മലബാര്‍ സമരം: പോരാട്ടവഴിയിലെ പെണ്‍വീറ്

ഷെബീന്‍ മഹ്ബൂബ് No image

കൂട്ടത്തിലൊരുത്തിയെ പിടിച്ചുകൊണ്ടുപോകാന്‍ മെനക്കെട്ട അധിനിവേശ പട്ടാളത്തെ സംഘം 
ചേര്‍ന്ന് തുരത്തിയോടിച്ച പെണ്‍കൂട്ടം, ഒരു കൈയില്‍ തസ്ബീഹ് മാലയും മറുകൈയില്‍ വടിയും 
പിടിച്ച് യുദ്ധമുഖത്ത് അണിനിരന്ന പെണ്‍പട, ചമ്മലകളിലും പൊന്തക്കാടുകളിലും ഒളിച്ചിരുന്ന് ശത്രുവിന്റെ നീക്കങ്ങള്‍ പുരുഷന്മാര്‍ക്ക് സമയാസമയം എത്തിച്ചുനല്‍കിയവര്‍, യുദ്ധമുഖത്ത് നിലയുറപ്പിച്ച ഭര്‍ത്താക്കന്മാര്‍ക്ക് തൂക്കുപാത്രത്തില്‍ ഗ്രനേഡ് എത്തിച്ചുനല്‍കിയവര്‍, പട്ടാളത്തിന്റെ ഗണ്‍പോയിന്റിലുള്ള പിതാവിനെ സംരക്ഷിക്കാന്‍ സ്വയം പടച്ചട്ടയായി രക്താക്ഷിത്വം വരിച്ചവര്‍, പോരാട്ടം കനത്തുനില്‍ക്കെ വിപ്ലവ പോരാളികള്‍ക്ക് അഭയം നല്‍കാന്‍ ധൈര്യം കാട്ടിയവര്‍... 
അങ്ങനെയെത്രയെത്ര പെണ്ണുങ്ങള്‍!

"If i were a man , i would not come back wounded"
1894-ല്‍ മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ നടന്ന ബ്രിട്ടീഷ്-ജന്മിത്വവിരുദ്ധ പോരാട്ടത്തില്‍ പരിക്കേറ്റ് വീട്ടില്‍ മടങ്ങിയെത്തിയ മകനോട് ഉമ്മ പറഞ്ഞ വാക്കുകളാണിത്. ഞാനൊരു പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെ പരിക്കു പറ്റി തിരിച്ചുവരില്ലായിരുന്നുവെന്ന്! അന്നത്തെ മലബാര്‍ പൊലീസ് സൂപ്രണ്ടായിരുന്ന ഫോസ്റ്റിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇക്കാര്യം രേഖപ്പെടുത്തിയതാകട്ടെ 1921-ന്റെ ചരിത്രം എഴുതിയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ആര്‍.എച്ച് ഹിച്ച്‌കോക്കും. സമാന മനോധൈര്യമുള്ള എമ്പാടും പെണ്ണുങ്ങള്‍ ഏറനാട്ടിലുണ്ടെന്നും ഹിച്ച്‌കോക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.1
യുദ്ധമുന്നണിയില്‍ ആണ്‍വേഷം ധരിച്ചെത്തി ശത്രുസൈന്യത്തോട് പടപൊരുതി രക്തസാക്ഷിയായ ഒരു മാപ്പിളപ്പെണ്ണിനെ കുറിച്ച് ടോട്ടന്‍ഹാമിന്റെ 'ദി മാപ്പിള റിബല്യന്‍ 1921-1922' എന്ന പുസ്തകത്തില്‍ വായിക്കുമ്പോള്‍ നാം ആശ്ചര്യപ്പെടുകയാണ്. കേരളത്തിന്റെ അധിനിവേശവിരുദ്ധ പോരാട്ട ചരിത്രത്തിലെ തന്നെ ആ ഐതിഹാസിക മുഹൂര്‍ത്തം പിറന്നത് 1921-ലെ മലബാര്‍ പോരാട്ടങ്ങളിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ് 26-ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തില്‍.2 ബ്രിട്ടീഷുകാര്‍ അവരുടെ ഔദ്യോഗിക രേഖകളില്‍ പരാമര്‍ശിച്ച ആ ധീര മാപ്പിളപ്പെണ്ണ് ആരെന്ന് കണ്ടെത്താനായിട്ടില്ല. അവരെ കേന്ദ്രകഥാപാത്രമാക്കി കെ.കെ ആലിക്കുട്ടി 'വമ്പത്തി' എന്ന പേരില്‍ ഒരു നോവല്‍ രചിച്ചിട്ടുണ്ട്. നോവലിസ്റ്റ് അവര്‍ക്ക് പേരിട്ടിരിക്കുന്നത് കുഞ്ഞീബി എന്നാണ്. അവരുടെ യഥാര്‍ഥ പേര് എന്തു തന്നെ ആയാലും 1800-കളില്‍ തുടങ്ങി 1922-ല്‍ അവസാനിച്ച മലബാറിലെ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങളില്‍ അവര്‍ ഒറ്റപ്പെട്ട പെണ്‍സാന്നിധ്യമല്ല തന്നെ.
