''അടിക്കൂ... എന്നെ അടിച്ചുകൊല്ലൂ, നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലത്.''
''നീ അതും ഇതും പറഞ്ഞ് ഭരിക്കാന്‍ വന്നാല്‍... ഞാന്‍ കൊല്ലും...''
മുഹമ്മദ് കാസിം ഭാര്യയെ പൊതിരെ തല്ലി. പാണത്തൂരിലെ നെല്‍ക്കായലില്‍ അറിയപ്പെടുന്ന വ്യക്തിയും ജന്മിയുമായ യൂസുഫ് ഹാജിയുടെ ഒറ്റ മകളായ റുബീനയാണ് കാസിമിന്റെ ഭാര്യ. കല്യാണത്തിനു ശേഷം നാടുവിട്ട കാസിം ഗള്‍ഫില്‍ പല സ്ഥലങ്ങളിലായി ജോലി ചെയ്തു. കച്ചവടം നടത്തി. കടമല്ലാതെ സമ്പാദ്യം ഉണ്ടായിരുന്നില്ല.
സുഊദി അറേബ്യയിലെ ദമാമില്‍ ഒരു വിദേശ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യവേ, കാസിം മറ്റൊരു ഡ്രൈവറോടൊപ്പം സാധനങ്ങളുമായി കുവൈത്തിലേക്ക് പോയി. കുവൈത്തില്‍ എത്തിയ കാസിം തിരിച്ചുപോയില്ല. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ രണ്ട് ദിവസം കുവൈത്തില്‍ താമസിച്ച് അവനെയന്വേഷിച്ചു. കാത്ത് നിന്നിട്ടും കണ്ടെത്താനാവാതെ തനിച്ച് ഡ്രൈവര്‍ ദമാമിലേക്ക് മടങ്ങി.
മുഹമ്മദ് കാസിം പൊങ്ങിയത് ജിലേബി ഷ്യൂക്ക് എന്ന സ്ഥലത്ത് ഒരു മലയാളിയുടെ ചായക്കടയിലായിരുന്നു. അവിടെയായിരുന്നു അവന്‍ കുവൈത്തില്‍ ജോലി നോക്കിയത്. പിന്നീട് അവിടുത്തെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തു. അക്കാലത്തെ പേരുകേട്ട, സമര്‍ത്ഥനായ കുക്കായിരുന്നു കാസിം. കുവൈത്തില്‍ അപ്പോള്‍ പാചകക്കാര്‍ക്ക് നല്ല ശമ്പളമായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ത്യന്‍ എംബസി മുഖേന പുതിയൊരു പാസ്‌പോര്‍ട്ടും തരപ്പെടുത്തി. രാവിലെ മൂന്ന് മണിക്ക് അടുക്കളയില്‍ കയറിയാല്‍ പത്ത് മണി ആവുമ്പോഴേക്കും ജോലി കഴിയും. അതുകഴിഞ്ഞ് കുളിച്ച് ഭംഗിയായി വസ്ത്രങ്ങണിഞ്ഞു നഗരങ്ങളൊക്കെ ചുറ്റിക്കറങ്ങും. ആള്‍ക്കാരെയൊക്കെകണ്ട് പരിചയപ്പെടാനും ചങ്ങാത്തമുണ്ടാക്കാനും വളരെ മിടുക്കനായിരുന്നു കാസിം. ഒരു ദിവസം മാലിയായില്‍ കറങ്ങിക്കൊണ്ടിരിക്കെയാണ് നാട്ടുകാരനായ സുഹൃത്തിനെ കണ്ടുമുട്ടിയത്. പേര് അബൂബക്കര്‍. അബൂബക്കറിനെ അബു എന്നായിരുന്നു വിളിച്ചിരുന്നത്.
''എടാ... നീ ഇവിടേയും എത്തിയോ?'' അബുവിന് കാസിം കുവൈത്തില്‍ വന്ന കാര്യം അറിയില്ലായിരുന്നു.
''രണ്ട് കൊല്ലം കഴിഞ്ഞെടാ...''
''ദമാമിലായിരുന്നെന്നാണ് കേട്ടത്?''
''അതെ, അവിടെനിന്ന് സാധനങ്ങളുമായി വന്നതാ... ഇവിടെ നിന്ന് മുങ്ങി.''
''അപ്പോള്‍ വണ്ടി?''
