കാത്തിരിക്കാന്‍ ആളില്ലാതെ
തലേദിവസം തുടങ്ങിയ മഴ. രാത്രി മുഴുവനും ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു.
തലേദിവസം തുടങ്ങിയ മഴ. രാത്രി മുഴുവനും ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ കറന്റും പോയി. ഇടിയുടെയും മിന്നലിന്റെയും ശബ്ദം കൊണ്ട് മോന്‍ ഇടയ്ക്കിയ്ക്ക് ഉറക്കം ഉണര്‍ന്നു. അവനെ തോളത്തിട്ട് സുലൈഖ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മോന്‍ ഉറങ്ങി തുടങ്ങിയപ്പോള്‍ സാവധാനത്തില്‍ അവനെ തൊട്ടിലില്‍ കിടത്തി. കട്ടിലില്‍ കിടന്ന് തൊട്ടിലിന്റെ കയറ് ആട്ടിക്കൊണ്ടിരുന്നു. എളോമ ഉണ്ടായിരുന്നപ്പോള്‍ മോന്‍ ഒന്ന് ചിണുങ്ങിയാല്‍ മതി, പിന്നെ ഉറക്കം പിടിക്കുന്നതുവരെ ദിക്റ് ചൊല്ലി തോളില്‍ കിടത്തി ഉറക്കും. നന്നായി ഉറങ്ങിയാലേ തൊട്ടിലില്‍ കിടത്തൂ. എത്രവേഗാ എല്ലാം തീര്‍ന്നത്, ഇന്നലെ മൂന്നായിരുന്നു. കണ്ണോക്കും ദുആരക്കലും കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞു. ഇനി അമീര്‍ക്ക കൂടി പോയാല്‍ ഇവിടെ ആരാണുള്ളത്. സ്വുബ്ഹ് ബാങ്ക് വിളിക്കുന്നതു കേട്ട് സുലൈഖ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ബാത്ത്റൂമില്‍ കയറി വുദൂ എടുത്തു വന്നു. അപ്പോഴേക്കും കറന്റ് വന്ന് കഴിഞ്ഞിരുന്നു. ജനല്‍ പാളികള്‍ തുറന്നു. പുറത്ത് വെള്ള കീറി വരുന്നേയുള്ളു. നിസ്‌കരിച്ച് കുറച്ച് കിടക്കാം. രാത്രി മുഴുവന്‍ മോന്‍ ഉണര്‍ന്നതുകൊണ്ട് മുറിഞ്ഞ് മുറിഞ്ഞാണ് ഉറങ്ങിയത്.
ആമിനേയ്ത്താന്റെ വിളി കേട്ടാണ് സുലൈഖ ഉറക്കമുണര്‍ന്നത്.
''മോളേ സുലൈ; എണീക്ക് പുയ്യാപ്ലക്ക് നാസ്ത എടുത്ത് വെച്ചു കൊടുക്ക്. ഓന്റെ കുളിയും ഒരുക്കവും കഴിഞ്ഞ് താഴെ വന്നിരിക്ക്ണ്്?''
സുലൈഖ അമീറിനെ വിളിക്കാനായി മുറിയില്‍ നിന്നിറങ്ങുമ്പോഴേക്കും സിദ്ദി അമീറുമായി ചായ കുടിക്കാന്‍ വന്നിരുന്നു. ഒരു കസേര വലിച്ചിട്ട് സുലൈഖയും അവര്‍ക്കൊപ്പം ഇരുന്നു.
''സുലൈ; രണ്ട് ദിവസം കഴിഞ്ഞ് ഞാനിങ്ങോട്ട് വരാം. എന്റെ കാര്യം ഓര്‍ത്ത് വിഷമിക്കണ്ട. ഇയ്യ് 40 കഴിഞ്ഞ് അങ്ങോട്ട് വന്നാല്‍ മതി. അതുവരെ സിദ്ദിക്ക് ഒരാളാവുമല്ലോ?'' സുലൈഖ ഒന്നും മിണ്ടാതെ അമീറിന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളില്‍ നിറയെ സ്നേഹമായിരുന്നു. അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടുകൂടി.
