''എന്തിനാണ് വാഹനങ്ങള്‍ക്കെല്ലാം ബ്രേക്ക്...?''
ഒരു ദിവസം ആസിയ ടീച്ചര്‍ കുട്ടികളോട് ചോദിച്ചു. കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു ആസിയ ടീച്ചറെ. ഫിസിക്‌സിന്റെ ടീച്ചറാണ്. കുട്ടികളുടെ മുഖത്ത് ആലസ്യം കണ്ടപ്പോള്‍ ഇന്നിനി ക്ലാസ് എടുക്കേണ്ട, കുട്ടികളോട് കുറച്ച് കുശലാന്വേഷണം നടത്താം എന്ന് ടീച്ചര്‍ തീരുമാനിച്ചതാണ്. ചിലപ്പോഴെല്ലാം ടീച്ചര്‍ അവര്‍ക്ക് നല്ല നല്ല കഥകളും പറഞ്ഞു കൊടുക്കാറുണ്ട്.
ഓരോരുത്തരും ആവേശത്തോടെ ഓരോ ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങി.
'വണ്ടിയിടിക്കാതിരിക്കാന്‍''- അരുണ്‍ പറഞ്ഞു
'വണ്ടി നിര്‍ത്താന്‍ '' - ഫിറോസ് പറഞ്ഞു.
'സ്പീഡ് കണ്‍ട്രോള്‍ ചെയ്യാന്‍ '- മനോജ് പറഞ്ഞു.
ഉത്തരങ്ങളെല്ലാം കേട്ട് ടീച്ചര്‍ പുഞ്ചിരിച്ചു.
'ഉത്തരം പറഞ്ഞവരെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു. എനിക്ക് പക്ഷെ മറ്റൊരു ഉത്തരമാണ് തോന്നിയത്. പറയട്ടെ..?'
''പറ ടീച്ചര്‍..'' കുട്ടികളെല്ലാം ഉല്‍സാഹത്തോടെ പറഞ്ഞു.'
'വണ്ടികളെ വേഗത്തിലോടിക്കാനാണ് ബ്രേക്ക്. ബ്രേക്കില്ലാത്ത വണ്ടിയാണെങ്കില്‍ ആരും വേഗത്തിലോടിക്കില്ലല്ലോ. ബ്രേക്കുണ്ടെന്ന ധൈര്യമാണ് നമുക്ക് വേഗത നല്‍കുന്നത്.'
ടീച്ചറുടെ പുതുമയുള്ള ഉത്തരം കേട്ട് കുട്ടികളെല്ലാം ശരിയാണല്ലോ എന്ന് തലയാട്ടി.
ആസിയ ടീച്ചര്‍ പറഞ്ഞതിനോട് കൂട്ടുകാരുടെ അഭിപ്രായമെന്താണ്? ബ്രേക്ക് ഇല്ലെങ്കിലുള്ള അവസ്ഥ ആലോചിക്കാന്‍ വയ്യ അല്ലേ..?. വണ്ടിയെടുക്കാന്‍ നമ്മള്‍ ധൈര്യപ്പെടുക തന്നെയില്ല. ഇനി അത്യാവശ്യത്തിന് വണ്ടിയെടുക്കേണ്ടി വന്നാലോ? വളരെ പതുക്കെയായിരിക്കും വണ്ടിയോടിക്കുക, അല്ലേ. കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്താനും നമുക്ക് കഴിയില്ല.
നമ്മെ പലതില്‍നിന്നും തടയുന്ന ബ്രേക്കുകള്‍ നമ്മുടെ ജീവിതത്തിലും ഇല്ലേ..?
നല്ല കൂട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍...
ചിലതെല്ലാം ചെയ്യല്ലേ എന്ന് അവര്‍ നമ്മോട് പറയാറില്ലേ.. പ്രത്യേകിച്ച് അധ്യാപകരും രക്ഷിതാക്കളും ആകും അങ്ങനെ ചെയ്യാറ്. അന്നേരം കൂട്ടുകാര്‍ക്ക് ദേഷ്യം തോന്നാറുണ്ടോ? ഇവരെന്താ ഇങ്ങനെ ഒന്നിനും സമ്മതിക്കാത്തതെന്ന് അരിശം വരാറുണ്ടോ? അവര്‍ പലപ്പോഴും നമ്മുടെ നന്മ കരുതിയാണെന്നേ അങ്ങനെ ചെയ്യുന്നത്. നമ്മുടെ മുന്നോട്ട് പോക്ക് എളുപ്പമാകണം എന്നു മാത്രമാണവര്‍ ആഗ്രഹിക്കുന്നത്.
അത് മനസ്സിലാക്കിയാല്‍ നമുക്കവരോട് സ്‌നേഹം തോന്നും. ആദരവ് കൂടും. ഇനി നമ്മെ പറ്റി രക്ഷിതാക്കള്‍ക്ക് തെറ്റിദ്ധാരണ ആണെങ്കില്‍, അതല്ല അവരുടെ മനസ്സിലാകായ്മ ആണെങ്കില്‍ അവരോട് തന്നെ തുറന്ന് സംസാരിക്കണം. അപ്പോള്‍ അവരോട് തോന്നുന്ന ആ അകല്‍ച്ച ഇല്ലാതാകും.
ചില ബ്രേക്കുകളില്ലെങ്കില്‍ നമ്മള്‍ തെന്നിപ്പോകാനും സാധ്യതയുണ്ട്. ചിലപ്പോള്‍ നമ്മുടെ നിയന്ത്രണം വിടാനും അതുമതി. കൂടുതല്‍ അനുഭവ സമ്പത്തുള്ളവരുടെ വാക്കുകള്‍ നമ്മുടെ മുന്നോട്ട് പോക്കിന് സഹായകരമാകും എന്ന് പറയുന്നത് അതുകൊണ്ടാണ്. പരസ്പരം പറഞ്ഞും തിരുത്തിയുമുള്ള ജീവിതം മനോഹരമാണെന്നേ.
മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അധ്യാപിക മിസിസ്സ് കാഫിയറിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അവര്‍ അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനം അത്രമേല്‍ വലുതായിരുന്നു. ഇന്ന് കാണും രൂപത്തില്‍ തന്നെ രൂപപ്പെടുത്തിയതില്‍ അവരുടെ പങ്ക് പ്രാധാന്യമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ തന്റെ അമ്മയും മുത്തശ്ശി മെലീന്‍ഡയും വരുത്തിയ സ്വാധീനങ്ങളെ കുറിച്ചും ബില്‍ഗേറ്റ്‌സ് എഴുതിയിട്ടുണ്ട്. മുതിര്‍ന്നവരുടെ അനുഭവങ്ങളുടെ വെളിച്ചം തീര്‍ച്ചയായും നമ്മുടെയും ഇരുട്ടകറ്റും.