ലോക ഇകണോമിക് ഫോറത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയടക്കം നൂറ്റി നാല്‍പത്താറോളം രാജ്യങ്ങളിലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ സമത്വത്തെക്കുറിച്ചുള്ളതാണീ റിപ്പോര്‍ട്ട്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി മുപ്പത്തഞ്ചാണ്. പതിനൊന്ന്്് രാജ്യങ്ങള്‍ മാത്രമേ നമ്മുടെ പിന്നിലുള്ളൂ. ജീവിതച്ചെലവ് കൂടുന്നത്് ആഗോള തലത്തില്‍ സ്ത്രീകളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വ്യത്യാസം മറികടക്കാന്‍ മറ്റൊരു നൂറ്റി മുപ്പത്തിരണ്ട് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
റിപ്പോര്‍ട്ട് വന്ന ദിവസം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു ചിത്രം പ്രചരിച്ചത്. മധ്യപ്രദേശിലെ മൊറോറ ജില്ലയിലെ ഒരു ഗ്രാമത്തിലെ എട്ടുവയസ്സുകാരന്റെ ചിത്രം. രണ്ടു വയസ്സുള്ള അനുജന്റെ ചേതനയറ്റ ശരീരം പിടിച്ചുനില്‍ക്കുകയാണവന്‍. വിവിധ മതവിഭാഗങ്ങള്‍ രാജ്യത്ത് നേരിടുന്ന അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള അന്തര്‍ദേശീയ റിപ്പോര്‍ട്ടുകള്‍ വേറെയുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വര്‍ഷം പിന്നിടാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെക്കുറിച്ച് ലോകത്തിനു മുന്നിലുള്ള ചിത്രങ്ങളാണിത്.
ആരോഗ്യ പരിരക്ഷയില്ലായ്മ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, സുരക്ഷിതമല്ലാത്ത സ്ത്രീയവസ്ഥ, നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഭരണാധികാരികളോട് എന്തു പേരിട്ട് വിളിച്ചാണ് പരിഹാരം ആവശ്യപ്പെടേണ്ടത്? അപമാനം, ക്രൂരത എന്നു വിൡാന്‍ പാടില്ലല്ലോ? ലോകത്തിനു മുന്നില്‍ നാണം കെട്ടു എന്നും പറയാനാവില്ല, ലൈംഗിക പീഡനം എന്നുച്ചരിക്കാനാവില്ല. ആ വാക്കുകളൊക്കെ നിരോധിച്ചിരിക്കുകയാണല്ലോ! വിയോജിപ്പുകളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുകയെന്ന ജനാധിപത്യത്തിന്റെ മര്‍മപ്രധാനമായ അവകാശങ്ങളെപ്പോലും ഭരണാധികാരികള്‍ ഇല്ലാതാക്കിക്കളയുകയാണ്. ഫാസിസം മുച്ചൂടും മൂടുന്ന കാലത്ത്, 'ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പുകള്‍ അനിവാര്യമാണെ'ന്ന ഡല്‍ഹി സെഷന്‍സ് കോടതിയുടെ ഓര്‍മപ്പെടുത്തലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ ഫാഷിസം പ്രത്യയശാസ്ത്രമാക്കുന്ന ഭരണാധികാരികള്‍ക്കു മുമ്പാകെ വെക്കാനുള്ളത്.