''വെറുതെ ഓരോന്ന് ആലോചിച്ച് വിഷമിക്കല്ലേ. മോനും കൂടിയുള്ളതാ, ഭക്ഷണം കഴിക്കാതെ മനസ്സും വിഷമിച്ചിരുന്നാല്‍ അവനും ക്ഷീണിക്കും. ഒന്നും നമ്മുടെ കൈയിലുള്ളതല്ലല്ലോ? പടച്ചവന്‍ തരുന്ന ഖൈറും ശര്‍റും സബൂറോടെ സ്വീകരിക്കുക.'' അമീര്‍ സ്നേഹപൂര്‍വം അവളുടെ തലയില്‍ തലോടി.
അമീര്‍ പടിയിറങ്ങുന്നതും നോക്കി സുലൈഖ കോലായിലെ ചാരുപടിയിലിരുന്നു.
''മോളേ സുലൈ എണീറ്റുവാ, ചായ കുടിച്ച് കുളിക്ക്. കണ്ണും മൊഖോം ഒക്കെ ഒന്ന് ശരിയാവട്ടെ.''
''സുലൈ അന്റെ പുയ്യാപ്ല ആദ്യമായി ഈ വീട്ടില് കൂടിയ അന്ന് നേരം സുബയ്ക്ക് മുമ്പ് പാത്തൈ എണീറ്റ് ആട്ടിന്‍ തല വാങ്ങാന്‍ കാദറിനെ വിളിച്ച് ഒണത്തീക്ക്ണ്. കാദറ് പിറ്പിറുക്കുന്നത് കേട്ട് അന്ന് ഞമ്മക്ക് ചിരി അടക്കാന്‍ പറ്റീല്ല്യ. ഇന്ന് പുയ്യാപ്ല ചായ കുടിക്കുമ്പം എനിക്ക് അതാ ഓര്‍മ വന്നത്. ഓള് ഉണ്ടായിരുന്നെങ്കില് ഞാന്‍ കൊടുത്ത ചായേം കടിയും ഒന്നും ഓക്ക് മതിയാവൂല! അന്റെ വാപ്പ എണീറ്റ് നേരത്തേ പോയി. നീ കുളിച്ച് വാ എനിക്ക് ഒരു കൂട്ടം പറയാനുണ്ട്.''
കുളിയും ചോറും കഴിഞ്ഞപ്പോഴേക്കും നേരം അസറ് കഴിഞ്ഞിരുന്നു. എന്തായിരിക്കും ആമിനൈത്താക്ക് പറയാനുള്ളത്. പിന്നാമ്പുറത്തെ പത്തായത്തില്‍ കാലും നീട്ടി വെറ്റില ചെല്ലവുമായി ആമിനൈത്ത സുലൈഖയെയും കാത്തിരുന്നു. ഉണര്‍ന്ന മോനെ ഒക്കത്തെടുത്ത് സുലൈഖ ആമിനൈത്താന്റെ അടുത്തിരുന്നു. വെറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടി അടയ്ക്കയും പൊകലയും കൂട്ടിത്തിരുമ്മി വായില്‍ വെക്കുന്നത് കണ്ടാലറിയാം എന്തോ പറയാനുള്ള പൊറപ്പാടാണ്.
''സുലൈ, നീയിവിടെയിരിക്ക്. ഇത് എടുത്ത് അലമാരയിലേക്ക് വെക്ക്.''
''എന്താ ഇത്?'' തന്റെ നേര്‍ക്ക് നീട്ടിയ പൊതിയെ ചൂണ്ടിക്കൊണ്ട് സുലൈഖ ചോദിച്ചു.
''അതിന്റെ ഉള്ളില് ഒരു ചെറിയ പൊതീം കൂടി ഉണ്ട്, നീ തൊറന്ന് നോക്ക്.''
എളോമയുടെ ഇളം റോസ് നിറത്തിലുള്ള തട്ടത്തിന്റെ പൊതിയായിരുന്നു അത്. പൊതി തുറന്ന സലൈഖ തരിച്ചുപോയി. അതിനുള്ളില്‍ എളോമയുടെ പൊന്ന് മുഴുവനും ആയിരുന്നു. ചെറിയ പൊതിയില്‍ മയ്യിത്തില്‍നിന്ന് മുറിച്ചെടുത്ത ആഭരണങ്ങളും.
''എന്താണിത് ആമിനൈത്താ?''
വയ്യാണ്ട് കിടന്ന സമയത്ത് ഒരു ദിവസം നിന്റെ ഉപ്പ കാണാതെ എന്നെ ഏല്‍പ്പിച്ചതാ. നിനക്ക് തരാനും രണ്ട് വള സിദ്ദി പെണ്ണ് കെട്ടിക്കൊണ്ടു വരുമ്പോള്‍ പുതിയ പെണ്ണിന് ഇട്ട് കൊടുക്കാനും പറഞ്ഞ്.''
