കാലവര്‍ഷക്കെടുതിയിലും പരിസര ശുചീകരണത്തിന് അനാസ്ഥ കാണിക്കുമ്പോഴുമൊക്കെയാണ് എലിപ്പനി ആപത്തായി പരിണമിക്കുന്നത്. എലിപ്പനി വന്ന ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് ഇത് പകരുകയില്ല. രോഗം വന്നുകഴിഞ്ഞാല്‍, തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായി മാറുന്നു. അതിനാല്‍ പരിസരശുചീകരണത്തിന് വളരെ പ്രാധാന്യം കൊടുക്കണം.
വീല്‍സ് ഡിസീസ് (Weil എന്ന ശാസ്ത്രജ്ഞനെ ഓര്‍മിപ്പിക്കുന്ന പേരാണിത്), Autumn ഫീവര്‍ എന്നൊക്കെ പേരുകളുള്ള എലിപ്പനിക്ക് കാരണം സ്‌പൈറോക്കീറ്റ്‌സ് വിഭാഗത്തിലെ ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയ രോഗാണുക്കളാണ്. കരണ്ടു തിന്നുന്ന നാല്‍ക്കാലികളുടെ മൂത്രത്തിലൂടെയാണ് മനുഷ്യരിലേക്കും മറ്റുള്ള സസ്തനികളിലേക്കും രോഗം പകരുന്നത്. എലികളില്‍ ഇവ രോഗമുണ്ടാക്കുന്നില്ലെങ്കിലും മനുഷ്യര്‍ക്ക് ഇവ മാരകമാണ്. എലിയുടെ ഒരു മില്ലീ ലിറ്റര്‍ മൂത്രത്തില്‍ ഒരു കോടി രോഗാണുക്കള്‍ ഉണ്ടാവാം. ചലനശേഷി കൂടുതലുള്ള ഇവയുടെ രോഗനിര്‍ണയം സൂക്ഷ്മ ദര്‍ശിനിയിലൂടെയും പ്രത്യേകതരം പരിശോധനകളിലൂടെയും സാധ്യമാണ്. ഈ രോഗാണുക്കള്‍ മറ്റു രോഗാണുക്കളേക്കാള്‍ വളരെ പെട്ടെന്നാണ് രക്തത്തിലെത്തുക.
രോഗാണുവിന്റെ സ്വഭാവം
ഈ രോഗാണുക്കള്‍ ചൂടില്‍ നിലനില്‍ക്കാന്‍ കഴിയാത്തവയാണ്. ഇവ 50 ഡിഗ്രി ഊഷ്മാവില്‍ 10 മിനിറ്റുകൊണ്ടും 60 ഡിഗ്രി ഊഷ്മാവില്‍ 10 സെക്കന്റുകൊണ്ടും നശിക്കുന്നു. ആസിഡില്‍ ഇവ 30 മിനിറ്റുകൊണ്ടും നശിക്കുന്നു. അതുപോലെ ക്ലോറിന്‍, ആന്റിസെപ്റ്റിക് ലോഷനുകള്‍, ഡിസിന്‍ഫെക്ടന്റുകള്‍ എന്നിവയിലും ഇവ നശിക്കുന്നു. വായു കടക്കാത്ത മലിനജലം, ഉപ്പുവെള്ളം എന്നിവയില്‍ ഇവ നിലനില്‍ക്കുകയില്ല. മണ്ണ്, വെള്ളം എന്നിവയില്‍ കുടികൊള്ളുന്നത് അവയുടെ ഊഷ്മാവ്, അമ്ലഗുണം, ഉപ്പുരസം, (Pollutin) മാലിന്യത്തിന്റെ തോത് എന്നിവയെ ആശ്രയിച്ചാണ്.
രോഗാണുവാഹകര്‍
പെരുച്ചാഴികളും നച്ചെലികളും എലികളും നായ്ക്കളും കന്നുകാലികളും പന്നികളുമാണ് ഈ രോഗാണുക്കളുടെ ആതിഥേയര്‍ (രോഗാണുവാഹകര്‍). എലികളുടെ മൂത്രത്താല്‍ മലിനപ്പെടുന്ന ആഹാരങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് രോഗാണുക്കള്‍ മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകള്‍, ഉരസലുകള്‍, പോറലുകള്‍, കണ്ണ്, മൂക്ക്, വായയുടെ ഉള്‍വശം എന്നിവയിലൂടെ ശരീരത്തിലെത്തുകയും രോഗമുണ്ടാക്കുകയും ചെയ്യുന്നു. കാലികളുടെ അകിടിലൂടെയും രോഗബാധ ഉണ്ടാവാം. രോഗാണുവാഹകരില്‍ ഒരിക്കലും രോഗം വരുന്നില്ല.
