സ്‌നേഹം നിയമത്തിന് വഴിമാറുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്
ആഗസ്റ്റ് 2021
നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന കുടുംബ ജീവിതം തീര്‍ത്തും യാന്ത്രികമായിരിക്കും, നിര്‍വികാരവും. സ്‌നേഹത്തിന്റെ  ഊഷ്മളതയോ കാരുണ്യത്തിന്റെ നനവോ അത്തരം കുടുംബങ്ങളില്‍ ഒട്ടുമുണ്ടാവില്ല.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ  പരിചരിക്കാനും അവരെ സേവിക്കാനും ഭാര്യ നിയമപരമായി ബാധ്യസ്ഥയാണോ? ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഉന്നത വിദ്യാഭ്യാസം നേടാനും ജോലിക്ക് പോകാനും സ്ത്രീക്ക് അനുവാദമുണ്ടോ? നിലവിലുള്ള ഭാര്യയുടെ അറിവും സമ്മതവുമില്ലാതെ പുരുഷന് മറ്റൊരു വിവാഹം കഴിക്കാമോ? ഭര്‍ത്താവിന്റെ സമ്മതമില്ലാതെ സ്വന്തം വീട്ടില്‍ പോകാമോ? സമീപകാലത്ത് ഇത്തരം നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് നിയമപരമായ വശമാണ്. അഥവാ കര്‍മശാസ്ത്ര വിധികളാണ്.
നിയമം, തര്‍ക്കമുണ്ടാകുമ്പോള്‍ വിധിതീര്‍പ്പിനുള്ളതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ളതല്ല. നിയമത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രയാസമായിരിക്കും.
ചിലപ്പോഴെങ്കിലും നിയമത്തിന് കണ്ണും കാതുമുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴും നിയമം കൊണ്ട് നീതി സ്ഥാപിക്കാനാവില്ല. ഉദാഹരണമായി ഒരാള്‍ മരണപ്പെടുന്നു. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ഒരു മകന്‍ ഡോക്ടര്‍, മറ്റൊരു മകന്‍ കൂലിപ്പണിക്കാരന്‍, മൂന്നാമതൊരാള്‍ അംഗവൈകല്യമുള്ളവന്‍, നാലാമന്‍ നാലുവയസ്സുകാരന്‍. ലോകത്തിലെ ഏതു നിയമമനുസരിച്ചും മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ നാലു പേരും സമാവകാശികളായിരിക്കും. ഇതില്‍ നീതിയോ മാനവികതയോ ഇല്ലെന്ന് വ്യക്തമാണല്ലോ. മനുഷ്യന്റെ മാനവിക ബോധത്തിനും സ്‌നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങള്‍ക്കും ധര്‍മനിഷ്ഠക്കും മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.
സ്‌നേഹ, കാരുണ്യ വികാരം 
നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന കുടുംബ ജീവിതം തീര്‍ത്തും യാന്ത്രികമായിരിക്കും, നിര്‍വികാരവും. സ്‌നേഹത്തിന്റെ  ഊഷ്മളതയോ കാരുണ്യത്തിന്റെ നനവോ അത്തരം കുടുംബങ്ങളില്‍ ഒട്ടുമുണ്ടാവില്ല.
അതുകൊണ്ടുതന്നെയാണ് കുടുംബം കാരുണ്യത്താല്‍ കെട്ടിപ്പടുക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ കുടുംബത്തിന് നല്‍കിയ പേര്  കാരുണ്യം എന്നര്‍ഥം വരുന്ന 'റഹ്മ്' എന്നാണ്. അല്ലാഹുവിനും മാതാവിന്റെ ഗര്‍ഭാശയത്തിനും കുടുംബത്തിനും ഒരേ പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവുമാകണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
''അല്ലാഹു നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്''(30:21).
മനുഷ്യനിലെ ഏറ്റവും മൃദുലവും ശക്തവുമായ വികാരം സ്‌നേഹമാണ്. അത് തീര്‍ത്തും ആത്മീയമാണ്. ഒരുവിധ നിര്‍വചനങ്ങള്‍ക്കും വഴങ്ങാത്തതും. അതിശക്തമായ ആയുധങ്ങള്‍ക്ക് അധീനപ്പെടുത്താന്‍ കഴിയാത്തവരെപ്പോലും സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയും.
