അത്ര നിസ്സാരമല്ല മോണരോഗം.
അത്ര നിസ്സാരമല്ല മോണരോഗം. പല്ല് വൃത്തിയാക്കുന്നതിലെ ചെറിയ ചില അശ്രദ്ധകള്‍ കാരണം ആരംഭിക്കുന്ന ഈ രോഗം അധികമാളുകളും കാര്യമായെടുക്കുന്നില്ല. തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
പല്ലിലെ പോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണിത്. മുതിര്‍ന്ന ആളുകളില്‍ പല്ല് നഷ്ടപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം മോണരോഗമാണ്.
കാരണങ്ങള്‍
മോണരോഗത്തിന്റെ പ്രധാന കാരണം പല്ലില്‍ അടിയുന്ന അഴുക്കാണ്. ആഹാരം കഴിച്ച് ഏകദേശം ഒരു മണിക്കൂറാകുമ്പോഴേക്ക് തന്നെ പല്ലിലും പല്ലും മോണയും ചേരുന്ന ഭാഗത്തും നേര്‍ത്ത പാട പോലെ ഒരു പാളി രൂപപ്പെടുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ അണുക്കള്‍ പ്രവര്‍ത്തിച്ച് ഉമിനീരിന്റെ സഹായത്തോടെ ഉണ്ടായി വരുന്നതാണിത്. ഇത് വളരെ മൃദുവാണ്. നോര്‍മല്‍ ബ്രഷിംഗില്‍ തന്നെ ഇതില്ലാതാവുന്നു. എന്നാല്‍ ശരിയായ സമയത്ത് ശുചിയാക്കാതിരുന്നാല്‍ ദന്തല്‍ പ്ലാക് കട്ടിവെച്ച് കൂടുതലായി മോണയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ഡോക്ടറുടെ അടുക്കല്‍ പോയി ക്ലീന്‍ ചെയ്താല്‍ മാത്രമേ പൂര്‍ണമായി മാറുകയുള്ളൂ. അഴുക്കുള്ളയിടങ്ങളില്‍ ബാക്റ്റീരിയ പ്രവര്‍ത്തിച്ച് മോണയില്‍ അണുബാധ വരുന്നു. അപ്പോഴാണ് ചെറിയ സ്പര്‍ശനത്തില്‍ പോലും രക്തം വരാനിടയാകുന്നത്. പലരും ബ്രഷ് കൊണ്ടിട്ടാണ് രക്തം പൊടിയുന്നതെന്ന് കരുതി ആ ഭാഗങ്ങളില്‍ ബ്രഷ് ചെയ്യാതിരിക്കുകയും അത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്യും. ബ്രഷിനേക്കാള്‍ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ പോലും മുറിയാത്തത്ര ശക്തമാണ് ആരോഗ്യമുള്ള മോണ. അതിനാല്‍ ആരോഗ്യമുള്ള മോണയില്‍ ബ്രഷ് കൊണ്ടാല്‍ രക്തം വരാന്‍ സാധ്യതയില്ല.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍, പോഷകാഹാരക്കുറവ്, വിറ്റാമിന്‍ കുറവ്, എയ്ഡ്‌സ്, ലുക്കീമിയ പോലുള്ള അസുഖങ്ങള്‍, ചില പാരമ്പര്യ ഘടകങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം മുതലായവയും മോണരോഗത്തിന് കാരണമാകാറുണ്ട്.
തുടക്കം ഇങ്ങനെയാവാം
$ പല്ലു തേക്കുമ്പോള്‍ മോണയില്‍നിന്ന് രക്തം വരിക
$ കട്ടിയുള്ള ആഹാരം കഴിക്കുമ്പോള്‍ (ആപ്പിള്‍, പേരക്ക മുതലായവ) അതില്‍ രക്തത്തുള്ളികള്‍ കാണുക
$ മോണക്ക് കടും ചുവപ്പ് നിറം
$ മോണയില്‍ നീര് വന്ന് വീര്‍ക്കുക
$ വായ്‌നാറ്റം
$ പല്ലില്‍നിന്നും വിട്ടുനില്‍ക്കുന്ന മോണ
$ പല്ലിന് നീളം കൂടിയതായി തോന്നുക. (പല്ലുകള്‍ വേരു മുതല്‍ കാണുന്ന വിധത്തില്‍ താഴ്ന്ന മോണ)
$ മോണയില്‍ വേദന
$ മുതിര്‍ന്നവരില്‍ പല്ലുകള്‍ക്കിടയില്‍ നേരത്തേ ഇല്ലാത്ത വിടവുകള്‍ കാണപ്പെടുക
$ പല്ലിനു ഇളക്കം അനുഭവപ്പെടുക
ഘട്ടങ്ങള്‍
മോണരോഗം പ്രധാനമായും രണ്ടു തരമുണ്ട്. ആദ്യത്തെ അവസ്ഥയെ മോണവീക്കം എന്ന് പറയുന്നു. ഇത് തീര്‍ത്തും ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടമാണ്. എന്നാല്‍ പിന്നീടുള്ള അവസ്ഥയെ മോണപ്പഴുപ്പ് എന്നു പറയുന്നു. ഇത് മോണയുടെ ഉള്‍ഭാഗത്തെയും അസ്ഥികളെയും ബാധിക്കുന്നു. മോണപ്പഴുപ്പ് എത്തുമ്പോള്‍ അസ്ഥിക്കു കൂടി തേയ്മാനം വന്ന് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുന്നു.