മലബാറിലെ മുസ്‌ലിം സ്ത്രീയെ കുറിച്ച പ്രഥമ സാഹിത്യ-ചരിത്ര വ്യവഹാരമായ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടില്‍ അത്തരത്തില്‍ നിലപാടും കാര്യശേഷിയുമുള്ള ഒരുകൂട്ടം പെണ്ണുങ്ങളെ കാണാം. 1728-ല്‍ മലപ്പുറത്ത് പാറനമ്പിയുടെ സൈന്യവും പ്രദേശത്തെ മുസ്‌ലിംകളും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ കഥയാണ് മലപ്പുറം പട. മുസ്‌ലിംകളോടുള്ള വെറുപ്പും പകയും മൂത്ത ശത്രുസൈന്യം പള്ളി തകര്‍ക്കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ അതൊഴിവാക്കാന്‍ മലപ്പുറത്തെ പെണ്ണുങ്ങള്‍ സംഘമായി പാറനമ്പിയുടെ അടുത്തേക്ക് നീങ്ങുന്ന സന്ദര്‍ഭമാണ് വൈദ്യര്‍ അവതരിപ്പിക്കുന്നത്. അവരുടെ ദൗത്യം പരാജയപ്പെട്ടുവെങ്കിലും അനിവാര്യ ഘട്ടത്തില്‍ സാഹചര്യത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ഉയരാനുള്ള മാപ്പിളപ്പെണ്ണിന്റെ ശേഷിയെ ആണത് അടയാളപ്പെടുത്തുന്നത്. 1800-കളില്‍ ഊക്ക് പ്രാപിച്ച ബ്രിട്ടീഷ് -ജന്മിത്വവിരുദ്ധ പോരാട്ടങ്ങളിലും പോരിനിറങ്ങിയ എമ്പാടും സ്ത്രീകളെ കാണാം. വേട്ടയാടാന്‍ വരുന്ന ശത്രുവിന്റെ മുന്നില്‍ പതറാതെ, പൊരുതി നിന്നവരാണവര്‍. വിപ്ലവാനന്തരമുള്ള കലങ്ങിമറിഞ്ഞ സാമൂഹികാന്തരീക്ഷത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ഈ സമുദായത്തിന്റെ അതിജീവനപ്പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിക്കാനും അവര്‍ക്ക് സാധിച്ചു.
മമ്പുറത്ത് ബീവിയും 13 പെണ്ണുങ്ങളും
ബ്രിട്ടീഷ്-ജന്മിത്വ കൂട്ടുകെട്ടിന്റെ ചൂഷണങ്ങള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ ഏറനാട്ടിലും വള്ളുവനാട്ടിലും കലാപങ്ങള്‍ കൊടുമ്പിരികൊണ്ട സമയത്താണ്, അവക്ക് പ്രചോദനം നല്‍കുന്നു എന്ന കുറ്റം ചുമത്തി മമ്പുറം സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെയും കുടുംബത്തെയും മക്കയിലേക്ക് നാടു കടത്താന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിക്കുന്നത്. 1852 മാര്‍ച്ച് 19-ന് തങ്ങളും കുടുംബവും മക്കയിലേക്ക് പലായനം ചെയ്തു. തങ്ങളുടെ പ്രിയ നായകനെ നാടുകടത്തിയതിലുള്ള രോഷം മാപ്പിളമാര്‍ക്കിടയില്‍ ആളിക്കത്തി. ഫദ്ല്‍ തങ്ങളുടെ നാടുകടത്തലിന് ഉത്തരവാദിയായ മലബാര്‍ കലക്ടര്‍ കനോലിയെ വധിച്ചുകൊണ്ടാണ് അവര്‍ പ്രതികാരം ചെയ്തത്. കനോലി വധക്കേസുമായി ബന്ധപ്പെട്ട് 24 കേസുകളിലായി 164 പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 14 പേരും വനിതകളായിരുന്നു. പിടിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ ഗര്‍ഭിണികളായിരുന്നു. വിചാരണാ ഘട്ടത്തിലാണ് അവര്‍ പ്രസവിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഈ കൊലപാതകത്തില്‍ സ്ത്രീസമൂഹം വഹിച്ച പങ്കിനെ കുറിച്ച് ആ കാലത്തെ ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളുടെ സമാഹാരമായ 'കറസ്‌പോണ്ടന്‍സ് ഓഫ് മാപ്പിള ഔട്ട്‌റേജസ് ഇന്‍ മലബാര്‍ 1853-1859' എന്ന കൃതിയില്‍ ബ്രിട്ടീഷുകാര്‍ വിശദമായി രേഖപ്പെടുത്തിയതു കാണാം. കേസിലെ രണ്ടാം പ്രതി മമ്പുറം മഖാമിന്റെ ചുമതലക്കാരിയായ മമ്പുറത്ത് ബീവിയായിരുന്നു. കനോലിയെ വധിച്ച വിപ്ലവകാരികള്‍ക്ക് എല്ലാ തരത്തിലുമുള്ള സഹായവും അവര്‍ നല്‍കുകയുണ്ടായി. കൃത്യം ആസൂത്രണം ചെയ്യാനായി പല യാത്രകള്‍ അവര്‍ നടത്തി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പൂര്‍ണഗര്‍ഭിണി ആയിരുന്നു അവര്‍. വിചാരണ പൂര്‍ത്തിയായി നെല്ലൂര്‍ ജയിലിലേക്ക് നാടുകടത്തപ്പെടുമ്പോള്‍ കൂടെ അവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു. മമ്പുറം തങ്ങളുടെ അടുത്ത ബന്ധുവായിരുന്നു ഈ ധീരവനിത.3
മമ്പുറത്ത് ബീവിക്ക് പുറമെ കല്ലിടുമ്പില്‍ ആമിനത്ത്, ചെരിയാട്ട് കുഞ്ഞി ഉമ്മ, അവരുടെ മകള്‍ ആച്ചുമ്മ, പാത്തുമ്മ, അമ്പാട്ട് പാത്തുമ്മ, അമ്പാട്ട് ആയിശുമ്മ, പൊറ്റുമ്മേല്‍ ഉമ്മാച്ചുമ്മ, കല്ലാട്ടില്‍ മറിയുമ്മ, ബീവിയുമ്മ, കാലരിമണ്ണ ആയിശ ഉമ്മ, കുഞ്ഞായിശു തുടങ്ങിയവരും കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും കനോലി കൊലപാതകത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരികളുടെ ഉറ്റ ബന്ധുക്കളാണ്.
