ഈ ഇരിക്കുന്നത് നഈമുബ്‌നു മസ്ഊദ്. ഗത്വ്ഫാന്‍ ഗോത്രക്കാരന്‍. ഖന്‍ദഖ്/അഹ്‌സാബ് യുദ്ധത്തിന് കോപ്പു കൂട്ടുന്ന സമയം... മൂപ്പര്‍ ആരുമറിയാതെ ഇസ്‌ലാം സ്വീകരിച്ചു. അഹ്‌സാബ് നേതാക്കള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു നഈം. അദ്ദേഹത്തിന്റെ അടവുകള്‍ക്ക് മുമ്പില്‍ ആ മഹാസഖ്യസേന ശിഥിലമായി. അതവിടിരിക്കട്ടെ... നഈമിന്റെ കൂടെയിരിക്കുന്നവര്‍ ആരൊക്കെയെന്ന് നോക്കാം. ഉമറുബ്‌നുല്‍ ഖത്ത്വാബ്, പേര്‍ഷ്യക്കാരനായ സല്‍മാന്‍, നബിപുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ ആസ്വ് ഇബ്‌നു റബീഅ്. അവര്‍ കഴിഞ്ഞ സംഭവങ്ങള്‍ അയവിറക്കുകയാണ്... ജൂതനേതാവ് ഹുയയ്യുബ്‌നു അഖ്തബ് നടത്തിയിരുന്ന കുടില നീക്കങ്ങളെപ്പറ്റി സംസാരിക്കുകയാണ്. ഹുയയ്യിന് കിട്ടേണ്ടത് കിട്ടി. പിന്നെ നഈമുബ്‌നു മസ്ഊദിനെപ്പറ്റിയായി വര്‍ത്തമാനം. മദീനയെ പിച്ചിച്ചീന്താനെത്തിയ ആ മഹാസൈന്യത്തിനകത്ത് എത്ര തന്ത്രപരമായാണ് അദ്ദേഹം വിള്ളല്‍ വീഴ്ത്തിയത്. സഖ്യത്തിലെ വിവിധ കക്ഷികള്‍ക്കിടയില്‍ പരസ്പര സംശയത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ കാലുമാറിയ ഖുറൈളക്കാരെ വെറുതെ വിടാനാകുമായിരുന്നില്ല. ഇനിയും ഭീഷണികള്‍ ഉയരാന്‍ സാധ്യതയുള്ളത് ഖുറൈശികളില്‍നിന്നും ഖൈബറിലെ ജൂതന്മാരില്‍നിന്നുമാണ്. കുത്തിത്തിരിപ്പുകളുടെയും ഗൂഢാലോചനകളുടെയും കൊടുങ്കാറ്റ് ഇനിയും ആ രണ്ട് കേന്ദ്രങ്ങളില്‍നിന്നും അടിച്ചുവീശാനിടയുണ്ട്.
ഒരു പ്രശ്‌നമുണ്ട്... സുഹൃത്തുക്കളുടെ ഈ സംസാരത്തിനിടയില്‍ 'മക്ക' എന്ന് ആരെങ്കിലും പറഞ്ഞു പോയാല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് വികാരതരളിതനായി പോകുന്നു. പക്ഷേ, തള്ളിത്തള്ളി വരുന്ന ആ വൈകാരികത കടിച്ചുപിടിക്കാനും മറച്ചു വെക്കാനും ഉമറിനറിയാം. കാരണം, 'മക്ക'ക്ക് നല്ലൊരു പകരമാണ് ഇപ്പോള്‍ ജീവിക്കുന്ന 'മദീന' എന്ന് ഉമറിന് നല്ല ബോധ്യമുണ്ട്. മദീനയില്‍ വെച്ചാണല്ലോ നബിക്ക് അന്‍സ്വാറുകളെയും മറ്റു നല്ല കൂട്ടാളികളെയും കിട്ടിയത്. ദൈവവചനങ്ങള്‍ക്ക് ഉയര്‍ന്ന് പരിലസിക്കാന്‍ അവസരമേകിയ നാട്... ഇപ്പോള്‍ ആ സത്യസന്ദേശം ദിഗന്തങ്ങളില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ശരിയാണ്, സ്വദേശം എന്ന് പറഞ്ഞാല്‍ കേവലം ഭൂമിയല്ല. ആ ഭൂമിക്ക് മീതെ സഞ്ചരിക്കേണ്ട തത്ത്വങ്ങളും കൂടിയാണ്. ആ തത്ത്വങ്ങള്‍ വിജയിക്കണം... യാഥാര്‍ഥ്യമായി പുലരണം.
