ഉള്ളുറപ്പിന്റെ സ്ത്രീ കഥാപാത്രങ്ങള്‍
സലാം കരുവമ്പൊയില്‍
august
തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ചാപ്റ്റര്‍ നടത്തിയ ബഷീര്‍ അനുസ്മരണ
പരിപാടിയില്‍ നിന്ന്.
ഒന്നും ഒന്നും കൂട്ടിയാല്‍ 'രണ്ട്' എന്നുതന്നെയാണ് പണ്ടു മുതല്‍ക്കേ കേരളം പറഞ്ഞ മറുപടി. പിന്നെ എപ്പോഴോ നാം കേട്ടു, ഒന്നും ഒന്നും എന്ന ഏകകം 'ഇമ്മിണി ബല്യ ഒന്നിന്റെ' സൂത്രവാക്യമാണെന്ന്. രണ്ട് പുഴകള്‍ സമ്മേളിക്കുമ്പോള്‍ വിസ്തൃതമായ ഒരു പുഴ ജനിക്കുന്നു. രണ്ട് ഒച്ചകള്‍ ബലിഷ്ഠമായ ശബ്ദത്തിന്റെ ഭാഷയായി ഉരവം ചെയ്യുന്നു. നാം മലയാളികള്‍ അത്ഭുതം കൂറി, ഇത് ശരിയാണല്ലോ.
സാമ്പ്രദായികമായ മുഴുവന്‍ ബോധ്യങ്ങളെയും കുടഞ്ഞിട്ട് മഹത്തും ബൃഹത്തുമായ പുതിയൊരു ശരി മലയാളിയുടെ ഭാവുകത്വത്തെ കീഴ്‌മേല്‍ മറിച്ച വിസ്മയക്കാഴ്ചക്ക് നാം സാക്ഷികളായി. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന 'കഥയുടെ സുല്‍ത്താന്‍' കാമ്പും കാതലുമുള്ള ഒരു ശൈലിയായും സങ്കേതമായും അമ്പരപ്പിക്കുന്ന ഭാഷയുടെ കുഴലൂത്തുകാരനായും പരിലസിക്കുന്നത് ലോകം കുളിര്‍മയോടെ കണ്ടു.
വാക്കുകളുടെ പിറകെ പായാതിരുന്നിട്ടും ബഷീര്‍ വാക്കുകളുടെ അഴിമുഖമായി മാറി. ഭാഷ ബഷീറിന്റെ വിരല്‍തുമ്പിലേക്ക് കരഞ്ഞു വിളിച്ച് ഇരമ്പി വന്നത് അദ്ദേഹം പച്ചയായ മനുഷ്യന്റെ പരുപരുത്ത പ്രതലങ്ങളിലേക്ക് തൂലിക കൊണ്ടുപോയതുകൊണ്ടാണ്.
കരുത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതിനിധാനങ്ങളാണ് ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങള്‍.
