റസൂലിനെ നാം എങ്ങനെ സ്‌നേഹിച്ചു തീര്‍ക്കും

സി.ടി സുഹൈബ്
December 2021
ഹിദായത്തിന്റെ വെളിച്ചത്തിലേക്ക്  ആളുകളെ കൊണ്ടെത്തിക്കാന്‍  രാപ്പകല്‍ പാടുപെടുന്ന റസൂല്‍ (സ) പലരും മുഖം തിരിഞ്ഞ് നടക്കുമ്പോള്‍ മനഃപ്രയാസം കൊണ്ട് ദുഃഖിതനായി  പോകാറുണ്ടായിരുന്നു.

റസൂല്‍(സ)യോടുള്ള സ്‌നേഹം പാട്ടായും പറച്ചിലായും പ്രാര്‍ഥനയായും ജീവിതത്തില്‍ പ്രകടിപ്പിക്കുന്നവരാണ് വിശ്വാസികള്‍. ഓരോ ദിവസവും ബാങ്ക് വിളിച്ച് തീരുമ്പോഴും നമസ്‌കാരത്തിലും അവിടുത്തെ പേര് കേള്‍ക്കുമ്പോഴുമെല്ലാം സ്വലാത്ത് ചൊല്ലി പ്രാര്‍ഥിക്കുന്ന ചുണ്ടുകളുണ്ട് നമുക്ക്. ഇത്രമാത്രം നമ്മിലേക്ക് ചേര്‍ത്ത് വെക്കാന്‍ കടപ്പാടുകളേറെയുണ്ട് പ്രിയ നബിയോട്. അല്ലാഹുവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയതിന്, ഇസ്‌ലാമിനെ മനോഹരമായി പ്രായോഗികവത്കരിച്ച് കാണിച്ചതിന്, സമാനതകളില്ലാത്ത ഒരു നാഗരികതക്കും സംസ്‌കാരത്തിനും നേതൃത്വം നല്‍കിയതിന്, ജാഹിലിയ്യത്തിന്റെ ഇരുട്ടുകളില്‍നിന്ന് ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ലോകത്തെ നയിച്ചതിന്, സ്വര്‍ഗത്തിലേക്കെത്തുന്ന പാതയില്‍ വഴികാട്ടിയതിന് ഇങ്ങനെ എണ്ണിത്തീര്‍ക്കാനാവാത്ത കാരണങ്ങള്‍ റസൂലുല്ല(സ)യെ സ്‌നേഹിക്കാനുണ്ടെന്നതോടൊപ്പം അദ്ദേഹം നമ്മെയെത്ര സ്‌നേഹിച്ചിരുന്നുവെന്നറിയുമ്പോള്‍ നടന്ന് തീര്‍ക്കാന്‍ കഴിയാത്ത ഹുബ്ബു റസൂലിന്റെ വഴിയില്‍ കൊച്ചുകുട്ടിയെ പോലെ നാം പകച്ച് നിന്നു പോകും.
നാം സ്‌നേഹിക്കുന്നവര്‍ക്കായി നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് പ്രാര്‍ഥന. നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന റസൂല്‍(സ)യെ ആലോചിച്ചിട്ടുണ്ടോ. ''റസൂലേ അങ്ങെനിക്ക് വേണ്ടിയൊന്ന് പ്രാര്‍ഥിക്കുമോ?'' ആഇശ(റ) പ്രിയ റസൂലിനോട് ചോദിച്ചു: ''അല്ലാഹുവേ, ആഇശക്ക് അവള്‍ മുമ്പ് ചെയ്തതും പിന്നീട് ചെയ്തതും രഹസ്യമായതും പരസ്യമായതുമായ എല്ലാ തെറ്റുകളും നീ പൊറുത്തു കൊടുക്കണേ.'' റസൂല്‍ (സ)യുടെ പ്രാര്‍ഥന കേട്ട് ആനന്ദത്താല്‍ മതി മറന്ന് ചിരിച്ച ആഇശ(റ)യെ നോക്കി റസൂല്‍(സ) ചോദിച്ചു: ''എന്റെ പ്രാര്‍ഥന നിന്നെ അത്രയധികം സന്തോഷിപ്പിച്ചുവോ?'' ''അങ്ങെനിക്കായി പ്രാര്‍ഥിക്കുമ്പോള്‍ ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും നബിയേ,'' ആഇശ(റ) പറഞ്ഞു: അന്നേരം റസൂല്‍(സ) പറഞ്ഞു: ''ആഇശാ, ഓരോ നമസ്‌കാരത്തിലും എന്റെ ഉമ്മത്തിനു വേണ്ടി ഞാനിത് തന്നെ പ്രാര്‍ഥിക്കാറുണ്ട്.'' നമുക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടേയിരുന്ന പ്രിയ റസൂലിന് തിരിച്ച് നല്‍കാന്‍ നമ്മളെന്താണ് ഒരുക്കിയിട്ടുള്ളത്.