നോക്കൂ, മദീനാ നിവാസികള്‍! അവര്‍... വിലപ്പെട്ടതില്‍ വിലപ്പെട്ടതായ സ്വന്തം ജീവന്‍ പോലും സത്യമാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ തയാറായി വന്നവര്‍. എന്തു വിലകൊടുത്തും പ്രവാചകനെ സഹായിക്കുന്നവര്‍- ഈ ദര്‍ശനത്തിന് അതിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ഭൂപ്രദേശം വേണമായിരുന്നു. അതാണ് മദീന; വിശുദ്ധ ഭൂമി. മുഹാജിറുകള്‍ക്ക് അഭയം നല്‍കി പുനരധിവസിപ്പിച്ച നാട്. ബദ്‌റില്‍ ജയിക്കാനും ഉഹുദിനെ മറികടക്കാനും പ്രാപ്തി നല്‍കിയ നാട്. ജൂതഗോത്രങ്ങളുടെയും കപട വിശ്വാസികളുടെയും കുതന്ത്രങ്ങള്‍ പൊളിച്ചടുക്കുക മാത്രമല്ല, ഇപ്പോഴിതാ അഹ്‌സാബ് മഹാസഖ്യത്തെ ശിഥിലമാക്കുകയും ചെയ്തിരിക്കുന്നു. മദീനത്തെ ഈ പുണ്യഭൂമിയില്‍ എന്തെല്ലാം എന്തെല്ലാം മഹത് സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു. എന്നാലും മക്ക എന്ന് കേള്‍ക്കുമ്പോള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് പറഞ്ഞുപോകും:
''ഞാന്‍ എന്ത് മാത്രം കൊതിക്കുന്നു ആ മക്കയെ.''
സല്‍മാനുല്‍ ഫാരിസിക്ക് അതിശയമടക്കാനായില്ല.
''ഉമറേ, മക്ക!... അതു തന്നെയാണോ താങ്കള്‍ പറഞ്ഞത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല!''
ഉമര്‍ ശരിക്കും വികാരാധീനനായി.
''പരിസരങ്ങള്‍ വരെ അല്ലാഹു അനുഗൃഹീതമാക്കിയ നാട്. അവിടയല്ലേ ബൈത്തുല്‍ ഹറാം...''
സല്‍മാന്‍ ഇടയില്‍ കയറി: 'പക്ഷേ ഉമര്‍, അവിടത്തുകാരല്ലേ പ്രവാചകനെയും ആദ്യകാല വിശ്വാസികളെയും ഈ വിധം ദ്രോഹിച്ചത്? നബിയെ കൊല്ലാന്‍ വരെ ഗൂഢപദ്ധതികളൊരുക്കിയത്? സകല ഗൂഢാലോചനക്കാര്‍ക്കും വിദ്വേഷപ്രചാരകര്‍ക്കും മക്കക്കാര്‍ തങ്ങളുടെ വീടുകളില്‍ താവളമൊരുക്കി...''
ഉമര്‍ അപ്പോഴും വികാരഭരിതനായ അവസ്ഥയില്‍ തന്നെയായിരുന്നു.
''മക്ക... ഓര്‍മകളുടെ ബന്ധുജനങ്ങളുടെ, പ്രതീക്ഷയുടെ ഭൂമി....''
''ഉമറേ, പ്രതീക്ഷയുടെ ഭൂമിയോ?''
''അതെ സല്‍മാന്‍, പ്രതീക്ഷയുടെ പുണ്യഭൂമി.
അല്ലാഹു നിശ്ചയിക്കുന്ന ഒരു സമയം വരും. അന്ന് മക്കക്കാര്‍ ഈ സത്യപ്രകാശം അവരുടെ ഹൃദയങ്ങളില്‍ സ്വീകരിക്കും. ആ ഭൂമിയില്‍ ഇസ്‌ലാമിന്റെ കൊടി ഉയര്‍ന്നു പറക്കും. ആ പുണ്യഭൂമിയുടെയും വിശുദ്ധ കഅ്ബയുടെയും സ്മരണകളിലേക്കല്ലേ ഖുര്‍ആന്‍ നമ്മെ പേര്‍ത്തും പേര്‍ത്തും കൂട്ടിക്കൊണ്ടു പോകുന്നത്. സല്‍മാന്‍, ഞാന്‍ പലപ്പോഴും ഭാവനയില്‍ കാണാറുണ്ട്... സമാധാന ചിത്തരായി നിങ്ങള്‍ വന്നുകൊള്ളൂ എന്ന് മക്ക നമ്മെ മാടിവിളിക്കുന്നതായി. നമുക്ക് ഹജ്ജ് നിര്‍വഹിക്കണമെങ്കിലും അവിടെത്തന്നെ പോകണം. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, സല്‍മാന്‍... ഞാന്‍ വളരെ പ്രതീക്ഷയിലാണ്. അതിനാല്‍ മദീനയോളം എനിക്ക് പ്രിയപ്പെട്ടതാണ് മക്കയും.''
ഈ സംഭാഷണം നടക്കുന്നത് നബിയുടെ മരുമകന്‍ അബുല്‍ ആസ്വിന്റെ വീട്ടില്‍ വെച്ചാണ്. അയാളും ഉമറിനെ പിന്തുണച്ചു.
