പ്രയാസങ്ങളില്‍ മാത്രം കൈകളുയര്‍ത്തുന്നവര്‍
സി.ടി സുഹൈബ്
September 2021
അല്ലാഹുവിനെ ആവശ്യമില്ലാത്ത ഏതെങ്കിലും സമയം
നമ്മുടെ ജീവിതത്തിലുണ്ടോ എന്നൊന്ന് ആലോചിച്ച് നോക്കൂ.
അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാര സൗകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കുകയും നല്ലൊരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും ചെയ്തപ്പോഴാകട്ടെ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും' (സൂറ യൂനുസ് 22).
മനുഷ്യരുടെ വ്യത്യസ്ത പ്രകൃതങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. പിറന്ന് വീഴുമ്പോള്‍ ദുര്‍ബലമായ അവസ്ഥയില്‍ പരസഹായം കൂടാതെ അതിജീവനം സാധ്യമല്ലാത്ത മനുഷ്യാവസ്ഥയെക്കുറിച്ച് ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് പറയുന്നു. 'മനുഷ്യന്‍ ധൃതികൂട്ടുന്ന പ്രകൃതത്തോടെ സൃഷ്ടിക്കപ്പെട്ടതെന്ന്' മറ്റൊരിടത്തും (21:37) 'അക്ഷമനായാണ് സൃഷ്ടിക്കപ്പെട്ടതെന്നും' പ്രയാസങ്ങള്‍ ബാധിക്കുമ്പോള്‍ പതറിപ്പോകുകയും അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ ലുബ്ധനാകുന്ന പ്രകൃതത്തെയും ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട് (70: 1921).
ആദ്യം സൂചിപ്പിച്ച കപ്പല്‍ യാത്രക്കാര്‍ കുറിച്ച ആയത്തില്‍ പ്രതിസന്ധിയുടെ ഘട്ടത്തില്‍ എല്ലാം വിട്ട് ദൈവത്തിലേക്ക് മാത്രം തിരിയുന്ന മനുഷ്യന്റെ പ്രകൃതത്തെയാണ് സൂചിപ്പിക്കുന്നത്. നിസ്സഹായരായിപ്പോകുമ്പോള്‍ ഏതൊരാളുടെ ഉള്ളിലും നിറയുന്ന ദൈവ സഹായത്തിനായുള്ള അപേക്ഷ വളരെ ആത്മാര്‍ഥതയുള്ളതായിരിക്കും. എന്നാല്‍ പ്രതിസന്ധികള്‍ നീങ്ങിപ്പോകുന്നതോടെ അതെല്ലാം മറന്ന് ഭൂമിയോടൊട്ടിപ്പിടിച്ച് മുന്നോട്ട് പോകാന്‍ തുടങ്ങും.
നമ്മുടെ ജീവിതത്തിലും ഈ ഒരു പ്രകൃതം കണ്ടെടുക്കാനാകും. നമ്മളെപ്പോഴാണ് അല്ലാഹുവെ ഏറ്റവും കൂടുതല്‍ ആലോചിക്കാറുള്ളത്? നമുക്ക് അസുഖം വരുമ്പോള്‍, സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോള്‍, പ്രിയപ്പെട്ടവര്‍ക്ക് പ്രയാസങ്ങളുണ്ടാകുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതലായി നമ്മള്‍ തിരിഞ്ഞ് നില്‍ക്കും. നമ്മുടെ സുജൂദുകള്‍ക്ക് ദൈര്‍ഘ്യം കൂടും. പ്രാര്‍ഥനകളില്‍ മനസാന്നിധ്യം നിറയും. അത്തരമൊരു മാറ്റം സംവേദിക്കുന്നതിന്റെ കാരണം ആ സമയത്ത് നമുക്ക് അല്ലാഹുവിനെ ആവശ്യമുണ്ടെന്ന് കൂടുതല്‍ ബോധ്യപ്പെടുന്നതുകൊണ്ടാണ്. യഥാര്‍ഥത്തില്‍ അല്ലാഹുവിനെ ആവശ്യമില്ലാത്ത ഏതെങ്കിലും സമയം നമ്മുടെ ജീവിതത്തിലുണ്ടോ എന്നൊന്ന് ആലോചിച്ച് നോക്കൂ. നമുക്ക് അസുഖവും പട്ടിണിയും പ്രയാസവുമുണ്ടാകുമ്പോള്‍ മാത്രമാണോ അല്ലാഹുവെ ആവശ്യമുള്ളത്? ഒരിക്കലുമല്ല, ജീവിതത്തിന്റെ ഓരോ അടക്കത്തിലും അനക്കത്തിലും അവന്റെ സഹായം വേണം. കൈയൊന്നുയര്‍ത്താന്‍ കാലുകളൊന്ന് ചലിക്കാന്‍ കണ്ണുകള്‍ തുറക്കുമ്പോള്‍ ചുറ്റിലുള്ള വര്‍ണക്കാഴ്ചകള്‍ കാണാന്‍ ഇതിനെല്ലാം അല്ലാഹുവിന്റെ ഔദാര്യമാവശ്യമാണ്. നമ്മുടെ ശ്വാസോഛ്വാസത്തെക്കുറിച്ചൊന്നാലോചിച്ച് നോക്കുക ഓരോ ശ്വാസമെടുക്കുമ്പോഴും നമ്മളത് അറിയുന്നുണ്ടെങ്കില്‍ എന്തുമാത്രം പ്രയാസകരമായിരിക്കുമത്. കോവിഡ് പോസിറ്റീവായ പലരും കടന്ന് പോയ പ്രയാസകരമായ കാര്യമായിരുന്നു ശ്വാസതടസ്സം. അതനുഭവിക്കുമ്പോഴാണ് ആ പ്രശ്‌നമില്ലാത്ത അവസ്ഥ എന്തുമാത്രം ആശ്വാസകരമാണെന്ന് ബോധ്യപ്പെടുക. അസുഖം ബാധിക്കുമ്പോഴാണല്ലോ ആരോഗ്യമുള്ള അവസ്ഥ എത്ര അനുഗ്രഹീതമാണെന്ന് തിരിച്ചറിയാറ്. ആ തിരിച്ചറിവ് എപ്പോഴുമുണ്ടാകുക എന്നതാണ് അല്ലാഹുവുമായുള്ള ഹൃദയബന്ധം കാത്തുസൂക്ഷിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രധാന ഘടകം. എന്റെ ഓരോ ഹൃദയമിടിപ്പിലും അവന്റെ ഇടപെടലുണ്ടെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അവനെ ആവശ്യമില്ലാത്ത ഒരവസ്ഥയും എന്റെ ജീവിതത്തിലില്ലെന്ന് ബോധ്യമാകും. അവിടെ നമ്മുടെ ഹംദുകള്‍ക്ക് കൂടുതല്‍ ആത്മാര്‍ഥതയുണ്ടാകും.
വിശ്വാസിയുടെ ദൈനംദിന ജീവിതത്തില്‍ ശീലമാക്കേണ്ട ദിക്‌റുകളുടെ പൊരുളും ഇത് തന്നെയാണ്. ഓരോ കാര്യവും ചെയ്യുന്നതിന്റെ മുമ്പും ശേഷവുമുള്ള ദിക്‌റുകളും പ്രാര്‍ഥനകളും തന്റെ ജീവിതത്തിലെ ഓരോ കാര്യവും സംഭവിക്കുന്ന അല്ലാഹുവിന്റെ നിശ്ചയത്താലാണ് എന്ന ഓര്‍മപ്പെടുത്തലാണ്.
പ്രയാസമുണ്ടാകുമ്പോള്‍ നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹു വേഗത്തില്‍ സ്വീകരിക്കണമെന്നും പരിഹാരമുണ്ടാകണമെന്നും നമ്മളാഗ്രഹിക്കാറുണ്ട്. പരിഹാരം വൈകുമ്പോള്‍ നിരാശകള്‍ ബാധിച്ച് തുടങ്ങും. പ്രാര്‍ഥനകള്‍ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും മാറ്റി വെക്കുന്നതും മറ്റെന്തെങ്കിലും നന്മയായി മാറുന്നതുമൊക്കെ അല്ലാഹുവിന്റെ നിശ്ചയമാണ്. എന്നാല്‍ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നതിന്റെ സാധ്യത കൂടാനുള്ള ചില കാരണങ്ങള്‍ റസൂല്‍(സ) പഠിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രയാസങ്ങളുടെ സന്ദര്‍ഭത്തില്‍ അല്ലാഹു ഒരാളെ പരിഗണിക്കുന്നത്, സുഭിക്ഷതയുണ്ടായപ്പോള്‍ അവനെങ്ങനെയാണ് അല്ലാഹുവെ പരിഗണിച്ചതെന്ന് നോക്കും എന്നതാണ്. റസൂല്‍(സ) പറയുന്നു: 'സുഭിക്ഷതയുടെ സന്ദര്‍ഭത്തില്‍ നിങ്ങള്‍ അല്ലാഹുവെ അറിഞ്ഞാല്‍ പ്രയാസങ്ങളുടെ സാഹചര്യത്തില്‍ അവന്‍ നിങ്ങളെയും കണ്ടറിയും.'
