നാവിനെ സൂക്ഷിക്കണം

ഹൈദറലി ശാന്തപുരം
December 2021
സ്വന്തം സല്‍കര്‍മങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കേണ്ട ദുരവസ്ഥയേക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റെന്താണുള്ളത്?


മനുഷ്യ ശരീരത്തില്‍ അസ്ഥിയില്ലാതെ സൃഷ്ടിക്കപ്പെട്ട നാവ് എന്ന അവയവം നന്മയിലും തിന്മയിലും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റിയ ഇരുതല മൂര്‍ച്ചയുള്ള ആയുധം പോലെയാകുന്നു. നാവ് അശ്രദ്ധമായി ഉപയോഗിക്കുന്നവന്റെ യാത്ര നരകത്തിലേക്കായിരിക്കും.
'ഒരു മനുഷ്യന്‍ നന്മയോ തിന്മയോ എന്ന് നോക്കാതെ സംസാരിക്കുന്ന ഒരു വാക്ക് അവനെ നരകത്തില്‍ എത്തിച്ചേക്കാം - കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള ദൂരത്തെക്കാള്‍ കൂടുതല്‍ ദൂരത്തില്‍.''
ചിലപ്പോള്‍ ചില ആളുകള്‍ ചില വാക്കുകള്‍ പറയും. അതിന്റെ ഗൗരവത്തെ കുറിച്ചോ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. എന്നാല്‍ പറഞ്ഞ വാക്ക് സന്ദര്‍ഭോചിതവും നല്ല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതുമാണെങ്കില്‍ അല്ലാഹു അതിന് നല്ല പ്രതിഫലം നല്‍കുന്നതായിരിക്കും. വാക്ക് ദോഷകരവും മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെങ്കില്‍ നരകത്തിലായിരിക്കും അതുവഴി അവര്‍ ചെന്നെത്തുക.
പ്രവാചക ശിഷ്യനായ സുഫ്‌യാനുബ്‌നു അബ്ദില്ല(റ) പറയുന്നു: ഞാന്‍ ആവശ്യപ്പെട്ടു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് മുറുകെ പിടിക്കാന്‍ ഒരു കാര്യം നിര്‍ദേശിച്ചു തന്നാലും.' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: 'എന്റെ നാഥന്‍ അല്ലാഹുവാണ് എന്ന് പറയുക. പിന്നെ നേരെ ചൊവ്വെ ജീവിക്കുകയും ചെയ്യുക.'' (സുഫ്‌യാന്‍(റ) പറയുന്നു:) പിന്നെ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ കാര്യത്തില്‍ അങ്ങ് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്താണ്?'' അപ്പോള്‍ നബിതിരുമേനി സ്വന്തം നാവ് പിടിച്ചു കൊണ്ട് പറഞ്ഞു: 'ഇതിനെ' (തിര്‍മിദി).
നാവ്, അല്ലാഹു മനുഷ്യന് നല്‍കിയ ഒരനുഗ്രഹമായി ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്.
''അവന് നാം രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തില്ലേ?'' (അല്‍ ബലദ്: 8,9).
പ്രവാചകന്‍ മൂസ(അ)യെ അല്ലാഹു ഫിര്‍ഔന്റെ അടുത്തേക്കുള്ള ദൂതനായി നിയോഗിച്ചപ്പോള്‍ തന്റെ നാവിന്റെ പ്രയാസം നീക്കിത്തരാന്‍ അദ്ദേഹം പ്രാര്‍ഥിച്ചു: 'ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിനായി എന്റെ നാവില്‍നിന്ന് കെട്ടഴിച്ചു തരേണമേ.'
പുനരുത്ഥാന നാളില്‍ മനുഷ്യരുടെ നാവുകള്‍ അവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷി പറയുന്നതാണ്:
''അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ നാവുകളും അവരുടെ കൈകാലുകളും അവര്‍ക്കെതിരായി സാക്ഷി നില്‍ക്കുന്ന ദിവസം'' (അന്നൂര്‍: 24).
അല്ലാഹുവെ സ്മരിക്കുക, പ്രാര്‍ഥിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, സത്യം പറയുക, സത്യസാക്ഷ്യം വഹിക്കുക, നന്മ ഉപദേശിക്കുക, തിന്മ വിലക്കുക, ഇസ്‌ലാമിക പ്രബോധനം നടത്തുക തുടങ്ങി പല നല്ല കാര്യങ്ങളും നാവുകൊണ്ട് ചെയ്യാന്‍ സാധിക്കും.
