അരാജകത്വത്തിലേക്ക് പറഞ്ഞയക്കുന്ന, തന്നെത്തേടി വന്നവന്റെ പേര് വിളിച്ചുപറയുന്ന താത്രിക്കുട്ടിമാരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതി മാറണമെങ്കില്‍ ധാര്‍മികതയില്‍ ഊന്നിയ സദാചാരബോധ്യത്തെ മാനിച്ചേ മതിയാകൂ.
''പത്തൊമ്പതാം വയസ്സില്‍ ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാകും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. എങ്ങോട്ടാണ് പോയത.് ഇരട്ടി പ്രായമുള്ള വിവാഹിതനും രണ്ടുമൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത.് കല്യാണം കഴിച്ച് രണ്ടു മൂന്നു കുട്ടികള്‍ ഉണ്ടാക്കുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞ് വളരെ ചെറുപ്പമായ കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്ക് കുട്ടി ഉണ്ടാക്കി കൊടുക്കുക. ചോദ്യം ചെയ്ത പിതാവിനെ ജയിലിലേക്ക് അയക്കുക.'' സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി കേരള സര്‍വകലാശാലയും സാംസ്‌കാരിക വകുപ്പും കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശമാണിത്.. കേരളം ഏറെ ചര്‍ച്ച ചെയ്ത, കുട്ടിയെ ദത്തു നല്‍കിയ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് പെണ്‍മക്കളുള്ള പിതാവിന്റെ ആകുലത എന്ന നിലക്കാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. രാഷ്ടീയമായ വാഗ്വാദങ്ങള്‍ക്കപ്പുറം ഒരു
പാട് സാമൂഹികമാനങ്ങളുണ്ട് ഈ വിഷയത്തിന് ഒരു നാടിന്റെ സം
സ്‌കാരവുമായി ബന്ധപ്പെട്ടതു കൂടിയാണ് ഇത്തരം വിഷയങ്ങള്‍. നാലുവരി
പാതയും അതിവേഗ റെയിലും ലോകത്തോളം വളരുന്ന കെട്ടിട സമുച്ചയങ്ങളും മാത്രമല്ല സംസ്‌കാരങ്ങളുടെ
നിര്‍മിതി. കുടുംബ സാമൂഹിക ഘടനയും കൂടി ഉള്‍പ്പെട്ടതാണത്.
അനാചാര-അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ഇല്ലായ്മ ചെയ്യാന്‍ എല്ലാ ജാതി മത നായകരും നടത്തിയ നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ചയായാണ് കേരളം രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചത്. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, കാരണവന്മാര്‍ എന്നീ കൈവഴികളിലുള്ള കുടുംബസംവിധാനത്തിലെ പാളിച്ചകളെ തിരുത്തി നവീകരിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്. നമ്പൂതിരി, നായര്‍ സമുദായങ്ങളിലെ ബഹുഭര്‍തൃത്വം, വിധവാ വിവാഹ നിഷേധം, ശൈശവ വിവാഹം, മുസ്‌ലിം സമുദായത്തിലെ സ്ത്രീ വിദ്യാഭ്യാസ നിഷേധം പോലെ എല്ലാ മതവിഭാഗങ്ങളിലും കുടുംബഘടനയെ സാരമായി ബാധിക്കുന്ന വിഷയങ്ങള്‍ നവോത്ഥാന നായകരുടെ പ്രഥമ പരിഗണനയായിരുന്നു. വ്യവസ്ഥാ
പിതമായ കുടുംബഘടനയാണ് സാമൂഹിക സംവിധാനത്തിന്റെ ആദ്യ കല്ല് എന്ന തിരിച്ചറിവാണതിനു കാരണം. മൂല്യവത്തായ ചില സങ്കല്‍പങ്ങള്‍ ആ കുടുംബഘടനക്ക് അനിവാര്യമാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം ഭൂമിയിലെ സമാധാനജീവിതത്തിന് വ്യവസ്ഥാപിതമായ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. 'അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവ
നും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.' (ഖുര്‍ആന്‍: 25:54) കുടുംബ മാനുഷിക ബന്ധത്തെകുറിച്ച ദൈവിക പാഠമാണിത്.ദൈവികമായ സാമൂഹിക മര്യാദകളെ അവലംബിക്കാതെ സ്വയം കൈകാര്യ കര്‍തൃത്വം ഏറ്റെടുക്കുന്ന ഒരു സമൂഹത്തിന് സംഭവിക്കുന്ന പിഴവുകളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാവനമായ കുടുംബ മാനുഷിക ബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക അരാജകത്വത്തിലേക്കാണ് ചെന്നെത്തുക.
