ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ സുപ്രധാനമായൊരു സന്ദര്‍ഭമാണ് 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമരം. ഒരു നാട് കടന്നുപോയ ഈയൊരു ചരിത്രതീക്ഷ്ണമായ സന്ദര്‍ഭങ്ങളെ മാപ്പിളക്കവികള്‍ നാനാവിധത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഒരു ദേശത്തെ ജനത സമ്പൂര്‍ണമായ സ്വയംനിര്‍ണയത്തിലേക്ക് ഉണരുമ്പോഴാണ് ആ ദേശത്തെയും സമൂഹത്തെയും സ്വതന്ത്ര രാഷ്ട്രസ്വരൂപമായി ലോകം പരിഗണിക്കുക. ഈയൊരു തനിമയിലേക്ക് നമ്മുടെ നാടെത്തിയത് സുദീര്‍ഘമായൊരു സമരകാലം പിന്നിട്ടാണ്. 1498-ല്‍ വാസ്‌കോഡഗാമയും കൊള്ളസംഘങ്ങളും നമ്മുടെ നാടിന്റെ സ്വപ്‌നതീരം തൊട്ട അന്ന് സമാരംഭിച്ചതാണ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ദീപ്ത ചരിത്രം. ഇന്ത്യയില്‍ പക്ഷേ ദേശീയ പ്രസ്ഥാനങ്ങളെ ഏറ്റെടുത്തതും ധീരമായതിനെ മുന്നോട്ട് നയിച്ചതും മുസ്‌ലിം സമൂഹമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ കാമനകളില്‍ സ്വതന്ത്ര ഇന്ത്യയെന്ന ഒരാശയം പൊലിച്ചുവന്നതും അതിന്റെ സാഫല്യത്തിനായി സര്‍ഗാത്മക മണ്ഡലത്തെ കൂടി അവര്‍ ശേഷിയോടെ കൂട്ടുപിടിച്ചതും സ്വാഭാവികം തന്നെയാവും. അതുകൊണ്ടാണ് മുസ്‌ലിം ഭാവാത്മക രചനകളില്‍ ദേശീയവാദ ദത്തങ്ങള്‍ തുളുമ്പുകയും കൊളോണിയല്‍ ദുര്‍ഭരണത്തെ തകര്‍ക്കാനുള്ള ആഹ്വാനങ്ങള്‍ ധിമിക്കുകയും ചെയ്യുന്നത്. 'രക്തസാക്ഷികളായ കുഞ്ഞാലി മരക്കാര്‍, കുഞ്ഞിമരക്കാര്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരൊക്കെയും മുസ്‌ലിംകളുടെ ആഹ്വാന കാവ്യങ്ങളിലും ജനകീയ ഗാനങ്ങളിലും എന്നും സാന്നിധ്യമാകുന്നത്.'
''അറബിക്കടല്‍ തീരമെന്നും ചോപ്പിക്കാന്‍,
അലമാലകള്‍ ആവേശം കൊള്ളുന്നു.
അറിവോന്‍ കുഞ്ഞാലി മരക്കാര്‍-
തന്‍ ചോര അനുബന്ധം നിങ്ങളില്‍ ചേരുന്നു''
എന്ന് പ്രശസ്ത മാപ്പിളക്കവി എം.എ കല്‍പറ്റയും
''വാസ്‌കോഡഗാമയുടെ പായക്കപ്പല് കാപ്പാട്ടെത്തി
വിന കൊയ്യാന്‍ നങ്കൂരം താഴ്ത്തി -
കച്ചോടത്തിനാനുവാദമരുളിയ
സാമൂതിരി കുറുസ്സുമ്മല്‍
പറങ്കിയെ ക്ഷണിച്ചിരുത്തി-
സ്വാതന്ത്ര്യത്തിന്‍, അടിവേര് പിഴ്തിളക്കി'' (കെസ്സ് ഇശല്‍) എന്ന് കുട്ടിമാഷും എഴുതിയത്.
നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമാണ് സത്യത്തില്‍ ചേറൂരില്‍ നടന്ന ധീരസമരങ്ങള്‍. മലബാറിലെ കീഴാള ജനതയുടെ സ്വാതന്ത്ര്യബോധത്തെയാണ് ചേറൂര്‍ ചിന്ത് അനാവൃതമാക്കുന്നത്. കീഴാള, മുസ്‌ലിം കൂട്ടുസൗഹൃദം അധിനിവേശ ശക്തികള്‍ക്ക് മാത്രമല്ല സവര്‍ണ ബ്രാഹ്മണ്യത്തിനും അന്നേ ചതുര്‍ഥിയായിരുന്നു. അതുകൊണ്ടാണ് സവര്‍ണ മാടമ്പിമാരും കൊളോണിയല്‍ അധികാരവും ദേശീയ വിമോചന യജ്ഞത്തിനെതിരെ എന്നും ഐക്യപ്പെട്ടു നിന്നത്. ഇതാണ് ചേറൂര്‍ സമരത്തിന് അടിസ്ഥാന ഹേതു. ഒന്നേമുക്കാല്‍ നൂറ്റാണ്ടിനപ്പുറം വിരചിതമായ ഈ പാട്ടുകൃതി ബ്രിട്ടീഷ് അധികാര കോവിലുകള്‍ കണ്ടുകെട്ടിയത് വെറുതെയായിരുന്നില്ല. മമ്പുറം തങ്ങന്മാരുടെ കാലത്തുണ്ടായ ഈയൊരു വിമോചന സമരത്തെ പ്രതി നിരവധി പാട്ടുകള്‍ മാപ്പിളമാര്‍ രചിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമായൊരു രചന നിര്‍വഹിച്ചത് ചേറൂര്‍ ദേശക്കാര്‍ തന്നെയായ മുഹമ്മദ് കുട്ടിയും മുഹ്‌യിദ്ദീനും ചേര്‍ന്നാണ്. നമ്മുടെ സ്വാതന്ത്ര്യസമര പ്രവാഹങ്ങളെ ഇങ്ങനെയുള്ള നിരവധി പ്രാദേശിക പോരാട്ടങ്ങളും അവയുടെ കാവ്യപരമായ ആവിഷ്‌കാരങ്ങളും എങ്ങനെ നിര്‍ണയിച്ചു എന്നതിനു കൂടിയുള്ള സാക്ഷ്യങ്ങളാണ് ചേറൂര്‍ പടപ്പാട്ട്.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ സുപ്രധാനമായൊരു സന്ദര്‍ഭമാണ് 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമരം. ഒരു നാട് കടന്നുപോയ ഈയൊരു ചരിത്രതീക്ഷ്ണമായ സന്ദര്‍ഭങ്ങളെ മാപ്പിളക്കവികള്‍ നാനാവിധത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
''ഏറെ നാളടിമയായ് കേണ നാടതില്‍ നിന്നോ
രേറനാടുണര്‍ന്നപ്പോള്‍ ഉണര്‍ന്നതാണീ ഞാനും''
എന്ന് പി.ടി അബ്ദുര്‍റഹ്മാന്‍ അനുസ്മരിച്ചത് ഈയൊരു ഇരമ്പിമറിഞ്ഞ കാലത്തെ പറ്റിയാണ്.
തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന സംഭവങ്ങളത്രയും മനോഹരമായ മാപ്പിളപ്പാട്ടിശലില്‍ ആദ്യമധ്യാന്ത വിശദത്തില്‍ എഴുതിയിട്ടുണ്ട് തിരൂരങ്ങാടിയിലെ കെ.ടി മുഹമ്മദ്. കെ.ടിയുടെ ഈ മലബാര്‍ ഗാഥകള്‍ പാടിപ്പോകുമ്പോള്‍ നാമറിയാതെ ഒരു നൂറ്റാണ്ടിനപ്പുറത്ത് ജീവിതം തുഴഞ്ഞ ഒരു അഭിജാത സമൂഹത്തോട് അനുഭൂതികള്‍ കൊണ്ട് തന്നെ നാം ഐക്യപ്പെട്ടുപോകും. അത്ര ഹൃദയാവര്‍ജകമാണാ കാവ്യ പാഠവും പാട്ടു ശില്‍പ്പവും.
''ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായ് ഏറനാട്ടിന്‍ വീഥിയില്‍,
ഹിന്ദു മുസ്‌ലിം മൈത്രിയില്‍ എന്തൊരാവേശമില്‍,
സഹകരണ ത്യാഗവും സമരസന്നാഹങ്ങളും,
ലഹളയാക്കി മാറ്റുവാന്‍ ലക്ഷ്യമാക്കി നാട്ടിലേ....''
(ഇശല്‍ - ഉഹ്ദ് കൊള്ള മുസ്തഫ).
ഇന്ത്യന്‍ ദേശീയ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ കാവ്യ വിഷയമാക്കിയ മറ്റൊരു കവിയാണ് ടി. ഉബൈദ്.
''എന്തിതു വിണ്ണില്‍ പുതുതായ്,
കരിനിഴല്‍ കാണുന്നു തങ്ങി.
അന്നു ലണ്ടന്‍ ഗോപുരങ്ങള്‍ തങ്ങളില്‍ ചോദ്യം തുടങ്ങി''
(ഇശല്‍ - ഒപ്പന ചായല്‍).
''നാടൊന്നായ് നിവര്‍ന്നു നിന്നലറീടുന്നു.
നല്‍ ഹിന്ദിന്‍ കനി മക്കള്‍ അടങ്കല്‍ ചേര്‍ന്നു.
ചേര്‍ന്നിതു പൗരോല്‍ ബുദ്ധതയേറ്റം.
പൂര്‍ണ സമൈക്യത്തിന്‍ വിളയാട്ടം''
(ഇശല്‍ - ഒപ്പന മുറുക്കം).
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇരമ്പിയ വിമോചന സമരയജ്ഞത്തിന്റെ പരിസമാപ്തിയാണ് 1947 ആഗസ്റ്റ് 15. ആ ദീര്‍ഘകാലം കൊണ്ട് നിരവധി തലമുറകളാണ് സമരത്തിന്റെ തീച്ചൂളയില്‍ വെന്തു തീര്‍ന്നത്.
ഗാന്ധിയന്‍ സമരമാതൃകയായിരുന്ന നിസ്സഹകരണപ്രസ്ഥാനത്തെ ഘോഷിച്ചുകൊണ്ട് 1921-ല്‍ മലപ്പുറം ജില്ലയിലെ കൂട്ടായില്‍ സി. നൈനാന്‍ കുട്ടി എഴുതിയ പ്രസിദ്ധമായൊരു പാട്ടുണ്ട്. മുഖ്യധാരയില്‍നിന്ന് അദൃശ്യമായിപ്പോയ പ്രസ്തുത പാട്ട് വളരെ കഴിഞ്ഞ് ഗവേഷകനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം കണ്ടെടുത്തതാണ്. നിരവധി ഇശലുകളിലൂടെ കടന്നുപോകുന്ന ഈ ദീര്‍ഘകാവ്യം അക്കാലത്തെ സഹനസമര രീതികള്‍ നമ്മോട് വിശദത്തില്‍ പറഞ്ഞുതരുന്നു.
''മുന്തിയെ ശൗക്കത്തും ഗാന്ധി മഹാനും പ്രസംഗമാരംഭമേ,
ഉണ്ടാക്കി പഞ്ചാബില്‍ മുട്ടാള പട്ടാള
മുണ്ടാക്കിയ കൊടുമാ റൗളത്ത്
ബില്ലിനു മാ
സ്വയ രാജ്യ ധര്‍മ്മവുമാ.....''
(ഇശല്‍ - ഉണ്ടെന്നും മിശ്കാത്ത്).
ഗാന്ധിജിയും മൗലാനാ ശൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രഭാഷണങ്ങളുടെ വിസ്താരങ്ങളും കേള്‍ക്കാനെത്തിയ പതിനായിരങ്ങള്‍ അതേറ്റെടുത്ത ആവേശമട്ടങ്ങളും മധുരമായി പാടിപ്പോവുന്ന കവി അതിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളെ മൊത്തത്തിലാണ് അവലോകനത്തിന് വെക്കുന്നത്. ഇതേ ആശയധാരയില്‍ പ്രശസ്ത കവി കെ.ടി മുഹമ്മദ് എഴുതിയ പാട്ടും ഏറെശ്രദ്ധേയമാണ്.