മറ്റൊരു ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞതായി അബൂഹുറൈറ(റ)വില്‍നിന്നും നിവേദനം 'പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും സാഹചര്യത്തില്‍ പ്രാര്‍ഥനകള്‍ക്കുത്തരം കിട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ സുഭിക്ഷതയുടെ സമയത്ത് പ്രാര്‍ഥനകള്‍ അധികരിപ്പിക്കട്ടെ.'
പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അല്ലാഹുവെ ഓര്‍ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് പോലെ പ്രയാസങ്ങളില്ലാത്ത സമയത്തും ദൈവസ്മരണയും പ്രാര്‍ഥനകളും ഉണ്ടാവണമെന്നാണ് റസൂല്‍(സ) പഠിപ്പിക്കുന്നത്. മത്സ്യത്തിന്റെ വയറ്റിനകത്തായിപ്പോയ യൂനുസ് നബി(അ) രക്ഷപ്പെടുത്താന്‍ വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ച നേരം അദ്ദേഹത്തെ രക്ഷപ്പെടുത്തിയിട്ട് അല്ലാഹു പറയുന്നതിപ്രകാരമാണ് 'എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടിവരുമായിരുന്നു' (37:144).
യൂനുസ് നബി(അ) അകപ്പെട്ട പ്രയാസത്തില്‍ അല്ലാഹുവിന്റെ സഹായം ലഭ്യമായത് പ്രയാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അല്ലാഹുവെ കൂടുതല്‍ സ്മരിക്കുന്നവനായിരുന്നതുകൊണ്ടാണെന്ന് സാരം.
കൊടുങ്കാറ്റിലും പേമാരിയിലും ഗുഹയില്‍ അഭയം തേടിയ നേരത്ത് പാറക്കല്ല് ഉരുണ്ട് വന്ന് ഗുഹാമുഖം അടഞ്ഞുപോയ മൂന്ന് പേരുടെ കഥ പറയുന്നുണ്ട് റസൂല്‍(സ). ഒരുപാട് പരിശ്രമിച്ചിട്ടും പുറത്തു കടക്കാനാവാതെ ഒടുവില്‍ അവരോരോരുത്തരും ചെയ്ത നന്മകളെടുത്ത് പ്രാര്‍ഥിക്കുകയും അത് മുഖേന പ്രാര്‍ഥന സ്വീകരിക്കപ്പെട്ട് പുറത്ത് കടക്കുകയും ചെയ്തു.
മറിച്ചുള്ള സംഭവവും ഖുര്‍ആന്‍ പറയുന്നുണ്ട്. അത് ഫറോവയുടെ ഒടുവിലത്തെ നിമിഷങ്ങളാണ്. മുങ്ങിച്ചാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മുസ്‌ലിമായിരിക്കുന്നുവെന്നും രക്ഷപ്പെടുത്തണമെന്നുമൊക്കെ ഉറക്കെ നിലവിളിച്ച നേരം അല്ലാഹു പറയുന്നുണ്ട് 'ഇതിന് മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്) (10:91).
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളില്‍ സാമ്പത്തികവും മാനവികവും ശാരീരികവുമായ പ്രയാസങ്ങളിലൂടെയാണ് എല്ലാരും കടന്ന് പോകുന്നത്. ഈ സമയത്ത് നമ്മുടെ പ്രാര്‍ഥനകള്‍ അധികരിക്കുന്നുണ്ട്. ദൈവബോധം കൂടിയിട്ടുണ്ട്. സ്വാഭാവികമാണ്, പക്ഷേ, ഈ പ്രശ്‌നങ്ങളെല്ലാം ഒരിക്കല്‍ അവസാനിക്കും വീണ്ടും നമ്മള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തും. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടക്ക് വീണ്ടും അല്ലാഹുവിലേക്ക് തിരിഞ്ഞ് നില്‍ക്കാന്‍ മറ്റൊരു ദുരന്തവും പ്രയാസവും വന്നത്തേണ്ടവരില്‍ ഉള്‍പ്പെടാതിരിക്കാന്‍ നമുക്കാകണം. ഊണിലും ഉറക്കിലും ക്ഷാമത്തിലും ക്ഷേമത്തിലും അവനെക്കൂടാതെ ഒരു നിമിഷവും മുന്നോട്ട് നീങ്ങാനാവില്ലെന്ന ബോധ്യങ്ങള്‍ അവനിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കും.