'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു'വിലെ നായിക കുഞ്ഞിപ്പാത്തുമ്മ സാമൂഹിക നവോത്ഥാനത്തിന്റെ കിളിവാതിലാണ്. അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും അന്ധകാരം ഒരു കുടുംബത്തെ വരിഞ്ഞുമുറുക്കിയ ദശാസന്ധി. പ്രതാപത്തിന്റെയും ആഢ്യത്വത്തിന്റെയും നിഴല്‍പ്പുറ്റുകളില്‍ ചുറ്റിവരിഞ്ഞു നില്‍ക്കുമ്പോള്‍ കച്ചിത്തുരുമ്പായി നില്‍ക്കുന്നത് നന്നെ ചെറിയ ഒരു കുടില്‍. പുറത്ത് ആമ്പല്‍ കുളവും മനോഹര ദൃശ്യ വൈവിധ്യങ്ങളുമുണ്ടെന്നത് കുഞ്ഞിപ്പാത്തുമ്മയെ പുളകിതയാക്കുന്നുണ്ട്. കാമുകന്‍ നിസാര്‍ അഹ്്മദിന്റെ ബാപ്പ വന്ന് വാതില്‍ തുറന്നിടാന്‍ പാത്തുമ്മയോട് ആജ്ഞാപിക്കുന്ന രംഗം വായനയെ ത്രസിപ്പിക്കുന്ന ഭാഗമാണ്. ഇരുട്ട് കൂടുവെച്ചു തുടങ്ങിയ മണ്ണിലേക്ക് പ്രകാശത്തിന്റെ പ്രളയം. അഭൂതപൂര്‍വമായ നിമിഷത്തിന്റെ ലാസ്യപ്പൊലിമയില്‍ കുഞ്ഞിപ്പാത്തുമ്മ കുതൂഹലപ്പെടുന്നു: 'വെളിച്ചെത്തിനെന്ത് വെളിച്ചം!' ജീര്‍ണിച്ചു തുടങ്ങിയ ശപിക്കപ്പെട്ട ആചാര വിചാരങ്ങളില്‍ നിന്ന് ശുഭ ശുഭ്രമായ സംസ്‌കൃതിയുടെ രാജപാതയിലേക്കുള്ള രംഗ പ്രവേശം. വിദ്യാഭ്യാസ നിഷേധത്തിന്റെയും സാമൂഹിക അസ്പൃശ്യതയുടെയും മുള്‍വേലിക്കെട്ടില്‍ ജീവിതം ഹോമിക്കപ്പെടുന്ന കുഞ്ഞിപ്പാത്തുമ്മക്ക് സത്യത്തില്‍ അടങ്ങാത്ത വിജ്ഞാന ദാഹമുണ്ട്. അയല്‍പക്കത്തെ നിസാര്‍ അഹ്്മദിന്റെ പെങ്ങള്‍ ആയിശയുടെ വിദ്യാരംഭങ്ങള്‍ ആവേശകരമാണ്. 'ബയി' യില്‍ നിന്നും 'ബയിതനങ്ങ'യില്‍ നിന്നും പുരോഗമിക്കുന്ന കുഞ്ഞിപ്പാത്തുമ്മയുടെ തലച്ചോറില്‍ ചിന്തയുടെ അടരുകള്‍ വേരു പിടിക്കുന്നുണ്ട്. 'ആന ഉണ്ടാര്‍ന്ന' തറവാട്ടിലെ കാരണവത്തിയായതിനാല്‍ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ മകള്‍ കുഞ്ഞിപ്പാത്തുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പരിഹസിക്കുന്നത് മിഥ്യകള്‍ നിലംപൊത്തണമെന്ന ഈ നോവലിലെ മുരടുറപ്പുള്ള സ്ത്രീ കഥാപാത്രത്തിന്റെ അന്തരംഗത്തെ കെടാ കനലാണ്.
'പാത്തുമ്മയുടെ ആട്' സ്ത്രീയുടെ ദുരിത പര്‍വത്തിന്റെ നേര്‍ക്കാഴ്ചയാണ്. തലയോലപറമ്പിലെ ബഷീറിന്റെ വീടകം ദാരിദ്ര്യത്താല്‍ കൊടുമ്പിരികൊള്ളുകയാണ്. ദീര്‍ഘ യാത്ര കഴിഞ്ഞ് സ്വസ്ഥത തേടിയെത്തുന്ന ബഷീറിനെ വരവേല്‍ക്കുന്നത് പൂച്ചയും എലികളും വാണരുളുന്ന പതിനെട്ടംഗ തറവാടിന്റെ പുകിലാണ്. ഇടക്കിടക്ക് ആടുമായി തറവാട്ടിലെത്തുന്ന പാത്തുമ്മ തങ്ങളെ കാര്‍ന്നുതിന്നുന്ന പട്ടിണി പിടിച്ചുകെട്ടാനുള്ള ഭഗീരഥ യത്‌നത്തിലാണ്. താന്‍ പൊന്നുപോലെ നോക്കി വളര്‍ത്തുന്ന ആടിന്റെ പാല്‍ കറന്നുവില്‍ക്കുകയല്ലാതെ ജീവസന്ധാരണത്തിനു അവളുടെ മുമ്പില്‍ വഴി വേറെയില്ല. ഭര്‍ത്താവ് കൊച്ചുണ്ണിക്കോ സ്വന്തം മകള്‍ ഖദീജക്കോ പോലും ഒരിറ്റ് കൊടുക്കാതെ പാല്‍ മുഴുവന്‍ വിറ്റ് കാശാക്കുന്ന പാത്തുമ്മ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്ന പാവം പെണ്ണിന്റെ പരമ ദയനീയാവസ്ഥ പച്ചയായി വരച്ചുകാട്ടുന്നുണ്ട്.
