എപ്പോഴാണ് പെണ്ണിന് നിലയും വിലയും ഇല്ലാതായത്

നിദ ലുലു
September 2021
ഭാര്യയുടെ മേല്‍ ഭര്‍ത്താവിനുള്ള കൈകാര്യ കര്‍തൃത്വം 'ഖവ്വാമ' എന്ന പദം കൊണ്ടാണ് ഖുര്‍ആന്‍ സൂചിപ്പിച്ചത്. 'ഖവ്വം' എന്നതിനര്‍ഥം സ്ത്രീകളെ ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്.

ആഗസ്റ്റ് ലക്കം ആരാമത്തില്‍ 'അവളെ കേള്‍ക്കണം' എന്ന ലേഖനത്തില്‍ പറഞ്ഞ പലതും ഏകപക്ഷീയമായോ എന്നു തോന്നി. സ്വന്തമായി ഒരു വരുമാനമാര്‍ഗം, അതല്ലെങ്കില്‍ സ്വതന്ത്രമായി താമസിക്കാന്‍ ഒരു തണല്‍ എന്നിവ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരങ്ങളാണോ? വല്ലപ്പോഴും  കൂട്ടുകാരിയോടൊപ്പമുള്ള കൂടിച്ചേരല്‍, സ്വയം വാങ്ങി കഴിക്കുന്ന ഒരു ഡിഷ്..... അവനവനു ലഭിക്കേണ്ട ബഹുമാനം നേടാന്‍, വിജയിയായിത്തീരാന്‍ ഇത്തരം സംഗതികള്‍കൊണ്ടൊക്കെ സാധ്യമാണോ? മാനസികോല്ലാസത്തിനും മാനസിക സമ്മര്‍ദം ലഘൂകരിക്കാനുമുള്ള നുറുങ്ങു വിദ്യകള്‍ക്കപ്പുറം ജീവിതത്തിലെ കയ്പുനീര് മായ്ച്ചുകളയുന്ന മറുമരുന്നായി മാറാന്‍ ഇതുകൊണ്ട് മാത്രം സാധിക്കുമോ? പിന്തുണക്കാന്‍ സ്വന്തമായി വീട്ടുകാര്‍ പോലുമില്ലാത്തവര്‍ക്ക് തണല്‍മരങ്ങള്‍ ഒരുക്കിയാല്‍ അവിടെ എത്രമാത്രം സുരക്ഷിത ബോധമുണ്ടാകും.?
സാമ്പത്തിക സ്വാശ്രയത്വത്തില്‍ നിന്നാണ് തനിക്കുള്ള വിലയും നിലയും ലഭിക്കുന്നത് എന്ന് പെണ്ണ് മനസ്സിലാക്കിയത് ജീവിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ്. വിസ്മയമാര്‍ ഉണ്ടായതു തന്നെ കയറിവരുന്ന കുടുംബത്തിലേക്ക് സമ്പത്തും കൂടി കൊണ്ടുവരണം എന്ന കാഴ്ചപ്പാടില്‍ നിന്നാണല്ലോ.
അടുക്കളയിലെ കരിയിലും പുകയിലും ജീവിക്കുന്നതിനിടയിലും താല്‍പര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ചിറകിലേറാന്‍ സാധിച്ചവര്‍ താരതമ്യേന സാമ്പത്തിക സ്വാശ്രയത്വം നേടിയവരാണ്. എങ്കിലും ജോലികഴിഞ്ഞ് രണ്ടുപേരും ക്ഷീണിതരായി വന്നു കയറുമ്പോള്‍ ഒരാള്‍ മാത്രം അടുക്കളയിലേക്ക് പാഞ്ഞു ചെല്ലേണ്ട ഗതികേടില്‍ തന്നെയാണ് നമ്മുടെ തൊഴില്‍ ചെയ്യുന്ന സ്ത്രീകളധികവും.