എന്നാല്‍ ചുരുക്കം ചിലരില്‍ ചെറിയ പ്രായത്തില്‍ തന്നെ വൃത്തിയായി വായ സൂക്ഷിച്ചാലും വായിലെ മോണപ്പഴുപ്പ് ഉണ്ടാകുന്നു. ഇത് പെട്ടെന്ന് വ്യാപിക്കുകയും പല്ലുകള്‍ കൊഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ജനിതകമായ കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്.
ആരിലൊക്കെ, എങ്ങനെയെല്ലാം?
പുകവലിക്കാരില്‍: പുകവലിക്കുന്നവരില്‍ മോണരോഗത്തിന്റെ തോത് വളരെ കൂടുതലാണ്. പക്ഷേ പുക, കലകള്‍ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നതിനാല്‍ രക്തസ്രാവവും ചുവപ്പു നിറവും ഇവരില്‍ കാണാറില്ല. അതിനാല്‍ പല്ലുകള്‍ക്ക് ഇളക്കം വരുമ്പോഴാണ് പുകവലിക്കാര്‍ പലപ്പോഴും മോണരോഗം തിരിച്ചറിയുന്നത്.
പ്രമേഹരോഗികളില്‍: മോണരോഗവും പ്രമേഹവും തമ്മില്‍ നല്ല ബന്ധമാണുള്ളത്. മോണരോഗം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താനുള്ള കഴിവ് കുറവായിരിക്കും. തിരിച്ചും ബന്ധമുണ്ട്. മോണരോഗം ഉള്ളവരില്‍ പ്രമേഹം വരാന്‍ സാധാരണ ആളുകളേക്കാള്‍ മൂന്നുമുതല്‍ നാല് മടങ്ങ് കൂടുതലാണ്. മോണരോഗം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പ്രമേഹവും പ്രമേഹം നിയന്ത്രണവിധേയമാക്കിയാല്‍ ഒരു പരിധിവരെ മോണരോഗവും തടയാന്‍ കഴിയും.
ഹൃദയവുമായുള്ള ബന്ധം: മോണരോഗത്തിന്റെ ഫലമായി വായിലെ ബാക്ടീരിയയും മറ്റ് ടോക്‌സിന്‍സും നേരിട്ട് രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ആര്‍ട്ടറിയുടെ ഉള്‍വശങ്ങളില്‍ ചെന്ന് പറ്റിപ്പിടിച്ച പ്രധാന രക്തക്കുഴലുകളുടെ വിസ്തീര്‍ണം കുറച്ച്, രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ബാക്ടീരിയല്‍ അണുബാധ ഉണ്ടാവുകയും അത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയിലേക്കു നയിക്കുകയും ചെയ്യും.
മോണരോഗവും ഗര്‍ഭിണികളും
ഗര്‍ഭിണികളില്‍ മോണരോഗമുണ്ടാക്കുന്ന അണുക്കള്‍ പുറപ്പെടുവിക്കുന്ന സ്രവം പ്ലാസന്റ വഴി കുഞ്ഞിലെത്താനും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. ഗര്‍ഭകാലത്ത് മോണരോഗമുണ്ടായാല്‍ നാലുമുതല്‍ ആറുവരെ മാസമാണ് ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണമാണ് മോണരോഗം കൂടുതലായി കാണുന്നത്. ആ സമയത്ത് മോണയിലേക്കുള്ള രക്തപ്രവാഹം കൂടുതലായിരിക്കാം.
മാനസിക സമ്മര്‍ദം കൂടുതല്‍ ഉള്ളവരിലും മോണരോഗം കൂടുതലായി കണ്ടുവരാറുണ്ട്. കുട്ടികളില്‍ ഈ രോഗം സാധാരണമല്ല. എന്നാല്‍ ചില വൈറല്‍ രോഗങ്ങള്‍ കാരണം കുഞ്ഞുങ്ങളില്‍ മോണരോഗം ഉണ്ടാകാം. ഇതിനു പിന്നില്‍ ജനിതകപരമായ കാരണങ്ങളുണ്ട്. ക്ലിപ്പിടുമ്പോള്‍ പല്ലുകളില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടായാല്‍ മോണയുടെ ആരോഗ്യത്തെ ബാധിക്കും.