വിശ്വാസികളോട് അങ്ങേയറ്റത്തെ സ്‌നേഹവും കാരുണ്യവും പ്രകടിപ്പിച്ചിരുന്ന റസൂല്‍(സ) ഉമ്മത്തിന് മേല്‍ ശിക്ഷയിറക്കുന്നതില്‍നിന്നും രക്ഷപ്പെടുത്താന്‍ കരഞ്ഞ് പ്രാര്‍ഥിക്കുന്നത് കാണാം. അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വ്(റ)വില്‍നിന്ന് നിവേദനം. റസൂല്‍ (സ) സൂറ ഇബ്‌റാഹീമിലെ ഇബ്‌റാഹീം നബി പറഞ്ഞ വാക്കുകള്‍ പാരായണം ചെയ്തു. 'എന്റെ രക്ഷിതാവേ, തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ ആര്‍ എന്നെ പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്നപക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.' ശേഷം സൂറത്തുല്‍ മാഇദയിലെ ഈസാ നബി കുറ്റവാളികളെക്കുറിച്ച് പറഞ്ഞ വര്‍ത്തമാനം പാരായണം ചെയ്തു; 'എന്റെ രക്ഷിതാവേ, തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ ആര്‍ എന്നെ പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്നപക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.' ശേഷം സൂറത്തുല്‍ മാഇദയിലെ ഈസാനബി കുറ്റവാളികളെക്കുറിച്ച് പറഞ്ഞ വര്‍ത്തമാനം പാരായണം ചെയ്തു. 'നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും' (5:118). എന്നിട്ട് കൈകളുയര്‍ത്തി 'അല്ലാഹുവേ, എന്റെ സമുദായം. എന്റെ സമുദായം അവരെ നീ കാക്കണേ'' എന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിച്ച് കൊണ്ട് കരയാന്‍ തുടങ്ങി. അന്നേരം അല്ലാഹു ജിബ്‌രീലിനോട് പറഞ്ഞു. ''നീ മുഹമ്മദിന്റെ അടുത്ത് ചെന്ന് എന്തിനാണ് കരയുന്നതെന്ന് ചോദിക്കുക- അല്ലാഹു എല്ലാം അറിയുന്നവനാണ്''- അങ്ങനെ ജിബ്‌രീല്‍(അ) കാര്യമന്വേഷിച്ച് വന്നപ്പോള്‍ റസൂല്‍(സ) ഉമ്മത്തിനെ ശിക്ഷയില്‍നിന്ന് കാക്കണമെന്ന് പ്രാര്‍ഥിച്ച കാര്യം പറഞ്ഞു. തിരിച്ച് വന്ന ജിബ്‌രീല്‍(അ)നോട് അല്ലാഹു പറഞ്ഞു. അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് അറിയിക്കണം. 'താങ്കളുടെ ഉമ്മത്തിന്റെ കാര്യത്തില്‍ ഞാന്‍ താങ്കളില്‍ സന്തുഷ്ടനായിരിക്കുന്നു. ഞാന്‍ താങ്കളെ വിഷമിപ്പിക്കുകയില്ല തന്നെ.'
ആകാശത്ത് കാര്‍മേഘങ്ങളിരുണ്ടു കൂടുമ്പോള്‍ കാറ്റ് ശക്തമായി വീശുന്ന നേരം റസൂല്‍(സ) അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ടായിരുന്നെന്ന് ആഇശ(റ) പറയുന്നുണ്ട്. അല്ലാഹുവോട് പ്രാര്‍ഥിച്ച് കൊണ്ടിരിക്കും. പിന്നീട് മഴപെയ്ത് മാനം തെളിയുമ്പോള്‍ അസ്വസ്ഥതകള്‍ വിട്ടകന്ന് കാണും. അന്നേരം എന്തിനായിരുന്നു അസ്വസ്ഥപ്പെട്ടതെന്ന് ചോദിച്ചാല്‍ പറയും, മുന്‍ഗാമികള്‍ക്ക് ശിക്ഷയായി ഇത്തരം മഴമേഘങ്ങള്‍ എത്തിയിരുന്നു. അത്തരമൊരു ശിക്ഷ എന്റെ ഉമ്മത്തിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു പ്രാര്‍ഥനകളോടെ അല്ലാഹുവിലേക്ക് കൈകളുയര്‍ത്തിയതിന്റെ കാരണം. ഉമ്മത്തിനോടുള്ള സ്‌നേഹത്താല്‍ അവരെ പ്രയാസങ്ങളില്‍നിന്ന് രക്ഷിക്കാന്‍ പ്രാര്‍ഥിക്കുന്ന പ്രിയ റസൂല്‍(സ).