പാത്തുമ്മയുടെ ഭര്‍ത്താവ് കൊച്ചുണ്ണി അവര്‍ക്കു കൊടുക്കാനുണ്ടായിരുന്ന കാശില്‍ ഇരുവരും സമ്മര്‍ദതന്ത്രം പ്രയോഗിച്ചു. ഗത്യന്തരമില്ലാതെ പാല്‍ അവര്‍ക്ക് 'കൈക്കൂലി'യായി നല്‍കാന്‍ പാത്തുമ്മ നിര്‍ബന്ധിതയാവുകയായിരുന്നു. പാത്തുമ്മ അറിയാതെയും അവര്‍ പാല്‍ അപഹരിക്കുന്നുവെന്നത് വേറെ കാര്യം! പാല്‍ കട്ടു കുടിക്കുന്നുവെന്ന് കണ്ടപ്പോഴാണ് ഒരിക്കല്‍ പാത്തുമ്മ കിടാവിനെ മാറ്റിക്കളഞ്ഞത്. പക്ഷേ, അവര്‍ കുട്ടികളെക്കൊണ്ട് അകിട് ചുരത്തിച്ചു പാല്‍ പിന്നെയും അകത്താക്കുന്നു! ജീവിതത്തോട് മല്ലടിക്കുന്ന തന്റേടിയായ പെണ്ണ് ചിലേടങ്ങളില്‍ തോറ്റു പോകുന്നതിന്റെ നേര്‍ ചിത്രം കൂടി 'പാത്തുമ്മയുടെ ആട്'കാട്ടിത്തരുന്നു. എങ്കിലും, 'എന്റെ ആട് പെറും അപ്പോള്‍ ഞാന്‍ കാണിച്ചു തരാം' എന്ന പാത്തുമ്മയുടെ പ്രഖ്യാപനം പ്രതീക്ഷയുടെയും നിലപാടിന്റെയും ആവേശകരമായ കാഴ്ചയാണ്.
'പ്രേമ ലേഖന'ത്തിലെ സാറാമ്മ പക്വമായ അഭിപ്രായത്തിന്റെയും പാകമായ നിലപാടിന്റെയും അടയാള വാക്യമാണ്. തന്നോട് കടുത്ത പ്രണയം വെളിപ്പെടുത്തുകയും ഒരുമിച്ചുള്ള ജീവിതത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന കേശവന്‍ നായരോട് ബൗദ്ധികമായാണ് സാറാമ്മ പ്രതികരിക്കുന്നത്. ഉപരിതലസ്പര്‍ശിയായ കൗമാര ചാപല്യത്തിലോ അനുരാഗത്തിന്റെ വിഭ്രമാത്മകതയിലോ സാറാമ്മ പെട്ടുപോകുന്നില്ല.
ഭാഷ ഉഴുതു മറിക്കുക മാത്രമല്ല, ആഴമുള്ള ആലോചനയുടെ വാള്‍ തിളക്കം കൊണ്ട് അവയെ ആദിമധ്യാന്തം പൊതിഞ്ഞു കെട്ടുക കൂടി ചെയ്തു ബഷീര്‍. അതുകൊണ്ടൊക്കെത്തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമാവുക എന്ന അപൂര്‍വ ബഹുമതി നേടി കഥാ സാഹിത്യത്തിലെ മഹാമേരുവായി ബേപ്പൂര്‍ സുല്‍ത്താന്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും. എം.എന്‍ കാരശ്ശേരി വിശേഷിപ്പിച്ചത് എത്ര ശരി: 'ബഷീറിനെ പരാജയപ്പെടുത്താന്‍ ബഷീറിനു മാത്രമേ കഴിയൂ.'