''എനിക്കെന്തിനാ ഇതൊക്കെ? അല്ലാതെ തന്നെ എളോമ എനിക്ക് തന്നിട്ടുണ്ടല്ലോ? പിന്നേം പിന്നേം സങ്കടം കൂട്ട്വാണല്ലോ. ഇതൊക്കെ എനിക്ക് തന്നിട്ട്!''
''കൊറഞ്ഞ ആയുസ്സേ പടച്ചോന്‍ ഓക്ക് കൊടുത്തൊള്ളു. സൂക്കേട്മ്മ്ല് നീന്തക്കം വെക്കുന്ന എത്ത്ര ആള്കള് ഇണ്ട് ഈ ദുനിയാവില്, മരിപ്പും കാത്ത് കിടക്കണത്. ഓര ആയുസ്സ് ഓള്‍ക്ക് കൊടുത്താ മതിയായിരുന്നു പടച്ചോന്. ഞമ്മക്ക് കിനാ കാണാനല്ലേ പറ്റൂ, വിധിക്കണത് ഓനല്ലേ?'' ആമിനൈത്താ ആരോടെന്നില്ലാതെ പിറുപിറുത്തു.
നേരം സന്ധ്യയോടടുത്തു. അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശം നിറയെ നിറഞ്ഞു. ചേക്കേറാനായി പക്ഷികള്‍ തിരക്കിട്ട് പറന്നു. തുറന്നിട്ട ജനല്‍ പാളികളിലൂടെ സുലൈഖ പുറത്തേക്ക് നോക്കി നെടുവീര്‍പ്പിട്ടു.
മഗ്രിബിന്റെ നേരത്ത് തുടങ്ങിയതല്ലേ ഇത്ത ഈ കണ്ണീരും വര്‍ത്തമാനവും, ഇനി വേറെ എന്തെങ്കിലും പറയ്. പറഞ്ഞാലും ഇല്ലെങ്കിലും നമ്മുടെയൊക്കെ മനസ്സില് എളോമക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നെ വളര്‍ത്തി ഇത്ര വരെ എത്തിച്ചത് അവരാണ്. ദൂരെ ബോര്‍ഡിംഗില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ഉപ്പയെ നിര്‍ബന്ധിച്ചതും പഠിപ്പിന്റെ മഹത്വം എന്നെ അറിയിച്ചതും ഒക്കെ എളോമയാണ്. നമുക്ക് മനസ്സിലാവാത്ത ചില നല്ല ഏടുകള്‍ അവര്‍ക്കുള്ളിലുണ്ട്. ഇത്ത ഇങ്ങള് പതുക്കെ പതുക്കെ കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കണം. 40 കഴിയാന്‍ കാത്തു നില്‍ക്കണമെന്നില്ല, അമീര്‍ക്കാന്റെ വീട്ടിലേക്ക് പോവാന്‍. അതിനു മുമ്പ് തന്നെ പോവുന്നെങ്കില്‍ പൊയ്ക്കോളൂ. അടുത്ത ആഴ്ചതന്നെ ഹോസ്റ്റലിലേക്ക് ഞാന്‍ മടങ്ങും. കാത്തിരിക്കാന്‍ ആളുണ്ടെങ്കിലല്ലേ വീട്ടിലേക്ക് വരണമെന്ന് തോന്നൂ. ഒഴിവ് കിട്ടുമ്പോള്‍ ഞാന്‍ ഇത്തയുടെ അടുത്തേക്ക് വരാം. ആമിനൈത്താന്റെ കാര്യമാ കഷ്ടം. കുറച്ച് ദിവസം കൊണ്ട് വല്ലാതെ പ്രായം ആയ പോലെ. അവരിനി എന്തു ചെയ്യും? സ്വന്തക്കാര് എന്ന് പറയാന്‍ ആരാണ് ഇവിടെയുള്ളത്? ഇനി ഈ വീട്ടില്‍ ആരൊക്കെയാണാവോ കയറി നിരങ്ങുന്നത്?
