മാതൃത്വം മഹിതമാകുന്നത്
ശൈഖ് മുഹമ്മദ് കാരകുന്ന്
august
എന്തുകൊണ്ടാണ് പ്രഥമ സ്ഥാനം മാതാവിനായത്? മക്കള്‍ക്ക് വേണ്ടി ഉമ്മ അനുഭവിക്കുന്ന ത്യാഗം കാരണം തന്നെ.
''മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്ക്കുമേല് ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍, നീയെന്നോടു നന്ദി കാണിക്കുക; നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്'' (31:14).
ഒരിക്കല്‍ ഒരാള്‍ നട്ടുച്ച നേരത്ത് തന്റെ വൃദ്ധയായ മാതാവിനെ ചുമലിലേറ്റി കഅ്ബ ത്വവാഫ് ചെയ്തു. താന്‍ മഹത്തായ ഒരു കൃത്യം നിര്‍വഹിച്ചുവെന്ന അഭിമാനത്തോടെയും സന്തോഷത്തോടെയും അയാള്‍ പ്രവാചകനെ സമീപിച്ചു. എന്നിട്ട് ഇങ്ങനെ ചോദിച്ചു: ''മാതാവിനോടുള്ള കടപ്പാട് ഈ കര്‍മത്തിലൂടെ ഞാന്‍ നിറവേറ്റിയില്ലേ?''
പ്രവാചകന് പ്രതിവചിച്ചു: ''ഇല്ല, ഒരിക്കലുമില്ല. നീ ഒന്ന് ആലോചിച്ചു നോക്കൂ. നീ നിന്റെ ഉമ്മയെ ചുമന്നത് ഏതാനും മിനുറ്റുകള്‍ മാത്രം. എന്നാല്‍, ഒട്ടും വൈമനസ്യവും അസ്ക്യതയുമില്ലാതെ നിന്റെ മാതാവ് പത്ത് മാസമാണ് നിന്നെ ഗര്‍ഭാശയത്തില്‍ ചുമന്നത്. എത്രയേറെ യാതനകളും വേദനകളുമായിരിക്കും ഉമ്മ സഹിച്ചിട്ടുണ്ടാവുക? അതിന് പ്രത്യുപകാരം ചെയ്യാന്‍ ആര്‍ക്കാണ് സാധിക്കുക?''
മനുഷ്യന് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്? സംശയമില്ല- അവനെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനായ അല്ലാഹുവോട് തന്നെ. അവനാണല്ലോ മനുഷ്യന് ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും ജീവിത വിഭവങ്ങളുമുള്‍പ്പെടെ എല്ലാം നല്‍കിയത്.
അല്ലാഹുവെ കഴിച്ചാല്‍ പിന്നെ ആരോടാണ് ഏറ്റവും കൂടുതല്‍ കടപ്പാട്? ജന്മം നല്കിയ മാതാവിനോട് തന്നെ. പിന്നെ പരിരക്ഷണം നിര്‍വഹിച്ച പിതാവിനോടും.
ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?' അവിടുന്ന് അരുള്‍ ചെയ്തു: 'നിന്റെ മാതാവ്.' അയാള്‍ ചോദിച്ചു: 'പിന്നെ ആരാണ്?' പ്രവാചകന് പ്രതിവചിച്ചു: 'നിന്റെ മാതാവ്.' 'പിന്നെ ആരാണ്?' അയാള്‍ വീണ്ടും ചോദിച്ചു. 'നിന്റെ മാതാവ് തന്നെ.' നബിതിരുമേനി അരുള്‍ ചെയ്തു. 'പിന്നെ ആരാണ്?' അയാള്‍ വീണ്ടും ചോദിച്ചു. 'നിന്റെ പിതാവ്.' പ്രവാചകന് പ്രതിവചിച്ചു.''
മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഒരാള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?' അവിടുന്ന് അരുള്‍ ചെയ്തു: 'നിന്റെ മാതാവ്. പിന്നെയും, നിന്റെ മാതാവ്. പിന്നെയും, നിന്റെ മാതാവ്. പിന്നെ, നിന്റെ പിതാവ്. തുടര്‍ന്ന് നിന്നോട് അടുത്തടുത്ത് നില്ക്കുന്ന ബന്ധുക്കളും.''