ഇന്‍കുബേഷന്‍ സമയം
ഏതാണ്ട് 10 ദിവസമാണ് ഇന്‍കുബേഷന്‍ സമയം. രോഗപ്പകര്‍ച്ച ഉണ്ടായാലുടന്‍ രോഗിയുടെ രക്തത്തില്‍ രോഗാണുവിനെ കാണാന്‍ കഴിയും. രോഗം വന്ന് എട്ടുമുതല്‍ പത്തു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ അപ്രത്യക്ഷമാവുകയും രോഗിയുടെ കിഡ്‌നി (ആന്തരാവയവങ്ങള്‍)യില്‍ സ്ഥിരമായി കുടികൊള്ളുകയും ചെയ്യും. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഇവയെ മൂത്രത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കാനാവും.
രോഗാണുക്കള്‍ രക്തത്തിലൂടെ ശരീരത്തിലെ മര്‍മപ്രധാന ഭാഗങ്ങളില്‍ കടന്ന് ഏഴു മുതല്‍ പതിന്നാലു ദിവസങ്ങള്‍ക്കുള്ളില്‍ പ്രഥമ രോഗലക്ഷണങ്ങളായ പനി, തലവേദന, ഛര്‍ദി, കുളിരും വിറയലും, പേശിപിടിത്തം എന്നിവ ഉണ്ടാക്കുന്നു. രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ രോഗാണുക്കള്‍ വൃക്ക, കരള്‍ എന്നിവയെ ബാധിച്ച് അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി രോഗിക്ക് മഞ്ഞക്കാമല (Hepatitis മഞ്ഞപ്പിത്തം) രക്തസ്രാവം (Bleeding), അബോധാവസ്ഥ എന്നിവയും കണ്ണിന് കടുംചുവപ്പ് നിറവും വരുത്തുന്നു.
രോഗം ബാധിച്ച 90 ശതമാനം പേര്‍ക്കും ഈ രോഗം ഒരു ചെറിയ ജലദോഷപ്പനി പോലെ വന്ന് സ്വയം ശമിക്കുന്നു. ബാക്കിയുള്ളവര്‍ എലിപ്പനിയുടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയും കടുത്ത പനി, വിറയലും കുളിരും, ദേഹവേദന, പ്രത്യേകിച്ച് കാലിലെ പേശികള്‍ക്ക് കടുത്ത വേദന എന്നിവ ഉണ്ടാവുകയും കണ്ണ് ചുവക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, മയോകാര്‍ഡയിറ്റിസ്, രക്തസ്രാവം എന്നിവയും ഈ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. ഈ ഘട്ടത്തില്‍ രോഗിയുടെ രക്തസമ്മര്‍ദം, വൈറ്റല്‍ സൈന്‍സ് (Vital Signs) എന്നിവ മോണിട്ടര്‍ ചെയ്യേണ്ടതാണ്.
എലിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക് സാധാരണ വൈറല്‍ പനിയുമായി സാമ്യമുള്ളതിനാല്‍ പലപ്പോഴും രോഗം മാരകമാകുന്നതുവരെ രോഗികള്‍ ശരിയായ ചികിത്സ തേടുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. ആരംഭത്തിലേ ചികിത്സിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാകും. ചികിത്സ വൈകിയാല്‍ മാരകമാവും. പെനിസിലിനാണ് പ്രധാന ഔഷധം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ടെട്രാ സൈക്ലിനും കഴിക്കാവുന്നതാണ്. രോഗം വൃക്കകളെ ബാധിച്ചാല്‍ ഡയാലിസിസ് വേണ്ടിവരും. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ ശരിയായ ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്താല്‍ വൃക്കകളുടെ തകരാര്‍ ഒരു പരിധിവരെ ഒഴിവാക്കാം.
രോഗാണുക്കള്‍
ആഗോളവ്യാപകമായി രോഗം പരത്തുന്ന ഇവക്ക് പല സീറോ ടൈപ്പു (ഇനങ്ങള്‍) കളുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മൃഗങ്ങളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം ലെപ്‌റ്റോ സ്‌പൈറ ഇനങ്ങള്‍ തിരിച്ചറിയുകയും അവക്ക് പല പേരുകള്‍ നല്‍കുകയും ചെയ്തു.
ഇപ്പോള്‍ ലെപ്‌റ്റോ സ്‌പൈറ എന്ന ജനുസിനെ രോഗകാരികളായവയെന്നും രോഗം വരുത്താത്തവയെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.
അനുയോജ്യമായ ഊഷ്മാവിലും pH ലും ഈ രോഗാണുക്കള്‍ക്ക് അനേക ദിവസം നിലനില്‍ക്കാനാവും. മഴക്കാലത്താണ് ഇവ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നത്. എലിയുടെ മൂത്രം കലര്‍ന്ന ചെളിവെള്ളമാണ് ഈ രോഗാണുക്കളുടെ ഉറവിടം. അതിനാല്‍ റോഡിലെ ചെളിവെള്ളത്തില്‍ കാലുകള്‍ കഴുകുകയോ വെള്ളം തെറിപ്പിക്കുകയോ ചെയ്യരുത്.