സ്‌നേഹിക്കപ്പെടുന്നവര്‍ക്ക് സര്‍വതും സമര്‍പ്പിക്കാന്‍ ഏവരും സന്നദ്ധരായിരിക്കും. സ്‌നേഹത്തിനു മുമ്പില്‍ സര്‍വം സമര്‍പ്പിച്ച് വെറുംകൈയോടെ കൊട്ടാരം വിട്ടിറങ്ങിയ ചക്രവര്‍ത്തിമാരും പ്രഭുക്കന്മാരും വരെ ഉണ്ട്.
ദാമ്പത്യത്തിന്റെ അടിസ്ഥാനം സ്‌നേഹ, കാരുണ്യ വികാരമാകുമ്പോള്‍ തന്റെ ജീവിത പങ്കാളിക്കു വേണ്ടി വലിയ കഷ്ടനഷ്ടങ്ങള്‍ സഹിക്കാനും എന്ത് ത്യാഗമനുഭവിക്കാനും ഏവരും സന്നദ്ധരായിരിക്കും. എത്ര പ്രയാസം സഹിക്കേണ്ടി വന്നാലും ഒരു പരാതിയും പറയില്ല. എന്നല്ല, തന്റെ സ്‌നേഹഭാജനത്തിനു വേണ്ടി അനുഭവിക്കുന്ന പ്രയാസവും സഹിക്കുന്ന ത്യാഗവും അനല്‍പമായ ആത്മനിര്‍വൃതിയാണ് നല്‍കുക. അതിനാല്‍ ജീവിതപങ്കാളിക്ക് സഹായവും സേവനവും ചെയ്യാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുക.

മറക്കാനാവാത്ത സംഭവങ്ങള്‍
താല്‍പര്യങ്ങളും അതിരുകളുമില്ലാത്ത സ്‌നേഹപ്രപഞ്ചത്തില്‍ ഭൗതിക താല്‍പര്യങ്ങളൊന്നുമല്ലെന്ന് വിളംബരം ചെയ്യുന്ന ഒ. ഹെന്റിയുടെ വിശ്വവിഖ്യാതമായ കഥയാണ് 'ഗിഫ്റ്റ് ഓഫ് മാഗി.' പ്രണയബദ്ധമായ ജീവിതം നയിക്കുന്ന ദമ്പതികള്‍. വിവാഹ വാര്‍ഷികത്തിന് തന്റെ ജീവിതപങ്കാളിക്ക് സമ്മാനം നല്‍കണമെന്ന് ഇരുവരും ഒറ്റക്കൊറ്റക്ക് തീരുമാനിക്കുന്നു. പക്ഷേ, രണ്ടു പേരും പരമ ദരിദ്രരാണ്. അതിനാല്‍ പുരുഷന്‍ അങ്ങാടിയില്‍ പോയി തന്റെ വാച്ച് വിറ്റ് അതിന്റെ വില കൊണ്ട്  പ്രിയതമയുടെ മുടിയില്‍ ചൂടാനുള്ള പിന്ന് വാങ്ങുന്നു. സ്ത്രീ തന്റെ മുടി മുറിച്ച് വിറ്റ് പ്രിയതമന്റെ വാച്ച് കെട്ടാനുള്ള ചെയിന്‍ വാങ്ങുന്നു. മനോഹരമായ പൊതി കൈമാറി തുറന്നു നോക്കുമ്പോള്‍ പ്രിയപ്പെട്ടവള്‍ വാങ്ങിയ ചെയിന്‍ കെട്ടാനുള്ള വാച്ചില്ല. തന്റെ പ്രിയതമന്‍ വാങ്ങിയ പിന്ന് ചൂടാനുള്ള മുടി അവള്‍ക്കുമില്ല. ഭൗതികമായി നഷ്ടം മാത്രമുണ്ടാക്കിയ ഈ സംഭവം സ്‌നേഹത്തിന്റെ മാസ്മരിക സൗന്ദര്യം ആവിഷ്‌കരിക്കുന്ന എഴുതപ്പെട്ട ഏറ്റവും മനോഹരമായ കഥയാണ്.
ഇതിനു സമാനമായ ജീവിതമുണ്ടാകുമെന്ന് എന്നെ പഠിപ്പിച്ചത് ഫരീദയാണ്. 1991-ല്‍ വെള്ളിമാട്കുന്നിലെ ഓഫീസിലായിരിക്കെ അപ്രതീക്ഷിതമായി കയറി വന്ന പെരിങ്ങത്തൂരിലെ ഫരീദ. നാലു വര്‍ഷം മുമ്പ് വിവാഹിതയായ ഫരീദയുടെ കൂടെ ഭര്‍ത്താവ് ബശീറുമുണ്ടായിരുന്നു. തലയുടെ താഴെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹം കാറില്‍ കിടക്കുകയാണ്. ഭക്ഷണം വായില്‍ വെച്ചു കൊടുക്കണം. മലമൂത്ര വിസര്‍ജനത്തിന് കുട്ടികള്‍ക്കെന്നപോലെ എല്ലാം ചെയ്തു കൊടുക്കണം.