''സിദ്ദീ, നീയെന്നെ സമാധാനിപ്പിക്കാന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നോ? നിന്റെ മനസ്സില് എന്നേക്കാളും കാര്യങ്ങള് ഉണ്ട്. ഞാന്‍ കരഞ്ഞ് പറഞ്ഞ് തീര്‍ക്കും. നീ എല്ലാം ഉള്ളിലൊതുക്കിയിരിക്കും. ആമിനൈത്താനെ ഓര്‍ത്ത് ബേജാറാവണ്ട. ഓരെ ഞാനങ്ങട്ട് കൂട്ടും. ഇവിടെ നിന്നിട്ടെന്തിനാ?''
സുലൈഖയുടെ വാക്കുകള്‍ കേട്ടാണ് ആമിനൈത്ത അങ്ങോട്ട് വന്നത്. ''എന്റെ മക്കളേ ഇങ്ങക്ക് ഈ കെളവിയോട് ഇത്രക്ക് സ്നേഹണ്ടോ? പടച്ചോന്‍ എനിക്ക് സ്വന്തായിട്ട് ഒന്നിനെ തന്നില്ലെങ്കിലെന്ത്? ഉശിരുള്ള രണ്ട് മക്കളല്ലേ എനിക്ക് ഉള്ളത്.'' പറഞ്ഞ് തീര്‍ന്നതും ഉരുണ്ടുവന്ന കണ്ണുനീര്‍ അവര്‍ കോന്തലയുടെ അറ്റം കൊണ്ട് അമര്‍ത്തി തുടച്ചു. മടികീശയില്‍നിന്ന് അടയ്ക്കയും വെറ്റിലയും എടുത്ത് ചുണ്ണാമ്പും കൂട്ടി തേച്ച് ചാരുപടിയില്‍ കയറിയിരുന്നു. എന്തോ പറയാന്‍ തുടങ്ങാനുള്ള ലക്ഷണമാണ്.
''എന്തേ ഇങ്ങള് ആലോചിക്കുന്നത് ആമിനൈത്താ?''
''ഞാനോരോന്ന് തലേം വാലും ഇല്ലാത്ത കാര്യങ്ങള് പറഞ്ഞാല്‍ ഓളെന്നെ കളിയാക്കും. ഞാനോളെ വഹാബിച്ചീന്ന് പറഞ്ഞ് തിരിച്ചും കളിയാക്കും. എന്തായാലും ഓള് നസീബുള്ളോളാ. വെള്ളിയാഴ്ച സുബ്ഹി നിസ്‌കരിച്ചല്ലേ മയ്യത്തായത്. ജുമുഅക്ക് മുമ്പ് മയ്യത്ത് ഖബറില് വെക്കേം ചെയ്ത്. തലേന്ന് മോന്തിക്ക് എന്നോട് ചോദിയ്ക്ക്യാ ആമിനൈത്താ ഇങ്ങക്ക് എന്നെ പേടിയാണോന്ന്. കാര്യായിട്ട് ഓര്‍ക്ക് സൂക്കേടൊന്നും ഇല്ല. എന്തോ ഉണ്ടായിരുന്നത് സുമതിയുടെ ഡോക്ടര്‍ കുളിക കൊടുത്തപ്പം മാറേം ചെയ്ത്. എന്നാലും മുറീല് ഒറ്റ ഇരിപ്പാ, ദുനിയാവിനോടുള്ള ആശേം പൂതീം ഒക്കേം തീര്‍ന്ന്ക്ക്ണ്. ഇപ്പോ പരലോകത്തെ ഒറ്റ വിചാരേ ഉള്ളൂ. അന്ന് മോന്തിക്ക് ലച്ചണം കെട്ട പച്ചി കരയണ കേട്ട് ഞാനതിന്റെ കൂറ്റ് കേക്കാതിരിക്കാന്‍ ഒറക്കെ ദിക്റ ചൊല്ലി. അപ്പള് ഓള് എന്നോട് ചോദിക്ക്യാ, ആമിനൈത്താ മരണം കേക്കൂന്ന് ഇങ്ങള് പറയണ പശ്ശിയല്ലേ അത്ന്ന്. എപ്പളും ഞാമ്പറഞ്ഞാല്‍ എന്നെ കളിയാക്കുന്നോളാ ഓള മനസ്സ് ഇനിയും ഫിക്റാവണ്ടാന്ന് കരുതി ഞാന്‍ പറഞ്ഞ്, പാത്തൈ ഇയ്യ് അത് നോക്കണ്ട