''അത് കൂടെയുണ്ടായിരുന്നയാള്‍ കൊണ്ടുപോയി.''
''അവരെന്തും ചെയ്തില്ലേ?''
''പേടിച്ചിരുന്നു... പിന്നെ ആരാ ഇതിനൊക്കെ മെനക്കെടാന്‍.''
''നീ എവിടെ പോകുന്നു?''
''ഞാന്‍ ജോലി കഴിഞ്ഞ് ചുമ്മാ നടക്കാനിറങ്ങിയതാ.''
''നീ...''
''ഞാന്‍ എക്കാമ പുതുക്കാന്‍ സ്‌പോണ്‍സറെ കാണാന്‍ പോകുകയാണ്.''
''എടാ ആളെങ്ങനാ... എനിക്കും ഒരു വിസ വേണമായിരുന്നു.''
''രണ്ട് കൊല്ലം കഴിഞ്ഞിട്ടും വിസയെടുത്തില്ലേ?''
''കുവൈത്തി നല്ലയാളാ... ചെറുപ്പക്കാരന്‍.''
''ഒരു വിസ തരപ്പെടുത്തുമോ?''
''വാ, നമുക്ക് സംസാരിക്കാം''
''ഒ.കെ ഞാന്‍ വരാം. എന്തെങ്കിലും കൊണ്ടു പോകണം, അയാളെ ഒന്ന് സോപ്പിടാന്‍.''
''ഞാനൊന്നും കൊടുക്കാറില്ല.''
''അത് സാരമില്ല. ഒരമ്പത് സമൂസ വാങ്ങാം.''
''നിന്റെ ഇഷ്ടം പോലെ.''
ദിവസങ്ങള്‍ക്കകം കുവൈത്തിയെ കൈയിലെടുത്ത കാസിം വിസയെടുത്ത് ഇറാഖിലേക്ക് പോയി വിസയടിച്ചു. പുതിയ വിസ അടിക്കണമെങ്കില്‍ ആ നാട്ടില്‍നിന്ന് പുറത്ത് പോയി വീണ്ടും പുതിയ വിസയില്‍ വരണമായിരുന്നു. മൂന്ന് നാല് വര്‍ഷം ജോലി ചെയ്ത് ഒരുപാട് പണം പല തരത്തിലും സമ്പാദിച്ചു. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുമായി സഹകരിച്ച് മദ്യക്കച്ചവടവും നടത്തി. തന്റെ സ്‌പോണ്‍സറായ അബൂജാസിമിന് കുപ്പികൊടുത്ത് ചങ്ങാത്തം ദൃഢമാക്കി. അദ്ദേഹത്തേയും കൂട്ടി നാട്ടില്‍ പോയി. അബൂജാസിമും കാസിമും വലിയ സ്‌നേഹത്തിലായി. മദ്യവും മദിരാക്ഷിയും അബൂജാസിമിന് വേണ്ടി ഒരുക്കിക്കൊടുക്കും.
എ.എസ്. മൊയ്തീന്‍ഹാജി കള്ളക്കടത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമയം. അദ്ദേഹം കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍, കാസിമിന് അവിടെ ഹോട്ടല്‍ ബിസിനസ്സായിരുന്നു. കാസിം കുവൈത്തില്‍ ഒരാശുപത്രി മലയാളികള്‍ക്ക് വേണ്ടി തുടങ്ങിയാല്‍ അത് ലാഭകരമായിരിക്കുമെന്നും ഗവണ്‍മെന്റില്‍ സ്വാധീനമുള്ള ഒരു കുവൈത്തി തന്റെ കൈയിലുണ്ടെന്നും എ.എസിനെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്തു. അങ്ങിനെ എ.എസ് മൊയ്തീന്‍ ഹാജിയും, മുഹമ്മദ് കാസിമും അബൂജാസിമും കൂടി തുടങ്ങിയതാണ് കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റല്‍.
കാസിം, റുബീനയുടെ മുടിക്ക് പിടിച്ചു വലിച്ച് മുഖത്തേക്ക് അടിച്ചുകൊണ്ടേയിരുന്നു.
''നിര്‍ത്തൂ...''
കാസിം തിരിഞ്ഞു നോക്കി. ജ്വലിക്കുന്ന കണ്ണുമായി മകള്‍ ഷാഹിന നില്‍ക്കുന്നു. റുബീന തേങ്ങിത്തേങ്ങി കരയുന്നു.