എല്ലാ മത വിശ്വാസികളുടെയും പൊതുസ്വഭാവം പവിത്രമായ കുടുംബ സങ്കല്‍പം തന്നെയാണ്. വിവാഹം, കുടുംബം, കുട്ടികള്‍, പരിലാളനം, പരിരക്ഷ എന്നിവയാല്‍ ബന്ധിതമാണ് ഇതൊക്കെ. ജാതി - മത - വംശീയ ഉച്ചനീചത്വം പേറുന്ന പുരുഷാധിപത്യ ഘടനയിലാണെങ്കിലും ബന്ധങ്ങളിലെ പവിത്രത സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്. കുടുംബം, സ്വകാര്യ സ്വത്ത് സമ്പാദന ഉ
പാധിയായി കണക്കാക്കുന്ന വൈരുധ്യാധിഷ്ഠിത ഭൗതികവാദക്കാര്‍ക്കും കുടുംബ സംവിധാനത്തെ തള്ളിപ്പറയാന്‍ പഠിപ്പിക്കുമ്പോഴും അതിന്റെ നിലവിലെ ഘടനാപരമായ നിലനില്‍പിനെയും മക്കള്‍, ഭാര്യ, ഭര്‍ത്താവ്, ആങ്ങള, പെങ്ങള്‍ എന്ന വികാരങ്ങളെയുമൊന്നും കൈയൊഴിയാനാവുന്നില്ല. ഇത്തരം ദൈവികമായ മൂല്യവിചാരം മനുഷ്യനില്‍ അന്തര്‍ലീനമായതുകൊണ്ടാണത്. അതില്‍ മറ്റേതൊരു ബന്ധത്തെക്കാളുപരി ഭാര്യാഭര്‍തൃബന്ധം ഏറെ പാവനമാകുന്നത് ആസ്വാദ്യകരമായ ലൈംഗികതയെ ആഹ്ലാദകരമായി അനുഭവിക്കാന്‍ അനുവദിക്കപ്പെട്ട ഇടം കൂടിയാണത് എന്ന നിലക്കാണ്. 'അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, സ്വവര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചുതന്നിട്ടുള്ളത്; നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാ
പിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (സൂറത്തുര്‍റൂം 21) ധൈഷണികമായ ചിന്താ രാഹിത്യമല്ല, യുക്തിഭദ്രമായി ചിന്തിക്കുന്നവര്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട് എന്നു തന്നെയാണ് ദൈവിക ഉല്‍ബോധനം.
ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ആണ്‍-പെണ്‍ ബന്ധങ്ങളിലെ കപട സദാചാര ബോധം ആണെന്നും അതിനെ ലംഘിച്ചുകൊണ്ട് സ്വതന്ത്ര ലൈംഗികതയിലൂടെ മാത്രമേ നാഗരിക പുരോഗതി സാധ്യമാവൂ എന്നും വാദിക്കാന്‍ ശ്രമിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്. ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പരിമിതികള്‍ വെളിവാക്കപ്പെടുക മാത്രമല്ല, ഇത്തരം വാദങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ സമൂഹം ഒന്നാകെ അതിന്റെ പരിണിതി അനുഭവിക്കുക കൂടിയാണ്. പൊതു ഇടങ്ങളില്‍ എല്ലാ മത ജാതി വിഭാഗത്തിലെയും ആണി
നും പെണ്ണിനും ഏത് സമയത്തും ഇടപെടാനുള്ള സാമൂഹിക അന്തരീക്ഷം ഉണ്ടായേ തീരൂ. വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണത്. പക്ഷേ പരസ്പരം വ്യക്തിത്വത്തെ മാനിക്കുന്ന തരത്തില്‍ തന്നെ അതുണ്ടാവണം. പരസ്പര ബഹുമാനമാണ് അതിന്റെ അടിസ്ഥാനം. ചില തിരിച്ചറിവുകളാണ് അത് സാധ്യമാക്കുക. ഞാന്‍ ഒരു ഭര്‍ത്താവാണ്, ഭാര്യയാണ്, കുടുംബമുണ്ട്, കുട്ടികളുണ്ട്, കടപ്പാടുകളുണ്ട്, ഉത്തരവാദിത്തമുണ്ട് എന്ന തിരിച്ചറിവുകള്‍.
