കേരളത്തില്‍ ഖുര്‍ആന്റെ ആദ്യ പ്രതിയും പ്രഥമ വിവര്‍ത്തനവും പിറന്നതിനെക്കുറിച്ചറിയാം. കൂടെ അറബിമലയാളത്തിലെ പാട്ടും ഫലിതവും അച്ചടിമഷി പുരണ്ട ചരിത്രവും.
മലയാള ഭാഷക്കും സാഹിത്യത്തിനും അറബി മലയാളത്തിനും ആവോളം സംഭാവനകള്‍ നല്‍കിയ പ്രദേശമാണ് തലശ്ശേരി. 1800 മുതല്‍ മലയാളക്കരയില്‍ ഈ രംഗത്ത് സമൂല പരിവര്‍ത്തനത്തിന് നാന്ദികുറിച്ച് ലണ്ടന്‍ മിഷന്‍ തിരുവിതാംകൂറിലും, ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യ കേരളത്തിലും, സ്വിറ്റ്സര്‍ലാന്റിലെ ബാസല്‍ നഗരം ആസ്ഥാനമായുള്ള ഇവാഞ്ചലിക്കല്‍ മിഷന്‍ മലബാറിലും വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായി.
മലയാള ഭാഷയിലെ ആദ്യ പാഠപുസ്തകമായ പദ്യമാലയും പ്രഥമ പത്രവും 1872-ല്‍ സമഗ്രമായൊരു നിഘണ്ടുവും രചിച്ച ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനി (ബി.ഇ.എം)ലെ റവ. ഡോ. ഹെര്‍മണ്‍ ഗുണ്ടര്‍ട്ടിന്റെ ആസ്ഥാനം ഇവിടെയായിരുന്നു. 1844 ഒക്ടോബര്‍ 24-ന് മംഗലാപുരത്തുനിന്ന് ക്രിസ്ത്യന്‍ മുള്ളര്‍ കൊണ്ടുവന്ന കല്ലച്ച് (ലിത്തൊഗ്രാഫി) സ്ഥാപിച്ച് ബാസല്‍ മിഷന്‍ പ്രസ്സിന് രൂപം നല്‍കി. മലയാള ഭാഷയിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണമായ രാജ്യസമാചാരവും (1847) തുടര്‍ന്ന് പശ്ചിമോദയവും ജന്മമെടുത്തു. അക്ഷരവിപ്ലവത്തില്‍ ഗുണ്ടര്‍ട്ടിന്റെ പങ്ക് നിസ്തുലമാണ്.
ഖുര്‍ആന്‍ അച്ചടിയുടെ ആരംഭം
ഈ പ്രസ്സില്‍നിന്ന് അച്ചടിവിദ്യ പഠിച്ച തലശ്ശേരിയിലെ സമ്പന്ന വ്യാപാര കുടുംബാംഗമായ തിക്കൂക്കില്‍ കുഞ്ഞിമുഹമ്മദ് തന്റെ വീടിനോട് ചേര്‍ന്ന് ഒരു പ്രസ്സ് സ്ഥാപിച്ചു. കുഞ്ഞിമുഹമ്മദ് സാഹിബിന്റെ ശ്രമം മുസ്ലിംകളില്‍ അച്ചടി രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. മുസ്ലിം പ്രസിദ്ധീകരണ രംഗത്തെ വഴിത്തിരിവായിരുന്നു ഈ പ്രസ്സ്. കേരളത്തില്‍ ആദ്യമായി ഖുര്‍ആന്‍ അച്ചടിച്ചത് ഈ പ്രസ്സിലാണ്. അക്കാലത്തെ പ്രതിഭകള്‍ അധികവും തങ്ങളുടെ പേരുവെക്കാതെയായിരുന്നു കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പ്രശസ്തിയെക്കാള്‍ സന്മാര്‍ഗ പ്രബോധനത്തിന് പ്രാധാന്യം നല്‍കിയ വ്യക്തിത്വങ്ങളായിരുന്നു അവര്‍. മുജിസാത്ത് മാല, ഈസാ നബി ഖിസ്സപ്പാട്ട്, തൃക്കല്യാണപ്പാട്ട്, മാലിക് ബിന്‍ ദിനാര്‍ ഖിസ്സപ്പാട്ട്, പഴയ അബിറാഹിമിന്‍ അദ്ഹം ഖിസ്സപ്പാട്ട്, മദീനത്തുന്നജാര്‍ ഖിസ്സപ്പാട്ട്, താജുല്‍ ഉമൂര്‍ ഖിസ്സപ്പാട്ട്, വഫാത്ത് ഖിസ്സപ്പാട്ട് തുടങ്ങിയ പല പ്രശസ്ത കൃതികളും തലശ്ശേരിയില്‍ രചിക്കപ്പെടുകയോ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
കുഞ്ഞിമുഹമ്മദ് സാഹിബിന്റെ പ്രസ്സില്‍നിന്ന് അച്ചടിവിദ്യ പഠിച്ച അരിയാലിപ്പുറത്ത് കുഞ്ഞഹമ്മദ് പൊന്നാനി ജുമുഅത്ത് പള്ളിക്ക് വടക്കുവശം തരകം കോജിനിയകം തറവാടിന്റെ കയ്യാലയില്‍ വര്‍ഷങ്ങളോളം ശ്ലാഘനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹക്കുല്‍ ഗ്വറാഇബ് പ്രസ്സ് സ്ഥാപിച്ചു. മുസ്ലിം പരിഷ്‌കര്‍ത്താവ് സി. സെയ്താലിക്കുട്ടി മാസ്റ്ററുടെ സലാഹുല്‍ ഇഖ്വാന്‍ പത്രം ഈ പ്രസ്സില്‍നിന്ന് അച്ചടിച്ചിരുന്നു.