ബശീര്‍ വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം കുവൈത്തിലേക്ക് പോയതായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം രണ്ടാമത്തെ തിരിച്ചുവരവില്‍ പൂനയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായി. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സയും പരാജയപ്പെട്ടു. ഫരീദ നീണ്ട പതിനെട്ടര കൊല്ലം തന്റെ ജീവിതപങ്കാളിയെ പ്രാഥമികാവശ്യങ്ങളുള്‍പ്പെടെ എല്ലാം സ്വയം ചെയ്തുകൊടുത്ത് പരിചരിച്ചു. സഹായത്തിന് ആരുമുണ്ടായിരുന്നില്ല.
2006 ഡിസംബര്‍ 29-ന് ഫരീദ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് ഫോണില്‍ വിളിച്ചു. പെട്ടെന്ന് ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോഴേക്കും ബശീര്‍ മരണത്തോടടുത്തിരുന്നു. ഫരീദ പൊട്ടിക്കരയുകയായിരുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. നീണ്ട പതിനെട്ടര കൊല്ലം ഒരുവിധ ഭൗതിക നേട്ടവുമില്ലാതിരുന്നിട്ടും ഒട്ടും മടുപ്പില്ലാതെ കഠിനാധ്വാനത്തിലൂടെ തന്റെ പ്രിയതമനെ പരിചരിച്ചിട്ടും മതിവരാതെ അദ്ദേഹം വേര്‍പിരിയുകയാണെന്നറിഞ്ഞപ്പോള്‍ ദുഃഖം സഹിക്കാനാവാതെ തേങ്ങിക്കരയുന്ന ഫരീദ. എങ്ങനെയെങ്കിലും ജീവന്‍ നീട്ടിക്കിട്ടാന്‍ ഡോക്ടറോട് കേഴുന്നു. അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. ഇതൊരു ജീവിതാനുഭവം.
ഇനി മറ്റൊരു വായനാനുഭവം. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സ്റ്റൗ പൊട്ടിത്തെറിച്ചു. വീട്ടുകാരി ബോധരഹിതയായി നിലംപതിച്ചു. ഭര്‍ത്താവ് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചു. ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷം വീട്ടിലേക്ക് പോരുമ്പോള്‍ ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞു: 'ഒരു കാരണവശാലും കണ്ണാടി കാണാന്‍ അവസരം നല്‍കരുത്.'
അദ്ദേഹം തന്റെ പ്രിയതമ അവളുടെ മുഖം കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരു ദിവസം യാദൃഛികമായി അവള്‍ തന്റെ മുഖം കണ്ണാടിയില്‍ കണ്ടു. അതോടെ 'അയ്യോ എന്റെ മുഖം' എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇരു കവിളുകളിലും ആഴത്തിലുള്ള കുഴികളുണ്ടായിരുന്നു. മുഖമാകെ വികൃതമായിരുന്നു. അടുത്തുണ്ടായിരുന്ന പ്രിയതമന്‍ അവരെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: 'നീ ഒട്ടും പ്രയാസപ്പെടേണ്ട. ഞാനുണ്ട് നിനക്ക്. ഞാന്‍ നിന്റേതാണ്. നീ എന്റേതും.' ആ ചേര്‍ത്തുനിര്‍ത്തല്‍ ആ സഹോദരിക്ക് നല്‍കിയ ആശ്വാസം വാക്കുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ്.
ഈ രണ്ട് സംഭവങ്ങളിലും ഇണകളെ അത്ഭുതകരമാംവിധം ചേര്‍ത്തു നിര്‍ത്തിയത് ശാരീരികേഛകളോ ഭൗതിക താല്‍പര്യങ്ങളോ അല്ല. മറിച്ച് അതിരില്ലാത്ത സ്‌നേഹമാണ്. അത് ആത്മീയമാണ്, ശാരീരികമല്ല.
ജീവിതപങ്കാളിയില്‍ സൗന്ദര്യം കാണുന്നവര്‍ മനുഷ്യന്റെ കാഴ്ച പോലും ആത്മീയതയുടെ അകക്കണ്ണ് കൊണ്ടാകുമ്പോള്‍ മാത്രമേ മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യം തന്റെ ജീവിതപങ്കാളിയില്‍ കണ്ടെത്താന്‍ കഴിയുകയുള്ളു.