1800-കളിലെ മാപ്പിളപ്പെണ്ണിന്റെ സാമ്രാജ്യത്വവിരുദ്ധ ബോധം എത്രമാത്രം ശക്തമായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഈ സംഭവം ഉദ്ധരിച്ചത്. അത്യപൂര്‍വ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങാറുള്ള തങ്ങള്‍ കുടുംബത്തിലെ ഒരു സ്ത്രീ, അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ നായകത്വം വഹിച്ചു എന്നത് ചെറിയ കാര്യമല്ല. അവരെപോലെയുള്ള ഒരായിരം ഉമ്മമാര്‍ പെറ്റുവളര്‍ത്തിയ ഒരു തലമുറയാണ് 1921-ലെ മഹത്തായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ചത്. ആ ഉമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ ധീരാനുഭവങ്ങളില്‍നിന്നു തന്നെയാകും അവരിലെ വിപ്ലവകാരികള്‍ ജന്മമെടുത്തത്.
പ്രതിചേര്‍ക്കപ്പെട്ട 157 വനിതകള്‍
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒരൊറ്റ ലക്ഷ്യത്തിനായി ഒരുമിച്ചൊന്നായി അണിനിരന്ന് നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1921-ലേത്. കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, കീഴാള ജനവിഭാഗങ്ങള്‍, മുസ്‌ലിം സമൂഹത്തിലെ ഏറ്റവും പിന്നാക്ക ജനവിഭാഗമായി ഗണിക്കപ്പെടുന്ന ഒസ്സാന്മാര്‍, മതപണ്ഡിതര്‍, കുട്ടികള്‍, സ്ത്രീകള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലും പെട്ട മനുഷ്യരൊന്നാകെ ആ പോരാട്ടത്തിന്റെ ഭാഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇത്രമേല്‍ വൈവിധ്യപൂര്‍ണമായ പ്രതിനിധാനം സംഭവിച്ച മറ്റൊരു ബഹുജന സായുധ മുന്നേറ്റം ഉണ്ടായിട്ടില്ല എന്നുപറയാം.  അക്കൂട്ടത്തില്‍ പ്രധാനമാണ് സത്രീകളുടെ പങ്കാളിത്തവും. മാപ്പിള സ്ത്രീകള്‍ സമരത്തിന്റെ മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു. അഭയം നല്‍കല്‍, സഹായം നല്‍കല്‍, വിവരം കൈമാറല്‍ എന്നിങ്ങനെയുള്ള പരോക്ഷ പങ്കാളിത്തത്തിനപ്പുറം പോരാട്ടങ്ങളില്‍ നേരിട്ട് അവര്‍ പങ്കുകൊണ്ടു. പുരുഷന്മാരോടൊപ്പം യുദ്ധമുഖത്ത് അണിനിരന്ന രണ്ട് സ്ത്രീകളെ ഹിച്ച്‌കോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഒന്ന് തുടക്കത്തില്‍ സൂചിപ്പിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിലെ ധീരവനിതയാണ്. മറ്റൊരാള്‍ ഒളകരയിലെ പള്ളിയില്‍ നടന്ന പോരാട്ടത്തില്‍ പങ്കെടുത്ത വനിതയാണ്. 157 സ്ത്രീകള്‍ക്കെതിരെയാണ് ബ്രിട്ടീഷ് പൊലീസ് കേസ് എടുത്തത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗം പേര്‍ക്കെതിരെയും നടപടിയെടുത്തില്ല എന്ന് ബ്രിട്ടീഷുകാര്‍ അവകാശപ്പെടുന്നുണ്ട്. ചേതാലി ബിയ്യുമ്മ എന്ന വനിതക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും ഹിച്ച്‌കോക്ക് രേഖപ്പെടുത്തുന്നുണ്ട്.4
കുഞ്ഞായിശ ഹജ്ജുമ്മ
ഉജ്ജ്വല പോരാട്ടവീര്യം പ്രകടിപ്പിച്ച വനിതയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മാതാവ് കുഞ്ഞായിശ ഹജ്ജുമ്മ. പോരാട്ടത്തിന്റെ ഹൃദയഭൂമിയായ പാണ്ടിക്കാടിനടുത്ത് നെല്ലിക്കുത്തിലായിരുന്നു അവര്‍ താമസം. ജീവിതത്തിലുടനീളം അസാമാന്യ ധീരത പ്രകടിപ്പിച്ച അവരുടെ പോരാട്ടവീര്യത്തെ ഹിച്ച്‌കോക്ക് എടുത്തു പറയുന്നുണ്ട്.5 1894-ലെ പള്ളിക്കുറുപ്പ് സമരം അടക്കം ഒട്ടേറെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃതം വഹിച്ച അവരുടെ ഭര്‍ത്താവ് ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് എന്നും കരുത്തായി അവര്‍ നിലയുറപ്പിച്ചു. അതിന്റെ പേരില്‍ പലതവണ ബ്രിട്ടീഷ് പട്ടാളത്തിന്റെ കടുത്ത മര്‍ദനമുറകള്‍ അവര്‍ അനുഭവിച്ചു.  
