ഫലസ്തീന് മണ്ണറിഞ്ഞ്്
സ്വന്തം മണ്ണിനായി പോരാടുന്ന ഫലസ്തീനികളുടെ യാതനയൂറുന്ന ചിത്രങ്ങളും വാര്‍ത്തകളും ദിനേനയെന്നോണം കാണുന്നുണ്ടെങ്കിലും അന്നാട്ടിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം
അടുത്തിടെയാണ് സാധ്യമായത്.
തുര്‍ക്കി ഉസ്മാനിയാ ഭരണത്തിന് കീഴിലായിരുന്ന ഫലസ്തീന് ഭൂപ്രദേശം ഒന്നാം ലോകയുദ്ധ കാലത്താണ് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത്. യുദ്ധാനന്തരം അറബികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടടരായ അറബ് ദേശീയവാദികളുടെ സഹായം അതിന് നിമിത്തമായി. ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്ത ദേശീയ ഗേഹത്തിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ജൂതന്മാര് പ്രവഹിക്കുകയായിരുന്നു. യുദ്ധശേഷം ബ്രിട്ടന്റെ ദുര്‍ഭരണമാണ് ഫലസ്തീനില്‍ നടന്നത്. ജൂത കുടിയേറ്റത്തെ അറബികള്‍ എതിര്‍ത്തെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ബ്രിട്ടന് നിയന്ത്രിക്കാനായില്ല. ബ്രിട്ടന് ഈ പ്രശ്നം ഐക്യരാഷ്ട്രസഭക്ക് വിട്ടതിന്റെ അടിസ്ഥാനത്തിലാണ് അറബികള്‍ക്കും ജൂതന്മാര്ക്കുമായി ഫലസ്തീന് വിഭജിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ഈ തീരുമാനപ്രകാരം ന്യൂനപക്ഷമായ ജൂതന്മാര്ക്ക് രാജ്യത്തിന്റെ അന്‍പത്താറ് ശതമാനവും, തദ്ദേശീയ ഭൂരിപക്ഷ അറബികള്‍ക്ക് നാല്പത്തിമൂന്ന് ശതമാനവും നല്കി. കൂടാതെ ഫലസ്തീനിലെ ജറൂസലേം അന്താരാഷ്ട്ര ഭരണത്തിന്റെ കീഴിലാക്കാനും വ്യവസ്ഥ ചെയ്തു. അതിനു ശേഷമുള്ള ഫലസ്തീന് ചരിത്രവും സ്വന്തം മണ്ണിനായി പോരാടുന്ന ഫലസ്തീനികളുടെ യാതനയൂറുന്ന ചിത്രങ്ങളും വാര്‍ത്തകളും ദിനേനയെന്നോണം വാര്‍ത്തകളില്‍ കാണുന്നുണ്ടെങ്കിലും അന്നാട്ടിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം അടുത്തിടെയാണ് സാധ്യമായത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജെറിക്കോ സിറ്റി ഫലസ്തീനിലാണ്. മുന്തിയതരം ഈത്തപ്പന മരങ്ങളും ഒലീവ് മരങ്ങളും സമന്വയിച്ച്, കാഴ്ചക്ക് വിസ്മയമാവുന്ന പ്രദേശങ്ങളും പള്ളികളും ഹോട്ടലുകളും സൗധങ്ങളും പൂന്തോട്ടങ്ങളും കൊണ്ട് നയനാനന്ദകരമായിരുന്നു അവിടം. വൃത്തിയും വെടിപ്പുമുള്ള റോഡുകളും പ്രകൃതി രമണീയത നിറഞ്ഞ തോട്ടങ്ങളും കാണാനായി.