ആയ കാലത്ത് ഞമ്മള് കേട്ടത് ഞാമ്പറയാണ്. അതിനൊന്നും ഉത്തരം പറഞ്ഞില്ല. എന്റെ കണ്ണിലേക്ക് തറപ്പിച്ചു നോക്കി. മുറിയില്‍ വെളിച്ചം കുറവായതുകൊണ്ട് കരയുന്നുണ്ടോ എന്ന് ഇക്ക് മനസ്സിലായും ഇല്ല. സുബഹിക്ക് ഞാന്‍ നിസ്‌കരിക്കാന്‍ എണീറ്റപ്പോള്‍ മുറിയില്‍ വെളിച്ചമുണ്ട്. ഓത്തു കേള്‍ക്കുന്നുണ്ട്. ചായേം കൊണ്ട് മുറീചെന്ന് നോക്കുമ്പോള്‍ മുസ്ഹാഫ് നെഞ്ചത്തു വെച്ച് നിസ്‌കാര കുപ്പായത്തോടെ പായേല് കിടക്ക്ണ്. ഒറങ്ങാന്നാ ആദ്യം ഞാന്‍ കരുത്യേ, വിളിച്ചപ്പം മുണ്ടാട്ടം ഇല്ല. അപ്പളാ ഞമ്മക്ക് തിരിഞ്ഞെ റൂഹ് പോയീന്ന്. എന്നാലും ഇങ്ങനേം ഉണ്ടോ ഒരു മൗത്ത്, ഒരു സക്കറാത്തിന്റെ ഹാലും കാണിക്കാണ്ട്? ആലോചിക്കുമ്പോ കാല്മ്മന്ന് കുളിര് കേറ്ണ്. എല്ലാം കൊണ്ടും ഈ വയസ്സിക്ക് തണലായിരുന്നു ഓള്. ആദ്യം ഞാനാ പോവുന്നതെങ്കില് ഓളെ ജീവിതം നാശാവും, ഇത്ത്ര വേഗം മയ്യത്താവൂന്ന് കര്തീല. ഒര് കണക്കിന് എല്ലാം കയിഞ്ഞത് നന്നായി. അല്ലെങ്കി എന്തെല്ലാം കായ്ചകളെ കാണേണ്ടിവരും. പടച്ചോന്‍ ഓക്ക് സുവര്‍ക്കം നല്‍കട്ടെ!''
''ആമിനൈത്താ ഇങ്ങള് പറയണ പശ്ശി ഇന്നും മഗ്രിബിന് കരയണ കേട്ട്. എനിക്ക് പേടിയാവ്ണ്. എളോമ വരുമ്പോള്‍ സിദ്ദിക്കുള്ള പ്രായാ ഇപ്പോ എന്റെ മോനിക്ക്. എനിക്ക് എന്തെങ്കിലും പറ്റിയാല് അമീര്‍ക്ക ചെറുപ്പല്ലേ പെണ്ണ് കെട്ടാണ്ടിരിക്കൂലല്ലോ വര്ന്ന പെണ്ണ് ഞമ്മള എളോമയെ പോലെ ആവണംന്ന് ഇല്ലല്ലോ? എനിക്കെന്തെങ്കിലും സംഭവിച്ചാല് നീ നോക്കോ സിദ്ദീ ഓനെ.''
''സുലൈ, നീ വേണ്ടാത്തത് ഓരോന്ന് ആലോചിച്ച് മനസ്സ് എടങ്ങേറാക്കല്ലേ. ആങ്ങളേം പെങ്ങളും കൂടി യാസീന്‍ കൂടി ഓതാണ്ട് തൊടങ്ങിയ കിസ പറച്ചിലാ എത്തി എത്തി പിന്നെ മരിപ്പിലേക്ക് തന്ന്യാണ്. പടച്ചോന്‍ വിചാരിച്ചതേ നടക്കൂ. ഓന്‍ ഓരോര്ത്തര്‍ക്കും 4-ാം മാസത്തില് ഓരോന്ന് കണക്കാക്കീട്ടുണ്ടാവും. അതേ നടക്കൂ. രണ്ടാളും കിസ നിര്‍ത്തി എണീറ്റ് വാ ഞാന്‍ കഞ്ഞീം പത്തിരിയും വെളമ്പി വെച്ചിട്ടുണ്ട്. വേഗം കുടിച്ച് കെടന്ന് ഉറങ്ങ്. ഓരോന്ന് പറഞ്ഞിരുന്ന് നേരം പോവും. നേരം തെറ്റിയാ പിന്നെ ഒറക്കം വരൂല.''
