സലാം പറയേണ്ടത് ഹൃദയത്തില്‍നിന്ന്

ടി. മുഹമ്മദ് വേളം
august
ആചാരത്തിനപ്പുറം മനസ്സുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ദിവ്യദാനമാണ് അഭിവാദ്യം ചെയ്യല്‍

ഇസ്ലാമിന്റെ അഭിവാദ്യമാണ് സലാം. അത് വിശ്വാസികളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. പ്രവാചകന്‍ പറയുന്നു: 'ഇസ്‌ലാമില്‍ ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായത് ഭക്ഷണം നല്‍കലും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയലുമാണ്' പ്രവാചകന്‍ പറയുന്നു: 'വിശ്വാസികള്‍ക്ക് വിശ്വാസികളോടുള്ള ബാധ്യതയാണ് കണ്ടുമുട്ടിയാല്‍ സലാം പറയുക. സലാം പറയല്‍ ഐഛികവും മടക്കല്‍ നിര്‍ബന്ധവുമാണ്.' നബി (സ) പറഞ്ഞു: സലാമിന്റെ ഓരോ വാക്കിനും പത്തു നന്മകളുണ്ട്. സലാം മടക്കുക എന്നത് ഇസ്്‌ലാമില്‍ ഏറെ പ്രധാനമാണ്. നബി (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'ഒരാള്‍ ഒരു മുസ്്‌ലിം സംഘത്തിന്റെ അടുത്തു കൂടി കടന്നുപോയി. അദ്ദേഹം അവര്‍ക്ക് സലാം പറയുകയും എന്നിട്ട് അവര്‍ സലാം മടക്കാതിരിക്കുകയും ചെയ്താല്‍ പരിശുദ്ധാത്മാവ് അവരില്‍നിന്ന് ഊരപ്പെടുകയും മാലാഖമാര്‍ അദ്ദേഹത്തിന് സലാം മടക്കുകയും ചെയ്യും.' തിരസ്‌കരിക്കാന്‍ പാടില്ലാത്ത അഭിവാദനമാണത്. സലാം മടക്കിയില്ലെങ്കില്‍ മാലാഖമാരുടെ കാരുണ്യ സാന്നിധ്യം നിങ്ങള്‍ക്ക് നഷ്ടമാകും. അത് സലാം പറഞ്ഞവന് അനുഗ്രഹവും പറയപ്പെട്ടവന് ശിക്ഷയുമാണ്. ഉത്തരമില്ലാതെ ശൂന്യതയില്‍ വിലയം പ്രാപിക്കേണ്ട ഒന്നല്ല സലാം. അത് മറുപടി തേടുന്ന അഭിവാദ്യമാണ്. മറുപടി നല്‍കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. അതിനെ അവഗണിക്കുന്നവര്‍ ഒരു ദൈവിക ചിഹ്നത്തെയും അതുവഴി ദൈവത്തെയുമാണ് അവഗണിക്കുന്നത്.
സലാം സ്‌നേഹത്തിന്റെ ദൂതാണ്. അപരന്റെ നന്മക്കു വേണ്ടിയുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണ്. സ്‌നേഹം, കരുണ, കരുതല്‍- ദൈവത്തില്‍നിന്ന് ഇതെല്ലാം നിനക്കുണ്ടാവട്ടെ എന്ന ആശംസയും പ്രാര്‍ഥനയുമാണത്. അതുകൊണ്ടാണ് പ്രവാചകന്‍(സ) പറഞ്ഞത്: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം! നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; വിശ്വാസിയാകുന്നത് വരെ. നിങ്ങളാരും വിശ്വാസികളാവുകയില്ല; പരസ്പരം സ്‌നേഹിക്കുന്നതു വരെ. ' പ്രാവര്‍ത്തികമാക്കിയാല്‍ പരസ്പരം സ്‌നേഹമുണ്ടാക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? 'സലാം വ്യാപിപ്പിക്കുക.' സ്വര്‍ഗത്തിന്റെ താക്കോലാണ് വിശ്വാസം. വിശ്വാസത്തിന്റെ അടയാളം പരസ്പര സ്‌നേഹമാണ്. സലാം സ്‌നേഹത്തിന്റെ വാഹനമാണ്. അതിലേറി സ്‌നേഹത്തിന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവും. ആ സഞ്ചാരത്തിലൂടെ മാത്രമേ സ്വര്‍ഗത്തില്‍ എത്തിച്ചേരാനാവൂ.