പ്രേമിക്കുന്നത് കൊല്ലാനും ആസിഡൊഴിച്ച് വികൃതമാക്കാ
നും അല്ല, ലൈംഗികത, ആസ്വാദനം മാത്രമല്ലെന്നും പെണ്ണിനെ വഴിയാധാരമാക്കാനും അനാഥമക്കളെ സൃഷ്ടിക്കാനുമുള്ളതല്ലെന്നും ഉള്ള തിരിച്ചറിവ്. ലൈംഗികത ആസ്വദിക്കുന്നവര്‍ തമ്മില്‍ ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട് എന്ന ബോധം. പവിത്രമായ കുടുംബ സങ്കല്‍പങ്ങളിലൂടെ തന്നെയാണ് ഇത് സാധ്യമാവുക. കെട്ടുപാടുകളില്ലാത്ത സ്വതന്ത്ര ലൈംഗികതയാണ് സമൂഹത്തിന് ആവശ്യം എന്ന് വാദിക്കുന്നവര്‍ക്ക് തന്റെ വീട്ടുമുറ്റത്ത് ദത്തു വിവാദം
പോലെ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് ഒരു കുഞ്ഞ് വന്നു
നില്‍ക്കുമ്പോള്‍ മാത്രം ഉണ്ടാക്കേണ്ട വിലാപങ്ങളല്ല ഇത്. സാമൂഹിക നിലനില്‍പ്പിന്നായി ആചരിച്ചുപോകേണ്ട മര്യാദകളാണത്. ദൈവികമായ സദാചാര സങ്കല്‍പങ്ങളാണ് ആപല്‍ക്കരമായ, ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന സംഗതികളെ തടയാന്‍ സഹായിക്കുക.
സ്വതന്ത്രമായ സ്ത്രീ പുരുഷ ഇടപെടലുകള്‍ ഏതാളുകള്‍ തമ്മിലാണെന്ന് കൃത്യമായി ദൈവം പറഞ്ഞു തന്നിട്ടുണ്ട്. (സൂറത്തുന്നൂര്‍ 33). അനുവാദം കിട്ടുന്നതു വരെ അന്യ വീട്ടിലേക്ക് പ്രവേശിക്കരുതെന്നും മാതാപിതാക്കളുടെ മുറികളിലാണെങ്കിലും, ചില പ്രത്യേക സമയങ്ങളില്‍ അപ്രതീക്ഷിതമായി കടന്നുവരരുതെന്നും ഉള്ള ഖുര്‍ആനിക ശാസനകള്‍ സദാചാര പാലനത്തിന്റെ അടിസ്ഥാന പാഠങ്ങളാണ്.