ആമിനൈത്താടെ പിന്നാലെ സിദ്ദിയും സുലൈഖയും അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ മേശപ്പുറത്ത് കഞ്ഞിയും പത്തിരിയും കറിയും വിളമ്പി വെച്ചിരുന്നു. വിളമ്പിയ കഞ്ഞി കുടിക്കാനായി സുലൈഖ അരികിലേക്ക് നീക്കിവെച്ചു. കുടിക്കാതെ പാത്രത്തിലെ കഞ്ഞി തവി കൊണ്ട് ഇളക്കിക്കൊണ്ടിരുന്നു.
''ഇത്ത ഇങ്ങള് കഞ്ഞി ഇളക്കിയിരിക്കാതെ കുടിച്ച് വേഗം എണീക്ക്. കുഞ്ഞ് എണീറ്റാല്‍ പിന്നെ കഞ്ഞികുടി നടക്കില്ല.''
''സിദ്ദി നീ നോക്ക് തേങ്ങാപ്പാലൊഴിച്ച കഞ്ഞിയേക്കാളും വെളുത്തിട്ടാ എളോമയുടെ ശരീരം. മയ്യത്തിന് മുകളില്‍ വിരിച്ച നേര്‍ത്ത തുണിക്കു മുകളിലൂടെ വെള്ളം ഒഴിക്കുമ്പോള്‍ ആ രൂപം തിളങ്ങുന്നതു കാണാമായിരുന്നു. മുടിയാണെങ്കിലോ കൈയിലൊതുങ്ങുന്നില്ല. ഒതുക്കിക്കെട്ടാന്‍ ഒരുപാട് പാടുപെട്ടു.'' സുലൈഖയുടെ കണ്ണില്‍ കണ്ണുനീര്‍ ഉരുണ്ടുകൂടി. ''എന്റെ പടച്ചോനെ എത്ര ഓര്‍ക്കെണ്ടാന്ന് വിചാരിച്ചാലും ഓര്‍മകള്‍ പാഞ്ഞ് കയറാണ് മനസ്സിലേക്ക്. നീ തിന്നോ സിദ്ദി എനിക്ക് എന്തോ മനം പുരട്ടേം തല കറങ്ങേം ചെയ്യണ്.''
''ഇത്ത ഇങ്ങള് മര്ന്ന് കഴിച്ചോ? എളോമ മരിച്ചന്ന് തലകറങ്ങീറ്റ് ഡോക്ടര്‍ എഴുതി തന്നതല്ലേ? മൊടക്കരുതെന്ന് പറഞ്ഞതല്ലേ?'' ''ഒന്നു രണ്ട് ദിവസം കഴിച്ച് പിന്നെ ഞാനങ്ങ് മറന്ന് പോയി.''
''ഞാന്‍ എടുത്ത് കൊണ്ടു വന്ന് തരാം. അതും കഴിച്ച് കഞ്ഞീം കുടിച്ച് പോയി കിടന്നോളീ.''
സിദ്ദി മരുന്ന് എടുക്കാനായി എഴുന്നേറ്റു. മരുന്നും വെള്ളവുമായി സിദ്ദി മടങ്ങി വന്നു. വെള്ളം വാങ്ങി സുലൈഖ മരുന്ന് കഴിക്കുന്നത് കണ്ണിമ ഇളക്കാതെ അവന്‍ നോക്കിനിന്നു. അവരുടെ കണ്ണുകളിലെ സ്നേഹം കണ്ട് ആമിനൈത്ത മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പി.
ഭക്ഷണം കഴിച്ച് സുലൈഖ ഉറങ്ങാനായി മുറിയിലേക്ക് നടന്നു. മോന്‍ സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അടഞ്ഞു കിടന്ന ജനല്‍പാളികള്‍ മെല്ലെ അവള്‍ തുറന്നു. നേര്‍ത്ത തണുത്ത കാറ്റ് മുറിയിലേക്ക് അരിച്ചിറങ്ങി. ഒച്ചയുണ്ടാക്കാതെ മോന്റെ അരികില്‍ സുലൈഖ കിടന്നു. അവനെ ഉണര്‍ത്താതെ നെറ്റിത്തടത്തില്‍ ഉമ്മവെച്ചു. പതുക്കെ പതുക്കെ അവള്‍ ഉറക്കത്തിലേക്ക് വീണു.
അങ്ങ് അകലെ നെടൂളന്റെ ചൂളം വിളി ഉയര്‍ന്നു.
(അവസാനിച്ചു)