''എന്താണിത്...! എപ്പോഴും ഇങ്ങനെ? എനിക്കോര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതാണ്!''
ഷാഹിന അകത്തേക്ക് പോയി.
''ഓള് എന്നോട് ചോദിക്കുന്നു. വില്ലയിലേക്കുള്ള വഴി.''
''അതിനെന്താടി നിനക്ക് അറിയുന്നില്ലെങ്കില്‍ അറിയുന്നില്ലെന്ന് പറയണം.''
''കണ്ട പെണ്ണുങ്ങളോടൊന്നും പറയാന്‍ എനിക്കാവില്ല... അല്ലെങ്കില്‍ ഞാന്‍ എങ്ങനെ അറിയാനാണ്?''
കാസിം അടുത്തുള്ള കസേരയില്‍ ഇരുന്നു.
''ഇതൊക്കെ ബിസിനസ്സിന്റെ ഭാഗമാണ്. അതൊക്കെ മനസ്സിലാക്കി അടങ്ങി ഒതുങ്ങി നില്‍ക്കണം.''
കാസിം, മറന്നുവെച്ച ഫോണെടുത്ത് അവിടെ നിന്നിറങ്ങി. റുബീന കരഞ്ഞുകൊണ്ടിരുന്നു.
കാസിം കാറെടുത്ത് നേരെ സാല്‍മിയാ ബീച്ച് റോഡിലുള്ള പ്രൈവറ്റ് വില്ലയിലേക്ക് പോയി. സാല്‍മിയാ ബീച്ച് റോഡിലാണ് റബീഹുല്‍ വില്ല. കാസിമും അബുജാസിമും മാത്രമാണ് അവിടെ. സ്വിമ്മിംഗ് പൂളും കളിക്കാനുള്ള സൗകര്യവും അവിടെയുണ്ട്. മാസത്തില്‍ പതിനായിരം കുവൈത്തീ ദീനാര്‍ വാടകയുള്ള ലക്ഷ്വറി ഫഌറ്റാണത്. ഒരുമിച്ച് കൂടാനും കൂത്താടുവാനുമുള്ള സ്ഥലം. ഇതൊന്നും എ.എസ് അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെ ഒളിപ്പിച്ചായിരുന്നു ഇവരുടെ പരിപാടികള്‍.
റഷ്യയില്‍ നിന്നായിരുന്നു ആ സ്ത്രീ വന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് കാസിമിനെ വിളിച്ചു. കാസിമിന്റെ മൊബൈല്‍ ഫോണ്‍ വീട്ടിലായിരുന്നു. വീട്ടില്‍ വെച്ച് ഭാര്യ ഫോണ്‍ അറ്റന്റ് ചെയ്തപ്പോഴാണ് ഇങ്ങനെയുള്ള വില്ലയെക്കുറിച്ച് അവരറിയുന്നത്. കാസിമിന്റെ സ്വഭാവം മനസ്സിലാക്കിയ റുബീന കാസിമിനെ ചോദ്യം ചെയ്തു.
സാധനങ്ങളുമായി വീട്ടിലെത്തി ആസിഫ് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. കരഞ്ഞു കലങ്ങിയ കണ്ണുമായി റുബീന വാതില്‍ തുറന്നു. ഒപ്പം ഷാഹിനയും. സാധനങ്ങള്‍ കാറില്‍ നിന്നെടുത്ത് അകത്തെ മുറിയില്‍ കൊണ്ടുവെച്ച ആസിഫിനോട് റുബീന ചോദിച്ചു.
''ആസിഫേ... നിനക്കറിയോ... ആ പെണ്ണിനെ?''
''ഏത് പെണ്ണിനെ?''
അവന്‍ അത്ഭുതപ്പെട്ടു.
''നീ എന്നോട് പൊട്ടംകളി കളിക്കണ്ട, വെറുതെ അറിയാത്ത പോലെ...''
റുബീന, ആസിഫിന്റെ അടുത്ത് വന്നു നിന്നൂ.
''മൂപ്പര്‍ക്ക് ഇത് തന്നെയാ പണി.''
''മാം... എനിക്കൊന്നും അറിയില്ല നിങ്ങള്‍ ഇങ്ങനെ ചോദിച്ചാല്‍...
എനിക്കൊന്നും അറിയില്ല.''
റുബീന ചൂരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണും മുഖവും തുടച്ചു.