മാളു ഹജ്ജുമ്മ
വാരിയംകുന്നന്റെ ഭാര്യ ഫാത്തിമ എന്ന മാളു ഹജ്ജുമ്മയും സമാനതകളില്ലാത്ത പെണ്‍വീര്യത്തിന്റെ പ്രതീകമാണ്. കുഞ്ഞഹമ്മദാജിക്കൊപ്പം ഒട്ടേറെ സൈനിക മുന്നേറ്റങ്ങളില്‍ അവര്‍ പെങ്കടുക്കുകയുണ്ടായി. സ്വന്തമായി കുതിരയുണ്ടായിരുന്ന അവര്‍ ആയുധമുറകളും അഭ്യസിച്ചിരുന്നു. വാരിയംകുന്നനും സംഘവും അവസാനം തമ്പടിച്ച ചോക്കാട് കല്ലാമൂലയിലും വീട്ടിക്കുന്ന് ക്യാമ്പിലും മാളു ഹജ്ജുമ്മ ഉണ്ടായിരുന്നു. വാരിയംകുന്നനെ പിടിച്ചതോടെ ഒളിവില്‍ പോയ അവര്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ചേരി ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച അവര്‍ ഏതാനും വര്‍ഷം മഞ്ചേരി തഹസില്‍ദാര്‍ ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നതായും മലയാളത്തിനു പുറമെ അത്യാവശ്യം ഇംഗ്ലീഷും അറിയാമായിരുന്നുവെന്നും 'ആംേഗ്ലാ-മാപ്പിള യുദ്ധ'ത്തില്‍ എ.കെ കോഡൂര്‍ രേഖപ്പെടുത്തുന്നുണ്ട്. അവസാന കാലത്ത് കരുവാരകുണ്ടിലെ മഹല്ല് പള്ളിയുടെ മുഖ്യ ചുമതല ഏറ്റെടുത്തിരുന്നതായി അന്നാട്ടുകാര്‍ പറയുന്നുണ്ട്. പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ വരെ അവര്‍ പെങ്കടുത്തിരുന്നു. അതിനായി പള്ളിയോടു ചേര്‍ന്ന് അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ സ്‌നേഹിതകളായ ചില സ്ത്രീകളുടെ സഹകരണത്തോടെ കരുവാരകുണ്ടിലെ കണ്ണത്ത് സ്‌കൂള്‍ പുനഃസ്ഥാപിച്ചു. കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ മടി കാണിച്ചപ്പോള്‍ തന്റെ പാടത്തും പറമ്പിലുമുള്ള എല്ലാ വിഭവങ്ങളും സ്‌കൂളിനായി നല്‍കാന്‍ അവര്‍ നിര്‍ദേശം നല്‍കി. പട്ടിണിക്കാലമായതിനാല്‍ വിശപ്പ് മാറ്റാന്‍ എങ്കിലും കുട്ടികള്‍ സ്‌കൂളില്‍ എത്തുമല്ലോ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
പൂക്കോട്ടൂര്‍ യുദ്ധത്തിലെ പെണ്‍വീര്യം
1926 ആഗസ്റ്റ് 26-ന് നടന്ന മഹത്തായ പൂക്കോട്ടൂര്‍ യുദ്ധം സ്ത്രീകള്‍ നേരിട്ട് പെങ്കടുത്ത പോരാട്ടമായിരുന്നു എന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് സേനയെ നേരിടാന്‍ നാടന്‍ വാളുകള്‍, കുന്തം, വലിയ കഠാര, ലാത്തി എന്നിവയുമായി അണിനിരന്ന പോരാളികള്‍ക്ക് ആത്മധൈര്യം നല്‍കാനായി മാപ്പിളപ്പെണ്ണുങ്ങളും യുദ്ധമുഖത്ത്  തമ്പടിച്ചിരുന്നതായി ആക്റ്റിംഗ് ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്‍ മലബാര്‍ ഡിസ്ട്രിക്റ്റ് പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിന് 1921 ആഗസ്റ്റ് രണ്ടിന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ടോട്ടന്‍ഹാമിന്റെ 'മലബാര്‍ റിബല്യനി'ല്‍ വായിക്കാം.7 'മക്കനയിട്ട മാപ്പിളപ്പെണ്ണുങ്ങള്‍ വയലിന്റെ ഇരുകരയിലുമായി തടിച്ചുകൂടിയിരുന്നു. അവരില്‍ ചിലരുടെ കൈയില്‍ വടികളും ചിലരുടെ കൈയില്‍ തസ്ബീഹ് മാലകളും ഉണ്ടായിരുന്നു. വടികള്‍ ശത്രുക്കളെ നേരിടാനും മാലകള്‍ പ്രാര്‍ഥിക്കാനുമുള്ളതാണ്. സമരത്തില്‍ തങ്ങളുടെ യുവാക്കള്‍ക്ക് പ്രചോദനം നല്‍കാനായിരുന്നു ഇത്.'
അധികാരിത്തൊടിയിലെ
പെണ്‍കുട്ടികള്‍
മലബാര്‍ പോരാട്ട ചരിത്രത്തിലെ രക്തരൂഷിത അധ്യായമായിരുന്നു 1921 ഒക്‌ടോബര്‍ 25-ന് ബ്രിട്ടീഷുകാര്‍ നടത്തിയ മേല്‍മുറി-അധികാരിത്തൊടി കൂട്ടക്കൊല. അധികാരിത്തൊടിയില്‍ ഇന്നും കാണാവുന്ന രക്തസാക്ഷികളുടെ ഖബ്‌റുകളുടെ കൂട്ടത്തില്‍ രണ്ട് വനിതകളുടെ ഖബ്‌റുകളുണ്ട്. രണ്ടുപേരും ബ്രിട്ടീഷ് അതിക്രമത്തെ ചെറുത്തുനില്‍ക്കുന്നതിനിടയിലാണ് രക്തസാക്ഷിത്വം വരിക്കുന്നത്. അതിലൊരാള്‍ 11 വയസ്സുള്ള ഫാത്തിമയെന്ന ധീര ബാലികയാണ്. കോണോംപാറ ചീരങ്ങന്‍തൊടിയിലെ അരീപ്പുറം പാറക്കല്‍ കുഞ്ഞീന്‍ ഹാജിയുടെ മകള്‍ കദിയാമുവിന്റെ ഖബ്‌റാണ് രണ്ടാമത്തേത്. വാര്‍ധക്യസഹജ അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് തടഞ്ഞ അവരെ പട്ടാളം തോക്കിന്‍പാത്തി കൊണ്ട് കുത്തിയൊഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ കുഞ്ഞീന്‍ ഹാജിയെ വീടിന്റെ കിഴക്കേ മുറ്റത്ത് കൊണ്ടുപോയി കമിഴ്ത്തികിടത്തി. ഉപ്പക്ക് വെടിയേല്‍ക്കാതിരിക്കാന്‍ കദിയാമു ഹാജിയെ കെട്ടിപ്പിടിച്ച് കിടന്നു. ഇരുവരെയും പട്ടാളം നിര്‍ദയം വെടിവെച്ചുകൊന്നു.8
വിപ്ലവനായകന് അഭയം നല്‍കിയ ധീരവനിത
1921 സംബന്ധിച്ച ബ്രിട്ടീഷ് രേഖകളില്‍ പോരാളിപക്ഷത്തുനിന്നുള്ള രണ്ട് മാപ്പിള വനിതകളുടെ പേര് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. ചേതാലി ബിയ്യുമ്മ, മറ്റൊരാള്‍ പന്തല്ലൂര്‍ നെന്മിനിയിലെ കൂരിമണ്ണില്‍ പാറപ്പുറത്ത് പാത്തുമ്മക്കുട്ടി. പോരാട്ടം മൂര്‍ച്ച പ്രാപിച്ച ഘട്ടത്തില്‍ വിപ്ലവനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും 80 അംഗ പോരാളി സംഘത്തിനും അഭയമൊരുക്കിയ ധീരവനിതയായിരുന്നു അവര്‍. ആര്‍.എച്ച് ഹിച്ച്‌കോക്ക് തയാറാക്കിയ 'എ ഹിസ്റ്ററി ഓഫ് ദി മലബാര്‍ റിബല്യന്‍ - 1921' എന്ന പുസ്തകത്തില്‍ അവരെ പരാമര്‍ശിക്കുന്ന ഭാഗം ഇങ്ങനെ: ''ചെമ്പ്രശ്ശേരി തങ്ങള്‍ കീഴടങ്ങിയ ഉടനെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കല്ലാമൂല വിടുകയും നെന്മിനി വഴി രാത്രി പന്തല്ലൂരില്‍ എത്തുകയും ചെയ്തു. അങ്ങാടിപ്പുറത്തെയും മേലാറ്റൂരിലെയും മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് ഈ വിവരം അറിയുകയും പെട്ടെന്ന് അങ്ങോട്ട് ചെല്ലുകയും ചെയ്തു. ഇവരെ പിന്തുടര്‍ന്ന് 2/8-ാമത് കമ്പനി (ഗൂര്‍ഖ പട്ടാളം) പന്തല്ലൂര്‍ മലയുടെ പാതി ഭാഗം വരെയെത്തി. പാറപ്പുറത്ത് പാത്തുമ്മയുടെ ഒരു വീട് സ്ഥിതിചെയ്യുന്ന ഒരു വഴി മാത്രമാണ് ഇതിലൂടെയുള്ളത്. 1919-ലെ കലാപത്തിന്റെ നേതാവിന്റെ സഹോദരി ആണവര്‍. പിന്നെയങ്ങോട്ട് കൊടും കാടാണ്. സൈന്യം ആറുമണിയോടെ ഈ വീട്ടില്‍ എത്തി. കുഞ്ഞഹമ്മദാജിയും 80 പേരുള്ള സംഘവും ആ രാത്രി അവിടെ തങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സൈന്യം എത്തും മുേമ്പ കൊടും കാട് വഴി അവര്‍ രക്ഷപ്പെട്ടു. എട്ട് തോക്കുകളും 20 കത്തികളും സംഘം ഉപേക്ഷിച്ചുപോയി.''9
ഹിച്ച്‌കോക്കിന്റെ റിപ്പോര്‍ട്ടില്‍ പാറപ്പുറത്ത് പാത്തുമ്മ എന്ന് പറയുന്ന വനിത ഇന്നാട്ടില്‍ മലയില്‍ പാത്തുക്കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. അസാമാന്യ തന്റേടിയായിരുന്ന അവര്‍ വെള്ളപ്പട്ടാളത്തെയും ജന്മിമാരെയും വിറപ്പിച്ച ഒരു ധീരപോരാളിയുടെ മകളായിരുന്നു. 1919-ലെ നെന്മിനി പോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആനക്കയം പെരിമ്പലം സ്വദേശി കൂരിമണ്ണില്‍ പാറപ്പുറത്ത് വലിയ ചേക്കു ഹാജിയുടെ മകള്‍. ഹിച്ച്‌കോക്ക് ചേക്കു ഹാജിയുടെ സഹോദരി എന്നാണ് ഇവരെ പരിചയപ്പെടുത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ പാത്തുമ്മക്കുട്ടി അദ്ദേഹത്തിന്റെ മകളാണ്. പാറപ്പുറത്ത് വലിയ ചേക്കു ഹാജിയും വാരിയംകുന്നനും ഉറ്റ സ്‌നേഹിതരായിരുന്നു. ആ ബന്ധത്തിന്റെ പുറത്താണ് വാരിയംകുന്നന്‍ തന്റെ സൈനിക ഒളിത്താവളമായി നെന്മിനി മലയിലെ അവരുടെ വീട് തെരഞ്ഞെടുക്കുന്നത്. ഹിച്ച്‌കോക്കിന്റെ റിപ്പോര്‍ട്ടില്‍ വിവരിച്ച വാരിയംകുന്നനും സംഘവും ഒളിച്ചുതാമസിച്ച വീടിന്റെ അതേ ചിത്രം ഇപ്പോഴും ഇവിടെ ചെന്നാല്‍ കിട്ടും. പാത്തുമ്മക്കുട്ടിയുടെ പേരമകള്‍ മാളുമ്മയാണ് അവിടെ ഇപ്പോള്‍ താമസിക്കുന്നത്.