സലാം സ്‌നേഹത്തിന്റെ വിത്താണ്. ഹൃദയങ്ങളില്‍ അത് മുളക്കുകയും കായ്ക്കുകയും ചെയ്യും. നാം എത്രയോ കാലമായി സലാം പറയുന്നു. കേള്‍ക്കുന്നു. മടക്കുന്നു. എന്നിട്ടുമെന്തേ സലാം പറയുന്നവരുടെ സമൂഹത്തില്‍ സ്‌നേഹം വസന്തമായി പൂക്കാത്തത്; ഈ സ്‌നേഹത്തിന്റെ നിത്യവസന്തത്തിലൂടെയാണ് സ്വര്‍ഗവഴിയെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടും? ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്കുള്ള വഴി പഠിപ്പിക്കാനാണല്ലോ പ്രവാചകന്മാര്‍ ആഗതരായത്. സലാം പറഞ്ഞിട്ടും സ്‌നേഹം മുളക്കുന്നില്ലെങ്കില്‍, സലാം കേട്ടു മടക്കിയിട്ടും സ്‌നേഹം അനുഭവിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം നാം സലാം പറയുന്നത് ഹൃദയം കൊണ്ടല്ല; അധരം കൊണ്ടാണ് എന്നതാണ്. നാവു കൊണ്ടല്ല; ഹൃദയം കൊണ്ടാണ് സലാം പറയേണ്ടത്.
'മറ്റവന്‍ ഒരിക്കലും ഗതി പിടിക്കരുത്' എന്ന് മനസ്സില്‍ വിചാരിച്ച് സലാം പറഞ്ഞാല്‍ അത് സലാമാവില്ല. അഭിവാദ്യമര്‍പ്പിക്കപ്പെടുന്നവനോടുള്ള സ്‌നേഹം സ്വയമനുഭവിക്കാതെ പറയുന്ന നിര്‍വികാരമായ കേവല വാചികാഭിവാദ്യവും പ്രവാചകന്‍ പഠിപ്പിച്ച സലാമാകാന്‍ സാധ്യതയില്ല. സലാമിനെ അതാക്കി മാറ്റുന്നത് സ്‌നേഹത്തിന്റെ ഹൃദയ സാന്നിധ്യമാണ്. അതില്‍നിന്ന് ഉറവപൊട്ടുന്ന പ്രാര്‍ഥനയാണ്.
സ്‌നേഹം തോന്നാത്തവരോട് സലാം പറയണോ എന്ന സംശയത്തിന് മേല്‍വിശദീകരണം ഇട നല്‍കിയേക്കാം. മനസ്സില്‍ തോന്നാതിരിക്കുമ്പോഴും മനസ്സില്‍ കരുതി ശരീരം കൊണ്ട് പ്രകടിപ്പിച്ചാല്‍ അത് മനസ്സിലേക്ക് അരിച്ചിറങ്ങും. ശരീരംകൊണ്ട് മനസ്സിനെ അഭ്യസിപ്പിക്കുന്ന രീതി. സലാം അഹങ്കാരത്തിന്റെ കൊമ്പ് മുറിച്ചു കളയുന്നുണ്ട.് ഞാനാണ് നിന്നേക്കാള്‍ ഉത്തമന്‍ എന്നതാണല്ലോ അഹങ്കാരത്തിന്റെ തത്ത്വശാസ്ത്രം. എന്നാല്‍, സലാം ആരംഭിക്കുന്നവനാണുത്തമന്‍ എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. സലാം തുടങ്ങിയവന്‍ അഹങ്കാരത്തില്‍നിന്ന് മുക്തനായിരിക്കുന്നു എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. സലാം തുടങ്ങുക എന്നത് അഹങ്കാരത്തിനുള്ള ഔഷധം കൂടിയാണ്. സലാം ഒരു മുറിവുണക്കിയാണ്. എത്ര വഷളായ ബന്ധങ്ങളാണ് സലാമാകുന്ന നൂലുകൊണ്ട് തുന്നിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. തന്നതിനെക്കാള്‍ മികച്ചത് പകരം കൊടുക്കണമെന്നാണ് അഭിവാദ്യത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത്. അല്ലെങ്കില്‍ തന്നത്രയെങ്കിലും. (അന്നിസാഅ്്: 86) ആര്‍ക്കെങ്കിലും നല്ലതു പറഞ്ഞു കൊടുക്കുകയും എന്നിട്ട് പറയപ്പെട്ടവന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പ്രവൃത്തിയുടെ പ്രതിഫലത്തിന്റെ ഒരോഹരി പറഞ്ഞവനും ലഭിക്കും.  അപരനു ഗുണമുണ്ടാവാന്‍ വേണ്ടി നാം ചെയ്യേണ്ട രണ്ടു കാര്യങ്ങളാണ് ആത്മാര്‍ഥമായ അഭിവാദ്യവും ആത്മാര്‍ഥമായ വഴികാട്ടലും. ഹസ്തദാനവും ആലിംഗനവും സലാമിനെ കൂടുതല്‍ മികവുറ്റതാക്കാനുള്ള വഴികളാണ്.
