മരണാനന്തരം പരലോകത്തേക്കുള്ള യാത്രയില്‍ നമ്മുടെ സഞ്ചാര പദ്ധതി ഏത്
വിധമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
അയാള്‍ പറഞ്ഞുതുടങ്ങി: 'ഖിയാമത്ത് നാളിന്റെ പേര് നല്‍കിയ ഒരുകൂട്ടം അധ്യായങ്ങളുണ്ട് ഖുര്‍ആനില്‍ എന്നത് എന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.'
ഞാന്‍: 'ഏതൊക്കെയാണ് ആ സൂറത്തുകള്‍?'
അയാള്‍: 'അല്‍ഖിയാമ, അല്‍ വാഖിഅ (സംഭവം), അത്തഗാബുന്‍ (ലാഭ നഷ്ടങ്ങളുടെ ദിനം), അല്‍ ഹാഖ (അനിവാര്യമായി സംഭവിക്കുന്ന സംഗതി), അല്‍ ഖാരിഅ (ഭീകരസംഭവം), അല്‍ ഗാശിയ (സര്‍വത്തെയും ഗ്രസിക്കുന്ന വിനാശം), അസ്സല്‍സല (വിറപ്പിക്കപ്പെടുന്ന ദിനം).'
ഞാന്‍: 'മരണാനന്തരം പരലോകത്തിലേക്കുള്ള യാത്രയില്‍ നമ്മുടെ സഞ്ചാര പദ്ധതി ഏത് വിധമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ!'
അയാള്‍: 'ഇല്ല.''
ഞാന്‍: 'മനുഷ്യന്‍ വിവിധ ഘട്ടങ്ങളിലൂടെയും താവളങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. ഒന്നാമത്തേത് ഇഹലോകം തന്നെ. അതിനു ശേഷം പന്ത്രണ്ട് സ്റ്റേഷനുകളിലൂടെ കടന്നു പോകേണ്ടതുണ്ട് ഓരോ മനുഷ്യനും.'
അയാള്‍: 'ഏതാണവ?'
ഞാന്‍: ഖബര്‍, സൂര്‍ കാഹളധ്വനി, ഉയിര്‍ത്തെഴുന്നേല്‍പ്, മഹ്ശറില്‍ ഒരുമിച്ച് കൂട്ടപ്പെടല്‍, ശിപാര്‍ശ, വിചാരണ, കര്‍മരേഖാ സമര്‍പ്പണം, തുലാസ്, ഹൗദുല്‍ കൗസര്‍, വിശ്വാസികളെ പരീക്ഷിക്കല്‍, സ്വിറാത്ത്, നരകം, നരകത്തിന് മീതെയുള്ള പാലം, സ്വര്‍ഗം. ഇഹലോക ജീവിതത്തിന് ശേഷം പരലോക യാത്രയുടെ വിവിധ അവസ്ഥാന്തരങ്ങളും കടന്നുപോകേണ്ട ഘട്ടങ്ങളും താവളങ്ങളുമാണിവ. യാത്രയുടെ അവസാനം ഒന്നുകില്‍ നരകത്തിലാവും ചെന്നെത്തുന്നത്. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍. അതേത്തുടര്‍ന്ന് ശാശ്വത ജീവിതം തുടങ്ങുകയായി. അനശ്വര ജീവിതം; മരണമില്ലാത്ത അനന്തമായ ജീവിതം.'
അയാള്‍: 'പരലോകത്തെക്കുറിച്ച് ഇത്രയും വിശദമായി എനിക്കറിയുമായിരുന്നില്ല.'
ഞാന്‍: 'ഖുര്‍ആനില്‍ ഈ ഘട്ടങ്ങളെ അല്ലാഹു വിശദീകരിച്ചു പറഞ്ഞതും ഒരു കൂട്ടം അധ്യായങ്ങള്‍ക്ക് അന്ത്യനാളിന്റെ പേര് നല്‍കിയതും അതേറെ പ്രസക്തമായതുകൊണ്ടാണ്. ഇഹലോകത്തിന് പരമപ്രാധാന്യം നല്‍കി പരലോകത്തെ മറക്കാതിരിക്കാനാണ്. അല്ലാഹു പറഞ്ഞല്ലോ: -"പക്ഷേ, നിങ്ങള്‍ ഭൗതിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയാണ്. എന്നാല്‍, പരലോകമാകുന്നു ശ്രേഷ്ഠവും ശാശ്വതവുമായിട്ടുള്ളത്.'' (അല്‍അഅ്ലാ 16,17)
അധികമാളുകളും ഇഹലോക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും പരലോക ജീവിതത്തെ അവഗണിക്കുകയുമാണ്. ഇഹലോകത്ത് ശാശ്വതമായി ജീവിക്കുമെന്നാണ് അവരുടെ വിചാരം. ശാശ്വതവാസം പരലോകത്താണെന്ന് അവര്‍ മറക്കുന്നു.