ജെറിക്കോ നഗരത്തിലേക്ക് വരുന്ന വഴി ഞങ്ങള്‍ റാമെല്ല, അല്‍ ബിന്യാമിന് എന്നീ സ്ഥലങ്ങളുടെ ബോര്‍ഡുകള്‍ വഴിയില്‍ കണ്ടിരുന്നു. കടല്‍നിരപ്പില്‍നിന്ന് താഴ്ന്നു താഴ്ന്നു പോകുന്ന നാനൂറ് മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അന്തരീക്ഷ മര്‍ദം കാരണം ചെവി അടഞ്ഞുപോവുകയും വേദനിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിമാനയാത്രയില്‍ അനുഭവപ്പെടുന്നത് പോലെയായിരുന്നു അത്. ജെറിക്കോ (Jericho) നഗരത്തിന്റെ വലതുവശത്താണ് ചാവുതടാകം (ഡെഡ് സീ). ഇതിന്റെ എതിര്‍വശത്താണ് ജറൂസലേം. ഫലസ്തീന് കീഴിലെ ഏറ്റവും പഴക്കം ചെന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നഗരം. പഴങ്ങളും പച്ചക്കറികളും സുലഭമായും സമൃദ്ധമായും വിളയുന്ന പുണ്യനഗരം.
ഞങ്ങള്‍ ജെറിക്കോ നഗരത്തിലെ കാഴ്ചകള്‍ കണ്ട് ഷോപ്പിംഗ് കഴിഞ്ഞ് അവിടെ തന്നെയുള്ള ഹോട്ടലിലേക്ക് പോയി. അതിനടുത്തു കൂടിയാണ് ടെംറ്റേഷന്‍ മല (പ്രലോഭന മല)യിലേക്കുള്ള വഴി. മഞ്ഞില്‍ പൊതിഞ്ഞ്, കുളിരണിഞ്ഞ് നില്ക്കുന്ന പുണ്യസ്ഥലമായ ഈ മലയില്‍ അര മണിക്കൂര്‍ റോപ്പിലൂടെ യാത്ര ചെയ്താല്‍ എത്താനാവും. ധാരാളം തീര്‍ഥാടകര്‍ റോപ്പിലൂടെ പ്രലോഭന മലയില്‍ പോകുന്നുണ്ട്. ഉച്ചക്ക് ശേഷം മലയിലേക്കുള്ള യാത്ര ദുഷ്കരമാണ്.
പിന്നീട് ഞങ്ങള്‍ പോയത് മൂസാ നബി(അ)യുടെ തെന്ന് പറയപ്പെടുന്ന മഖ്ബറയിലേക്കാണ്. ജെറിക്കോ നഗരത്തില്‍ എത്തുന്നതിന് മുമ്പ്, ഒട്ടും ജനത്തിരക്കില്ലാത്ത വിജനമായ സ്ഥലത്താണിത്. മഖ്ബറ സ്ഥിതിചെയ്യുന്ന പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യഹൂദ മതസ്ഥരുടെ വിശ്വാസപ്രകാരം, മൂസാ നബി(അ)യുടെ മഖ്ബറ ഇവിടെയല്ല എന്നാണ്. ഒരു ചെറിയ കെട്ടിട സമുച്ചയത്തിന്റെ ഉള്ഭാഗത്താണിത്. പ്രവേശനകവാടത്തില്‍ കുലകള്‍ നിറഞ്ഞു നില്ക്കുന്ന മുന്തിരിവള്ളികള്‍ പടര്‍ത്തിയിരിക്കുന്നു. അവയിലെ മൂപ്പെത്താത്ത ഇളം കുലകളും ഈത്തപ്പനകളില് നിറഞ്ഞുനില്ക്കുന്ന ഈത്തപ്പഴക്കുലകളും വല്ലാത്തൊരു കാഴ്ചയായിരുന്നു. ഈ മഖ്ബറ കണ്ടപ്പോള്‍ മൂസാ നബിയുടെ ചരിത്രം മനസ്സിലൂടെ കടന്നുപോയി.