''ഉമര്‍ പറയുന്നതിലാണ് കാര്യം എന്ന് എന്റെ ഹൃദയം എന്നോട് പറയുന്നു. ഈ മാതിരിയുള്ള ചില സംസാരങ്ങള്‍ ഞാന്‍ പ്രവാചകനില്‍നിന്ന് കേട്ടിട്ടുണ്ട്. അഭയാര്‍ഥികളായി ഇവിടെ എത്തിയവര്‍ക്ക് മക്കയിലെ തങ്ങളുടെ ബന്ധുമിത്രാദികളെ കാണാന്‍ എന്തൊരു തിടുക്കമുണ്ടാവും. തങ്ങളുടെ കുട്ടിക്കാലം ഓടിക്കളിച്ച മക്കയുടെ പ്രാന്തങ്ങളില്‍ വീണ്ടും ചെന്ന് നില്‍ക്കാന്‍ അവര്‍ക്ക് കൊതിയുണ്ടാവില്ലേ? തുടക്കത്തില്‍ ഈ ആഗ്രഹങ്ങളൊക്കെ വ്യര്‍ഥമാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. വിജയങ്ങള്‍ നമ്മുടെ വഴിക്ക് വരികയാണ്. മഹാസഖ്യസേന/അഹ്‌സാബ് പോലും നമ്മുടെ മുമ്പില്‍ തോറ്റോടിയിരിക്കുന്നു. ഖുറൈളക്കാരും മുനാഫിഖുകളും അവരുടെ മാളങ്ങളില്‍ ഓടിയൊളിച്ചിരിക്കുന്നു. അതെ, ഒരു തിരിച്ചു പോക്ക് ധീരതയോടെ അവര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു.''
പിന്നെ സംസാരിച്ചത് നഈമുബ്‌നു മസ്ഊദാണ്.
''അബൂസുഫ്‌യാനെപ്പോലുള്ളവര്‍ കരുതുന്നത്, ബൈതുല്‍ ഹറമിന്റെ / പവിത്ര ഭവനത്തിന്റെ ആളുകള്‍ തങ്ങളാണെന്നാണ്. പക്ഷേ, അത് ബൈത്തുല്ലാ/ ദൈവഭവനമാണെന്ന കാര്യം അവര്‍ മറക്കുന്നു. അവരിലെ ഏത് കൊമ്പനായിക്കൊള്ളട്ടെ, അയാള്‍ക്ക് പറയാന്‍ പറ്റുമോ ഇത് തന്റെ തറവാട് സ്വത്താണെന്ന്?''
മക്കയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അബുല്‍ ആസ്വ് പറഞ്ഞു തുടങ്ങി: 'അബൂസുഫ്‌യാന്റെയും അയാളെപ്പോലുള്ളവരുടെയും ന്യായങ്ങള്‍ മക്കയിലെ പൊതുജനം തള്ളാന്‍ തുടങ്ങിയിട്ടുണ്ട്. കഅ്ബയില്‍ വന്ന് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ അറബിക്കും അവകാശമില്ലേ എന്നാണവര്‍ ചോദിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ രീതിയില്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാം. മുമ്പ് കാലത്ത് അങ്ങനെയായിരുന്നല്ലോ.''
ഉമര്‍ അല്‍പ്പം പരിഹാസത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്:
''അബൂസുഫ്‌യാനും കൂട്ടരും എല്ലാ അറബ് മതങ്ങളെയും അംഗീകരിക്കും. ഇസ്‌ലാമിനെ അംഗീകരിക്കില്ല. അതിനാല്‍, മുസ്‌ലിംകള്‍ക്ക് കഅ്ബ സന്ദര്‍ശിക്കാന്‍ അര്‍ഹതയില്ല എന്നും വാദിക്കുന്നു.''
നഈമുബ്‌നു മസ്ഊദ് കുറെക്കൂടി വ്യക്തത വരുത്തി:
''നോക്കൂ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ പറയാം. അബൂസുഫ്‌യാനെപ്പോലുള്ളവരുമായി എനിക്കുണ്ടായിരുന്ന അടുത്ത ബന്ധം നിങ്ങള്‍ക്കറിയാമല്ലോ. നേതാക്കളുടെ രഹസ്യയോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് പോലും എനിക്കറിയാമായിരുന്നു. ഖുറൈശി പ്രമാണിമാരെക്കൊണ്ട് മക്കയിലെ സാധാരണ ജനം വലഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. അവരുടെ സഹോദരന്മാരോ പിതാക്കളോ മക്കളോ ഒക്കെ അഭയാര്‍ഥികളായി നിങ്ങളുടെ കൂടെയുണ്ടല്ലോ. ആ വിരഹദുഃഖം അവരെ അലട്ടുന്നു. മാത്രവുമല്ല, വിശ്വാസ സ്വാതന്ത്ര്യത്തിന് പേരുകേട്ടതായിരുന്നല്ലോ മക്ക. അവിടെ മൂസായുടെയും ഈസായുടെയും അനുയായികളുണ്ടായിരുന്നു.... വിഗ്രഹാരാധകരുണ്ടായിരുന്നു.... മുഹമ്മദ് നബി വന്നപ്പോള്‍ മാത്രമാണ് പ്രമാണിമാര്‍ ഈ പാരമ്പര്യം കൈയൊഴിച്ചത്. ഇതിലൊക്കെയുള്ള ജനങ്ങളുടെ അസ്വസ്ഥത അബൂസുഫ്‌യാനെതിരെയുള്ള കലാപമായി മാറിയേക്കാം. കുറെപേരെങ്കിലും രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.''
