ഇരുമ്പന്‍പുളി/ ബിലുമ്പി അച്ചാര്‍
ബിലുമ്പി - പത്തെണ്ണം
ഉലുവ - കാല്‍ സ്പൂണ്‍
കായം - ചെറിയ കഷ്ണം
നല്ലെണ്ണ - ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - ഒന്നര സ്പൂണ്‍
ഇഞ്ചി, വെള്ളുള്ളി നീര് - 1 സ്പൂണ്‍ വീതം
കായവും ഉലുവയും അര ടേബ്ള്‍ സ്പൂണ്‍ നല്ലെണ്ണയില്‍ വറുത്ത് കോരി പൊടിച്ചെടുക്കുക. ബാക്കിയുള്ള അര ടേബ്ള്‍ സ്പൂണ്‍ നല്ലെണ്ണയില്‍ കഴുകി വൃത്തിയാക്കിയ ബിലുമ്പി മുറിക്കാതെ തന്നെ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് അര ഗ്ലാസ് തളിപ്പിച്ചാറിയ വെള്ളമൊഴിക്കുക. തീ കുറച്ച് മുളകുപൊടിയും ഉപ്പും ചേര്‍ക്കുക. ശേഷം ഇഞ്ചി, വെള്ളുള്ളി നീര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. ചാറ് കുറുകാറാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കുക. തണുത്ത ശേഷം കുപ്പിയിലാക്കാം. പൂപ്പ് വന്ന് പാട കെട്ടാതിരിക്കാന്‍ കുപ്പിയുടെ അടപ്പിനു താഴെ നല്ലെണ്ണയില്‍ കുതിര്‍ത്തെടുത്ത തുണികൊണ്ട് വായ് കെട്ടുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താല്‍ വായു കടക്കാതിരിക്കും. വിനാഗിരി ചേര്‍ക്കരുത്. ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്.
ബിലുമ്പി, തേങ്ങയരച്ചത്
പച്ചമുളക് നെടുകെ പിളര്‍ത്തത് - 3 എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
മുളകുപൊടി - കാല്‍ സ്പൂണ്‍
ബിലുമ്പി (വലുത്) - പത്തെണ്ണം
ഇഞ്ചിനീര് - കാല്‍ സ്പൂണ്‍
തേങ്ങ - 1 മുറി നല്ലവണ്ണം അരച്ചത്
വെളിച്ചെണ്ണ, ഉപ്പ്, കടുക്, വറ്റല്‍ മുളക് - ആവശ്യത്തിന്
ബിലുമ്പി വട്ടത്തിലോ നീളത്തിലോ നാലായി മുറിച്ച് ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും പച്ചമുളകും ഇഞ്ചിനീരും ഒന്നര ഗ്ലാസ് വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍ ഒരു മണ്‍കലത്തില്‍ വെക്കുക. പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ക്കുക. തിളക്കുമ്പോള്‍ തവിയില്‍ കൊണ്ട് യോജിപ്പിച്ച ശേഷം അടുപ്പില്‍ നിന്നിറക്കുക. ചീനച്ചട്ടിയില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് അരസ്പൂണ്‍ കടുകും രണ്ട് വറ്റല്‍ മുളകും വഴറ്റി ചീനച്ചട്ടിയിലേക്ക് തയാറാക്കി വെച്ച കറി ഒഴിക്കുക. ഇളക്കിയോജിപ്പിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി രണ്ട് തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. ചീനച്ചട്ടിയില്‍നിന്നും ഒരു സെര്‍വിംഗ് ബൗളിലേക്ക് മാറ്റി ഉപയോഗിക്കുക. ചെലവ് കുറഞ്ഞതും സ്വാദിഷ്ടവും പോഷകസമ്പന്നവുമാണ് ഈ കറി. ചെറുതീയില്‍, കുക്കിംഗ് ടൈം കൂടുതലെടുത്ത് തയാറാക്കിയാല്‍ കറി വറ്റിപ്പോകാതെ കൃത്യമായ അളവില്‍ ലഭിക്കുന്നതാണ്. ബിലുമ്പി എളുപ്പത്തില്‍ വേവുന്നതാകയാല്‍ വെള്ളം കുറച്ച് ചേര്‍ക്കുന്നതാണ് കറി സ്വാദിഷ്ടമാകാന്‍ നല്ലത്.
ബിലുമ്പി സ്‌ക്വാഷ്
ബിലുമ്പി - അര കിലോ (മുറിക്കരുത്)
പഞ്ചസാര - 1 കിലോ
ഭരണി - സാമാന്യം മൂന്ന് ലിറ്റര്‍ വെള്ളം കൊള്ളാവുന്നത്
ബിലുമ്പി, ഞെട്ടും പൂവും കളഞ്ഞ് വൃത്തിയാക്കി ഭരണിയുടെ അടിത്തട്ടിലേക്ക് കുറച്ച് ഇടുക. ഇതിനു മീതെ പഞ്ചസാര ചേര്‍ക്കുക. വീണ്ടും കുറച്ച് ബിലുമ്പി, പിന്നെ പഞ്ചസാര എന്നിങ്ങനെ അര കിലോഗ്രാം ബിലുമ്പിയില്‍ ഇടകലര്‍ന്ന് പഞ്ചസാര ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ ഭരണിയിലിടുക. ഭരണി, വൃത്തിയുള്ള വെളുത്ത കോട്ടണ്‍ തുണി ഉപയോഗിച്ച് വായ് കെട്ടിയ ശേഷം മൂടി മുകളില്‍ വെക്കുക. വായു കടക്കാത്തവിധം മുറുക്കി വേണം വായ്‌കെട്ടാന്‍. ഇരുപത്തഞ്ചു ദിവസത്തിനുശേഷം മൂടി തുറന്ന് നോക്കിയാല്‍ ബിലുമ്പിയുടെ പച്ചനിറം മാറി, ബിലുമ്പിയിലെ ജലാംശം മുഴുവന്‍ ഊര്‍ന്ന് പഞ്ചസാരയില്‍ ലയിച്ചിരിക്കുന്നത് കാണാം. ഇപ്രകാരം നിറവ്യത്യാസം വന്ന ബിലുമ്പി എടുത്ത് മാറ്റിക്കളഞ്ഞാല്‍ ഭരണിയില്‍ ശേഷിക്കുന്നത് സാന്ദ്രതയുള്ള ബിലുമ്പി സ്‌ക്വാഷായിരിക്കും. അലിയാതെ കിടക്കുന്ന പഞ്ചസാരയുണ്ടെങ്കില്‍ ഒരു മരക്കയില്‍ കൊണ്ട് ഭരണിയില്‍ അവശേഷിച്ച പാനീയത്തില്‍ യോജിപ്പിക്കുക. കാല്‍ ഗ്ലാസ് സ്‌ക്വാഷ് എടുത്ത് മുക്കാല്‍ ഗ്ലാസ് വെള്ളവും ചേര്‍ത്തിളക്കിയാല്‍ സ്വാദിഷ്ടമായ ബിലുമ്പി ജ്യൂസ് തയാറായി. ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ തന്നെ സ്വതസിദ്ധമായുള്ള ഒരു തണുപ്പ് ബിലുമ്പി ജ്യൂസിന്റെ പ്രത്യേകതയാണ്.