സീനാ പര്‍വതത്തിന്റെ ദിക്കില്‍ മൂസാ നബി (അ) കണ്ട തീനാളം, അതാണ് ബേണിംഗ് ബുഷ് എന്നറിയപ്പെടുന്നത്. സീനായി മലയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന/ അടര്‍ന്നു വീഴുന്ന ചെറിയ പാറപ്പൊട്ടുകളില്പ്പോലും ഈ ചെടിയുടെ ചിത്രം കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു. ഈ മരുഭൂമിയില്‍ നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട അതേ വള്ളിച്ചെടി അതേ വലുപ്പത്തിലും ആകൃതിയിലും ഒരു വ്യത്യാസവുമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്? അതിശയകരമായ ഈ ചെടിയുടെ ചിത്രം ഓര്‍ക്കാനും സൂക്ഷിക്കാനുമായി ഞങ്ങളുടെ യാത്രാസംഘത്തിലുള്ളവര്‍ അവിടെനിന്ന് ഈ പാറക്കഷണങ്ങള്‍ വാങ്ങിച്ചു. മൂസാ നബി(അ)യുടെ മഖ്ബറയുടെ ചാരത്ത് എത്തിയപ്പോള്‍, അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി അവശേഷിപ്പിച്ച മൂസാ നബിയുടെയും സത്യനിഷേധിയായ ഫിര്‍ഔനിന്റെയും ദൃഷ്ടാന്തങ്ങളും ചരിത്രാവശിഷ്ടങ്ങളുമെല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞു.
ആഫ്രിക്കയുടേയും ഏഷ്യയുടേയും ഇടയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള കടലാണ് ചെങ്കടല്‍. ഇതിന്റെ തെക്ക് ബാബെര്‍ മന്‍ഡേബ് കടലിടുക്കും ഏഡന്‍ ഉള്‍ക്കടലും, വടക്ക് സീനായി ഉപദ്വീപും അഖബാ ഉള്‍ക്കടലും സൂയസ് ഉള്‍ക്കടലും സ്ഥിതി ചെയ്യുന്നു. ഈ കടലില്‍ പവിഴപ്പുറ്റുകളും ആയിരത്തിലധികം വരുന്ന നട്ടെല്ലില്ലാത്ത ഇനം കടല്‍ ജീവികളും ധാരാളമുണ്ട്. ഈ ചെങ്കടലിലാണ് അല്ലാഹു ഫിര്‍ഔനെയും കൂട്ടരെയും മുക്കിക്കൊന്നത്. ഫിര്‍ഔന്റെ ശവശരീരം ലോകാവസാനം വരെ നശിക്കുകയില്ല എന്നും അത് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കി നിലനിര്‍ത്തുമെന്നും അല്ലാഹു പറഞ്ഞത് ഓര്‍ത്തുകൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ബാഹ്യദൃഷ്ടിയില്‍ പരസ്പരം കലരാന്‍ സാധ്യതയുള്ള ചെങ്കടലും മധ്യധരണ്യാഴിയും കരിങ്കടലും വ്യത്യസ്ത സാന്ദ്രതകളിലാണുള്ളത്. ഇവയിലെ അഗാധ ഗര്ത്തങ്ങളിലെയും ഉപരിതലങ്ങളിലെയും അത്ഭുത പ്രതിഭാസങ്ങള്‍ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൂടിയാണ്. അഖബ ഉള്‍ക്കടലിന്റെ വടക്കേ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഐല തുറമുഖമാണ് ചെങ്കടലിലുള്ള ഇസ്രയേലിന്റെ ഏക തുറമുഖം. ഇസ്ലാമിക നാഗരികതയുടെ ചരിത്രം പേറുന്ന ഇവിടെ 1947-ല്‍ തുടങ്ങിയ തുറമുഖം ഇസ്രയേല്‍ പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ്. ഇസ്രയേല്‍ പൗരസ്ത്യ രാജ്യങ്ങളിലേക്കുള്ള വ്യവസായ സാമഗ്രികള്‍ കയറ്റി അയക്കുന്നത് ഈ തുറമുഖം വഴിയാണ്. സൂയസ് കനാലില്‍ കടക്കാതെ ഇസ്രയേലില്‍നിന്ന് ഈ തുറമുഖം വഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയുന്നു. ഐല തുറമുഖം വഴി കപ്പല്‍യാത്ര വളരെ കുറവാണ്.