ഇസ്‌ലാം സ്ത്രീക്ക് അനുശാസനം ചെയ്യുന്ന ദൗത്യം അവളുടെ ജൈവിക പ്രക്രിയക്ക് തീര്‍ത്തും അനുയോജ്യമായ വിധമാണ്. അതില്‍ കവിഞ്ഞ് ചെയ്യുന്നവ പലതും പരിധിയില്‍ കവിഞ്ഞ ഭാരം ചുമന്നാണ്. സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ മാത്രമേ അവളുടെ അഭിപ്രായത്തിന് മൂല്യം നിര്‍ണയിക്കൂ എന്ന് പറയുന്നത് അവളുടെ മുതുകത്ത് ഇരട്ടി ഭാരം കയറ്റി വെക്കുകയാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ്. 'പുരുഷന്‍ സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍ത്താവാണ്'(4: 34) ഭാര്യയുടെ മേല്‍ ഭര്‍ത്താവിനുള്ള കൈകാര്യ കര്‍തൃത്വം 'ഖവ്വാമ' എന്ന പദം കൊണ്ടാണ് ഖുര്‍ആന്‍ സൂചിപ്പിച്ചത്. 'ഖവ്വം' എന്നതിനര്‍ഥം സ്ത്രീകളെ ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. അവളുടെ ശാരീരികവും വൈകാരികവും മാനസികവുമായ മുഴുവന്‍ ആവശ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ഖുര്‍ആനിക വചനം പുരുഷാധിപത്യത്തിനുള്ള ഖുര്‍ആനികാനുമതി അല്ല, അവളുടെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവ കൂടാതെയുള്ള മുഴുവന്‍ ഇഷ്ടാനിഷ്ടങ്ങളെ കൂടി പരിഗണിക്കലാണ്. വീട്ടിലെ ഭാരിച്ച ഉത്തരവാദിത്വം അവള്‍ക്ക് പ്രയാസം സൃഷ്ടിച്ചാല്‍ ഒരു സഹായിയെ വെച്ച് നല്‍കാനുള്ള ബാധ്യത ഭര്‍ത്താവിനുണ്ടെന്ന് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നല്ല രീതിയില്‍ പരിഗണനയും സ്നേഹവും ആശ്വാസവും ലഭിച്ചാല്‍ തന്റെ ഇണക്കും മക്കള്‍ക്കും പാകം ചെയ്യുന്നതും പരിചരിക്കുന്നതും അവള്‍ക്ക് ബാധ്യതയായി തോന്നുകയില്ല.
കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ഒരു പെണ്ണാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവളെ പതിന്മടങ്ങ് സ്നേഹിച്ചാദരിക്കാന്‍ മടിക്കുന്നതെന്തിന്? അവളുടെ താല്‍പര്യങ്ങള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? മാനസികമായും ശാരീരികമായും മുറിവേല്‍പിക്കാതിരുന്നാല്‍ മതി, സന്തോഷവും സമാധാനവുമുള്ള ഒരു കുടുംബം അവളിലൂടെ രൂപപ്പെടും. 
ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മാസമുറ, ഒരു വര്‍ഷത്തോളമുള്ള ഗര്‍ഭധാരണം, രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന മുലയൂട്ടല്‍, മക്കളുടെയും ഭര്‍ത്താവിന്റെയും അവശരായ മാതാപിതാക്കളുടെ ബാധ്യതകള്‍, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കല്‍, പൊതുപ്രവര്‍ത്തനങ്ങള്‍. തുടങ്ങി ബാധ്യതകളുടെ ഒരു നിര മുന്നിലിരിക്കെ, ഇതെല്ലാം വിലയില്ലാത്തവയും മൂല്യരഹിതവുമാണെന്ന അവളുടെ ബോധ്യത്തിലേക്കാണ് മാതൃത്വത്തെ, പിതൃത്വത്തിന്റെ മൂന്നുമടങ്ങ് മഹത്വം നല്‍കി അല്ലാഹു ആദരിച്ചത്.