എന്തുകൊണ്ടാണ് പ്രഥമ സ്ഥാനം മാതാവിനായത്? മക്കള്‍ക്ക് വേണ്ടി ഉമ്മ അനുഭവിക്കുന്ന ത്യാഗം കാരണം തന്നെ. ഇക്കാര്യം ഖുര്‍ആന്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹുവെ കഴിച്ചാല്‍ കുഞ്ഞിനോട് ഏറ്റവും കൂടുതല്‍ സ്നേഹമുണ്ടാവുക മാതാവിനാണ്. മക്കള്‍ക്കുവേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനും മാതാവ് സന്നദ്ധയായിരിക്കും. അവര്‍ക്കു വേണ്ടി ത്യാഗമനുഭവിക്കുന്നത് വളരെയേറെ ആത്മനിര്‍വൃതി നല്കുന്ന മധുരോദാരമായ അനുഭവമായിരിക്കും മാതാക്കള്‍ക്ക്. മക്കളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്ത് കഷ്ട നഷ്ടങ്ങളനുഭവിക്കാനും സ്വന്തം താല്പര്യങ്ങള് അവഗണിക്കാനും മാതാക്കള്‍ സന്നദ്ധരാകും. ചിലപ്പോള്‍ ജീവന് നല്കാന് പോലും. അതുകൊണ്ട് തന്നെയാണ് മക്കള്‍ക്ക് ഭൂമിയില്‍ ഏറെ പ്രിയപ്പെട്ടവരും അടുപ്പവും കടപ്പാടുമുള്ളവരും മാതാക്കളാകുന്നത്.
എന്നാല്‍ ഇന്ന് അങ്ങനെത്തന്നെയാണോ? കൊച്ചു കുട്ടികളുള്‍പ്പെടെ മക്കള്‍ക്ക് ഏറ്റവും കൂടുതല്‍ സ്നേഹവും അടുപ്പവും ഉമ്മമാരോടാണോ? അതോ ഉപ്പമാരോടോ? പലരും ഉപ്പമാരോടാണെന്ന് പറയുന്നു. രണ്ട് പേരെക്കാളും കൂടുതല്‍ കുട്ടികള്‍ സ്നേഹിക്കുന്നത് അവരുടെ കൂട്ടുകാരെയും കൂട്ടുകാരികളെയുമാണോ? ആണെങ്കില്‍ എന്തുകൊണ്ട്?
ആയിരം കണ്ണാടിയുള്ള ഒരു വീടുണ്ടായിരുന്നു. ഒരു നായ അതിലേക്ക് ഓടിക്കയറി. അത് അവിടെ വെച്ച് വാലാട്ടി. ആയിരം നായ്ക്കള്‍ അതിന്റെ നേരെ തിരിഞ്ഞ് വാലാട്ടി. മറ്റൊരു നായ അവിടേക്ക് ഓടിക്കയറി ഉറക്കെ കുരച്ചു. ആയിരം നായ്ക്കള്‍ അതിന്റെ നേരെ തിരിഞ്ഞ് കുരച്ചു. അതിന് പേടിച്ചോടേണ്ടി വന്നു. കൊടുക്കുന്നതാണ് കിട്ടുകയെന്ന കാര്യം മറക്കാതിരിക്കുക. നമ്മുടെ സ്വഭാവവും സമീപനവും സ്വന്തം മേല്‍വിലാസത്തിലെഴുതിയ കത്തുകള്‍ പോലെയാണ്. അവ നമ്മിലേക്ക് തന്നെ തിരിച്ചു വരും.
ചില മാതാക്കളെങ്കിലും ഇന്ന് മക്കളെ ബാധ്യതയും ഭാരവുമായാണ് കാണുന്നത്. അവരെ ശല്യക്കാരായും കണക്കാക്കുന്നു. പോറ്റി വളര്‍ത്തുന്നത് പോലും നിര്‍ബന്ധിതമായതിനാലാണ്. അതൊഴിവാക്കാനുള്ള മാര്‍ഗത്തെക്കുറിച്ചാണ് അവരാലോചിക്കുക. അതു കൊണ്ടുതന്നെ അത്തരം ഉമ്മമാരുടെ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും; സ്നേഹശൂന്യവും. അവര്‍ മക്കളെ ചേര്‍ത്തുനിര്‍ത്തുന്നത് അത്യധികം ആഹ്ലാദകരവും ആനന്ദദായകവുമായി കാണുന്നവരല്ല, മക്കളെ മാറ്റിനിര്‍ത്തുന്നത് സ്വാതന്ത്ര്യവും സൗകര്യവുമായി കരുതുന്ന ചിലരെങ്കിലുമുണ്ട്. അവരുടെ മാനസികാവസ്ഥ വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണല്ലോ.
മക്കളെക്കാളും മറ്റെന്തിനെക്കാളും സ്വന്തം താല്പര്യങ്ങള്ക്കും അഭിരുചികള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇഛകള്‍ക്കും പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് എന്താണ് തിരിച്ച് കിട്ടുക എന്ന് പറയേണ്ടതില്ല. അത്തരക്കാര്‍ വാര്‍ധക്യത്തില്‍ വൃദ്ധസദനങ്ങളിലും അഭയ കേന്ദ്രങ്ങളിലും എത്തിപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.
വിശുദ്ധ ഖുര്‍ആന്‍ മാതാക്കള്‍ക്ക് അല്ലാഹുവിന്റെ തൊട്ടടുത്ത സ്ഥാനം കല്‍പ്പിച്ചത്, അവര്‍ മക്കളെ പോറ്റി വളര്‍ത്താന്‍ കഠിനമായ ത്യാഗം സഹിക്കുന്നതിനാലാണ്. മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗമെന്ന് പ്രവാചകന് പറഞ്ഞതും അതിനാലാണ്.