സമുദായ നേതൃത്വം ഇനിയും ഉറങ്ങരുത്
ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുതെന്ന ഖുര്‍ആനിലെ ഉപമക്ക് വലിയ അര്‍ഥതലങ്ങളുണ്ട്.
ദൈവം ഇണകളായിട്ടാണ് എല്ലാം സൃഷ്ടിച്ചത്. അതിലേറ്റം മനോഹരവും സര്‍ഗാത്മകവുമായ ഇണ തുണ ബന്ധമാണ് ദാമ്പത്യം. സ്‌നേഹം, കരുണ, വിട്ടുവീഴ്ച, പ്രേമം, ലൈംഗികത എല്ലാം സമ്മേളിക്കുന്ന ഊഷ്മളമായ ബന്ധം. രക്തബന്ധത്തിന്റെ പശിമയില്ലാതെ തീര്‍ത്തും അന്യരാല്‍ ഉയിരെടുക്കുന്ന ഈ ബന്ധത്തില്‍നിന്നാണ് എല്ലാ രക്തബന്ധങ്ങളുടെയും തുടക്കം. ദൈവത്തെ സാക്ഷിനിര്‍ത്തി തുടങ്ങുന്ന ബലവത്തായ കരാറാണിത്. പരലോകത്തോളം ചെന്നെത്തേണ്ട ഈ വിശുദ്ധബന്ധം എപ്പോഴും അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കണമെന്നില്ല. പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങളും പ്രയാസങ്ങളും ഉണ്ടാവാം. എല്ലാ അനുരഞ്ജന ചര്‍ച്ചകളും പരാജപ്പെടാം. അപ്പോള്‍ ദൈവത്തെ മുന്‍തിര്‍ത്തി കൂട്ടിച്ചേര്‍ത്ത ആ ബന്ധം രമ്യമായി പിരിയാനും അവന്‍ തന്നെ വഴികാണിച്ചിട്ടുമുണ്ട്; ആണിന് ത്വലാഖിലൂടെയും പെണ്ണിന് ഖുല്‍ഇലൂടെയും. മഹര്‍ തിരിച്ചു നല്‍കി പൊരുത്തമില്ലാത്ത ജീവിതത്തില്‍നിന്ന് സ്ത്രീ ഒഴിവാകുന്നതാണ് ഖുല്‍അ്.
പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും കാലത്ത് നീതി
പൂത്തുലഞ്ഞിരുന്നു ഓരോ കുടുംബത്തിലും. മുസ്ലിംസ്ത്രീക്ക് വിവാഹജീവിതം ദുരിതമേ ആയിരുന്നില്ല. കാലക്രമേണ നാട്ടാചാരങ്ങളും സമ്പ്രദായങ്ങളും കുടുംബജീവിതത്തെ ദുസ്സഹവും ഇടുക്കമുള്ളതുമാക്കി. ത്വലാഖ് ദുരുപയോഗം ചെയ്തു. ഈ വിഷയത്തില്‍ സമുദായം വിമര്‍ശിക്കപ്പെട്ടപ്പോഴും സ്ത്രീക്ക് ദാമ്പത്യജീവിതം തീര്‍ത്തും അസാധ്യമായ ഘട്ടത്തില്‍ പോലും ഖുര്‍ആന്‍ അനുവദിച്ച ഖുല്‍ഇനെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ മിിയതേയില്ല. ഒട്ടേറെ സ്ത്രീകള്‍ വിവാഹമോചനം ലഭിക്കാതെ കോടതി കയറിയിറങ്ങി. ഈയൊരു പശ്ചാത്തലം വെച്ചുവേണം കേരള ഹൈക്കോടതിവിധിയെ കാണേണ്ടതും സ്വാഗതം ചെയ്യേണ്ടതും.