ജബലു മൂസ എന്നറിയപ്പെടുന്ന സീനായി പര്‍വതം ഈജിപ്തിന്റെ സിനായി ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ആറു ദിവസത്തെ യുദ്ധത്തിലൂടെ 1967-ല്‍ ഈജിപ്തില്‍നിന്ന് ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലമാണിത്. 2285 മീറ്റര്‍ പൊക്കമുള്ള ഈ പര്‍വതത്തിലുള്ള ബിബ്ളിക്കല്‍ സീനായി പര്‍വതത്തില്‍ നിന്നാണ് മൂസാ നബി അല്ലാഹുവില്‍നിന്ന് പത്ത് കല്പനകള് വാങ്ങിയത് എന്നാണ് ചരിത്രം. ഈ മലയെപ്പറ്റി തൗറാത്തിലും ഖുര്‍ആനിലും പരാമര്‍ശിച്ചിട്ടുണ്ട്. സെന്റ് കാതറിന് നഗരപ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന ഈ പര്‍വതം കഴിഞ്ഞാണ് ഈജിപ്തിലെ ഏറ്റവും പൊക്കം കൂടിയ കാതറിന് പര്‍വതം (മൗണ്ട് കാതറിന്). ഇത് വലിയ കൊടുമുടികള്കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. സിനായി പര്‍വതപ്രദേശത്ത് പലതരം ഗ്രാനൈറ്റുകള്‍ കാണപ്പെടുന്നു. ഇതിന് തൊട്ടുവടക്കാണ് ആറാം നൂറ്റാണ്ടിലെ സെന്റ് കാതറിന് മഠം. ഇതിനകത്ത് മുസ്്ലിംകളുടെ പള്ളിയും ഗ്രീക്ക് ഓര്‍ത്തഡോക്സുകാരുടെ ചാപ്പലും ഉണ്ട്.
1979-ല്‍ ഇസ്രയേല്‍-ഈജിപ്ത് സമാധാന ഉടമ്പടിയുടെ ഭാഗമായി ഈ പ്രദേശം ഈജിപ്തിന് ഘട്ടംഘട്ടമായി തിരിച്ചുകൊടുത്തു. 1982-ല്‍ ഇസ്രയേല്‍ പട്ടാളക്കാരെ ഈ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഇസ്്ലാമിക ചരിത്രത്തിന്റെ ദിശ നിര്‍ണയിച്ച ഇവിടമെല്ലാം ഞങ്ങളടെ യാത്രയുടെ ഭാഗമായതില്‍ അല്ലാഹുവിനെ സ്തുതിച്ചു.
ഞങ്ങളുടെ യാത്രാസംഘം മൂസാ നബി(അ)യുടെ മഖ്ബറ കണ്ട ശേഷം ജറൂസലമിലേക്ക് തന്നെ തിരിച്ചുപോയി. അവിടെയായിരുന്നു ഞങ്ങള്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍. പിറ്റേന്ന് വളരെ നേരത്തെ തന്നെ ഉണര്‍ന്ന് അടുത്ത കാഴ്ചകളിലേക്ക് ഊളിയിട്ടു.