ഉദാര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന, കുടുംബസ്വത്ത് സംരക്ഷിക്കാനാണ് കുടുംബം എന്ന് വാദിക്കുന്ന ആദര്‍ശശാലികളും, മദ്യവും മദിരാക്ഷിയും നിശാക്ലബുകളും മയക്കുമരുന്നുകളും നല്‍കുന്ന ചൂഷണ വിപണന സാധ്യതകള്‍ തിടം വെക്കുന്ന, കുത്തഴിഞ്ഞ ലൈംഗികതയുടെ ഉപാസകരായ മുതലാളിത്തവും തുറന്നിട്ട വാതിലുകളിലൂടെയാണ് മേല്‍പറഞ്ഞ ആപല്‍ക്കരമായ സംഗതിക്ക് കേരളജനതക്ക് സാക്ഷിയാകേണ്ടി വന്നത്. ഒളിമറയില്ലാത്ത ലൈംഗികതയാണ് ആവശ്യമെന്ന വാദക്കാരുടെ പൊയ്‌വാക്കുകളിലാണ് നമ്മുടെ കൗമാര യൗവനങ്ങള്‍ ആകൃഷ്ടരാകുന്നത്. പാതിരാവില്‍ ഡി.ജെ പാര്‍ട്ടികളിലും മദ്യ- മയക്കുമരുന്ന് നിശാ ക്ലബ്ബുകളിലും ആറാടാനുള്ള സാംസ്‌കാരിക സംവിധാനമാണ് ഉത്തരവാദപ്പെട്ടവര്‍ ഒരുക്കിക്കൊടുക്കുന്നത്. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആണും പെണ്ണും ഭദ്രമായ സദാചാര സങ്കല്‍പത്തെ ഓര്‍ത്തെന്ന് വരില്ല. സദാചാരത്തെക്കുറിച്ച് സമൂഹത്തോട് വിലപിക്കുന്നവര്‍ തങ്ങളുടെ കൂടി കാര്‍മികത്വത്തില്‍ തിടംവെച്ച സാംസ്‌കാരിക ബലഹീനതകളിലാണ് ആപല്‍ക്കരമായ സംഗതികള്‍ വന്നുചേര്‍ന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. കുടുംബ മാനുഷിക ബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക അരാജകത്വത്തിലേക്കാണ് നയിക്കുക എന്ന പ്രവാചക അധ്യാപനങ്ങള്‍ പുലരുകയാണ്.
മതം, ജാതി, ഗോത്രം എന്നീ മഹിമകളില്‍ അഹങ്കരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് സ്വതന്ത്ര ലൈംഗികതയുടെ മുതലാളിത്ത ഇടതു വാദങ്ങള്‍ പൊലിമയോടെ കടന്നുവരുന്നത്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജാതിവാലുകള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് അവരിലധികവും. സ്വന്തം കാര്യം വരുമ്പോള്‍ താന്‍ പറഞ്ഞുനടന്നിരുന്ന ജാരവാദങ്ങള്‍ മറക്കും. ഡി.ജെ പാര്‍ട്ടിയിലെ ആസ്വാദനത്തിന് ജാതി മത പരിഗണനയില്ലാത്ത ഇത്തരം വാദക്കാരായ ആണിനും പെണ്ണി
നും കുടുംബം സംവിധാനിക്കാന്‍ തീരുമാനിക്കുമ്പോള്‍ നിറവൊത്തതു തന്നെ വേണം. സമൂഹത്തിന്റെ പൊതു മര്യാദ ഇതായതുകൊണ്ട് അവിഹിത ഗര്‍ഭത്തില്‍ ഉണ്ടാകുന്ന ഒരു കുഞ്ഞിന്റെ അമ്മയെ വരണമാല്യം ചാര്‍ത്താനുള്ള വിശാലത, കുടുംബം സ്വകാര്യസ്വത്ത് സംരക്ഷിക്കാന്‍ ഉള്ളതാണെന്ന വാദക്കാര്‍ക്ക് പോലും ഉള്‍ക്കൊള്ളാനാവുന്നില്ല.
ജാതി മേധാവിത്ത്വം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന മിശ്രവിവാഹം സര്‍ക്കാര്‍ പരിരക്ഷ നല്‍കി നിലനില്‍ക്കുമ്പോഴും മാനം കാക്കാന്‍ കൊലക്കത്തിക്ക് മുമ്പില്‍ കഴുത്ത് നീട്ടേണ്ടി വന്നവരുടെതു കൂടിയാണ് സാംസ്‌കാരിക കേരളം. ഇത്തരം സാംസ്‌കാരിക നിര്‍മിതിയിലേക്കാണ് സ്വതന്ത്ര ലൈംഗികതയുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ യുവാക്കളെ /യുവതികളെ പറഞ്ഞുവിടുന്നത്.
പാവനമായ കുടുംബബന്ധങ്ങളുടെ കടക്കല്‍ കത്തി വെക്കാന്‍ കഴിഞ്ഞു എന്നതല്ലാതെ സമൂഹത്തില്‍ എന്ത് നേട്ടമാണ് ഇത്തരം വാദങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത്?