ആത്മാര്‍ഥമായ സ്‌നേഹം ജലാശയത്തില്‍ കല്ലിടുന്ന പോലെയാണ്. അതുണ്ടാക്കുന്ന അടങ്ങാത്ത അലകള്‍ ജീവിത ഭിത്തികളില്‍ വന്ന് പതിച്ചുകൊണ്ടേയിരിക്കും. സ്‌നേഹസമൃദ്ധമായ ദാമ്പത്യം നയിക്കുന്നവര്‍ പരസ്പരബന്ധത്തെ ഗണിതശാസ്ത്രത്തിലെ അക്കങ്ങള്‍ കൊണ്ട് പരിശോധിക്കുകയില്ല. തദടിസ്ഥാനത്തില്‍ വിധിതീര്‍പ്പ് നടത്തുകയുമില്ല. അവരൊരിക്കലും ജീവിതപങ്കാളിക്ക് നല്‍കിയ സേവനത്തെക്കുറിച്ചല്ല ഓര്‍ക്കുക, മറിച്ച് തനിക്ക് ലഭിച്ച ഇണയുടെ സ്‌നേഹോഷ്മളമായ  സേവനത്തെ സംബന്ധിച്ചാണ്. അതുകൊണ്ടുതന്നെ സച്ചിദാനന്ദന്‍ പറഞ്ഞപോലെ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടോ എന്നറിയാന്‍ ശ്വസിക്കുന്നവരെപ്പോലെയാവുകയില്ല. അവര്‍ വണ്ടുകളെപ്പോലെ മാലിന്യമല്ല പരതുക, പൂമ്പാറ്റകളെപ്പോലെ പൂന്തേനായിരിക്കും.
മണ്ണിന് നനവ് പോലെ, ആകാശത്തിന് നീലിമ പോലെ, കടലിന് ശാന്തത പോലെ, കാറ്റിന് നൈര്‍മല്യം പോലെ ദാമ്പത്യത്തിന് സ്‌നേഹമാണാവശ്യം. മഴ പോലെ പെയ്യുകയും തണല്‍ പോലെ പരക്കുകയും ചെയ്യുന്ന സ്‌നേഹം.
ദാമ്പത്യം അവ്വിധം സ്‌നേഹസാന്ദ്രമാകുമ്പോള്‍ സ്വന്തം പ്രിയതമന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാനും സഹായിക്കാനും സേവനം ചെയ്യാനും  കടപ്പെട്ട അയാളുടെ മാതാപിതാക്കള്‍ വാര്‍ധക്യത്താലും രോഗത്താലും അവശരായി പ്രയാസപ്പെടുമ്പോള്‍ അവരെ പരിചരിക്കാതിരിക്കാനുള്ള നിയമപരമായ ഇളവും തേടി ഒരു പെണ്ണും പോവുകയില്ല.
തന്റെ പ്രിയപ്പെട്ടവളുടെ സ്വപ്‌നത്തിന്റെ കൂടെ നില്‍ക്കുന്ന ഒരു പുരുഷനും അവളുടെ പഠിക്കാനും ജോലി ചെയ്യാനുമുള്ള ആഗ്രഹത്തിന് എതിരു നില്‍ക്കാതിരിക്കാനാണ് ആവുന്നത്ര ശ്രമിക്കുക. തന്റെ ജീവിതപങ്കാളിയെ പ്രണയം കൊണ്ട് പൊതിഞ്ഞ്, സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാനല്ലാതെ അലോസരപ്പെടുത്തി അസ്വസ്ഥമാക്കാന്‍ ശ്രമിക്കാത്തവരാണ് ഭാഗ്യവാന്മാര്‍. ജീവിതത്തില്‍ വിജയം വരിക്കുന്നവരും അവര്‍തന്നെ.
എന്നാല്‍ മനുഷ്യബന്ധങ്ങളെ സ്‌നേഹോഷ്മളമാക്കുന്ന ആത്മീയതയെ നിരാകരിച്ച് ശരീരകേന്ദ്രീകൃതമായ ഭോഗാസക്ത ജീവിതം നയിക്കുന്നവര്‍ക്കിത് സാധ്യമല്ല. അത്തരക്കാരാണ് നിയമങ്ങളിലെ ഇളവുകള്‍ തേടി മനസ്സിനെ ഊഷരവും ദാമ്പത്യത്തെ യാന്ത്രികവുമാക്കുക.


 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media