങളുടെ ഈ രഹസ്യങ്ങളൊന്നും ഞാന്‍ പുറത്ത് പറയുന്നില്ലല്ലോ. നമുക്കിടയിലെ ആ പഴയ സ്‌നേഹം എനിക്കിപ്പോഴും ഉണ്ട് താനും.''
''എന്റെ എന്ത് രഹസ്യമാണ് നീ സൂക്ഷിച്ചത്? എന്റെ പേര് എല്ലാവരുടെയും നാവിലുണ്ട്. എന്നെപ്പറ്റിയുള്ള ഖുര്‍ആന്‍ ആയത്തുകള്‍ ആളുകള്‍ പള്ളിയില്‍ വെച്ച് നമസ്‌കാരത്തില്‍ ഓതുന്നു. എനിക്ക് എല്ലാ വിഷയത്തിലും എന്റേതായ അഭിപ്രായമുണ്ടായിപ്പോയി, അതാണ് കുറ്റം.''
''നിങ്ങള്‍ ഈ കബളിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വന്തമായി അഭിപ്രായമുള്ള ആളേ അല്ല നിങ്ങള്‍. മുഹമ്മദിനോടുള്ള വെറുപ്പ്, അസൂയ-അതാണ് നിങ്ങളുടെ നാവിലൂടെ പുറത്ത് വരുന്നത്. ഈ ദുഷിപ്പുകളെല്ലാം ചേര്‍ന്ന് നിങ്ങളിലെ മനുഷ്യനെ ഇല്ലാതാക്കിയിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ ഇതാണ് സത്യം.''
പെട്ടെന്നാണ് ഇബ്‌നു ഉബയ്യ് ഒരു ഹിംസ്ര ജന്തുവിനെപ്പോലെ ഭാര്യയുടെ നേര്‍ക്ക് ചാടിയത്. ദുഃഖഭാരത്താല്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്ന ആളായിരുന്നില്ല അപ്പോള്‍ അയാള്‍. കലികൊണ്ട് വിറക്കുന്നുണ്ടായിരുന്നു. ഊക്കോടെ അയാള്‍ അവളുടെ കഴുത്തിന് പിടിച്ചു. അവള്‍ കുതറി മാറാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. വിളറിയ മുഖത്ത് നീല പടര്‍ന്നു. കണ്ണുകള്‍ തുറിച്ചു. കൈകള്‍ ചലിപ്പിക്കാനാവാതെ ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. വിധിയുടെ കൈകളില്‍ അവള്‍ തന്നെ ഏല്‍പിച്ചു...
അപ്പോഴാണ് ദൂരെ നിന്ന് ആ ശബ്ദം മുഴങ്ങിയത്.
''ഏയ്, ഉമ്മാ...''
ശബ്ദം കേട്ട് ഇബ്‌നു ഉബയ്യ് ഭ്രാന്തില്‍നിന്നുണര്‍ന്നു. അയാള്‍ കഴുത്തിലെ പിടിവിട്ടു. അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഇത്ര വിചിത്ര പെരുമാറ്റം അവളൊരിക്കലും പ്രതീക്ഷിച്ചതല്ല. അവള്‍ കഴുത്തും മുഖവും കണ്ണുകളും തടവി. പിന്നെ സ്വബോധം വീണ്ടെടുത്ത് ധൃതിപ്പെട്ട് പുറത്തേക്ക് പോയി.
''മോനേ അബ്ദുല്ലാ, നീ എവിടെയാണ്? ഉമ്മയിതാ എത്തിക്കഴിഞ്ഞു.''
മകന്‍ അബ്ദുല്ല വന്നത് നന്നായി. അല്ലായിരുന്നെങ്കില്‍ കാരുണ്യവും ദയയുമില്ലാത്ത ഹിംസ്ര ജന്തുവില്‍നിന്ന് അവള്‍ രക്ഷപ്പെടുമായിരുന്നില്ല.
അവള്‍ മകന്റെ ചാരെ വന്നിരുന്നു. അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. മാറിടം അസാധാരണമാംവിധം ഉയര്‍ന്നു താണു. മകനും മനസ്സിലായി, എന്തോ കുഴപ്പമുണ്ട്!
''നിങ്ങള്‍ക്ക് എന്താണ്, ഉമ്മാ?''
അവള്‍ കൃത്രിമമായി ചിരിച്ചു.
''മോനേ, പ്രായം കൂടി വരികയല്ലേ? അതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ? പിന്നെ ഇക്കണ്ട വീട്ടുജോലികളൊക്കെ ഞാന്‍ തന്നെ ചെയ്യേണ്ടേ?''
അപ്പോഴുണ്ട് തന്റെ ഭര്‍ത്താവ് ഇബ്‌നു ഉബയ്യ് തന്റെ മുറിയില്‍നിന്ന് അങ്ങോട്ട് വരുന്നു. അതും വെളുക്കനെ ചിരിച്ചുകൊണ്ട്! ഇയാള്‍ വല്ലാത്ത ഒരു വക തന്നെ. പിന്നെ മകന്‍ അബ്ദുല്ലക്ക് കൈ കൊടുക്കുകയും ചെയ്യുന്നു. എന്നിട്ട് പറഞ്ഞു: ''മോനേ അബ്ദുല്ലാ... വാര്‍ധക്യത്തെക്കുറിച്ച് നമ്മുടെ പ്രശസ്തനായ കവി പാടിയത് എത്ര അര്‍ഥവത്താണ്; അല്ലേ?
വടി ചാരി വെച്ചു, തലപ്പാവ് അഴിച്ചുവെച്ചു,
പറഞ്ഞു: 'അതിഥിയാണ്.'
ചോദിച്ചു: 'വാര്‍ധക്യമാണോ?'
ഉത്തരം: 'അതെ.'
പറഞ്ഞു നോക്കി: 'നിങ്ങള്‍ക്ക് ആളെ മാറിയതാണ്.'
അതിഥിക്ക് മറുപടിയുണ്ട്.
'തനിക്കിപ്പോള്‍ നാല്‍പത് കഴിഞ്ഞില്ലേ?'
പിതാവ് ഇബ്‌നു ഉബയ്യ് കവിവാക്യം ഉദ്ധരിച്ചശേഷം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''അബ്ദുല്ലാ, നിന്റെ ഉമ്മക്ക് നാല്‍പത് കഴിഞ്ഞിട്ട് വളരെക്കാലമായി.''
ഈ കിളവന്‍ തന്റെ മകനുമായി കളിതമാശകള്‍ പറയുന്നത് കേട്ട് അന്തം വിട്ടുനില്‍ക്കുകയാണ് അവള്‍. പല പല വിഷയങ്ങള്‍ അയാള്‍ മാറി മാറി സംസാരിച്ചുകൊണ്ടിരിക്കുന്നു. അവള്‍ പല്ലിറുമ്മി.
'കപടന്‍!'
പക്ഷേ, അത് അയാള്‍ കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരുന്നില്ല.
(തുടരും)