''ആശിഫേ... നീ എപ്പോഴും മാം, മാഡം എന്നൊക്കെ വിളിക്കുന്നതെന്തിനാ?''
അവന്‍ അവരുടെ മുഖത്തേക്ക് നോക്കി.
''നിനക്ക് പെങ്ങന്മാരില്ലേ...?''
''ഉണ്ട്. ഒരു പെങ്ങള്‍.''
''നിനക്ക് മൂത്തതാണോ, ഇളയതാണോ?''
''എന്നെക്കാളും മൂത്തതാണ്''
''അവരെ നീയെങ്ങനെ വിളിക്കുന്നു.''
''മുആന്ന് വിളിക്കും''
''അതുപോലെ നീയെന്നെ വിളിച്ചാല്‍ മതി.''
''ഊം''
അവന്‍ തലയാട്ടി... മൂളി.
അവരുടെ മുഖത്ത് വിഷാദമായിരുന്നു. ആസിഫിന് സങ്കടം തോന്നി. പൊതുവെ കാസിമിന്റെ സ്വഭാവത്തെ കുറിച്ചറിയുന്ന ആസിഫിന് അദ്ദേഹത്തോട് ഉള്ളില്‍ വെറുപ്പായിരുന്നു.
''ആസിഫേ, നീ വല്ലതും കഴിച്ചോ?''
''കഴിച്ചാണ് വന്നത്.''
ഷാഹിന അവിടെയെത്തി. റുബീന തുടര്‍ന്നു.
''നീ ഇവിടെയിരിക്ക്, ഞാന്‍ പുട്ടും കടലയും എടുക്കാം''
അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
''പുട്ടും കടലയാ... ഞാന്‍ ഷാഹിനയുടെ കാര്‍ കഴുകി വരാം.''
അവന്‍ കാര്‍ കഴുകിയതിനു ശേഷം തീന്‍ മേശയിലിരുന്നു. റുബീന വേണ്ടുവോളം സല്‍ക്കരിച്ചു. അവന്‍ തന്റെ പെങ്ങളെ ഓര്‍ത്തു പോയി. അവന്‍ കഴിച്ചു. ഷാഹിന ചോദിച്ചു.
''ആസിഫേ... പുതിയ മാനേജര്‍ എങ്ങിനെയുണ്ട്?''
''നല്ലയാളാണ്... നമ്മുടെ നാട്ടുകാരനാണ്. പല പുതിയ രീതികളൊക്കെ നടപ്പിലാക്കി.''
''മുമ്പത്തെ മുരടനെപ്പോലെയല്ലല്ലോ?''
''ഇദ്ദേഹം ഡോക്ടറാണ്.''
''ഡോക്ടറെന്തിനാ.. ഈ ജോലിക്ക്...''
''അവര്‍ മൂന്നാം വര്‍ഷം പഠനം നിര്‍ത്തിയത്രേ.''
''അതെന്തേ അങ്ങിനെ?''
''ഓ... എനിക്കറിയില്ല.''
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവന്‍ പാത്രങ്ങള്‍ എടുക്കാന്‍ തുനിയുമ്പോള്‍ ഷാഹിന വിലക്കി.
''അത് അവിടെ വെച്ചേക്ക്, ഞാന്‍ എടുത്തോളാം.''
അവള്‍ അതൊക്കെയെടുത്ത് അകത്ത്‌പോയി. ആസിഫ് കൈകഴുകി. കര്‍ച്ചീഫില്‍ തുടച്ചു.
''ഞാന്‍ പോകട്ടെ.''
അവന്‍ രണ്ട് പേരോടും യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അവനോര്‍ത്തു, എത്ര നല്ല സ്വഭാവഗുണമുള്ളവര്‍. എന്ത് നല്ല പെരുമാറ്റം. പാണത്തൂരിലെ ഏറ്റവും വലിയ ധനാഢ്യന്റെ മകള്‍. യൂസഫ് ഹാജിയാര്‍ച്ചക്ക് എങ്ങിനെയാണ് ഇയാളെ കിട്ടിയത്? എല്ലാം വിധി. ഇയാളുടെ മുഴുവന്‍ സ്വഭാവവും മുആക്ക് അറിഞ്ഞിരുന്നെങ്കില്‍ എന്നേ അവര്‍ ജീവിതം അവസാനിപ്പിച്ചേനേ!
(തുടരും)