സ്ത്രീകള്‍ ഒറ്റക്കെട്ടായി പട്ടാളത്തെ തുരത്തിയോടിച്ച ഒരു സംഭവം നിലമ്പൂര്‍ സ്വദേശിനിയായ 90 പിന്നിട്ട പാത്തുമ്മു എന്ന സ്ത്രീയുടെ ഓര്‍മയിലൂടെ അവതരിപ്പിക്കുന്നുണ്ട് ഡോ. ഷംസാദ് ഹുസൈന്‍ 'മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന പഠനത്തില്‍. സ്ത്രീകളും കുട്ടികളുമെല്ലാം കൂടി വാക്കത്ത് കുഞ്ഞാക്ക എന്നൊരാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ ഭക്ഷണമുണ്ടാക്കി ഒരുമിച്ച് കഴിക്കും. അവിടെനിന്ന് ഒരു ഒസ്സാത്തിയെ പട്ടാളം പിടിച്ചപ്പോള്‍ പെണ്ണുങ്ങള്‍ എല്ലാവരും കൂടി ഒച്ചയെടുത്തു. അതോടെ പട്ടാളം അവരെ വിട്ടു.10
അതിജീവനത്തിന്റെ മഹാമാതൃക
മലബാര്‍ സമരത്തിന്റെ ഭാഗമായ വിവിധ പോരാട്ടങ്ങളിലായി 10,000-ത്തോളം പേരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. 25,000-ത്തിലധികം പേര്‍ തുറുങ്കിലടക്കപ്പെടുകയോ നാടു കടത്തപ്പെടുകയോ ചെയ്തു. ബ്രിട്ടീഷ് ഭാഷ്യ പ്രകാരം 2339 പേര്‍ മാത്രമാണ് രക്തസാക്ഷികള്‍. അവരുടെ കണക്ക് പ്രകാരം 1922 ഫ്രെബ്രുവരി 28 വരെ മാപ്പിള പക്ഷത്തുനിന്ന് 1652 പേര്‍ക്ക് പരിക്കേറ്റു. 5995 പേരെ അറസ്റ്റ് ചെയ്തു. 39,340 പേര്‍ കീഴടങ്ങി. 1290 പേരെ അന്തമാനിലേക്ക് നാടുകടത്തി. 1600 പേര്‍ ജയിലുകളില്‍ രക്തസാക്ഷിത്വം വരിച്ചു.11
ഇത്രയേറെ പേര്‍ രക്തസാക്ഷിത്വം വരിക്കുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്ത, വിപ്ലവാനന്തര ഏറനാട് - വള്ളുവനാട് - പൊന്നാനി താലൂക്കുകളിലെ സാമൂഹികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
ഭൂരിഭാഗം കുടുംബങ്ങളിലും ഗൃഹനാഥരില്ലാതെയായി. അരക്ഷിതത്വവും പട്ടിണിയും വേദനയും ഭീതിയും തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ വടക്കന്‍ മലബാറില്‍ പട്ടാളം സ്ത്രീകേളാട് കാണിച്ച തോന്നിവാസങ്ങളെ കുറിച്ച് മൊയ്യാരത്ത് ശങ്കരന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
1921 സെപ്റ്റംബര്‍ 18-ന് പുല്ലാര 26-ാം മൈലില്‍ ആലുക്കല്‍ നിറൂലാല്‍കുന്നില്‍ ബ്രിട്ടീഷ് ട്രൂപ്പിനെതിരെ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് പക്ഷത്തും കനത്ത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് പട്ടാളം ഈ ഭാഗത്ത് അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ രീതിയില്‍ അതിക്രമമുണ്ടായതായും തന്റെ ഉമ്മയെയും സഹോദരന്മാരെയും കൂട്ടി രാത്രി പലായനം ചെയ്തുവെന്നും  ആലുക്കലില്‍ താമസിക്കുന്ന 90-കാരനായ കുറ്റാളൂര്‍ ഉച്ചപ്പള്ളി കുഞ്ഞിമൊയ്തീന്‍ ഹാജി പറയുന്നുണ്ട്. ''സ്ത്രീകളെയും കുട്ടികളെയും ഒന്നും അവര്‍ വെറുതെ വിട്ടില്ല. പോത്തുവെട്ടിപ്പാറയില്‍ ശഹീദായ കൊടക്കാടന്‍ മരക്കാര്‍കുട്ടി കാക്കയുടെ ഭാര്യ കദിയുമ്മക്ക് നേരെ പട്ടാളം തോക്കുചൂണ്ടി. രണ്ട് കുട്ടികളെയും ഒക്കത്തെടുത്ത്, മുട്ടുകുത്തിയിരുന്ന് കണ്ണടച്ച് ഉച്ചത്തില്‍ കലിമ ചൊല്ലാന്‍ തുടങ്ങി.  അതു കേട്ട പട്ടാളം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു മുസ്‌ലിമായ ഒരാളോട് എന്താണ് അവര്‍ ചൊല്ലുന്നത് എന്ന് ചോദിച്ചു. അവര്‍ മരിക്കും മുമ്പുള്ള അന്ത്യവാചകം ചൊല്ലുകയാണെന്ന് അയാള്‍ പറഞ്ഞുകൊടുത്തു. അതോടെ പട്ടാളം തോക്ക് പിന്‍വലിച്ചു.'' കുഞ്ഞിമൊയ്തീന്‍ ഹാജി ഉമ്മയില്‍നിന്ന് കേട്ട ചരിത്രം വിവരിച്ചതിങ്ങനെയാണ്. കണ്‍മുന്നില്‍ മരണം കണ്ട്, ഇരുകൈയിലും കുഞ്ഞുങ്ങളെയും പിടിച്ച് മുട്ടുകുത്തി നില്‍ക്കുന്ന, ഉച്ചത്തില്‍ ശഹാദത്ത് കലിമ ചൊല്ലുന്ന നിസ്സഹായയായ ആ ഉമ്മയുടെ ചിത്രം ആരുടെയും ഉള്ളുലക്കും.12
ഭക്ഷണം, വസ്ത്രം പോലുള്ളവക്ക് പോലും വകയില്ലാത്ത അഭയാര്‍ഥിതുല്യ ജീവിതത്തിലേക്ക് മിക്കവാറും കുടുംബങ്ങള്‍ എടുത്തെറിയപ്പെട്ടു. ഇതിനെല്ലാം പുറമെ 1923-ലും 1924-ലും മലബാറിലുണ്ടായ ഭീകര പ്രളയം ദുരിതങ്ങള്‍ ഇരട്ടിയാക്കി.
ഇതോടെ അവസരത്തിനൊത്ത് ഉയരാനുള്ള മാപ്പിളപ്പെണ്ണിന്റെ ശേഷിയാണ് പിന്നീട് കണ്ടത്. കൂലിപ്പണിക്കും കൃഷിപ്പണിക്കും വീട്ടുവേലക്കും പോയി അവര്‍ കുടുംബത്തെ പോറ്റി. മക്കള്‍ക്ക് ലഭ്യമായതില്‍ മികച്ച വിദ്യാഭ്യാസം നല്‍കി. 