ഇസ്‌ലാമിക പ്രബോധനത്തിനും താന്‍ മുസ്‌ലിമാണെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കുന്നതിനും നാവിനെ ഉപയോഗിക്കുന്നതിന്റെ മഹത്വത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
''അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?'' (ഫുസ്സ്വിലത്ത്: 33).
തിന്മ കാണുകയാണെങ്കില്‍ ശക്തിയും അധികാരവുമുപയോഗിച്ച് അത് നീക്കാന്‍ സാധിക്കാത്തവര്‍ നാവുപയോഗിച്ച് തടയണമെന്ന് നബി(സ) കല്‍പിക്കുകയുണ്ടായി:
'നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കാണുകയാണെങ്കില്‍ തന്റെ കൈകൊണ്ട് അത് നീക്കിക്കൊള്ളട്ടെ. അതിനവന് സാധിച്ചില്ലെങ്കില്‍ നാവുകൊണ്ട്, അതിനും സാധിച്ചില്ലെങ്കില്‍ ഹൃദയം കൊണ്ട്. അത് സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ പടിയാകുന്നു.''
നാവ് നല്ല കാര്യങ്ങള്‍ക്കുപയോഗിക്കുന്ന പോലെ, ചീത്ത കാര്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. അല്ലാഹുവെ നിഷേധിക്കുകയും അവനോട് കൃതഘ്‌നത കാണിക്കുകയും ചെയ്യുക, കള്ളം പറയുക, തിന്മ ഉപദേശിക്കുക, നന്മ വിലക്കുക, നാശവും കുഴപ്പവും സൃഷ്ടിക്കുക, അന്യരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുക മുതലായവ നാവുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന തിന്മകളാണ്.
ഒരു സത്യവിശ്വാസി എപ്പോഴും തന്റെ നാവിനെ ഉപയോഗിക്കുന്നത് നന്മയിലായിരിക്കണം. അതിന് സാധിക്കാത്തവര്‍ മൗനം പാലിക്കുകയാണ് വേണ്ടത്.
നാവിനെ വ്യതിയാനങ്ങളില്‍നിന്ന് സൂക്ഷിക്കല്‍ സ്വര്‍ഗപ്രവേശനത്തിന് ഒരാളെ സഹായിക്കും. നബി(സ) പറയുകയുണ്ടായി:
'ആര്‍ തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതിനെ (നാവിനെ)യും, തന്റെ രണ്ട് കാലുകള്‍ക്കിടയിലുള്ളതിനെ (ഗുഹ്യസ്ഥാനത്തെ)യും സൂക്ഷിക്കാമെന്ന് എനിക്ക് ഉറപ്പ് നല്‍കുന്നുവോ ഞാനവന് സ്വര്‍ഗം ഉറപ്പ് നല്‍കുന്നതാണ്.'
മറ്റൊരിക്കല്‍ മുആദ് (റ)വിനോട് നബി (സ) നാവ് പിടിച്ചുകൊണ്ട് പറഞ്ഞു: 'നീ ഇതിനെ നിയന്ത്രിക്കുക'' അപ്പോള്‍ മുആദ് (റ) ചോദിച്ചു: 'നാം എന്തെങ്കിലും സംസാരിക്കുന്നതിന്റെ പേരില്‍ പിടിച്ചു ശിക്ഷിക്കപ്പെടുമോ?' നബി(സ) പ്രതിവചിച്ചു: ''ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദുഷ്‌ചെയ്തികളല്ലാതെ മറ്റെന്താണ്?'' (തിര്‍മിദി).
ഒരു മുസ്‌ലിം എന്ത് പറയുകയാണെങ്കിലും അത് അല്ലാഹുവിന് ഇഷ്ടമുള്ളതാണോ അല്ലേ എന്ന് നോക്കിയിട്ടായിരിക്കണം പറയുന്നത്. തന്റെ സംസാരം കൊണ്ട് ഒരാളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ പാടില്ല. താനെന്ത് സംസാരിക്കുകയാണെങ്കിലും അത് അല്ലാഹു കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന ബോധമുണ്ടായിരിക്കണം. കൂടാതെ എന്ത് ഉരിയാടിയാലും അത് അല്ലാഹുവിന്റെ മലക്കുകള്‍ സൂക്ഷ്മമായി രേഖപ്പെടുത്തുമെന്ന കാര്യവും ഓര്‍മയുണ്ടാവണം.
അല്ലാഹു പറയുന്നു:
''അവര്‍ ഏതൊരു വാക്കുച്ചരിക്കുകയാണെങ്കിലും അവന്റെയടുത്ത് തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കില്ല.'' (ഖാഫ്: 18).
പരദൂഷണം, ഏഷണി, പരിഹാസം തുടങ്ങിയ പല തിന്മകളും അറിഞ്ഞോ അറിയാതെയോ നാവുകൊണ്ട് ചെയ്തുപോകാറുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈയേറ്റം നടത്തുകയും അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ മനുഷ്യന്‍ പാപ്പരാകാന്‍ കാരണമായേക്കും.

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media