വിവാഹജീവിതം ദുഷ്‌കരമായ സ്ത്രീക്ക് കോടതി കയറാതെ മതനിയമമനുസരിച്ച് കോടതി ബാഹ്യമായി ഖുല്‍ഇലൂടെ വിവാഹമോചനം നേടാമെന്നാണ് കേരള ഹൈക്കോടതിയുടെ വിധി. ഖുര്‍ആന്‍ നിര്‍ദേശിച്ച അനുരഞ്ജന ചര്‍ച്ച നടന്നിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട.് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക്, ജസ്റ്റിസ് സി.എസ് ഡയസ് എന്നവരുടേതാണ് ചരിത്രവിധി. ബന്ധപ്പെട്ട ഖുര്‍ആനിക ആയത്തുകളും പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, പ്രസിദ്ധ നിയമജ്ഞന്‍ താഹിര്‍ മഹ്മൂദ്, മഹ്മൂദ് റിദാ മുറാദ് എന്നിവരുടെ ഗ്രന്ഥങ്ങളും കോടതി അവലംബിച്ചിട്ടുണ്ട്. 49 വര്‍ഷമായി തടയപ്പെട്ട നീതിയാണ് ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ഇത് മുന്‍നിര്‍ത്തി സമുദായത്തില്‍ ചില വീണ്ടുവിചാരങ്ങളുണ്ടാവണം. യഥാര്‍ഥത്തില്‍ സമുദായത്തെ ഖുര്‍ആനിലേക്ക് വഴിനടത്തുകയാണ് ഈ വിധി. മുസ്‌ലിം കുടുംബ-വിവാഹ കാര്യങ്ങളില്‍ നമ്മുടെ കോടതികള്‍ അവലംബമാക്കുന്ന മുസ്‌ലിം പേഴ്സനല്‍ ലോ പലപ്പോഴും ഖുര്‍ആന്റെ അന്തസ്സത്തയുമായി ഒത്തുപോകാത്ത ഫിഖ്ഹി മസ്അലകളില്‍ കുരുങ്ങിക്കിടപ്പാണ്. ചരിത്രപ്രധാനമായ ഈ വിധി, ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് മുസ്‌ലിം വ്യക്തിനിയമം മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയിലേക്ക് സമുദായത്തിന്റെ ശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്യുന്നു്. ഇസ്ലാമികമല്ലാത്ത തീര്‍പ്പുകല്‍പിക്കലിനെതിരെ സമുദായത്തെ ഉണര്‍ത്തുന്ന സയ്യിദ് മൗദൂദിയെപ്പോലുള്ള പണ്ഡിതന്മാരുടെ കനപ്പെട്ട രചനകളൊക്കെ ഉണ്ടായിരിക്കെയാണ് സമൂഹത്തിന്റെ പകുതിയായ ഒരു വിഭാഗത്തോട് നീതികേട് ചെയ്യാന്‍ സമുദായ നേതൃത്വം കൂട്ടുനിന്നതെന്ന സ്വയം വിചാരണ എല്ലാ സമുദായ കൂട്ടായ്മകളും നടത്തേതു്. അനുരഞ്ജനത്തിന്റെ വേദികള്‍ തുറന്നിട്ടതിനു ശേഷമാണ് ഖുല്‍അ്. അതുകൊണ്ടുതന്നെ കോടതി ബാഹ്യമായ വിധിതീര്‍പ്പുകള്‍ക്ക് സുതാര്യമായ ഒരിടമാവാന്‍ പള്ളിമഹല്ലുകള്‍ക്ക് കഴിയേണ്ടതുണ്ട്. ആധുനിക ജനാധിപത്യസംവിധാനത്തിലെ നീതി നിര്‍വഹണ മേഖല സ്ത്രീ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ശ്രമിച്ചത് ഖുര്‍ആന്‍ മുന്‍നിര്‍ത്തിയാണ്.
നാട്ടാചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം പ്രവാചകാധ്യാപനത്തിലേക്കും ഖുര്‍ആനിക ചൈതന്യത്തിലേക്കും സ്ത്രീയെ തിരിച്ചെത്തിക്കാനുള്ള ബാധ്യത സമുദായം ഏറ്റെടുക്കണം. ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുതെന്ന ഖുര്‍ആനിലെ ഉപമക്ക് വലിയ അര്‍ഥതലങ്ങളു്.