ആരുടെയൊക്കെ കൂടെ കിടക്കണം, എവിടെയൊക്കെ ഉറങ്ങണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനവന് മാത്രമാണ് എന്ന് വാദിക്കുന്നവര്‍ ഇങ്ങനെ ഉറങ്ങി എണീറ്റ് വരുന്നവരെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുകയാണ്. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് നമ്മുടെ കുടുംബം എത്തരുത്. രക്ഷിതാക്കള്‍ക്ക് കണ്ണീരോടെ മക്കളെ സ്വീകരിക്കേണ്ടി വരരുത്. സമൂഹത്തിനു മുമ്പില്‍ അപമാനിതനാകും വിധം ആണ്‍ പെണ്‍ സൗഹൃദങ്ങളില്‍ ആശാസ്യകരമല്ലാത്ത ലൈംഗികത ഉണ്ടാവരുത്. എന്നെല്ലാം നിഷ്‌കളങ്കമായി പറയുന്നവരെ നോക്കി ഫഌഷ് മോബ് കളിച്ചത് കൊണ്ട് കാര്യമേയില്ല. മാറി മാറി രുചിനോക്കുന്ന സ്ത്രീ പുരുഷന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്നാണ് പ്രവാചക വചനം. വണ്ടുകള്‍ രുചിനോക്കാന്‍
പൂന്തോട്ടത്തിലേക്ക് അടുക്കുന്നതു പോലെയുള്ള സ്വതന്ത്ര ലൈംഗികതയെയും വിവാഹത്തിലൂടെ
പാവനമാകുന്ന ലൈംഗികതയെ കുറ്റമായിക്കാണുന്ന സന്യാസത്തെയും ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നതിന്റെ യുക്തി ഇവിടെയാണ്.
ദൈവികതയിലൂന്നിയ സദാചാര സംരക്ഷണ ബാധ്യത ലിംഗാധിഷ്ഠിതമായി ഒരാളിലേക്കു മാത്രം ചാര്‍ത്തിക്കൊടുക്കുന്നതേയല്ല. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മകനെ കയറൂരി വിട്ട്, ദുര്‍ബലരായിത്തീരുന്ന പെണ്‍കുട്ടികളെ മാത്രം സംരക്ഷിച്ചു നിര്‍ത്തേണ്ടതല്ല സമൂഹത്തിന്റെ സദാചാര ശീലങ്ങള്‍. കാരണം ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ എത്രതന്നെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ വൈകൃതങ്ങളുടെ ഹേതു സ്ത്രീയായി ചിത്രീകരിച്ച് അവളോട് ധാര്‍മിക പാഠങ്ങള്‍ ഉരുവിട്ടുകൊടുക്കാറാണ് പതിവ്. ഇത്തരം ആളുകളെ നോക്കിയാണ് ഖുര്‍ആന്‍ പറഞ്ഞത്. 'വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടി വീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരു സംഘം സാക്ഷ്യം വഹിക്കുകയും ചെയ്യട്ടെ.'' (24:3) ആണ്‍ പെണ്‍ ഭേദമന്യെ സാമൂഹിക വ്യവസ്ഥിതി തകിടം മറിക്കുന്ന അനാശാസ്യതക്ക് അറുതി വരുത്താനായുള്ള ഖുര്‍ആനിന്റെ അനേകം പ്രഖ്യാപനങ്ങളിലൊന്നാണിത്.
അന്യ ആണിനെയും പെണ്ണിനെയും ഒന്നിച്ചു കാണുന്നിടത്തൊക്കെ പോയി കല്ലെറിയാനും ലാത്തി വീശാനും ആരോഗ്യപരമായ സൗഹൃദങ്ങളെ സംശയത്തോടെ നോക്കാനുമാണിപ്പോള്‍ കേരളം പഠിപ്പിക്കപ്പെട്ടത്. അതിനു പകരം അരാജകത്വത്തിലേക്ക് പറഞ്ഞയക്കുന്ന, തന്നെത്തേടി വന്നവന്റെ പേര് വിളിച്ചുപറയുന്ന താത്രിക്കുട്ടിമാരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതി മാറണമെങ്കില്‍ ധാര്‍മികതയില്‍ ഊന്നിയ സദാചാരബോധ്യത്തെ മാനിച്ചേ മതിയാകൂ.