നീരാറ്റ് പീടിക കുഞ്ഞഹമ്മദ്, അബ്ദുവളപ്പിച്ച് കണ്ടി മൂസ, കണ്ണംമ്പത്ത് ഹസ്സന്‍, പാലികണ്ടി കുഞ്ഞാമു, അരയാലിപ്പുറത്ത് പക്കി തുടങ്ങി പല അക്ഷര സ്നേഹികളും തലശ്ശേരിയില്‍ പ്രസിദ്ധീകരണ രംഗത്ത് സജീവമായിരുന്നു. 1869 മുതല്‍ 1920 വരെ മുസ്ലിം സാഹിത്യ പ്രസിദ്ധീകരണ രംഗത്ത് തലശ്ശേരി മുഖ്യ സ്ഥാനം വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായി 1934-ലായിരുന്നു ഒരു പ്രതിവാര പത്രമായി ചന്ദ്രിക ഇവിടെനിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. സി.പി മമ്മുക്കേയി ആയിരുന്നു മാനേജിംഗ് ഡയറക്ടര്‍.
തര്‍ജമതു തഫ്സീരില്‍ ഖുര്‍ആന്‍
ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് മലബാറില്‍ ഖ്യാതിനേടിയ പണ്ഡിതനും പൗരപ്രമുഖനുമായിരുന്നു തലശ്ശേരിയിലെ മായിന്‍കുട്ടി എളയ. കേയി കുടുംബത്തിലെ അബ്ദുല്‍ ഖാദര്‍ കേയിയുടെ പുത്രനായ അദ്ദേഹം കണ്ണൂര്‍, അറക്കല്‍ രാജകുടുംബത്തില്‍നിന്ന് വിവാഹം ചെയ്തതുകൊണ്ടാണ് എളയ വിശേഷണത്താല്‍ അറിയപ്പെട്ടത്. രചനാരംഗത്ത് മായിന്‍കുട്ടി എളയയുടെ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ അറബി മലയാളത്തിലുള്ള വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനമായിരുന്ന തര്‍ജമതു തഫ്സീരില്‍ ഖുര്‍ആന്‍ ആയിരുന്നു. മലയാളക്കരയിലെ ഖുര്‍ആന്‍ വിവര്‍ത്തന രംഗത്തെ പ്രഥമ സംരംഭമായിരുന്നു ഇത്. വിവര്‍ത്തനത്തിനെതിരെ അന്നത്തെ യാഥാസ്ഥിതിക വിഭാഗം ആഞ്ഞടിക്കുകയും അച്ചടിക്കപ്പെട്ട കോപ്പികള്‍ മുഴുവനും അറബിക്കടലില്‍ കൊണ്ട് കളയുകയും ചെയ്തുവെന്നത് ഒരു ദുരന്ത ചരിത്ര സംഭവവുമായിരുന്നു. ക്രി.വ.1856 (ഹിജ്റ 1272)ലാണ് ഈ തര്‍ജമ പ്രസിദ്ധീകരിച്ചത്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ അവഗാഹമുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും കളരി അഭ്യാസിയുമായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ശുഅബുല്‍ ഈമാന്‍ എന്ന ഗ്രന്ഥം അറബി മലയാളത്തില്‍ വിവര്‍ത്തനം ചെയ്തായിരുന്നു തന്റെ സാഹിത്യ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ലിഖാമാല, തര്‍ബിയത് മാല, ദബീഹ് മാല, തശര്‍റഖുല്‍ ഖുര്‍ആന്‍ തുടങ്ങിയ കൃതികള്‍ക്ക് പുറമെ ഖിസ്സത്ത് സുലൈമാനുബിന്‍ ദാവൂദ് എന്ന ചരിത്ര മഹാകാവ്യവും എളയയുടെ രചനകളില്‍പെടുന്നു. അരയാലിപ്പുറത്ത് കുഞ്ഞഹമ്മദും നീരാറ്റിപ്പീടിക കുഞ്ഞഹമ്മദുമായിരുന്നു എളയയുടെ രചനകള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നത്. ഹിജ്റ 1303-ലാണ് മായന്‍കുട്ടി എളയ അന്തരിച്ചത്.