അല്‍പം ചില മുന്‍കരുതലുകള്‍
ശരിയായ രീതിയിലും സമയത്തും പല്ലുകള്‍ തേക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. പല്ലുകള്‍ വെളുത്തിരിക്കുന്നതില്‍ മാത്രമല്ല പല്ലിന്റെ ആരോഗ്യം. ബ്രഷ് ചെയ്യുന്നതിന്റെ രീതി വളരെ പ്രധാനപ്പെട്ടതാണ്. ഇടത്തു നിന്ന് വലത്തോട്ടോ വലത്തുനിന്ന് ഇടത്തോട്ടോ ചെയ്യുന്ന സാധാരണ പാറ്റേണ്‍ അല്ല ശീലിക്കേണ്ടത്. അങ്ങനെ ചെയ്യുന്നത് പല്ലിന്റെ കഴുത്ത് അഥവാ പല്ല് മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം വരാന്‍ കാരണമാകുന്നു. മേല്‍ഭാഗത്തെ പല്ലുകള്‍ മുകളില്‍നിന്ന് താഴേക്കും കീഴ്ത്താടിയിലെ പല്ലുകള്‍ താഴെ നിന്ന് മുകളിലേക്കുമാണ് തേക്കേണ്ടത്. അമിതമായ ബലം കൊടുക്കേണ്ടതില്ല.
മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ തേക്കാം.
പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ വേസ്റ്റ് സാധാരണ ബ്രഷിംഗില്‍ പോകുന്നില്ലെങ്കില്‍ ടൂത്ത് പിക്കോ ഈര്‍ക്കിലോ പിന്നോ കൊ് കുത്തി എടുക്കാന്‍ ശ്രമിക്കരുത്. പകരം ഇന്റര്‍ടെന്റല്‍ ബ്രഷ് എന്ന ചെറിയ തരം ബ്രഷുകള്‍ കൊണ്ട് ക്ലീന്‍ ചെയ്യാവുന്നതാണ്.
ഏതു തരം ബ്രഷ്:
മാര്‍ക്കറ്റില്‍ ലഭ്യമായതില്‍ സോഫ്റ്റ് ടൈപ്പ് ബ്രഷ് തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം. ഹാര്‍ഡ് ബ്രഷ് കൊണ്ട് തേച്ചാലേ പല്ല് വെളുക്കു എന്ന അബദ്ധം പൊതുവെയുണ്ട്. അത് തെറ്റാണ്. പല്ല് തേക്കുന്നതിനോടൊപ്പം ഫ്‌ളോസിംഗ് എന്ന രീതിയും അവലംബിച്ചാല്‍ ഒരു പരിധിവരെ മറ്റു സഹായമില്ലാതെ പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാം.
ദന്തല്‍ ഫ്‌ളോസിംഗ് എങ്ങനെ?
ഫ്‌ളോസിംഗിനു മുമ്പ് കൈ വൃത്തിയാക്കണമെന്നത് മറക്കരുത്. പല്ല് വൃത്തിയാക്കാനുള്ള സില്‍ക്ക് നൂല്‍ (ഫ്‌ളോസ്) ഒരു കൈയുടെ നടുവിരലില്‍ ചുറ്റുക. അതിന്റെ മറ്റേ അറ്റം അടുത്ത കൈയിലെ നടുവിരലിലേക്ക് ചുറ്റുക. 18 ഇഞ്ച് നീളത്തിലുള്ളതായിരിക്കണം നൂല്‍, രണ്ടു വിരലിനുമിടയില്‍ ഒന്നു മുതല്‍ രണ്ട് ഇഞ്ചുവരെ നീളത്തില്‍ നൂലുണ്ടായിരിക്കണം. സിഗ്-സാഗ് ആയാണ് നൂലിനെ പല്ലുകള്‍ക്കിടയിലൂടെ നീക്കേണ്ടത്. നൂലിനെ 'ഇ' രൂപത്തില്‍ വളച്ച് പല്ലിന്റെ വശങ്ങള്‍ വൃത്തിയാക്കാം. പല്ലിന്റെ ഉപരിതലത്തില്‍ താഴേക്കും മുകളിലേക്കും നീക്കുകയും എല്ലാ പല്ലുകളുടെയും പിറകുവശവും ഫ്‌ളോസ് ചെയ്യാന്‍ മറക്കരുത്.