ഉമര്‍ ഉന്മേഷവാനായി.
''യാഥാര്‍ഥ്യത്തിന്റെ കരളില്‍ ചെന്നാണ് നിങ്ങള്‍ തൊട്ടത്. നിങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സംശയിക്കപ്പെടുന്നവനല്ല.''
''നിങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സംശയിക്കപ്പെടുന്നവനല്ല!'... കേട്ടപ്പോള്‍ എല്ലാവരും മനസ്സറിഞ്ഞ് പൊട്ടിച്ചിരിച്ചു. അഹ്‌സാബ് യുദ്ധകാലത്ത് നഈം ശത്രുപടയുടെ ഒപ്പമാണുണ്ടായിരുന്നത്. അവരുടെ നേതാക്കള്‍ക്ക് അദ്ദേഹം ഏറെ സ്വീകാര്യനുമായിരുന്നു. ആയിടക്കാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ആ വിവരം മറച്ചുവെക്കുകയും ചെയ്തു. നബിയുടെ അനുമതിയോടെ ഈ മഹാസഖ്യത്തെ ഉള്ളില്‍നിന്ന് പൊളിക്കുക എന്ന ദൗത്യമാണ് നഈം ഏറ്റെടുത്തത്. അവരെ പറഞ്ഞ് തെറ്റിക്കുന്നതിനായി ജൂത, ഖുറൈശി, ഗത്വ്ഫാന്‍ ഗോത്രനേതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ നഈമില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് അവര്‍ പറയാറുണ്ടായിരുന്ന വാക്കാണ്-
''നീ ഞങ്ങള്‍ക്കിടയില്‍ സംശയിക്കപ്പെടുന്നവനല്ല!''
നഈമും ചിരിച്ചു.
'പിന്നെ ഞാനെന്താണ് ചെയ്യേണ്ടിയിരുന്നത്? യുദ്ധം എന്നു പറഞ്ഞാല്‍ തന്ത്രവും ചതിപ്രയോഗവുമൊക്കെയാണ്. നമ്മുടെ നാട് കീഴ്‌മേല്‍ മറിക്കാന്‍ വന്ന ആ അഹ്‌സാബീ സംഘങ്ങളുടെ തോന്ന്യാസങ്ങള്‍ക്ക് ഞാന്‍ കൂട്ടുനില്‍ക്കണമായിരുന്നോ?''
അല്‍പ്പനേരം ആരുമൊന്നും മിണ്ടിയില്ല. അബുല്‍ ആസ്വാണ് ചര്‍ച്ച പുനരാരംഭിച്ചത്:
''ഒരു വിപ്ലവത്തിന്റെയും അട്ടിമറിയുടെയും വക്കിലാണ് മക്ക എന്നാണ് എനിക്ക് തോന്നുന്നത്. മക്കയെ നയിക്കുന്ന പ്രമാണിമാര്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളല്ലാതെ മറ്റൊന്നും വിഷയമല്ല. മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യബോധവും അവര്‍ നല്‍കുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. അവരുടെ കുഴക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അവിടത്തെ ഭരണവ്യവസ്ഥ തകര്‍ന്നിരിക്കുന്നു. പ്രമാണിമാര്‍ സൈന്യത്തെ ഒരുക്കുന്നത് ഒന്നുകില്‍ സ്വന്തം കച്ചവടച്ചരക്കുകള്‍ സംരക്ഷിക്കാന്‍... അല്ലെങ്കില്‍ പ്രതികാരം ചെയ്യാന്‍, അതുമല്ലെങ്കില്‍ അസൂയ മൂത്ത്.... ആ മനുഷ്യര്‍ക്ക് ഒരു ജീവിത സന്ദേശം, ചിന്താപരവും ആധ്യാത്മികവുമായ പാഥേയം പകര്‍ന്നുനല്‍കാന്‍ റസൂലിന് കഴിഞ്ഞിരിക്കുന്നു. നീതിപൂര്‍ണമായ ഒരു നിയമ വ്യവസ്ഥക്ക് വേണ്ടി പോരാടാന്‍ അവരെ പ്രചോദിപ്പിക്കുന്നുണ്ട് റസൂലിന്റെ സന്ദേശം.''
നഈം തലയാട്ടി ഈ അഭിപ്രായത്തെ അംഗീകരിച്ചു: ''ശരിയാണ് അബുല്‍ ആസ്വ്, താങ്കള്‍ പറഞ്ഞത്. ഞാന്‍ ഇസ്‌ലാമിനെതിരെ ഒരുപാട് യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. ജൂത-ഖുറൈശി നേതാക്കളുമായി കൂടിയിരുന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ പറയുന്നതൊന്നും എനിക്ക് ബോധിക്കുന്നുണ്ടായിരുന്നില്ല.
ഉടന്‍ വന്നു സല്‍മാനുല്‍ ഫാരിസിയുടെ കമന്റ്:
''താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ സംശയിക്കപ്പെടുന്നവനല്ല.''