കോഴിക്കോെട്ടയും കണ്ണൂരിലെയും ജയിലുകളില്‍ കഴിയുന്ന ഭര്‍ത്താക്കന്മാരെ സന്ദര്‍ശിക്കാന്‍ ഏറനാട്ടിലെ പെണ്ണുങ്ങള്‍ ട്രെയിനിലും മറ്റും യാത്ര ചെയ്യുന്ന കാഴ്ച ബ്രിട്ടീഷുകാരെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിനു മുമ്പ് ഒരിക്കല്‍ പോലും ഏറനാട് താലൂക്കിനു പുറത്ത് പോകാത്ത സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെയും സഹോദരന്മാരെയും സന്ദര്‍ശിക്കാന്‍ ബസിലും ട്രെയിനിലും 50-60 മൈല്‍ ഒറ്റക്ക് യാത്ര ചെയ്യുന്നു. പോരാളികളെ പൊലീസ് ഇടക്കിടെ ഒരു ജയിലില്‍നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റാറുണ്ടായിരുന്നു. പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നതിനു മുമ്പ് തന്നെ ഈ വിവരം മാപ്പിളപ്പെണ്ണുങ്ങള്‍ക്ക് ലഭിക്കുന്നത് തങ്ങളെ അമ്പരപ്പിക്കുന്നുവെന്നും ബ്രിട്ടീഷുകാര്‍ പറയുന്നു.13
ബ്രിട്ടീഷുകാര്‍ അന്യായമായി പിടിച്ചുകൊണ്ടുപോയ മകനു വേണ്ടി മഞ്ചേരി കോടതിയിലെത്തി സാക്ഷി പറയുന്ന ഒരുമ്മയെ ബ്രിട്ടീഷ് രേഖകള്‍ അവതരിപ്പിക്കുന്നുണ്ട്. മകന്‍ നിരപരാധിയാണെന്നതിന് നിരവധി തെളിവുകള്‍ അവര്‍ അവതരിപ്പിച്ചുവെങ്കിലും കോടതി അതംഗീകരിച്ചില്ല.14
മൊല്ലാച്ചിമാര്‍
മാപ്പിള സ്ത്രീകളുടെ അതിജീവന ശ്രമങ്ങളുടെ മറ്റൊരു തലം അവതരിപ്പിക്കുന്നുണ്ട് ഡോ. ഷംസാദ് ഹുസൈന്‍ 'മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന തന്റെ പഠനത്തില്‍. പരപ്പനങ്ങാടിക്കാരിയായ 98 വയസ്സുകാരി പാത്തിമ്മേയ് എന്ന കുഞ്ഞീവി പറയുന്ന അനുഭവം അതില്‍ ശ്രദ്ധേയമാണ്. പോരാട്ട കാലത്ത് അക്രമി സംഘങ്ങളുടെ കൊള്ള സജീവമായിരുന്നു. ആണുങ്ങളില്ലാത്ത വീടുകളായിരുന്നു ലക്ഷ്യം. തന്റെ ഉമ്മ വീട്ടിലെ വിലകൂടിയ വസ്തുക്കള്‍ സംരക്ഷിക്കാന്‍ കാണിച്ച തന്ത്രങ്ങളും കുട്ടികളായിരുന്ന തന്നെയും അനുജത്തിമാരെയും സംരക്ഷിച്ച വിധവും അവര്‍ വിശദീകരിക്കുന്നുണ്ട്. 'ആണങ്ങളില്ലല്ലോ, ഞമ്മളെന്ത് ചെയ്യും' എന്ന് പറഞ്ഞുകൊണ്ടാണ് ഗവേഷകയോട് അവര്‍ സംസാരം തുടങ്ങുന്നത്. വാതിലുകള്‍ തുറന്നിട്ടുകൊണ്ടാണ് ഉമ്മ കവര്‍ച്ചക്കാരെ നേരിടുന്നത്. മുകളിലത്തെ നിലയിലെ വാതിലും അലമാരയും തുറന്നിട്ട ശേഷം വിലപിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളും കൊട്ടയിലാക്കി അതിന് മുകളില്‍ എന്തെങ്കിലുമൊക്കെ എടുത്തുവെച്ച് മുറ്റത്തിടും. മുറ്റത്തിട്ട തുണിക്കൊട്ട ആരും കൊണ്ടുപോകില്ലല്ലോ. ആളില്ലെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. പള്ളിയില്‍നിന്ന് കൂട്ടബാങ്ക് മുഴങ്ങിയാല്‍ പട്ടാളവും അക്രമികളും വരുന്നുവെന്നാണ് അര്‍ഥം. കൂട്ടബാങ്ക് കേട്ടാല്‍ കല്ലുവെട്ടുകുഴിയിേലക്ക് പോകും. മുകളില്‍നിന്ന് നോക്കിയാല്‍ തലചുറ്റുന്ന ആഴത്തിലുള്ള കുഴി. പകല്‍ മുഴുവന്‍ ആ കല്ലുവെട്ടുകുഴിയില്‍ ഒളിച്ചിരിക്കും. പകല്‍ ആഹാരം പാകം ചെയ്യാറില്ല. ഉമ്മ കത്തി കൈയില്‍ കരുതിയിട്ടുണ്ടാകും. മാങ്ങ വീഴുന്ന കുഴിയാണ്. ഉമ്മ ചെത്തിത്തരുന്ന മാങ്ങ തിന്നാണ് വയര്‍ നിറക്കുക. ആണുങ്ങളെ കണ്ടാല്‍ വെടിവെക്കുന്ന കാലമായതുകൊണ്ട് കരയുേമ്പാള്‍ അത് പറഞ്ഞാണ് ഉമ്മ പേടിപ്പിക്കുക... അത്രമേല്‍ പ്രതിസന്ധി നിറഞ്ഞ കാലത്തെ നേരിട്ട മാപ്പിളസ്ത്രീകളുടെ കൗശലവും സാമര്‍ഥ്യവുമാണ് അവരുടെ ഓര്‍മകളില്‍ തെളിയുന്നത്.15
മഞ്ചേരി പുല്ലാരയില്‍ പട്ടാള അതിക്രമം നടക്കുന്ന സമയത്ത് തന്റെ ബാപ്പയെയും സഹോദരങ്ങളെയും ഉമ്മാമ്മ സംരക്ഷിച്ച വിധം പൂക്കോട്ടൂര്‍ സമരനായകന്‍ വടക്കുവീട്ടില്‍ മമ്മിദിന്റെ മകന്റെ ഭാര്യ ഖദീജ വിശദീകരിക്കുന്നത് ഇതേ പുസ്തകത്തില്‍ വായിക്കാം. ഒക്കത്തെടുത്ത ചെറിയ കുട്ടിയെ വരെ മിണ്ടാതിരുത്തി കല്ലുവെട്ടുകുഴിയില്‍ ചണ്ടിയിട്ട് മൂടിയാണ് അവര്‍ ഒളിച്ചിരുന്നത്.