''ഭാരത നാട്ടിന്ന് ബ്രിട്ടനെ കെട്ടുകെട്ടിക്കാനായ്,
ബഹുജനം ഹിന്ദു മുസ്‌ലിം മൈത്രിയോടണിയായ്.
വീരകേരള മാപ്പിളമാര്‍ ധീര ധീരമായി
വിപ്ലവ രംഗത്തിറങ്ങി സംഘടിതരായി.
പോരടിച്ചടിമത്വം നീങ്ങാന്‍,
ഭാരത സ്വാതന്ത്ര്യം നേടാന്‍,
പാരിടത്തഭിമാനം പൊങ്ങാന്‍,
പാവന ശബ്ദം മുഴങ്ങാന്‍...''
ഇങ്ങനെ വികസിക്കുന്ന ഈ പാട്ട് രചന അക്കാലത്ത് ദേശീയ സ്വാതന്ത്ര്യത്തിനായി ഏറനാട്ടിലെ മാപ്പിളമാര്‍ നടത്തിയ മഹത്തായ ബലിദാനങ്ങളെ ദീപ്തമായി ആവിഷ്‌കരിക്കുന്നുണ്ട്. ദേശസ്‌നേഹി പ്രചോദിതരായ മുന്‍കാല തലമുറ ഏറ്റെടുത്ത മഹാസഹനങ്ങളെ പരിഹസിക്കും വിധം നാം അറിയാതെയെങ്കിലും ചെയ്തുപോയ ഒരപരാധം തിരുത്തുന്നതായിരുന്നു കമ്പളത്ത് ഗോവിന്ദന്‍ നായരുടെ വിശ്രുതമായ രചന:
''അന്നിരുപത്തൊന്നില്‍ നമ്മള് ഇമ്മലയാളത്തില്,
ഒന്നുചേര്‍ന്നു വെള്ളയോടെതിര്‍ത്ത് നല്ല മട്ടില്''
ഏറെ അനുപമയാര്‍ന്ന ഈയൊരു ഗാന രചന അന്നത്തെ നമ്മുടെ പൊതുബോധം എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിച്ചതെന്ന് സമൂഹത്തോട് കൃത്യമായും പറഞ്ഞുതരും. ഇന്നും കൊളോണിയല്‍ ദാസ്യം മാറാത്ത ഒരു മനോഭാവം നമ്മിലൊക്കെയും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷയിലും വേഷഭൂഷത്തിലും എന്തിന് സര്‍ഗാത്മക വ്യവഹാരങ്ങളിലും ഭക്ഷണത്തിലും ഈയൊരു ദാസ്യവും മാപ്പുസാക്ഷിത്വവും കാണാനാവും. ഇതിനൊക്കെയുള്ള തിരുത്തായിരുന്നു ഈ പാട്ട്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനകാലത്തെ നാനാവിധമായ സംഘര്‍ഷങ്ങള്‍ തദ്വിഷയമായി വന്ന പാട്ടുകളും കഥകളും നമ്മോട് പറയും.
''നാരീമണികള്‍ മാനം കാക്കാന്‍ ബൈനറ്റിന്നിരയാകുന്നു,
വെടിയുണ്ടകളുടെ മുന്നില്‍ നെഞ്ച്
വിരിച്ചവര്‍ പോര് വിളിച്ചന്ന്.
എത്ര ധീരസഖാക്കള് വേദന തിന്ന് പുളഞ്ഞല്ലോ,
ഭാരത നാടിനെ മോചിപ്പിക്കാന്‍ പലരും മൃത്യു വരിച്ചല്ലോ''
('ഇശല്‍ നിലാവി'ല്‍ വി.എം കുട്ടി മാഷ് എഴുതിയ വരികളാണിത്).