ഒരു പല്ല് വൃത്തിയാക്കി അടുത്തതിലേക്ക് കടക്കുമ്പോള്‍ നൂലിന്റെ പുതിയ ഭാഗം ഉപയോഗിക്കണം. അതിനായി ഒരു വിരലില്‍നിന്ന് ചുറ്റിയിട്ട ഫ്‌ളോസ് അഴിക്കുകയും മറ്റേതിലേക്ക് ചുറ്റുകയും ചെയ്യാം. ഇലക്ട്രിക് ഫ്‌ളോസറും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ശരിയായ രീതിയില്‍ ഫ്‌ളോസിംഗ് നടത്തേണ്ടതും അത്യാവശ്യമാണ്. മൃദുവായി മാത്രമേ ഫ്‌ളോസിംങ് നടത്താവൂ. പ്രത്യേകിച്ച് ഇലക്ട്രിക് ഫ്‌ളോസര്‍ ഉപയോഗിക്കുമ്പോള്‍. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഫ്‌ളോസിംഗ് ചെയ്യുക.
പല്ല് ക്ലീനിംഗും പല്ലു പുളിപ്പും
പല്ല് ക്ലീന്‍ ചെയ്യാന്‍ പറയുമ്പോള്‍ രോഗികള്‍ സ്ഥിരമായി ഉന്നയിക്കാറുള്ള കാര്യങ്ങളാണ് പുളിപ്പുണ്ടാവിേല്ല, തേയ്മാനം വരില്ലേ, ഇനാമല്‍ പോകില്ലേ... എന്നാല്‍ അത് ഇനാമല്‍ അല്ല, ഇമഹരൗഹ െഎന്ന വേസ്റ്റ് ആണ്. ഈ രമഹരൗഹ െഅതുവരെ മോണയുടെയും പല്ലിന്റെ പേരിന്റെയും ഇടയിലായിരിക്കും. അപ്പോള്‍ ഈ ഇത്തിള്‍ പോകുന്നതോടെ വേരിന്റെ ഭാഗം ഒന്നോ രണ്ടോ ദിവസത്തേക്കു പുറമേക്ക് കാണുന്നു. അവിടെയാണീ പുളിപ്പ് അനുഭവപ്പെടുന്നത്. വളരെക്കാലം പഴക്കം ചെന്ന ഇത്തിള്‍ പല്ലിന്റെ വേരിനെ ആവരണം ചെയ്ത് അതിന്റെ ബലം നശിപ്പിച്ചുതുടങ്ങിയിരിക്കും. അതോടെ വേരിനെ സാധാരണ ഗതിയില്‍ പുളിപ്പില്‍നിന്ന് സംരക്ഷണം നല്‍കുന്ന എല്ലും ചുറ്റുമുള്ള മോണയും നശിച്ചുതുടങ്ങിയിരിക്കും. ഈ സമയത്ത് ഇത്തിള്‍ നീക്കം ചെയ്യുന്നതോടെ വേര് അനാവരണം ചെയ്യപ്പെടാനും പുളിപ്പു തോന്നാനും ഇടയാക്കും. മോണ പഴയ ആരോഗ്യവസ്ഥയിലേക്കെത്തി കഴിഞ്ഞാല്‍ ഈ പുളിപ്പ് സ്വാഭാവികമായി കുറഞ്ഞുവരും. ഈ പുളിപ്പിനെ പേടിച്ചോ ഇനാമല്‍ നഷ്ടപ്പെടുമെന്ന ധാരണ കൊണ്ടോ ക്ലീന്‍ ചെയ്യാതിരുന്നാല്‍ ഒരുപാട് കാലത്തെ ആയുസ്സുള്ള പല്ലുകള്‍ കുറഞ്ഞ കാലംകൊണ്ട് തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരുന്നതാണ്.
പല്ലു പുളിപ്പിന്റെ മറ്റൊരു പ്രധാന കാരണം തെറ്റായ പല്ലുതേപ്പാണ്. അമിത ബലം പ്രയോഗിച്ച് ബ്രഷ്‌കൊണ്ട് പല്ല് വൃത്തിയാക്കുന്നത് ഇനാമലിന് തേയ്മാനം വരുത്തുകയും പുളിപ്പിന് കാരണമാവുകയും ചെയ്യുന്നു. പല്ലിന്റെ നല്ലൊരു ഭാഗം പൊട്ടിപ്പോയാലും പുളിപ്പുണ്ടാകാം. വിപണിയില്‍ ഹാര്‍ഡ്, സോഫ്റ്റ്, മീഡിയം ബ്രഷുകള്‍ ലഭ്യമാണ്. പല്ലു പുളിപ്പ് ഉള്ള വ്യക്തി സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നത് പല്ലു പുളിപ്പ് വരാതിരിക്കാന്‍ സഹായിക്കും.