പുത്തൂര്‍ ആമിനയുടെ ജീവിതസാക്ഷ്യം
1921 കാലത്തെ മാപ്പിളപ്പെണ്ണിന്റെ തന്റേടത്തെ അടയാളപ്പെടുത്തുന്ന മാപ്പിള കാവ്യമുണ്ട് പുത്തൂര്‍ ആമിനയുടേതായി. മലബാര്‍ സമരാനന്തരം മാപ്പിളമാര്‍ക്കിടയില്‍ ഉണ്ടായ അരക്ഷിതാവസ്ഥ, പട്ടിണി എന്നിവയുണ്ടാക്കിയ സാമൂഹിക അസ്വസ്ഥതകളെ മാപ്പിളപ്പെണ്ണ് എങ്ങനെ തരണം ചെയ്തു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടി ഉണ്ട് ഇതില്‍. ബെല്ലാരിയില്‍നിന്ന് ജയില്‍മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ പ്രതാപവാനും സാഹസികനുമായ പറമ്പത്ത് അഹമ്മദ് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആമിനക്ക് പല കത്തുകള്‍ കൈമാറി. അനുകൂലമായ മറുപടിയൊന്നും ആമിന നല്‍കിയില്ല. അതില്‍ പിന്നെ അഹമ്മദ് ഭീഷണിയായി. ഇതിനെതിരെ ആമിന പ്രതികരിച്ചു.
ഞാന്‍ വലിച്ചിടുന്നില്ല നിങ്ങളെ കീറ മാറാപ്പു
കെട്ടും പറഞ്ഞെന്നെ വന്നു കെണിക്കാന് നോക്കണ്ട എന്ന്
ഗീത്‌നൊത്ത മറുപടി തന്നില്ലെ ഞാനന്ന് ഇതുവരെ
കേടികള്ക്കു സഹായം ചെയ്തവളല്ല ഇപ്പെണ്ണ്
കൂടികെണിഞ്ഞ കുണ്ടാം ഘോരം എന്നോര്‍ത്തിടേണ്ട.
നിരന്തരമായി ഭീഷണിപ്പെടുത്തിയ ഒരു കുറ്റവാളിയെ ഭയലേശമന്യേ, പേരു വിളിച്ച് വിമര്‍ശിക്കാനുള്ള തന്റേടം 1920-കളിലെ മാപ്പിളപ്പെണ്ണ് കാണിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രം പറയുമ്പോള്‍ 1921-ലെ വിപ്ലവാനന്തരമുള്ള മലബാറിനെ ക്രിയാത്മകമായി പുനര്‍നിര്‍മിക്കുന്നതില്‍ മാളു ഹജ്ജുമ്മയെയും കുഞ്ഞീതുമ്മ മൊല്ലാച്ചിയെയും പുത്തൂര്‍ ആമിനയെയും പോലുള്ള അനേകം മാപ്പിളപ്പെണ്ണുങ്ങള്‍ വഹിച്ച ദൗത്യങ്ങളെ ആരും അടയാളപ്പെടുത്താറില്ല എന്നതാണ് വാസ്തവം.
അവലംബം
1,4,5,9,13,14.  Hitchcock, R.H. (1923). A History of the Malabar Reblellion, 1921, Printed by The Superintendent, Government Press, Madras. P-150, P-101, P-259.
2,7. Tottenham, Grf. ( 1922). The Mappila Rebellion 1921-1922, The Superintendent, Govenment Press Madras. P-220, P-13
3. അജ്മല്‍ മുഈന്‍, എം.എ (2019), 'ചരിത്രത്തില്‍നിന്ന് നാടുകടത്തപ്പെട്ട മമ്പുറത്ത് ബീവി',  മാധ്യമം ആഴ്ചപ്പതിപ്പ്, 2019 ഏപ്രില്‍ 29.
6. ജാഫര്‍ ഈരാട്ടുപേട്ട (2020), 'വിപ്ലവത്തിലെ പെണ്‍താരകങ്ങള്‍', വാരാദ്യമാധ്യമം, ലക്കം 1648.
8. സമീല്‍ ഇല്ലിക്കല്‍ (2018), 'ചരിത്രം കാണാതെപോയ ഖബറുകള്‍, മാധ്യമം ആഴ്ചപ്പതിപ്പ്, 2018 ഒക്‌ടോബര്‍ എട്ട്.
10,15. ഷംസാദ് ഹുസൈന്‍, കെ.ടി (2020) മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, പേജ്-378, പേജ്-130.
11. ബിജുരാജ്, ആര്‍.കെ (2021), 'മലബാര്‍ കലാപം ചരിത്ര, രേഖകള്‍', ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്. പേജ്-13
12. ഷെബീന്‍ മഹ്ബൂബ് (2020), 'പോരിനിറങ്ങിയ ഏറനാടന്‍ മണ്ണ്', പെന്‍ഡുലം ബുക്‌സ് കോഴിക്കോട്, പേജ്-107.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top