സനാഥരാകെ അനാഥരാകുന്നവര്‍
ഷറഫുദ്ദീന്‍ കടമ്പോട്ട്
august
മാതാപിതാക്കള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തില്‍ നിന്നാണ് മാനസികാരോഗ്യമുള്ള
ഒരു കുഞ്ഞ് രൂപപ്പെടുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നസ്രിയക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്, ഇപ്പോള്‍ ഏഴില്‍ എത്തിയ മിടുക്കിയായ ആ പഴയ ക്ലാസ് ലീഡറുടെ മുഖം അത്ര പ്രസന്നമല്ല. ക്ലാസ്സുകള്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നസ്രിയയുടെ ഉമ്മയെ ഹെഡ്മാസ്റ്റര്‍ വിളിച്ചുവരുത്തിയത്.
ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും ഗൗരവത്തോടെ ചില കാര്യങ്ങള്‍ നസ്രിയയുടെ ഉമ്മയുടെ ശ്രദ്ധയില്‍ പെടുത്തി. മുന്‍പത്തെ പോലെ അവള്‍ക്ക് പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും താല്‍പര്യം കുറവാണ്. കൂട്ടുകാരികളുമായുള്ള ചങ്ങാത്തവും കുറഞ്ഞിരിക്കുന്നു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് വളരെ സ്മാര്‍ട്ടായി മറുപടി പറഞ്ഞിരുന്ന, അവരുമായി നന്നായി ഇടപഴകിയിരുന്ന നസ്രിയ ഈയിടെ അതിനും വിമുഖത കാണിക്കുന്നുണ്ട്. പാഠ്യേതര വിഷയങ്ങളില്‍ വളരെ സജീവമായിരുന്ന നസ്രിയ അതില്‍ നിന്നെല്ലാം പിന്മാറാന്‍ തുടങ്ങിയിരിക്കുന്നു. കാരണം അവര്‍ക്കറിയേണ്ടതുണ്ട്.
അവളുടെ ഉമ്മ അല്‍പം പ്രയാസത്തോടെ വിതുമ്പി, കണ്ണ് തുടച്ച് പ്രിന്‍സിപ്പലിനോട് ചിലത് പറഞ്ഞു തുടങ്ങി. 'ഏതാണ്ട് ഏഴ് വര്‍ഷമായി ഇവരുടെ ഉപ്പ വിദേശത്തായിരുന്നു. വളരെ നല്ല അവസ്ഥയിലാണ് ജീവിച്ചത്. ആദ്യകാലത്ത് ഒരുമിച്ച് വിദേശത്ത് കഴിഞ്ഞു. നാട്ടിലേക്ക് മാറിയ ശേഷം നാലോ ആറോ മാസങ്ങള്‍ക്കിടയില്‍ ഉപ്പ വന്നുപോയിക്കൊണ്ടിരുന്നു.
ഏറെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്.
അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യങ്ങളെ ഞാന്‍ അംഗീകരിക്കുന്നില്ല എന്നുള്ളതായിരുന്നു പ്രധാന കാരണം. ക്രമേണ എന്നില്‍ നിന്നും കുട്ടികളില്‍ നിന്നും അകലാന്‍ തുടങ്ങി. രണ്ടാമത്തെ കുഞ്ഞിന് ഏഴ് വയസ്സാകുന്നു. അവനെ അദ്ദേഹം കണ്ടിട്ട് പോലുമില്ല.'
നസ്രിയക്ക് ഇളയവളോടും ഉമ്മയോടും കുറച്ചുകാലമായി വൈകാരികമായി ഊഷ്മള ബന്ധം തുടരാനാവുന്നില്ല. എപ്പോഴും കലഹവും പ്രശ്‌നങ്ങളുമായി വീട്ടിലെ അന്തരീക്ഷം കൂടുതല്‍ വഷളായി. അവളുടെ ഉപ്പയും ഉമ്മയും കുറേ നാളുകളായി ഉമ്മ തന്നെയായിരുന്നു. ഉമ്മ തന്റെ വ്യക്തിപരമായ പ്രയാസങ്ങള്‍ ഉള്ളില്‍ കടിച്ചൊതുക്കി കഴിഞ്ഞ ഏഴുവര്‍ഷമായി കുട്ടികള്‍ക്കും സമൂഹത്തിനും മുമ്പില്‍ സന്തോഷവതിയായി' കഴിയുകയാണ്. സാമ്പത്തികമായും വൈകാരികമായും അവര്‍ ആശ്രയിച്ചിരുന്നത് അവരുടെ ഉപ്പയെയും ഉമ്മയെയുമായിരുന്നു. അവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ മുന്‍ കാലങ്ങളിലെപ്പോലെ വേണ്ടത്ര പിന്തുണ നല്‍കാന്‍ സാധിക്കുന്നില്ല.
