ഏത് ജോലിയും ചെയ്യാന്‍ കഴിവുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറിക്കഴിഞ്ഞു. മുഴുവന്‍ സമയ ജോലി കൂടാതെ കുടുംബ ഭരണത്തോടൊപ്പം പാര്‍ട് ടൈം ജോലി സാധ്യമാവുന്ന തരത്തിലേക്ക് നാട് മാറിക്കൊണ്ടിരിക്കുന്നു. കാഴ്ചപ്പാടും സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കഠിനശ്രമവും ഉള്ളവരായി പെണ്‍കുട്ടികള്‍ മാറിക്കഴിഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് കണ്ടക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി മേഖലകളില്‍ സ്ത്രീകള്‍ ഇന്ന് കര്‍മനിരതരാണ്. ഇഷ്ടത്തിനനുസരിച്ച് ഏതു ജോലിയും ചെയ്യാമെന്നും വിജയിക്കാമെന്നും തെളിയിച്ച നിരവധി സ്ത്രീകള്‍ നമ്മുടെ ചുറ്റുമുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്സ്, വെബ് ഡിസൈനര്‍മാര്‍, കോച്ചുകള്‍, കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, നിയമ വിദഗ്ധര്‍, ചര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍മാര്‍, കമ്പനി സെക്രട്ടറിമാര്‍, ലോജിസ്റ്റിക് വിദഗ്ധര്‍ എന്നീ മേഖലകളിലൊക്കെ സ്ത്രീകള്‍ക്ക് വന്‍ സാധ്യതയാണ്. ഭാഷാ പ്രവീണ്യവും വ്യക്തിത്വവുമുള്ള പെണ്‍കുട്ടികള്‍ക്ക് വന്‍ തൊഴില്‍ അവസരമാണ് പത്ര ദൃശ്യ മാധ്യമ രംഗത്തുള്ളത്.
ഇഷ്ടവും അറിവും ലക്ഷ്യബോധവും കഠിനാധ്വാനവും പോസിറ്റീവ് മനോഭാവവുമാണ് ഒരു ജോലിക്ക് വേണ്ടത്. ബുദ്ധിയെക്കാള്‍ പരിശ്രമമാണ്ഒരു ജോലി നേടിയെടുക്കാന്‍ ആവശ്യം.
സ്വയം തിരിച്ചറിവാണ് ആദ്യം വേണ്ടത്. സ്വന്തം കഴിവുകള്‍, ബുദ്ധിശക്തി, കഴിവു കേടുകള്‍ എന്നിവയൊക്കെ സ്വയം അറിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് തന്നെ ഏതു രീതിയില്‍ മുന്നോട്ടു പോവണം എന്ന് തീരുമാനിക്കാന്‍ കഴിയും. അതിനനുസരിച്ചുള്ള പഠനമാണ് പിന്നീടങ്ങോട്ട് വേണ്ടത്. ഏതു മേഖലയിലും കഴിവുണ്ടെങ്കില്‍ ജോലിയുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇന്ന് വീട്ടിലിരുന്നുകൊണ്ടുതന്നെ വലിയ വരുമാനമുണ്ടാക്കുന്ന സ്ത്രീകളെ നമുക്ക് കാണാം. ഓണ്‍ലൈന്‍ കോച്ചിംഗ്, ടീച്ചിംഗ്, യൂട്യൂബര്‍, ഓണ്‍ലൈന്‍ ഡിസൈനിംഗ്, കണ്ടന്റ് റൈറ്റിംഗ്, അക്കൗണ്ടിംഗ്, പരിഭാഷ തുടങ്ങി വീട്ടിലിരുന്ന് പാര്‍ട്ടൈം ആയി വലിയ വരുമാനം ഉണ്ടാക്കുന്ന എത്രയോ സ്ത്രീകള്‍ ഉണ്ട്.
ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ക്ക് പരിശീലനം നേടുകയാണ് ആദ്യ പടി. നല്ല സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ തന്നെ അവരുടെ നെറ്റ് വര്‍ക്കിലൂടെ അവസരങ്ങള്‍ കണ്ടെത്തിത്തരും. യോഗ്യരാണെങ്കില്‍ സ്വന്തം പരിശ്രമത്തിലൂടെയും നമുക്കത് നേടാന്‍ കഴിയും. അറിവിനോടൊപ്പം നൈപുണികള്‍ നേടുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. നൈപുണികള്‍ നേടാന്‍ അടിസ്ഥാന യോഗ്യത നേടിയ ശേഷം പരിശീലനം കിട്ടുന്ന സ്ഥാപനങ്ങളിലോ സ്വമേധയാ പരിശീലനം ലഭിക്കുന്ന രീതിയിലോ എത്തേണ്ടതാണ്. ജോലി ലഭിച്ചുകഴിഞ്ഞാല്‍ എപ്പോഴും ഓര്‍ക്കേണ്ടത് നമ്മുടെ അറിവും നൈപുണിയും മെച്ചപ്പെടുത്താനുള്ള വഴികളാണ്. വായന, തുടര്‍പഠനം, പരിശീലനം എന്നീ വഴികളിലൂടെ ഉയര്‍ന്ന അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക. നല്ല അവസരങ്ങള്‍ വരുമ്പോള്‍ അത് തേടിപ്പിടിക്കണം. എന്നാല്‍ ഏതു ജോലിയാണോ, എവിടെയാണോ അവിടെ നൂറു ശതമാനം കൂറും ആത്മാര്‍ത്ഥതയും കാണിക്കേണ്ടതാണ്.