ബാംഗ്ലൂരിലെ മള്‍ട്ടിനാഷണല്‍ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സന്ദീപ് മോഹന്‍. ഭാര്യ ആര്യ സന്ദീപ് ബാംഗ്ലൂരിലെ തന്നെ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. ഇവര്‍ക്ക് പത്താം ക്ലാസിലും അഞ്ചാം ക്ലാസ്സിലുമായി പഠിക്കുന്ന രണ്ട് ആണ്‍മക്കള്‍. ഉയര്‍ന്ന സാമ്പത്തിക കെട്ടുറപ്പുള്ള ഇവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് അസൂയ തോന്നും വിധമായിരുന്നു, ബാംഗ്ലൂരിലെ പ്രസ്റ്റീജ് ഫഌറ്റ് സമുച്ചയങ്ങളിലെ വിലകൂടിയ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അവര്‍ക്ക് പരസ്പരം പങ്കുവെക്കാന്‍ സമയം കുറവായിരുന്നു. വ്യത്യസ്ത സമയങ്ങളിലെ ജോലി കാരണം ഇരുവര്‍ക്കും മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടത്ര സമയമുണ്ടായിരുന്നില്ല. പരസ്പരം ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുപോന്നു. എന്നാല്‍ ഞെട്ടിക്കുന്ന ഒരു സത്യം അവര്‍ അല്‍പം വൈകിയാണ് തിരിച്ചറിഞ്ഞത്, മക്കള്‍ ഇരുവരും അശ്ലീല വീഡിയോ കാണുന്നതിന് അടിപ്പെട്ടിരുന്നു. ഗെയിമുകള്‍, യൂട്യൂബ് ചാനലുകള്‍, മറ്റ് കാഴ്ചകള്‍ വഴി വളരെ യാദൃഛികമായാണ് അത്തരം വീഡിയോകളിലേക്ക് എത്തിപ്പെട്ടത്. പിന്നീടാണ് ഇതിന്റെ ഉത്ഭവം മനസ്സിലാക്കാനായത്. സ്ഥിരമായി അച്ഛന്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ ദൃശ്യങ്ങള്‍ യാദൃഛികമായി കണ്ടതുമുതലാണ് കുട്ടികള്‍ ഈ ലോകത്തേക്ക് പ്രവേശിച്ചത്.
ചേട്ടന്‍ അവസരങ്ങള്‍ ഒത്തു വരുമ്പോഴെല്ലാം കാണാന്‍ തുടങ്ങി. പകല്‍സമയങ്ങളില്‍ വീട്ടില്‍ അവര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ അനിയനെ കൂടെ ചേര്‍ത്തുകൊണ്ട് വീഡിയോ കാഴ്ചകള്‍ തുടര്‍ന്നു, പിന്നീട് അവര്‍ക്കത് ശീലമായി.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് സൗകര്യവും മൊബൈല്‍ ഫോണുകളും വീട്ടിലെ കമ്പ്യൂട്ടറും അവര്‍ക്ക് സുലഭമായി ഉപയോഗിക്കാം എന്നായി. പല സമയങ്ങളിലായി മാറി മാറി വരുന്ന മാതാപിതാക്കള്‍ ഇവരുമായി കാണുന്നത് തന്നെ നന്നെ അപൂര്‍വമായി. ഐ.ടി മേഖലയിലെ അച്ഛന്‍ 'വര്‍ക്ക് ഫ്രം ഹോം' തുടങ്ങിയതു മുതല്‍ അടച്ചിട്ട മുറിയില്‍ ഔദ്യോഗിക ജോലികളില്‍ വ്യാപൃതനായി. കോവിഡ് പശ്ചാത്തലത്തില്‍ തിരക്കേറിയ ഡോക്ടര്‍ക്ക് മക്കളെ തീരെ ശ്രദ്ധിക്കാനായില്ല. കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പിച്ചിരുന്ന വേലക്കാരികളെ കുട്ടികള്‍ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വശത്താക്കി. അവരില്‍നിന്നും മക്കള്‍ വിദഗ്ധമായി ഇത് മറച്ചുപിടിച്ചു.
അഞ്ചാം ക്ലാസുകാരന്‍ രോഹിതിന്റെ പെരുമാറ്റ വൈകല്യവും ഉറക്കമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടാണ് മനശാസ്ത്രജ്ഞന്റെ അടുക്കലേക്ക് കൊണ്ടുവരുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് അശ്ലീല വീഡിയോ അഡിക്റ്റായ രോഹിതില്‍ പലവിധ മാനസിക രോഗലക്ഷണങ്ങളും കു തുടങ്ങിയിരുന്നു. കടുത്ത വിഷാദവും ഉറക്കമില്ലായ്മയും ലൈംഗികാഭിനിവേശവും അവന്‍ പ്രകടിപ്പിച്ചു. വീട്ടു പണിക്കായി വരുന്ന ജോലിക്കാരികളെ ഒളിഞ്ഞ് നോക്കുക, സാധ്യമായാല്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമം നടത്തുക, കുട്ടികള്‍ക്ക് അറിയാവുന്ന രീതിയില്‍ ലൈംഗിക വൈകൃതങ്ങള്‍ പരീക്ഷിക്കുക, നിയന്ത്രിക്കാനാവാത്ത ലൈംഗിക ചിന്തകള്‍ നിരന്തരം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുക, ഏത് സ്ത്രീയെ കണ്ടാലും പ്രായഭേദമന്യെ ലൈംഗിക ചോദന ഉണ്ടാവുക, ഉറക്കത്തില്‍നിന്ന് ഞെട്ടി എഴുന്നേല്‍ക്കുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയുമായി മാതാപിതാക്കള്‍ എത്തുന്നത്.