തമാശകേട്ട് അവര്‍ രണ്ടാമതും ചിരിച്ചു. നഈമും പങ്ക് ചേര്‍ന്നു. പിന്നെ ഗൗരവത്തില്‍ കൂട്ടിച്ചേര്‍ത്തു: ''നമുക്ക് ഒന്നിനും ഒരു അന്തഃപ്രേരണ ഉണ്ടായിരുന്നില്ല. നമ്മുടെ ഹൃദയത്തിലും ആത്മാവിലും ചിന്തയിലും നിറക്കാന്‍ ശക്തമായ ഒരു ദര്‍ശനം ഉണ്ടായിരുന്നില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍, എന്നെപ്പോലുള്ളവര്‍, നമുക്കൊരു കൊതിയും ആഗ്രഹവും തോന്നാത്ത ഭക്ഷണത്തിന് മുമ്പില്‍ ഇരിക്കുന്നവരെപ്പോലെയാണ്. മുമ്പിലുള്ളത് കണ്ണുമടച്ച് വെട്ടിവിഴുങ്ങുന്നു. അത് പിന്നെ ശരീരത്തിന് തന്നെ വലിയ എടങ്ങേറുണ്ടാക്കുന്നു.''
അപ്പോഴേക്കും സല്‍മാന്റെ പ്രതിഷേധ സ്വരമുയര്‍ന്നു: ''എങ്കില്‍ പിന്നെ ഈ ദുഷിച്ച മാറാപ്പുകെട്ട് നിങ്ങളൊക്കെ എന്തുകൊണ്ട് ആദ്യമേ വലിച്ചെറിഞ്ഞില്ല?''
നഈം ഉമറിനെയും അബുല്‍ ആസ്വിനെയും മാറി മാറി നോക്കി...
''ഉമര്‍, അബുല്‍ ആസ്വ്, നിന്റെ ആദ്യം മറുപടി പറയൂ, സല്‍മാന്റെ ചോദ്യത്തിന്.''
ഉമര്‍ തുടങ്ങി:
''സ്വദേശം, ഭരണം ഇത്‌പോലുള്ള ഒരുപാട് സുപ്രധാന കാര്യങ്ങള്‍ ആലോചിച്ച് ഞാന്‍ നിശ്ശബ്ദം നില്‍ക്കാറുണ്ടായിരുന്നു, ജാഹിലിയ്യാ കാലത്ത്...''
സല്‍മാന്‍ ഇടപെട്ടു:
''നിങ്ങള്‍ നിശ്ശബ്ദനായി നില്‍ക്കുകയായിരുന്നില്ലല്ലോ ഉമര്‍, ഇസ്‌ലാം വിശ്വസിച്ചവരെ പീഡിപ്പിക്കുകയായിരുന്നില്ലേ?''
ഉമര്‍ അരുതേ എന്ന് ആംഗ്യം കാണിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് വിഷാദഛവി പടരുന്നുണ്ടായിരുന്നു.
''സല്‍മാന്‍, ആ നാശംപിടിച്ച ദിനങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരിക്കൂ. യഥാര്‍ഥത്തില്‍ എന്റെ മനസ്സ് നിറയെ പലതരം സംഘര്‍ഷങ്ങളായിരുന്നു. സംശയങ്ങളായിരുന്നു. അതെന്റെ ഉറക്കവും സ്വസ്ഥതയും കെടുത്തി. നാഡിഞരമ്പുകള്‍ പൊട്ടുമാറ് വലിഞ്ഞു മുറുകി. പക്ഷേ, ഏറെക്കഴിയും മുമ്പ് വിശ്വാസികളുടെ യാത്രാ സംഘത്തോടൊപ്പം ചെന്ന് ചേരാന്‍ എനിക്ക് ഉതവി ലഭിച്ചല്ലോ....''
സല്‍മാന്‍ അബുല്‍ ആസ്വിന് നേരെ തിരിഞ്ഞു:
''താങ്കളോ?''
''ഈ യാത്രാസംഘത്തില്‍ എന്തുകൊണ്ട് ആദ്യം എത്തിപ്പെട്ടില്ല എന്നല്ല ചോദ്യം. എന്റെ പോഴത്തം എന്ന് പറഞ്ഞാല്‍ മതി. ഒരുതരം അഹന്ത എന്റെ വഴിമുടക്കി നിന്നു. പിന്നെ ഇസ്‌ലാം വേണമെന്ന് തോന്നിയപ്പോഴോ, കൊടുത്തു വീട്ടാന്‍ ഒരുപാട് കടങ്ങള്‍ ബാക്കിയുണ്ട്. റസൂലിന്റെ മരുമകന്‍ ഞങ്ങളുടെ പണവുമായി ഒളിച്ചോടി എന്ന് ആളുകള്‍ പറയില്ലേ?..... സത്യം പറഞ്ഞാല്‍ എന്റെ ഭാര്യ സൈനബ് ക്ഷമയുടെയും ആത്മാര്‍ഥതയുടെയും സ്വയം സമര്‍പ്പണത്തിന്റെയും വിശിഷ്ട മാതൃക കാണിച്ചതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.''