പച്ചക്കമ്പിളി പുതച്ച് നില്ക്കുന്ന പൈന്‍ മരങ്ങള്‍ക്കും വിഹായസ്സിലേക്ക് നോക്കി ഇളം തെന്നലില്‍ ഊയലാടുന്ന ഒലീവ് മരങ്ങള്‍ക്കുമിടയിലൂടെ ചേതോഹരമായ കാഴ്ച നല്കുന്ന ചരിത്രഭൂമിയിലൂടെയുള്ള ഈ യാത്ര ഞങ്ങളുടെ മനസ്സിനും സ്മരണകള്‍ക്കും ഉണര്വേകിക്കൊണ്ടിരുന്നു. അതിനാല്‍, ഞങ്ങളാരും യാത്രയില്‍ ക്ഷീണിതരായില്ല.
റോഡിന്റെ പാര്‍ശ്വങ്ങളിലുള്ള ബോര്‍ഡുകളെല്ലാം ഔദ്യേഗിക ഭാഷയായ ഹീബ്രുവിലാണ് എഴുതിയിരിക്കുന്നത്. വഴിമധ്യേ Heroidum എന്ന ബോര്‍ഡ് കണ്ടു. വെയിലില്‍ വെള്ള സ്ഫടികങ്ങള്‍ തട്ടിത്തെറിപ്പിച്ച പോലെയും, മിന്നിച്ചിതറിയപോലെയും അങ്ങകലെ അവിടത്തെ കെട്ടിടങ്ങള്‍ കൂട്ടം കൂട്ടമായി കാണപ്പെട്ടു. ഇവിടെ വെളുപ്പും പിങ്കും നിറമുള്ള പാറകള്‍ക്ക് നല്ല ഉറപ്പാണ്. അടുത്ത ദിവസം ബൈത്തുല്‍ മുഖദ്ദസ് (മസ്ജിദുല്‍ അഖ്സാ) പള്ളിയിലേക്ക് പോയി. ഫലസ്തീനിലെ ജറൂസലമിലാണ് ഈ പള്ളി. ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാന്‍ പതിനഞ്ചിന് കഅ്ബയെ ഖിബ്ലയാക്കുന്നതിനും മുമ്പ് ഇവിടേക്ക് തിരിഞ്ഞായിരുന്നു ലോക മുസ്്ലിംകള്‍ നമസ്കരിച്ചിരുന്നത്. ഇത് വിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് അകലെ സ്ഥിതിചെയ്യുന്നതിനാലാണ് ഇതിന് വിദൂര മസ്ജിദ് എന്നര്ഥത്തില് മസ്ജിദുല്‍ അഖ്സാ എന്ന പേര് ലഭിച്ചത്. ഈ പള്ളിയുടെ അകത്തളങ്ങളില്‍ ഒരു കാലത്തും ബിംബങ്ങളോ വിഗ്രഹങ്ങളോ വച്ച് ആരാധിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് ഈ പള്ളിയെ പരിശുദ്ധ ഗേഹം (ബൈത്തുല്‍ മുഖദ്ദസ്) എന്നും പറയുന്നു. ബൈത്തുല്‍ മുഖദ്ദസിനെ മുസ്്ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരുപോലെ പ്രാധാന്യം കല്പിക്കുന്നു. മുഹമ്മദ് നബി(സ)യുടെ ആകാശാരോഹണം നടന്ന സ്ഥലമെന്ന നിലയിലും മുസ്്ലിംകളുടെ ആദ്യ ഖിബല എന്ന നിലയിലും ഇസ്ലാമിലെ പവിത്രമായ മസ്ജിദുല്‍ അഖ്സ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ യാത്രാസംഘം അല്ലാഹുവിനെ സ്തുതിച്ചു. 1,44,000 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പള്ളിയുടെ മതിലുകള്‍ കെട്ടിയത് സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയാണ്. ഈ മതിലിന്റെ പുറംവശത്താണ് 'വിലപിക്കുന്ന മതില്' (wailing wall).