ഹിദായത്തിന്റെ വെളിച്ചത്തിലേക്ക് ആളുകളെ കൊണ്ടെത്തിക്കാന്‍ രാപ്പകല്‍ പാടുപെടുന്ന റസൂല്‍(സ) പലരും മുഖം തിരിഞ്ഞ് നടക്കുമ്പോള്‍ മനഃപ്രയാസം കൊണ്ട് ദുഃഖിതനായി പോകാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഇടക്കിടക്ക് അല്ലാഹു ആശ്വസിപ്പിച്ച് കൊണ്ടിരുന്നത്. അവരിലേക്കെത്തിച്ച് കൊടുക്കുക എന്നത് മാത്രമേ താങ്കള്‍ക്ക് ബാധ്യതയുള്ളൂ. അവരത് സ്വീകരിക്കുന്നതും തിരസ്‌കരിക്കുന്നതും താങ്കളെ അസ്വസ്ഥപ്പെടുത്തേണ്ടതില്ല തന്നെ. എന്നാല്‍ പോലും മനുഷ്യരോടുള്ള  കാരുണ്യത്തിന്റെ ആ മനസ്സ് പലപ്പോഴും ഇക്കാര്യത്തില്‍ നിറഞ്ഞൊഴുകിയിരുന്നു. അബൂഹുറൈറ(റ)വില്‍നിന്നും നിവേദനം. റസൂലുല്ലാഹി (സ) പറഞ്ഞു: 'എന്റെയും എന്റെ ചുറ്റിലുമുള്ള ജനങ്ങളുടെയും ഉപമ തീ കത്തിച്ച ഒരാളെ പോലെയാണ്. കത്തുന്ന തീയിലേക്ക് പ്രാണികള്‍ പാഞ്ഞടുത്ത് ചിലതൊക്കെ അതില്‍ വീഴാന്‍ തുടങ്ങി. ഞാന്‍ ആ തീയിലേക്ക് വീഴാതെ തടഞ്ഞു നിര്‍ത്തുന്നവനാണ്.'
വിശ്വാസികള്‍ക്ക് ദീനിയായ ജീവിതം കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ ഇളവുകള്‍ നിര്‍ദേശിക്കുന്ന റസൂല്‍(സ)യെ കാണാം. പ്രയാസമാകുമെന്ന് കരുതി ചെയ്യാതെയും പറയാതെയും വിട്ട കാര്യങ്ങള്‍ നമ്മളോടുള്ള കാരുണ്യത്തിന്റെ അടയാളം കൂടിയാണ്. ഒരിക്കല്‍ ഇശാ നമസ്‌കാരത്തിനായി ആളുകള്‍ കാത്തിരിക്കുമ്പോള്‍ സാധാരണ നമസ്‌കരിക്കുന്ന സമയത്ത് റസൂല്‍(സ) എത്തിയില്ല. ആളുകള്‍ കാത്തിരുന്നു. ഉറങ്ങാന്‍ തുടങ്ങി. പിന്നീട് എഴുന്നേല്‍ക്കുകയും വീണ്ടുമുറങ്ങുകയും ചെയ്തു. അങ്ങനെ റസൂല്‍(സ) വരികയും ഇശാ ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ക്ക് പ്രയാസമാകില്ലായിരുന്നെങ്കില്‍ ഇശാഅ് ഈ രൂപത്തില്‍ നമസ്‌കരിക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.'' രാത്രി വൈകി നമസ്‌കരിക്കുന്നതാണ് ഇശാ നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഉത്തമമെന്നും എന്നാല്‍ അത് ഉറക്കത്തിനും മറ്റും പ്രയാസകരമാകുമെന്നും കരുതി റസൂല്‍(സ) അത് നേരത്തെയാക്കുകയായിരുന്നു. മറ്റൊരു ഹദീസില്‍ കാണാം: 'എന്റെ ഉമ്മത്തിലുള്ളവര്‍ക്ക് പ്രയാസകരമല്ലായിരുന്നെങ്കില്‍ ഓരോ നമസ്‌കാരത്തിന് മുമ്പും പല്ല് തേക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.' റമദാനിലെ തറാവീഹ് നമസ്‌കാരം ആദ്യ ദിവസങ്ങളില്‍ പള്ളിയില്‍ വന്ന് നമസ്‌കരിച്ചിരുന്ന റസൂല്‍(സ) പിന്നീടത് ഉപേക്ഷിച്ചതിന്റെ കാരണം അത് നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയമായിരുന്നുവെന്ന് അറിയുമ്പോള്‍ എത്രമാത്രം നമ്മെ പരിഗണിച്ചിരുന്നു എന്നറിയാനാകും. ഉദ്ഹിയ്യത്തറുക്കുന്ന സമയത്ത് ബലിയറുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത വിശ്വാസികള്‍ക്കായി ആടിനെ അറുക്കുന്ന റസൂലില്‍ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയ സ്‌നേഹ ദൂതനെ കാണാം. ജാബിറുബ്‌നു അബ്ദുല്ല(റ) പറയുന്നു. ബലി പെരുന്നാള്‍ ദിവസം. ഖുതുബ നിര്‍വഹിച്ച് നബി(സ) മിമ്പറില്‍നിന്നിറങ്ങി. എന്നിട്ട് ആടിനെ കൊണ്ടുവന്നു. അതിന്റെ കഴുത്തില്‍ കത്തിവെച്ച് അദ്ദേഹം പറഞ്ഞു: ''ബിസ്മില്ലാഹ്. അല്ലാഹു അക്ബര്‍. ഇത് എനിക്കും എന്റെ ഉമ്മത്തില്‍ ബലിയറുക്കാന്‍ കഴിയാത്തവര്‍ക്കുമായിട്ടാണ്.''
