ഒരിടത്തൊരു മനോഹരമായ സ്‌കൂള്‍ ഉണ്ടായിരുന്നു. മുളകള്‍ കൊണ്ടുണ്ടാക്കിയതാണ് ആ സ്‌കൂള്‍. അവിടത്തെ പ്രധാനാധ്യാപകന്‍ ഒരു സാത്വികനായിരുന്നു. കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പഠിപ്പിക്കുന്ന രീതികളുമെല്ലാം വളരെ വ്യത്യസ്തമാണ്. കൃഷി ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം അവിടെ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. കുട്ടികള്‍ പ്രാഥമികമായി പഠിക്കേണ്ട അറിവുകളില്‍ പെട്ടതാണ് അതെല്ലാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എല്ലാവരും അവിടെയങ്ങനെ സന്തോഷത്തില്‍ കഴിഞ്ഞുവരവെയാണ് ആ സ്‌കൂളിലൊരു മോഷണം നടക്കുന്നത്. മോഷ്ടിച്ച കുട്ടിയെ മറ്റു വിദ്യാര്‍ഥികളെല്ലാം പിടികൂടി. ശേഷം പ്രധാനാധ്യാപകന്റെ മുമ്പില്‍ കൊണ്ടുവന്നു. തെളിവോടെ പിടിക്കപ്പെട്ട കുട്ടിയോട് ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കെട്ടോ എന്ന് മാത്രം അദ്ദേഹം പറഞ്ഞു. വേറെ ശിക്ഷയൊന്നും നല്‍കിയില്ല. കുട്ടികളെല്ലാം പിരിഞ്ഞുപോയി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പിന്നെയും ആ കുട്ടിയെ മറ്റൊരു മോഷണക്കേസില്‍ പിടിച്ചു.
വീണ്ടും കുട്ടികള്‍ അധ്യാപകന്റെ അടുത്തെത്തി. അപ്പോഴും അദ്ദേഹം അവനെ ശിക്ഷിച്ചില്ല.
കുട്ടികള്‍ക്കിടയില്‍ മുറുമുറുപ്പായി. അവര്‍ അധ്യാപകനോട് അതേപ്പറ്റി കാര്യമായി തന്നെ പരാതി പറഞ്ഞു.
അധ്യാപകന്‍ കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു:
'പ്രിയപ്പെട്ട മക്കളേ... നിങ്ങളെല്ലാം നല്ല മക്കളാണ്. നല്ലതെന്ത് ചീത്തയെന്ത് എന്നെല്ലാം നിങ്ങള്‍ക്കറിയാം. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. നിങ്ങളീ സ്‌കൂളില്‍നിന്ന് വേറൊരു സ്‌കൂളിലേക്ക് പോയാലും എനിക്ക് നിങ്ങളുടെ കാര്യത്തില്‍ ആധിയില്ല. എന്നാല്‍, മോഷണത്തിന് പിടിക്കപ്പെട്ട കുട്ടിയുടെ കാര്യം ആലോചിച്ച് നോക്കൂ. നല്ലതും ചീത്തതും എന്തെന്ന് അവനിനിയും മനസ്സിലായിട്ടില്ല. അവനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയാല്‍ അവനതെങ്ങനെ മനസ്സിലാക്കും? ആരവനെ അതെല്ലാം പഠിപ്പിക്കും? നിങ്ങളെല്ലാം സ്‌കൂള്‍ വിട്ട് പോയാലും ഞാന്‍ അവനോട് പോകാന്‍ പറയില്ല. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത എനിക്കില്ലേ...?'
അതു കേട്ടപ്പോള്‍ മോഷണക്കേസില്‍ പിടിയിലായ കുട്ടി ഓടി വന്ന് അധ്യാപകനെ കെട്ടിപ്പിടിച്ചു. അവന്‍ കുറ്റബോധത്താല്‍ തേങ്ങുകയായിരുന്നു.
ഒരുപാട് പാഠങ്ങള്‍ ഈ കഥയിലുണ്ടല്ലേ... ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ടാണ് പലരും പല തരക്കാരാകുന്നത്.
കൂട്ടൂകാര്‍ ടോട്ടോചാന്‍ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ. തെട്സ്‌കോ കുറയോനഗിയാണ് പുസ്തകം എഴുതിയത്. ടോട്ടോചാന്‍ ഒരു വികൃതിയാണെന്നാണ് എല്ലാവരും പറയുക. ക്ലാസിലിരുന്ന് തെരുവുഗായകരെ വിളിക്കുന്ന അവളുടെ ശല്യം സഹിക്ക വയ്യാഞ്ഞിട്ടാണ് പഴയ സ്‌കൂളില്‍ നിന്ന് ആ അഞ്ച് വയസ്സുകാരിയെ പുറത്താക്കുന്നത്. പക്ഷേ, അവളുടെ അമ്മയൊരിക്കലും അവളെ ശാസിച്ചില്ല. നിന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതാണെന്നും പറഞ്ഞില്ല. നമുക്ക് പുതിയൊരു സ്‌കൂളില്‍ ചേരാം എന്നു മാത്രം പറഞ്ഞു. അങ്ങനെയാണവര്‍ റ്റോമോ വിദ്യാലയത്തിലെത്തുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്നത് കൊബായാഷി മാസ്റ്റര്‍. അവളോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നില്ല, അവളെ കേള്‍ക്കുകയായിരുന്നു മാഷ് ചെയ്തത്. നാല് മണിക്കൂറാണ് മാഷ് അവളെ കേട്ടിരുന്നത്.
കോബായാഷി മാസ്റ്ററിനറിയാമായിരുന്നു ഓരോ കുട്ടിയും ഓരോ വിസ്മയമാണെന്ന്.
എല്ലാവരുടെ ഉള്ളിലും ഒരുപാടൊരുപാട് കഴിവുകളുണ്ട്. അതിനെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയുമാണ് വേണ്ടത്. വികൃതിയെന്നും, ഒന്നിനും കൊള്ളില്ല എന്നുമൊക്കെയുള്ള കുറ്റപ്പെടുത്തലുകളെയൊക്കെ അവഗണിച്ച് മുന്നേറിയവരുടെ ജീവിതം നമുക്ക് ഏറെ വെളിച്ചം തരും. നമ്മുടെ കഴിവുകള്‍ വളര്‍ത്തുകയും ഒപ്പം തന്നെ നമ്മുടെ കൂട്ടുകാരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും വേണം. അവരുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കി വല്ല തെറ്റുകളും അവരില്‍ നിന്ന് വന്നാല്‍ അത് അവരെ പറഞ്ഞ് മനസ്സിലാക്കി തിരുത്തിക്കാന്‍ നമുക്ക് കഴിയണം. പരസ്പരം സ്നേഹിച്ചും സഹായിച്ചുമുള്ള ജീവിതം എന്ത് ഭംഗിയാണല്ലേ...