ആദ്യമായി ക്ലിനിക്കില്‍ വന്നപ്പോള്‍ രോഹിത് മനസ്സു തുറക്കാന്‍ അല്‍പം വിമുഖത കാണിച്ചെങ്കിലും പിന്നീട് ഞങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധം സ്ഥാപിച്ചെടുക്കാനായി. അതിനുശേഷമാണ് കഴിഞ്ഞകാലത്തെ അവരുടെ നിഗൂഢമായ ഇന്റര്‍നെറ്റ് അപഥസഞ്ചാരങ്ങളുടെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പലതവണയായി നടത്തിയ സെഷനുകളിലൂടെ അവന്റെ മനസിന്റെ ഭാരം ലഘൂകരിക്കാനും അനാവശ്യ ചിന്തകള്‍ മനസ്സില്‍ രൂപപ്പെടുന്നതില്‍നിന്ന് അവനെ വിമുക്തമാക്കാനും സാധിച്ചു. കടുത്ത വിഷാദ ഘട്ടങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിന് മനശ്ശാസ്ത്ര ചികിത്സയോടൊപ്പം മരുന്നുചികിത്സ കൂടി നല്‍കേണ്ടിവന്നു.
മാതാപിതാക്കളുടെ അശ്രദ്ധകൊണ്ട് നിഷ്‌കളങ്കരായ കുട്ടികളിലുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ കടുത്ത മാനസിക രോഗങ്ങള്‍ക്ക് വരെ വഴിവെക്കും എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഗൃഹാന്തരീക്ഷങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം.
രക്ഷിതാക്കളുെട ്രശദ്ധക്ക്
ഏതാനും കരുതലുകള്‍
1. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവ വീട്ടിലെ പൊതുവായ ഇടങ്ങളില്‍ (ഇീാാീി അൃലമ) സ്ഥാപിക്കാന്‍ ശ്രമിക്കുക.
2. അശ്ലീലസൈറ്റുകള്‍ തടയുന്ന (അറൗഹ േരീിലേി േളശഹലേൃശിഴ മുു) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനായി നല്‍കുക.
3. കുട്ടികളുമായി ആരോഗ്യകരവും ഊഷ്മളവുമായ ബന്ധം സ്ഥാപിക്കുക.
4. രാത്രികാലങ്ങളില്‍ കുട്ടികള്‍ ഒറ്റക്ക് ദീര്‍ഘമായി ഉറക്കമൊഴിച്ച് ഇന്റര്‍നെറ്റ് ഗാഡ്ജറ്റുകളില്‍ സമയം ചെലവഴിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
5. ക്ലാസ്സുകള്‍ ഒഴികെയുള്ള സമയങ്ങളില്‍ ഇന്റര്‍നെറ്റോടുകൂടി മൊബൈല്‍ / ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിന് സമയം നിജപ്പെടുത്തുക.
6. മൊബൈല്‍ ഫോണുകള്‍ക്ക് പകരം പരമാവധി ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകള്‍ നല്‍കാന്‍ ശ്രമിക്കുക.
7. ഒഴിവുസമയങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുട്ടികള്‍ക്ക് അവരവരുടെ അഭിരുചികള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക.
8. അശ്ലീല വീഡിയോ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടന്‍ അതിനെ വൈകാരികമായി നേരിടുകയോ കടുത്ത ശിക്ഷാനടപടികള്‍ക്ക് മുതിരുകയോ ചെയ്യരുത്. അവരെ വിളിച്ചിരുത്തി അതിന്റെ ഗൗരവവും ദോഷ വശങ്ങളും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുക. ഇത് ഭാവിയില്‍ അവരുടെ വ്യക്തിത്വത്തിലും സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയേക്കാവുന്ന കടുത്ത പ്രത്യാഘാതങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക.
9. കുട്ടികള്‍ക്ക് പരിചിതരല്ലാത്തവരുടെ നമ്പറില്‍ നിന്നുള്ളവരുടെ ചാറ്റിങ്, വീഡിയോ കോള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവ അറ്റന്‍ഡ് ചെയ്താല്‍ അവയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് പറഞ്ഞ് കൊടുക്കുക.
10. ഫോട്ടോകള്‍, വീഡിയോകള്‍, ഏതെങ്കിലും തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങി ഇന്റര്‍നെറ്റിലൂടെ പുറംലോകത്തേക്ക് എത്തുക വഴി ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം പലതും കൈവിട്ടു പോകുമെന്ന് കുട്ടികളെ ഗൗരവത്തോടെ പറഞ്ഞു ബോധ്യപ്പെടുത്തുക.
11. അശ്ലീലച്ചുവയുള്ള, അവരെ അസ്വസ്ഥരാക്കുന്ന വല്ലതും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.