തന്റെ ചുറ്റിലുമുള്ള സ്വഹാബിമാരെ ചേര്‍ത്ത് പിടിച്ചും അവരോട് സ്‌നേഹവും സഹാനുഭൂതിയും ആവോളം പ്രകടിപ്പിച്ചും പ്രിയ റസൂല്‍(സ) വരാനിരുന്ന ഉമ്മത്തിലെ വിശ്വാസികളോട് തനിക്കുള്ള സ്‌നേഹം തുറന്ന് പറയുന്നത് കാണാം. അനസ്(റ)വില്‍നിന്നും നിവേദനം. ഒരിക്കല്‍ റസൂല്‍(സ) പറഞ്ഞു. ഞാനെന്റെ സഹോദരങ്ങളെ കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. അന്നേരം സ്വഹാബിമാര്‍ ചോദിച്ചു. ഞങ്ങളല്ലേ താങ്കളുടെ സഹോദരങ്ങള്‍. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു. നിങ്ങളെന്റെ സഹപ്രവര്‍ത്തകരായ കൂട്ടുകാരാണ്. എന്റെ സഹോദരങ്ങള്‍ എന്നെ കാണാതെ തന്നെ എന്നെ സ്‌നേഹിക്കുന്നവരാണ്.
മുസ്‌ലിം ഉമ്മത്തിനോടുള്ള റസൂല്‍(സ)യുടെ സ്‌നേഹം ഈ ലോകത്തേക്ക് മാത്രമുള്ളതല്ല. മരണാനന്തരമുള്ള ലോകത്തേക്ക് വേണ്ടി അദ്ദേഹം നമുക്കായി കരുതിവെച്ച സ്‌നേഹവും കാരുണ്യവുമാണ് അവിടുത്തെ ശഫാഅത്ത്. നാളെ വിചാരണയുടെ ലോകത്ത് വിശ്വാസികളില്‍ പാപികളായവര്‍ക്കായി റസൂലുല്ലാഹി(സ)യുടെ പ്രാര്‍ഥനകളുണ്ടാകും. അല്ലാഹുവിന്റെ അനുമതിയോടുകൂടി അദ്ദേഹം നമുക്കായി ശുപാര്‍ശ തേടും. അബൂഹുറൈറ(റ)വില്‍നിന്നും നിവേദനം. റസൂലുല്ലാഹി(സ) പറഞ്ഞു. എല്ലാ പ്രവാചകന്മാര്‍ക്കും ഉത്തരം നല്‍കപ്പെടുന്ന ഒരു പ്രാര്‍ഥനാവസരം നല്‍കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം അത് വേഗത്തില്‍ ഉപയോഗിച്ചു. ഞാനെനിക്ക് നല്‍കിയ അവസരത്തെ ഉമ്മത്തിന് വേണ്ടി പ്രാര്‍ഥിക്കാനായി പരലോകത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത എന്റെ ഉമ്മത്തിലുള്ളവര്‍ക്ക് ആ പ്രാര്‍ഥനയുടെ പ്രയോജനം ലഭിക്കും.
നമുക്കായി ഈ ലോകത്ത് ജീവിച്ച, നമ്മെ സ്‌നേഹിച്ച, നമുക്ക് വേണ്ടി പ്രാര്‍ഥിച്ച, നമ്മെ ചേര്‍ത്തു പിടിച്ച, നാളേക്കുള്ള കരുതലായി പ്രാര്‍ഥനയെ പാത്തുവെച്ച റസൂലിനെ എങ്ങനെയാണ് നാം സ്‌നേഹിച്ചു തീര്‍ക്കുക.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media