ജീവിതത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുന്നത് മരണാനന്തരമാണ്. പുനരുത്ഥാന നാളില്‍ ഖബ്‌റുകളില്‍ നിന്നെഴുന്നേറ്റ് പുറത്തു വരുമ്പോഴുള്ള മനുഷ്യന്റെ അവസ്ഥ അല്ലാഹു വിവരിക്കുന്നുണ്ട്: ''സകല ജനത്തെയും അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടാണ് അവര്‍ വന്നതെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന നാളിലാണ് ഈ ശിക്ഷയുണ്ടാവുക. അവര്‍ വിസ്മരിച്ചു പോയിരിക്കുന്നു. പക്ഷേ, അല്ലാഹു അവരുടെ ചെയ്തികളൊക്കെയും തിട്ടപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്'' (അല്‍ മുജാദില 6)
അയാള്‍: 'ഭയങ്കര ദിവസം തന്നെ. എങ്ങനെയാണ് നാം രക്ഷപ്പെടുക? ഈ സ്റ്റേഷനുകളിലൂടെ എങ്ങനെയാണ് സുരക്ഷിതരായി കടന്നു പോകാനാവുക?'
ഞാന്‍: 'സല്‍ക്കര്‍മങ്ങളില്‍ നിരതനാവുക. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളാവണം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത്. നമ്മുടെ വ്യവഹാരങ്ങള്‍, വ്യാപാരം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി സര്‍വ മേഖലകളിലും ദൈവാജ്ഞകള്‍ പാലിക്കുക, നിരോധങ്ങള്‍ വര്‍ജിക്കുക.'
അയാള്‍: 'ഇത് പ്രധാന വിഷയം തന്നെ. നാം മദ്‌റസകളില്‍ ഇങ്ങനെ പഠിച്ചിട്ടില്ല. മാതാപിതാക്കള്‍ ഇവയൊന്നും വിവരിച്ചു തന്നിട്ടുമില്ല. ആകെ നമുക്കറിയാവുന്നത്, മരണാനന്തരം മനുഷ്യനെ അല്ലാഹു വിചാരണ ചെയ്യും. സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുമെന്നുമാണ്.'
ഞാന്‍: 'തീര്‍ച്ചയായും നിങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ ഇവ വിശദീകരിച്ചു പറയണം. അവര്‍ അവരുടെ ഭാവിജീവിതം പ്ലാന്‍ ചെയ്യട്ടെ. ഓരോരുത്തരും ഭൗതിക ജീവിതത്തിന്റെ തിരക്കിലാണ്. ചില പ്രത്യേക സന്ദര്‍ഭത്തിലേ പരലോകത്തെക്കുറിച്ച് ഓര്‍ക്കുകയുള്ളൂ. ഒരു ആപ്ത വാക്യമുണ്ട്: ''ജനങ്ങള്‍ ഉറങ്ങുകയാണ്, മരണത്തോടെ മാത്രമേ അവര്‍ ഉണരുകയുള്ളൂ.''
ഭൗതിക ജീവിതം നല്ല നിലയില്‍ ക്രമീകരിക്കുകയും പരലോക ജീവിതം വിസ്മരിക്കാതിരിക്കുകയും ചെയ്യുകയാണ് സൗഭാഗ്യ രഹസ്യം.
''എന്നാല്‍ ഭാഗ്യം സിദ്ധിച്ചവരോ, അവര്‍ പോകുന്നത് സ്വര്‍ഗത്തിലേക്കാകുന്നു. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവര്‍ അതില്‍ നിത്യവാസികളാകുന്നു- നിന്റെ റബ്ബ് മറിച്ച് വിചാരിച്ചാലല്ലാതെ അവര്‍ക്ക് വിഘ്നമില്ലാതെ അനുഗ്രഹങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കും.'' (ഹൂദ് 108).
ഇതാണ് യഥാര്‍ഥ ജീവിതവും യഥാര്‍ഥ സൗഭാഗ്യവും. മനുഷ്യന്റെ വ്യഥകളെ ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ വരച്ചുകാട്ടുന്നത് ഇങ്ങനെ: 'ജീവിതത്തിലെ മുഖ്യ ചിന്ത അല്ലാഹു ആയാല്‍ സംഭവിക്കുന്നത്: അയാളുടെ ആവശ്യങ്ങളെല്ലാം അല്ലാഹു ഏറ്റെടുക്കും. അയാളുടെ മനസ്സിനെ മഥിക്കുന്ന ചിന്തകള്‍ക്കെല്ലാം അവന്‍ പരിഹാരമുണ്ടാക്കും. തന്നെ സ്നേഹിക്കാന്‍ ആ ഹൃദയത്തെ പ്രാപ്തമാക്കും. തന്നെ ഓര്‍ക്കാനും പറയാനും നാവിനെയും കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ അവയവങ്ങളെയും ശക്തമാക്കും. ഇനി ഭൗതിക ജീവിതവും ഇഹലോകവുമാണ് മുഖ്യവിചാരമെങ്കില്‍ ഈ അനുഗ്രഹങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഹതഭാഗ്യനായിത്തീരും അയാള്‍.
വിവ: ജെ