ഇത് ക്രമേണ നസ്രിയയുടെ ഉമ്മയുടെ ഉള്ളുലച്ചു തുടങ്ങി.
ഉപ്പയുടെ നിസ്സഹകരണവും ഉമ്മയോടുള്ള നിലപാടും അവള്‍ അറിഞ്ഞുതുടങ്ങി. ഇത്രയും കാലം താന്‍ മറച്ചുവെച്ചിരുന്ന ചില പൊള്ളുന്ന അനുഭവങ്ങള്‍ നസ്രിയയോട് പങ്കുവെക്കാന്‍ ഉമ്മ നിര്‍ബന്ധിതയായി. ഇതോടെ അവളുടെ മനസ്സില്‍ ഉപ്പയെ കുറിച്ചുണ്ടായിരുന്ന സങ്കല്‍പം തകര്‍ന്നടിഞ്ഞു. അതവളിലുണ്ടാക്കിയ മാനസിക സമ്മര്‍ദം ഉമ്മക്ക് അറിയാനായില്ല. അവളിലെ പെരുമാറ്റ വ്യതിയാനങ്ങള്‍ ഉമ്മയെ അസ്വസ്ഥയാക്കി. സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒറ്റപ്പെടലും ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായ ദേഷ്യവും സങ്കടവും, എന്തിനോടെന്നില്ലാത്ത പ്രതിഷേധവും അവളില്‍ രൂപപ്പെടുന്നതായി ഉമ്മക്ക് മനസ്സിലായി. ഈ ഘട്ടത്തിലാണ് ഹെഡ്മാസ്റ്ററുടെ ഉപദേശ പ്രകാരം നസ്രിയക്ക് കൗണ്‍സലിംഗ് തേടിയുള്ള വരവ്.
ഏക രക്ഷിതാവിന്റെ സംരക്ഷണത്തില്‍ വളരുന്ന കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍ മനഃശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തില്‍ നിന്നാണ് മാനസികാരോഗ്യമുള്ള ഒരു കുഞ്ഞ് രൂപപ്പെടുന്നത്.
ഇത് തന്നെയാണ് യഥാര്‍ഥത്തില്‍ ഒരു കുഞ്ഞിന്റെ മാനസികാരോഗ്യത്തിന്റെ അടിസ്ഥാന തത്വം. പെരുമാറ്റ വൈകല്യമുള്ള കുട്ടികളുമായി ചികിത്സക്കെത്തുന്ന എഴുപത് ശതമാനത്തോളം മാതാപിതാക്കള്‍ക്കും ഊഷ്മളമല്ലാത്ത ബന്ധവും പ്രതികൂല കുടുംബാന്തരീക്ഷവുമാണ് ഉള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ കൗമാരകാലത്ത് അതിസാഹസികതകള്‍ക്ക് മുതിരുന്നത് സ്വാഭാവികമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാതാപിതാക്കള്‍ക്കിടയിലെ ശിഥില ബന്ധത്തിന്റെ സ്വാധീനം മിക്കവരിലും കാണാനാവും.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന് ഞങ്ങളെക്കുറിച്ച് എപ്പോഴും ഒരു പരാതിയുണ്ട്: 'അവന്റെ ആവശ്യങ്ങളുമായി എപ്പോള്‍ ഉമ്മയെ സമീപിക്കുമ്പോഴും ഉപ്പയോട് ചോദിക്കട്ടെ എന്നും, ഉപ്പയോട് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഉമ്മയോട് പറഞ്ഞിട്ടാവാം എന്നും.'