മസ്ജിദുല്‍ അഖ്സയുടെ 250 മീറ്റര്‍ അകലെയാണ് ഖുബ്ബത്തുസ്സഖ്റാഅ് പള്ളി. ക്രൈസ്തവ ചക്രവര്‍ത്തി പാട്രിയാക്കിസ് ഖലീഫ ഉമറി(റ)ന്റെ മുമ്പില്‍ കീഴടങ്ങിയപ്പോള്‍ നഗരകവാടത്തിലൂടെ അകത്ത് പ്രവേശിച്ച ഉമര്‍(റ) ആവശ്യപ്പെട്ടത് മുഹമ്മദ് നബി (സ) ആകാശാരോഹണത്തിന് തുടക്കം കുറിച്ച പാറ കാണിച്ചുകൊടുക്കാനായിരുന്നു. ഉമറി(റ)ന്റെ കൂടെയുണ്ടായിരുന്ന സേനക്കാര്‍ മണ്ണുമാറ്റി, വൃത്തിയാക്കി, ഈ പാറ ഉള്ളിലാക്കി (അതേ സ്ഥലത്ത്) പള്ളി നിര്‍മിച്ചു. പിന്നീട് ഹിജ്റ 691-ല്‍ ഉമവി ഭരണാധികാരിയായ അബ്ദുല്‍ മലിക് ബിന്‍ മര്വാന് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി. ഈ പള്ളിയാണ് ഖുബ്ബതുസ്സഖ്റാഅ്. തറയില്‍നിന്ന് ഉയര്ന്നുനില്ക്കുന്ന പാറയുടെ ഉള്ളില്‍ ഏകദേശം നാല്പതോളം പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. ഞങ്ങളെല്ലാവരും അവിടെ നമസ്കരിച്ചു. 1955-ല്‍ ജോര്‍ദാന്‍ ഗവണ്മെന്റ് ഖുബ്ബത്തുസ്സഖ്റാഅ് പുതുക്കിപ്പണിതു. 1964-ല്‍ പണി പൂര്‍ത്തിയായ പള്ളിയുടെ കുംഭഗോപുരം മൂടിയത് ഇറ്റലിയില്‍ നിര്‍മിച്ച ബ്രാന്‍സ് അലോയ് കൊണ്ടായിരുന്നു. എന്നാല്‍ 1998-ല്‍ ജോര്‍ദാനിലെ ഹുസൈന് രാജാവ് 80 കോടി രൂപ ചെലവാക്കി സ്വര്‍ണഗോപുരം ഒന്നുകൂടി അലങ്കരിച്ചു. തനി തങ്കത്തില്‍ മിന്നിത്തിളങ്ങുന്ന, പട്ടണത്തിലെവിടെനിന്നും ദൃശ്യമാവുന്ന ഉത്തുംഗമായ ഈ താഴികക്കുടത്തിന്റെ അവാച്യമായ ദൃശ്യഭംഗി വര്‍ണനാതീതമാണ്. ഈ പള്ളി മര്‍വാനുബ്നു അബ്ദില്ല വിപുലപ്പെടുത്തി.
സകരിയ്യാ നബി(അ) മറിയമിന്റെ മുറിയിലേക്ക് നോക്കിയ ജനല്‍, മറിയം ബീവി(റ) ജീവിച്ച മുറി, ഖുബ്ബത്തുസ്സഖ്റാഇന്റെ സമീപത്തുള്ള യഅ്ഖൂബ് നബി(അ)യുടെ ഇടിഞ്ഞുപോയ മഖ്ബറയുടെ സ്ഥാനം, സകരിയ്യാ നബി(അ)യുടെ മിഹ്റാബ്... തുടങ്ങിയ ചരിത്രശേഷിപ്പുകള്‍ ഞങ്ങള്‍ കണ്ടു.
വിശാലമായ ഭൂമിയിലൂടെ ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞ് യാത്ര ചെയ്യാനുള്ള ഉദ്ബോധനം സാക്ഷാത്കരിക്കപ്പെട്ട ആ ദിനങ്ങള്‍ എന്നും മനസ്സില്‍ തിളങ്ങി നില്ക്കും.