എന്നാല്‍ സ്ത്രീ തന്റെ കഴിവും ചിന്തയും സമൂഹത്തിനും കുടുംബത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചാല്‍ അതില്‍ യാതൊരു വിലക്കുമില്ല. അവള്‍ സമ്പാദിച്ചു കൊണ്ടുവരുന്നതോ, അവളുടെ സ്വത്തോ, അവളുടെ അനന്തരാവകാശമോ അവള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചിലവഴിക്കാം. അതില്‍ ഭര്‍ത്താവിന് യാതൊരു അവകാശവുമില്ല.
ആണായാലും പെണ്ണായാലും വൈജ്ഞാനികവും തൊഴില്‍പരവുമായ ഉയര്‍ച്ച, ഒരാളെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരാളെ കാണുമ്പോള്‍ നിങ്ങളെന്ത് ചെയ്യുന്നു എന്ന് നമ്മള്‍ ചോദിക്കുന്നത് അയാളെ എത്ര ബഹുമാനിക്കണം എന്ന് തീരുമാനിക്കാനല്ലേ? പതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഒരാളും ഒരുലക്ഷം രൂപ വാങ്ങുന്ന ഒരാളും ഇക്കാലത്ത് തുല്യരാകുന്നില്ലല്ലോ. ഒരു സാദാ വീട്ടമ്മയും ഒരു അഡ്വക്കേറ്റോ, ഡോക്ടറോ ആയ വീട്ടമ്മയും നമ്മുടെ കണ്ണില്‍ ഒരു പോലെയാകുമോ? വൈജ്ഞാനികവും ചിന്താപരവുമായ ഉന്നതി നേടുകയും സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയുമല്ലേ അവള്‍ ചെയ്യേണ്ടത്?
അപ്പോള്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പരിചരിക്കല്‍ തന്റെ കൂടി ഉത്തരവാദിത്ത്വമാണെന്ന് മനസ്സിലാക്കി അവള്‍ക്കുവേണ്ട പൂര്‍ണ്ണ പിന്തുണയും കരുതലും നല്‍കുകയല്ലേ വേണ്ടത്.
സമൂഹത്തിന്റെയും കാലത്തിന്റെയും തേട്ടങ്ങള്‍ക്ക് അനുസരിച്ച് സൂക്ഷ്മതയോടുകൂടി ഇസ്‌ലാമിന്റെ സമീപനങ്ങളെ നമുക്ക് വായിച്ചെടുക്കാനാകണം. വൈജ്ഞാനികമായും സാങ്കേതികമായും ബഹുദൂരം മുന്നിലെത്തിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വൈജ്ഞാനികമായും സ്ത്രീകള്‍ക്ക് മുന്നേറാന്‍ സാധിക്കണം.
ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ വളരെ ദയനീയമാണ്. വിദ്യഭ്യാസ ജീവിതത്തിനിടയില്‍ വിവാഹത്തോടെ കുടുംബ ഉത്തരവാദിത്തങ്ങളുടെ യാഥാസ്ഥിതിക ചിന്തകളിലേക്ക് വന്നു കയറി, ജീവിതം ഇടുങ്ങിപ്പോയതിനെക്കുറിച്ചും ഗര്‍ഭവും പ്രസവവും തന്റെ സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യത്തിന്റെയും വിലങ്ങുതടിയായതിനെ കുറിച്ചും വിലപിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ ഒരുഭാഗത്ത്. കുടുംബത്തിനാണോ കരിയറിനാണോ പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന സംശയത്തില്‍ രണ്ടും ആസ്വദിക്കാന്‍ കഴിയാതെ, എല്ലാം ഒരു ബാധ്യതയായി ജീവിതം തള്ളിനീക്കുന്ന പെണ്‍കുട്ടികള്‍ മറുഭാഗത്ത്. 