ഇത് ഏറെ പ്രധാനമാണ.് ഇരുവരുടെയും പരസ്പര ധാരണയോടു (mutual consent) കൂടിയാവണം കുട്ടികള്‍ക്ക് നല്‍കുന്ന അനുവാദവും വിലക്കും. എനിക്ക് ഉമ്മ സാധിച്ചു തരാത്തത് ഉപ്പ അനുവദിക്കുമെന്നും ഉപ്പ സാധിച്ചു തരാത്തത് ഉമ്മയെ ചുളുവില്‍ പറഞ്ഞു പറ്റിച്ചു നേടാമെന്നുമുള്ള ധാരണ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നത് ഒട്ടും നല്ലതല്ല.
ഇവിടെയാണ് രക്ഷാകര്‍തൃത്വത്തില്‍ മാതാപിതാക്കളുടെ പങ്ക്. ഇരുവരുടെയും പരസ്പര ധാരണയോടെയുള്ള, കൂട്ടുത്തരവാദിത്വമാണ് രക്ഷാകര്‍തൃത്വം.
പൊതുവെ, നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ ഉപ്പയും ഉമ്മയും ഉള്ളവര്‍ പോലും ഇത് കേവലം ഉമ്മമാരില്‍ മാത്രം നിക്ഷിപ്തമായ ഉത്തരവാദിത്വമായിട്ടാണ് കണ്ടുവരാറുള്ളത്. മക്കളോടുള്ള വാപ്പയുടെ ഉത്തരവാദിത്വം ഒരു 'അഡീഷണല്‍ സേവനം' പോലെയാണ് സമൂഹം ധരിച്ചുവെച്ചിരിക്കുന്നത്.
കുട്ടികളുമായെത്തുന്ന മാതാപിതാക്കളില്‍ വാപ്പ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: 'അടുത്ത തവണ ഉമ്മയും മോനും, അല്ലെങ്കില്‍ മോളും വന്നാല്‍ മതിയല്ലോ. പ്രത്യേകിച്ച് എന്റെ ആവശ്യമൊന്നുമില്ലല്ലോ?'
ഈ ചോദ്യത്തില്‍ അവര്‍ ധരിച്ചുവെച്ചിരിക്കുന്ന വലിയൊരു അബദ്ധമുണ്ട്: ഏറെ ദുഃഖകരമായ കാര്യം, മാതാപിതാക്കള്‍ ഉണ്ടായിട്ടും ഏക രക്ഷാകര്‍തൃത്വത്തില്‍ വളരേണ്ടിവരുന്ന കുട്ടികളുടെതാണ്. ജീവിതത്തില്‍ ദോഷകരമായ പ്രതിഫലനം പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴേ പലരും, കാലങ്ങളായി അവര്‍ തുടര്‍ന്നുവരുന്ന 'റോളുകളി'ലെ വീഴ്ചകള്‍ ഏറെ മനഃസ്ഥാപത്തോടെ തിരിച്ചറിയൂ.
വിവാഹമോചനം, മരണം, സ്വയമേ ഉള്ള തെരഞ്ഞെടുപ്പ്, അവിഹിത ഗര്‍ഭധാരണം തുടങ്ങിയ കാരണങ്ങളാണ് ഏക രക്ഷാകര്‍തൃത്വത്തിന് കാരണമാകുന്നത്. ഇവര്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധി. നമ്മുടെ പൊതുബോധം മക്കളുടെ വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ ചുമതലയും ധാര്‍മിക ശിക്ഷണം നല്‍കേണ്ട ബാധ്യതയും ഏറ്റെടുക്കേണ്ടവരായി കാണുന്നത് പലപ്പോഴും ഉമ്മമാരെയാണ്. ഒറ്റക്ക് മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന ഉമ്മമാരില്‍ പലരും വൈകാരികമായും മറ്റും പല പ്രതിസന്ധികള്‍ക്കുമിടയില്‍ കഴിയുന്നവരായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പരാശ്രയരായവരാണെങ്കില്‍ കാര്യം കൂടുതല്‍ സങ്കീര്‍ണവുമാവുന്നു. ഇവര്‍ക്ക് കുട്ടികളുടെ കാര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസം നേരിടുന്നു. അവര്‍ തന്നെയും മാനസികമായി നിരവധി സമ്മര്‍ദങ്ങള്‍ അനുഭവിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ തങ്ങളുടെ കുട്ടികള്‍ക്ക് വൈകാരികമായി നല്‍കാനാവുന്നില്ല. സമയാസമയങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാനാവാത്തത് കുട്ടികളില്‍ നിരാശയും മാനസിക പിരിമുറുക്കവും വര്‍ധിപ്പിക്കുന്നു.
കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രായത്തില്‍ കൃത്യമായി അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും പ്രസ്തുത സാഹചര്യത്തെ തരണം ചെയ്യാന്‍ തന്നോടൊപ്പം പ്രാപ്തമാക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും സഹായകരമാവും.
സിംഗിള്‍ പാരന്റിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും പ്രശ്‌നമാണ്. സഹതാപം, അവസരങ്ങളുടെ മുതലെടുപ്പ്, ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം തുടങ്ങി നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരുന്നതിനാല്‍ കരുത്തോടെ നില്‍ക്കാന്‍ ഏക രക്ഷിതാവിന് സാധിക്കാതെ വരുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തിന് പരിക്കേല്‍പ്പിക്കും.
ഏക രക്ഷിതാവിന്റെ കുടുംബത്തില്‍ നിന്നുള്ള പിന്തുണ ഈ ഘട്ടത്തില്‍ ഏറെ അത്യന്താപേക്ഷിതമാണ.് രക്ഷിതാവിനും കുട്ടികള്‍ക്കും ഇത് ഒരുപോലെ ശക്തി പകരും. ലോകത്ത് ഏതാണ്ട് 319 ദശലക്ഷം കുട്ടികള്‍ ഏക രക്ഷിതാവിനൊപ്പം ജീവിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം കുട്ടികളുണ്ട്. ഇത്തരം കുട്ടികളില്‍ സാമൂഹികമായ ഇടപഴകലുകളും സര്‍ഗാത്മകമായ നൈപുണ്യവും കാലക്രമേണ ശോഷിച്ചു പോകുന്നതായി വ്യക്തമായിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ മാതാപിതാക്കളുടെ കൂട്ടുത്തരവാദിത്വത്തോടെയുള്ള ശ്രദ്ധ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഹോം വര്‍ക്ക്, അസൈന്‍മെന്റുകള്‍, പ്രൊജക്ടുകള്‍, ഇവയുടെ മേല്‍നോട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മാതാപിതാക്കളുടെ നിരന്തര ബന്ധം, പഠന കാര്യങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നതിനുള്ള പിന്തുണ- ഇവയെല്ലാം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത് അവരുടെ പഠന-പെരുമാറ്റ മികവിന് കാരണമാകുന്നു.
ഏക രക്ഷിതാക്കളുടെ കാര്യത്തില്‍ സാമൂഹികമായ കൂട്ടുത്തരവാദിത്വം കൂടി ഉണ്ടാവേണ്ടതുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ ജീവിച്ചിരിക്കെ തന്നെ അനാഥത്വം അനുഭവിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു എന്ന കാരണത്താല്‍ വേണ്ട പരിഗണനയോ ശ്രദ്ധയോ മാര്‍ഗനിര്‍ദേശമോ ഇത്തരം കുട്ടികള്‍ക്ക് ലഭിക്കാറില്ല. മരിച്ചുപോയ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന മറ്റുള്ളവരുടെ അനുഭാവപൂര്‍വമായ ശ്രദ്ധയും പരിഗണനയും ലഭിച്ചെന്നു വരാം. നമ്മുടെ ഇടയിലുള്ള ഇത്തരം കുട്ടികളെ കണ്ടെത്തി അവര്‍ അനുഭവിക്കുന്ന കുറവുകളെ അവരോടൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനും, നമുക്ക് ചുറ്റുമുള്ള ഇത്തരം മാതാപിതാക്കള്‍ക്ക് കൂടുതല്‍ കരുത്തുപകരാനുമാവണം. അതിലൂടെ മാത്രമേ നാളെ മാനസികാരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.