''മാപ്പിള മക്കള് നെഞ്ച് വിരിച്ചിട്ടൊത്ത് കുതിത്തിട്ടെ തിരിട്ട്,
മാപ്പുതരില്ലെന്നോതി വെള്ളക്കാരുടെ നേരെ മുന്നിട്ട്,
മാമലയാളക്കരയിലെ ഏറനാട്ടിലെ ധീരരണിനിന്ന്,
മാനം കാക്കാനായവരന്ന് ഖിലാഫത്തിന്‍ കൊടി കെട്ടുന്നു''
എന്ന് കവി ബാപ്പു വെള്ളിപറമ്പും എഴുതിയത് സത്യമാണ്.
ഇങ്ങനെയൊക്കെയാണ് നാം നമ്മുടെ ദേശത്തിന്റെ സ്വാതന്ത്ര്യം സ്വന്തമാക്കിയത്. അതിന് ഈ നാട്ടിലെ നിരവധി തലമുറകള്‍ അനുഷ്ഠിച്ച ത്യാഗവും സഹനവും ചെറുതല്ല. പക്ഷേ ഒരു കാലത്ത് ഒരു ജനത അവരുടെ ജീവിതം നേദിച്ച് നമുക്ക് നല്‍കിയ ഈ മഹത്തായ സ്വാതന്ത്ര്യം ഇന്ന് നാനാതരം ഭീഷണികള്‍ അഭിമുഖീകരിക്കുകയാണ്. തീക്ഷ്ണമായ ജാഗ്രതയും ശക്തമായ ചെറുത്തുനില്‍പ്പുമില്ലാതെ പോയാല്‍ ദേശം ഫാഷിസത്തിലേക്ക് സമ്പൂര്‍ണമായും വഴുക്കാനുള്ള സകല സാധ്യതയും ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഈ സ്വാതന്ത്ര്യ ദിനശുഭങ്ങളിലും ഗതകാല ഗൃഹാതുരതകളിലും വിഭ്രമിച്ചുനില്‍ക്കാതെ പുതിയ നിയോഗങ്ങള്‍ ഏറ്റെടുക്കാന്‍ നാം തയാറാവേണ്ടതുണ്ട്. അതോടൊപ്പം പിന്‍തലമുറ പ്രതീക്ഷയോടെ നമ്മിലേല്‍പിച്ച സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെ ഭീതിതാവസ്ഥയെ ദീര്‍ഘദര്‍ശനം ചെയ്ത് വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ കവി ടി. ഉബൈദ് പാടിയത് ഒന്നുകൂടി അനുസ്മരിക്കുകയും ചെയ്യാം. ദേശക്കാഴ്ചകള്‍ നാള്‍ക്കു നാള്‍ ഭീതിതമാകുന്നതും രാഷ്ട്രത്തിന്റെ ഭാവി തന്നെ അപായത്തിലാകുന്നതും ദേശവാസികളില്‍ ഒരു ദളം പൊടുന്നനെ അപരമാക്കപ്പെടുന്നതും കണ്ണാലെ കാണുന്ന ഈ കാലത്ത് പ്രത്യേകിച്ചും.
''വാരുറ്റ സ്വാതന്ത്ര്യത്തില്‍ സൗന്ദര്യം വായ്ക്കും നവ്യാ,
ഭാരത പൂവാടിയില്‍ ഒരു നാള്‍ സഞ്ചരിക്കേ,
കണ്ടതാം ശോചനീയ ദൃശ്യങ്ങള്‍ കുറിക്കുവാന്‍,
നിണ്ടലുണ്ടെന്നാകിലും മാപ്പിരന്നുരയ്ക്കുവാന്‍.
വറ്റിപ്പോയ് സൗഹൃദത്തിന്‍ ശീതള പൂഞ്ചോലകള്‍.
എമ്പാടും നിശ്ശാന്തിതന്‍ മുള്‍ചെടി വളരുന്നു.
പാമ്പുകള്‍ ചില ദിക്കില്‍ സ്വഛന്ദമിഴയുന്നു!
ഉദ്യാനപാലകന്മാരങ്ങിങ്ങു വട്ടമിട്ടു,
വാദ്യകോലാഹലങ്ങള്‍ മുഴക്കിക്കഴിയുന്നു.''