കപ്പപ്പാട്ടും നൂല്‍മദ്ഹും
അറബി മലയാള സാഹിത്യത്തിലെ പ്രഥമ ഗണനാര്‍ഹമായ കൃതി കപ്പപ്പാട്ടിന്റെ രചയിതാവ് കുഞ്ഞായിന്‍ (കുഞ്ഞുമാഹിന്‍) മുസ്ലിയാരുടെ സ്വദേശവും തലശ്ശേരിയാണ്. 1700-നും 1786-നും ഇടയില്‍ തലശ്ശേരിയിലെ സൈതാര്‍ പള്ളിക്ക് സമീപം ചന്ദനംകണ്ടിപ്പറമ്പിലെ മക്കറയില്‍ പള്ളി ജീവനക്കാരനായ മുക്രിയുടെ മകനായാണ് അദ്ദേഹം ജനിക്കുന്നത്.
ഫലിതങ്ങളുടെയും കുശാഗ്ര ബുദ്ധിയുടെയും അപാര ജ്ഞാനത്തിന്റെയും ഉടമയായിരുന്നു കുഞ്ഞായിന്‍ മുസ്ലിയാര്‍. തര്‍ക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊന്നാനി മഖ്ദൂം പണ്ഡിതന്മാര്‍ നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായിരുന്നു മുസ്ലിയാര്‍. ഫലിത സാമ്രാട്ടുകളായ മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകകളാണ്. 'മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും' എന്ന നാമത്തില്‍ സരസ രചനകള്‍ പ്രചാരത്തിലുണ്ട്. തുര്‍ക്കിയിലെ സരസ സ്വൂഫി പണ്ഡിതന്‍ നസറുദ്ദീന്‍ ഖോജ, ബീര്‍ബല്‍, തെന്നാലിരാമന്‍ തുടങ്ങിയ സരസ സാമ്രാട്ടുകളുമായി കുഞ്ഞായിന്‍ മുസ്ലിയാരെ താരതമ്യപ്പെടുത്താം.
തലശ്ശേരിയിലും പെരിങ്ങത്തൂരിലുമായിരുന്നു കൗമാരം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. വലിയ പള്ളിയിലെ പഠനത്തിനിടയിലാണ് ജീവിതം വിവിധ തുറകളില്‍ കരുപ്പിടിക്കുന്നത്. ഗുരുനാഥന്മാരില്‍നിന്നു ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ കാവ്യസമാഹാരങ്ങള്‍ ചിട്ടപ്പെടുത്തിയെടുത്തത്. മഖ്ദൂമുമാരില്‍ പത്താം സ്ഥാനിയായ നൂറുദ്ദീന്‍ മഖ്ദൂമും (മ. 1735) അദ്ദേഹത്തിന്റെ മകനും പണ്ഡിതശ്രേഷ്ഠനുമായ അബ്ദുസ്സലാം മഖ്ദൂമിയുമായിരുന്നു (മ.1740) ജുമുഅത്ത് പള്ളിയിലെ പ്രധാന ഗുരുനാഥന്മാര്‍.
അറബിമലയാളത്തില്‍ ഇതുവരെ കണ്ടെടുക്കപ്പെട്ടതില്‍ പ്രഥമ കൃതിയായ ഖാദി മുഹമ്മദിന്റെ മുഹ്യ്ദ്ദീന്‍ മാലക്ക് നൂറ്റിമുപ്പത് വര്‍ഷം കഴിഞ്ഞതിനുശേഷം 1737-ലാണ് നൂല്‍മദ്ഹ് രചിക്കുന്നത്. തുടര്‍ന്ന് കപ്പപ്പാട്ടും, നൂല്‍മാലയും രചിച്ചു. അറബി-മലയാള ഭാഷാ സാഹിത്യത്തില്‍ മികച്ച സാഹിത്യ സൃഷ്ടികളാണിവ. അറബി, മലയാളം, തമിഴ് ഭാഷകളില്‍ ഉന്നത പണ്ഡിതനും തികഞ്ഞ സ്വൂഫിവര്യനുമായിരുന്നു. രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ജനഹൃദയങ്ങള്‍ നര്‍മരസ ശകലങ്ങളാല്‍ അമ്മാനമാടുന്ന കുഞ്ഞായിന്‍ മുസ്ലിയാര്‍ തലശ്ശേരി പഴയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.