സല്‍മാന്‍ പറഞ്ഞു:
''നുബുവ്വത്തില്‍നിന്ന് കൊളുത്തിയെടുത്ത പ്രകാശമാണല്ലോ താങ്കളുടെ വീട്ടിനകത്ത്.''
ഇനി സല്‍മാന്റെ ഊഴമാണ്. ഈമാനിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം ആ മുഖത്ത് ഒളിമിന്നി:
''ഞാന്‍ സല്‍മാന്‍, എന്നെപ്പറ്റി പറയാം. സത്യം അന്വേഷിച്ചറിയാനുള്ള വല്ലാത്ത ആഗ്രഹമായിരുന്നു എനിക്ക് ചെറുപ്പം മുതലേ. അങ്ങനെ ജന്മനാടായ പേര്‍ഷ്യ വിട്ടു. ദിവ്യപ്രകാശം തേടി പലനാടുകളിലൂടെ അലഞ്ഞു നടന്നു. എന്നോടാരോ പറഞ്ഞിട്ടുണ്ടായിരുന്നു, ഒരു നബി വരാനുള്ള കാലമായിട്ടുണ്ടെന്ന്. അദ്ദേഹത്തിന്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം വരാനിടയുള്ള നാടിനെക്കുറിച്ചും സംസാരം നടക്കുന്നുണ്ടായിരുന്നു. പിന്നെ ഭൂമി അരിച്ച് പെറുക്കാനുള്ള നടത്തമായി എന്റെത്. എന്തൊരു ആസ്വാദ്യകരമായ അന്വേഷണ യാത്ര. അന്വേഷിച്ചങ്ങനെ പോകുമ്പോള്‍ ആളുകള്‍ വെള്ളപ്പാത്രം നീട്ടും. ഞാന്‍ പറയും. വെള്ളപ്പാത്രം തിരിച്ചെടുക്കൂ. ഇതുകൊണ്ടൊന്നും എന്റെ ദാഹം ശമിക്കില്ല. സത്രത്തിലെ സുഹൃത്തുക്കളേ, നിങ്ങളുടെ സംസാരത്തിലൊന്നും എനിക്കൊരു താല്‍പര്യവും തോന്നുന്നില്ല. എനിക്ക് വഴിഭക്ഷണം പൊതിഞ്ഞ് തരുന്നവരേ, ഭക്ഷണത്തോട് ഞാന്‍ എപ്പൊഴേ വിരക്തനായിക്കഴിഞ്ഞു. തത്ത്വചിന്ത വിളമ്പുന്നവരോടും എനിക്ക് ചിലത് പറയാനുണ്ട്. ആ തത്ത്വചിന്ത പേര്‍ഷ്യനാകട്ടെ, ഇന്ത്യനാകട്ടെ, മറ്റു ആത്മീയ ധാരകളുടേതാകട്ടെ, അതൊന്നും എന്റെ ആത്മാവിന്റെ വിശപ്പ് മാറ്റുന്നില്ല; എന്റെ ഹൃദയം നിറക്കുന്നില്ല. കവികളേ, നിങ്ങളുടെ കവിതകളും രാഗങ്ങളും കേട്ട് എനിക്ക് മടുത്തു. യുദ്ധത്തിലെ പടയാളികളേ, നിങ്ങള്‍ വെട്ടുന്നു, ചോരയൊഴുക്കുന്നു; യാതൊരു മഹദ് ലക്ഷ്യങ്ങളുമില്ലാതെ. ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരേ, കാലം കണ്ട തത്ത്വജ്ഞാനികളേ, നിങ്ങളുടെ പക്കലൊന്നും ഞാന്‍ അന്വേഷിക്കുന്നത് ഇല്ല. ഞാന്‍ ദിവ്യപ്രകാശമാണ് അന്വേഷിക്കുന്നത്.
കാലഘട്ടത്തിന്റെ ദൈവദൂതനെയാണ് തേടുന്നത്. ആ ഘട്ടത്തിലാണ്, സഹോദരങ്ങളേ, നബിയുമായുള്ള എന്റെ അത്ഭുതകരമായ സമാഗമം. ആ മുഖത്തേക്ക് ഞാനൊന്ന് നോക്കിയതേയുള്ളൂ, എന്റെ ആത്മാവില്‍ കാറ്റും കോളുമടങ്ങി. അസാധാരണമായ ഒരു പ്രശാന്തത എന്നെ പൊതിഞ്ഞു. ആ വാക്കുകള്‍ക്ക് ഞാന്‍ ചെവികൊടുത്തു. തത്ത്വജ്ഞാനികളും ജ്യോത്സ്യന്മാരും കവികളും കെട്ടിപ്പൊക്കിയ സകല വ്യാജങ്ങളെയും അത് കടപുഴക്കിയെറിഞ്ഞു. ഇല്ല സുഹൃത്തുക്കളേ, ഈ മാര്‍ഗത്തിലേക്ക് കടന്നുവരാന്‍ പഴയ പാരമ്പര്യങ്ങളൊന്നും എനിക്ക് തടസ്സമായില്ല. വ്യാജ അഹന്തകളും ഈ പ്രകാശം കടന്നുവരുന്നതിന് കടമ്പ തീര്‍ത്തില്ല. മുഹമ്മദിനെ കാണുന്നതിന് മുമ്പ് തന്നെ ഈ വിഗ്രഹങ്ങളെയൊക്കെയും ഞാന്‍ തച്ചുടച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ നല്‍കി.''
ഉമറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അദ്ദേഹം ഓര്‍മിച്ചു: ''നബിതിരുമേനി പറഞ്ഞത് എത്ര ശരി; സല്‍മാന്‍ നമ്മുടെ തന്നെ വീട്ടില്‍ തന്നെയുള്ളവനാണ്.''
എല്ലാവരും സല്‍മാനെ തന്നെ ഉറ്റുനോക്കുന്നുായിരുന്നു. വിശ്വാസിയുടെ സ്വഛന്ദമായ ആ ആശയലോകത്ത് അവരും പാറിപ്പറന്നു. മിഥ്യകള്‍ തട്ടിമാറ്റുന്നതും തേടിയുള്ള ആ യാത്ര എത്ര ശ്രേഷ്ഠകരമാണ്! നഈം അപ്പോള്‍ ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു:
''വളരെ വിചിത്രം തന്നെ. അങ്ങ് പേര്‍ഷ്യയിലുള്ള ഒരാള്‍, തനിക്ക് മുമ്പ് യാതൊരു പരിചയവുമില്ലാത്ത നബിയെ തേടി ഇങ്ങോട്ട് വരുന്നു. ഇവിടെ നബിയുടെ തന്നെ പിതൃസഹോദരന്‍മാരിലൊരാള്‍ അദ്ദേഹത്തിനെതിരെ സകല ഗൂഢതന്ത്രങ്ങളും മെനയുന്നു, കൊല്ലാന്‍ നോക്കുന്നു... കൂടപ്പിറപ്പാണല്ലോ. അയാള്‍ക്കറിയാം, നബി കുട്ടിക്കാലം മുതല്‍ക്കേ സത്യസന്ധനും കരാര്‍ പാലിക്കുന്നവനും ശുദ്ധ ഹൃദയനും ഒക്കെയാണെന്ന്. എന്നിട്ടും....''
പിന്നെയും ചര്‍ച്ച മക്കയെക്കുറിച്ചായി. ഹജ്ജും കഅ്ബയിലെ ത്വവാഫുമൊക്കെയായി വിഷയം നീണ്ടു പോയി. മുഹാജിറുകളായി വന്നവര്‍ മക്കയിലെ ബൈത്തുല്‍ ഹറാമിനെക്കുറിച്ച്, സ്വന്തം ഉടപ്പിറപ്പുകളെക്കുറിച്ച് എന്തെല്ലാം ഓര്‍മകളുമായാണ് ഇവിടെ മദീനയില്‍ കഴിയുന്നത്! കഴിഞ്ഞ ദിവസം നമസ്‌കാരത്തിന് പള്ളിയില്‍ ചെന്നപ്പോള്‍ റസൂല്‍ തിരുമേനി താന്‍ കണ്ട സത്യസന്ധമായ ഒരു സ്വപ്‌നത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നു. ആരെയും പേടിക്കാതെ വളരെ നിര്‍ഭയരായി മുസ്‌ലിംകള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതും തലമുടി വടിച്ച് കളയുന്നതുമൊക്കെയാണ് സ്വപ്‌നം. പള്ളിയില്‍ കൂടിയിരുന്നവര്‍ തക്ബീറോടും തഹ്‌മീദോടും കൂടിയാണ് ഈ സന്തോഷവാര്‍ത്ത എതിരേറ്റത്. അവരുടെ മുഖങ്ങളില്‍ ആഹ്ലാദവും സന്തോഷവും നിറഞ്ഞു. റസൂലിന്റെ വാക്കാണ്; വാഗ്ദാനമാണ്. അതില്‍ സംശയിക്കേണ്ട കാര്യമേയില്ല. ആ മക്കാ പ്രവേശം, മനസ്സുകളെ പിടിച്ചു കുലുക്കുക തന്നെ ചെയ്യും.
ആ ദിവസം നമസ്‌കാരത്തിന് അബ്ദുല്ലാഹിബ്‌നു ഉബയ്യും ഉണ്ടായിരുന്നു. നഈമിന്റെ അടുത്താണ് അയാള്‍ ഇരുന്നിരുന്നത്. കപടന്മാരുടെ ഈ നേതാവ് അന്നേരം അരിശത്തോടെ ഇങ്ങനെ ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു: ''ഇത് തനി ഭ്രാന്ത് തന്നെ. മക്കയുടെ കവാടം അബൂസുഫ്‌യാന്‍ തനിക്ക് വേണ്ടി തുറന്നിടുമെന്നാണോ മുഹമ്മദ് കരുതുന്നത്? ഒരു സ്വപ്‌നം ഇത്ര കാര്യഗൗരവത്തിലെടുക്കുന്ന ഈ മുസ് ലിംകളുടെ കാര്യം കഷ്ടം തന്നെ! മക്ക പിടിച്ചടക്കാമെന്നാണോ ഇവരുടെ വിചാരം? അബൂസുഫ്‌യാന്റെയും ഇക്‌രിമയുടെയും ഖാലിദുബ്‌നുല്‍ വലീദിന്റെയും വാളുകളില്ലേ അവിടെ?