ഇക്കാര്യത്തില്‍ മധ്യമ നിലപാടാണ് ഇസ്‌ലാമിനുള്ളത്. അല്ലാഹു നിഷ്‌കര്‍ഷിച്ച സ്ത്രീ-പുരുഷ സ്ഥാനനിര്‍ണയം ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തമാണ്. സൃഷ്ടിച്ച നാഥനറിയാമല്ലോ മറ്റാരെക്കാളും,അവന്റെയും -അവളുടെയും പ്രകൃതവും. ഇത് ഉള്‍കൊള്ളുന്നിടത്ത് മേല്‍പറഞ്ഞ മുഴുവന്‍ പ്രശ്നങ്ങളുടെയും പരിഹാരവുമുണ്ട്. മാറേണ്ടത് സ്ത്രീയല്ല, അവളെ അവളാക്കുന്ന സമൂഹവും ചുറ്റുപാടുമാണ്. സ്ത്രീ പറയുന്ന മഹര്‍ കൊടുത്ത് പുരുഷന്‍ അവളെ ഇണയായി തൃപ്തിപ്പെടുന്ന മനോഹാരിതയാണ് വിവാഹം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭര്‍ത്താവ് ഭരിക്കുന്നവനുമായ കാഴ്ച്ചപ്പാട് ഇസ്ലാമിന്റേതല്ല.അവളുടെ പിതാവിന്റെ വിയര്‍പ്പും രക്തവും ഊറ്റിക്കുടിക്കുന്ന അടിമ കച്ചവടവുമല്ല അത്. സ്ത്രീയുടെ മഹറിന്റെ മൂല്യം അവള്‍ക്ക് പറയാനും അത്തരം ഒരു കരാറില്‍ വിവാഹം നടത്താനും തയാറാവുന്ന ഒരു വ്യവസ്ഥിതി എങ്ങനെ സാധ്യമാകും എന്നാണ് സമൂഹം ചിന്തിക്കേണ്ടത്. 
വിവാഹ സമയത്ത് സ്ത്രീ വെക്കുന്ന മുഴുവന്‍ കരാറുകളും പാലിക്കപ്പെടണം. അവളുടെ സമ്മതമില്ലാതെ വിവാഹം സാധ്യമല്ല എന്ന് കല്‍പ്പിക്കപ്പെട്ട നമുക്ക് പഠിപ്പിക്കാം, ജോലിക്ക് വിടാം എന്ന ഉറപ്പുകള്‍ പലതും പാഴ് വാക്കുകള്‍ മാത്രമായി പോകുകയല്ലേ? വിവാഹ സമയത്ത് വെക്കപ്പെട്ട ഇത്തരം കരാര്‍ പാലിക്കാത്ത പക്ഷം ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം തന്നെ അസാധുവായിപ്പോകും.
സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ കുടുംബിനിയാവണോ, അതല്ല തൊഴിലില്‍ ഏര്‍പ്പെടണോ, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കണോ വിദ്യാഭ്യാസ സാമൂഹിക പ്രക്രിയകളുടെ ഭാഗമാകണോ എന്നൊക്കെ തീരുമാനിക്കുന്നിടത്ത്, അവളുടെ ജീവിത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ചുറ്റുപാട് വൈകാരിക-മാനസികാവസ്ഥ ബുദ്ധിപരവും ധൈഷണികവുമായ കഴിവ്, യോഗ്യത ഇവക്കൊക്കെ വലിയ പ്രാധാന്യം ഉണ്ട്. അപ്പോള്‍ സ്വീകരിക്കേണ്ട നിലപാടിലെ ശരി തെറ്റുകള്‍, വ്യക്തികള്‍ക്കനുസരിച്ച് ആപേക്ഷികവുമാകും. ഒരു ഇടുങ്ങിയ ഫ്രെയിമിലേക്കോ, നിലനില്‍ക്കുന്ന പാരമ്പര്യചിന്താ രീതികളിലേക്കോ അതിനെ പിടിച്ചു കെട്ടിയാല്‍ പരിഹരിക്കപ്പെടുന്നവയല്ല ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന സ്ത്രീ പ്രശ്‌നങ്ങള്‍. ഓരോരുത്തരുടെയും കഴിവിനും യോഗ്യതക്കും ജീവിത സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ചുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവണം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media