മുസ്്‌ലിംകളല്ലാത്തവരോടും സലാം പറയാം. അവരുടെ സലാം സ്വീകരിച്ച് പ്രത്യഭിവാദ്യമരുളാം. മനുഷ്യന്‍ ഏതവസ്ഥയിലായിരിക്കുമ്പോഴും പറയാവുന്ന അഭിവാദ്യമാണത്. എവിടെയും അനൗചിത്യമാകാത്ത ആശംസയാണത്.
സ്വര്‍ഗത്തിലെ അഭിവാദ്യം സലാമാണെന്ന് അല്ലാഹു പറയുന്നു. പ്രാര്‍ഥന ദൈവസ്തുതിയാണെന്നും (യൂനുസ്:10). ഒരാള്‍ ആത്മാര്‍ഥമായി അപരന് സലാം പറയുമ്പോള്‍ സ്വര്‍ഗത്തിന്റെ പരിമളം ഭൂമിയില്‍ പരത്തുകയാണ് ചെയ്യുന്നത്. ഒരു കലര്‍പ്പുമില്ലാത്ത സ്‌നേഹമാണല്ലോ സ്വര്‍ഗത്തിന്റെ സ്വര്‍ഗീയതകളിലൊന്ന്. സ്വര്‍ഗവാസികളെ കുറിച്ച് അല്ലാഹു പറയുന്ന ഒരു കാര്യം, 'അവരുടെ ഹൃദയങ്ങളില്‍നിന്ന് എല്ലാ അപരവിദ്വേഷങ്ങളും നാം ഊരിയെടുത്തു കളഞ്ഞിരിക്കുന്നു' (ഹിജ്ര്‍: 47) എന്നാണ്. ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ സ്വന്തം ഹൃദയത്തിലാണ് അത് സൃഷ്ടിക്കേണ്ടത്.
പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഈ ആശംസ ഫീല്‍ ചെയ്യണം. അപ്പോള്‍ ആചാരത്തിനപ്പുറം മനസ്സുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ദിവ്യദാനമായി അത് മാറും. നമസ്‌കാരമാരംഭിക്കുന്നത് 'അല്ലാഹു അക്ബര്‍'- 'ദൈവമാണ് ഏറ്റവും വലിയവന്‍' എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. അവസാനിപ്പിക്കുന്നത് ഇടത്തും വലത്തുമുള്ള അറിയുന്നവരോ അറിയാത്തവരോ ആയ വിശ്വാസിയോട് നിരുപാധികമായി, നിനക്ക് ദൈവത്തിന്റെ സമാധാനം ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ടാണ്. വിശ്വാസം ആവശ്യപ്പെടുന്നതല്ലാത്ത മറ്റൊരുപാധിയുമില്ലാതെ മനുഷ്യരെ സ്‌നേഹിക്കുമ്പോഴാണ് ഹൃദയങ്ങളില്‍ സ്വര്‍ഗം പൂത്തു തുടങ്ങുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media