ഈ നീക്കം മുഹമ്മദിന്റെ മിഥ്യാഭ്രമങ്ങളുടെ അവസാനം തന്നെയാവും. അഹ്‌സാബ് യുദ്ധത്തില്‍ സഖ്യസേനകള്‍ പിന്‍വാങ്ങിയത് ഇവര്‍ തങ്ങളുടെ വലിയ വിജയമായി കൊണ്ടാടുകയാണ്. യഥാര്‍ഥത്തില്‍ യുദ്ധതന്ത്രത്തില്‍ വന്ന പിഴവ്‌കൊണ്ട് വന്ന തോല്‍വി മാത്രമാണത്. ബനൂഖുറൈളാ ഗോത്രത്തിന് വന്നുഭവിച്ചതാവട്ടെ, അവരുടെ ദുര്‍വിധിയും. അത്രയേ ഉള്ളൂ.''
പിന്നെ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നഈമിന്റെ ചെവിയില്‍ പറഞ്ഞു
''നഈമേ, കുറച്ച് ധൃതികൂടിപ്പോയില്ലേ? വലിയ അപകടത്തിലേക്ക് തലയിടുകയല്ലേ?''
നഈം രൂക്ഷമായി ഇബ്‌നു ഉബയ്യിനെ നോക്കി. ''റസൂലിന്റെ അഭിപ്രായത്തിന് മീതെ മറ്റൊരഭിപ്രായമോ? അത് സത്യസന്ധമായ സ്വപ്‌നമാണ്; വഹ് യ് പോലെത്തന്നെയുള്ള സ്വപ്‌നം.''
ഒരു മഞ്ഞച്ചിരി ഇബ്‌നു ഉബയ്യിന്റെ മുഖത്ത് തെളിഞ്ഞു:
''എന്തായാലും വഹ്‌യ് അല്ലല്ലോ. ഉഹുദ് യുദ്ധത്തില്‍ ഞാന്‍ പറയുന്നതൊന്നും മുഹമ്മദ് കേട്ടില്ല. ചെറുക്കന്മാര്‍ പറഞ്ഞത് കേട്ട് മദീനക്ക് പുറത്തു പോയി യുദ്ധം ചെയ്തു. എന്തുണ്ടായി? നന്നായി തോറ്റുകിട്ടി...''
നഈമിന്റെ മുഖപേശികള്‍ വലിഞ്ഞുമുറുകി.
''ഇബ്‌നു ഉബയ്യ്, ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല. പള്ളിയിലായിപ്പോയി. പിന്നെ ഒരു കാര്യം. മുമ്പത്തെപ്പോലെ ഇനിയും ഇവിടെ ഫിത്‌ന കുത്തിപ്പൊക്കാം എന്നാണ് വിചാരമെങ്കില്‍ അതിനി നടക്കില്ല.''
''ഞാനാരെയും കുത്തിപ്പറയുകയല്ല, നഈം. ഞാനൊരു അഭിപ്രായം പറഞ്ഞതല്ലേ, റസൂല്‍ അത് വിലക്കിയിട്ടില്ലല്ലോ?''
''നിങ്ങള്‍ മുനാഫിഖുകളെ/കപടന്മാരെ റസൂല്‍ വിശ്വാസത്തിലെടുത്തിരുന്നുവെങ്കില്‍ സകലതും ഇപ്പോള്‍ ശത്രുക്കള്‍ക്ക് അടിയറവെക്കേണ്ടി വന്നേനെ. അന്ന് പറഞ്ഞ അഭിപ്രായമൊക്കെ ഓര്‍മയുണ്ടല്ലോ, അല്ലേ?''
''നഈമേ, താനിപ്പോള്‍ ഇസ്‌ലാമിലേക്ക് വന്നിട്ടേയുള്ളൂ. അതിന്റെ കുഴപ്പമാണ്. വിവേകത്തിന് മേല്‍ ആവേശം പറപറക്കുന്നതാണ് തകരാറ്. നിങ്ങളിപ്പോള്‍ ഹജ്ജ് കാലത്ത് മക്കയിലേക്ക് ചെന്നാല്‍ സര്‍വത്ര കുഴപ്പമായിരിക്കും. പോരാത്തതിന് അപമാനവും സഹിക്കേണ്ടി വരും. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.''
വാര്‍ത്ത മദീനയാകെ പരന്നു. മുസ്‌ലിംകള്‍ ഇക്കൊല്ലം ഹജ്ജിനായി മക്കയിലേക്ക് പോകുന്നു! റസൂല്‍ ബലപ്രയോഗത്തിലൂടെ മക്കയില്‍ കടക്കുകയായിരിക്കുമോ? അതോ, അനുരഞ്ജനത്തിലൂടെയാവുമോ ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള വഴി തെളിയുക? കൃത്യമായ ധാരണ ആര്‍ക്കുമുണ്ടായിരുന്നില്ല.
(തുടരും)