ഗുരുതരമായ എലിപ്പനി
അതിഗുരുതരാവസ്ഥയിലുള്ള രോഗത്തില്‍ വളരെ രൂക്ഷമായ പനിയും വിറയലും ഛര്‍ദിയും തലവേദനയും കണ്ണ് താഴ്ന്നുപോവുക (Intense injection of the eyes) യും അപ്പപ്പോള്‍ പനിക്കുകയും പത്ത് ദിവസങ്ങള്‍ കൊണ്ട് കുറയുകയും ചെയ്യുന്നു. പത്ത് മുതല്‍ ഇരുപത് ശതമാനം രോഗികളിലും രോഗത്തിന്റെ രണ്ടാം ദിവസമോ മൂന്നാം ദിവസമോ തന്നെ മഞ്ഞപ്പിത്തം പ്രകടമാവും. രോഗിയുടെ മൂത്രത്തിലൂടെ മാംസ്യം ചോര്‍ന്നു പോവുകയും (Albuminuria) രോഗിയുടെ ശരീരമാസകലം രക്തം നീലിച്ചു കിടക്കുകയും(purpuric haemorrahage) ചെയ്യും. ഈ രോഗത്തില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ കാണാവുന്നതല്ല. അതിനാല്‍ ഈ രോഗത്തെ ഇക്റ്ററിക് (icteric) എന്നും നോണ്‍ ഇക്റ്ററിക് (non icteric) എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇവയില്‍ കൂടുതല്‍ അസെപ്റ്റിക്-മെനിഞ്ചൈറ്റിസ് (Aseptic-meningitis) ആയും ചിലത് വയറുവേദനയായും പരിണമിക്കുന്നു. അതിനാല്‍ രോഗലക്ഷണങ്ങളേക്കാള്‍ രോഗാണുബാധ സംശയങ്ങളും ലബോറട്ടറീ പരിശോധനകളുമാണ് ഇവിടെ അഭികാമ്യം. രോഗികളിലും ഈ രോഗമാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നതാണ് ഇതിന് കാരണം.
രോഗാണുവിന്റെ വളര്‍ച്ച
രോഗത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ രോഗാണുവിനെ മൂത്രത്തില്‍നിന്ന് തിരിച്ചറിയാവുന്നതാണ്. നാലു മുതല്‍ ആറ് ആഴ്ചവരെ ഇടവിട്ട് മൂത്രത്തില്‍ രോഗാണുക്കള്‍ കാണുന്നതാണ്. മൂത്രത്തിന്pH അമ്ലഗുണമായതിനാല്‍ ഈ രോഗാണുക്കള്‍ പെട്ടെന്ന് നശിച്ചുപോവുന്നു. അതിനാല്‍ രോഗിയുടെ മൂത്രം ശേഖരിച്ചു കഴിഞ്ഞാലുടന്‍ തന്നെ പരിശോധനകള്‍ (Dark field Illumination) ക്ക് വിധേയമാക്കണം. മൂത്രം കള്‍ച്ചര്‍ ചെയ്യുന്നതിനേക്കാള്‍ ഗിനിപ്പന്നികളില്‍ കുത്തിവെക്കുന്ന പരിശോധനയാണ് നല്ലത്. കാരണം മൂത്രത്തിന്റെ മറ്റുള്ള രോഗാണുക്കളുടെ സാന്നിധ്യം ഈ രോഗാണുക്കളെ മറച്ചുകളയും.
രോഗിയുടെ സിറം ഉപയോഗിച്ചുള്ള പരിശോധനകള്‍
രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ (ആദ്യആഴ്ച അവസാനം) തന്നെ പ്രതിരോധവസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടാവുകയും നാലാമത്തെ ആഴ്ച ഇതിന്റെ അളവ് ഏറ്റവും കൂടുതലാവുകയും അതിനുശേഷം കുറയുകയും ചെയ്യുന്നു. ഇത് വര്‍ഷങ്ങളോളം ചെറിയ അളവില്‍ ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. മാറ്റ് (MAT) എന്ന Microscopic Agglutination Tets സിറം ഉപയോഗിച്ച് ചെയ്യാവുന്ന ഒരു പരിശോധനയാണ്.
രോഗം പിടിപെടാവുന്നവര്‍ (Risk groups)
പാടത്തും കരിമ്പു വിളയിലും പണിയെടുക്കുന്ന കര്‍ഷകര്‍, പാടം ഉഴുതുന്നവര്‍, നിലം കിളക്കുന്നവര്‍ എന്നിവരിലാണ് എലിപ്പനി കൂടുതലായി പിടിപെടുന്നത്. സാധാരണ പനി വന്നാല്‍ പോലും ഡോക്ടറെ കാണുകയും രക്തപരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുകയും വേണം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചില ആന്റിബയോട്ടിക്കുകളും കഴിക്കാവുന്നതാണ്. രോഗാണുവാഹകരായ പാല്‍ ചുരത്തുന്ന മൃഗങ്ങളുടെ പാലിലൂടെയും ഇതു പകരാം. അതിനാല്‍ പാല്‍ തിളപ്പിച്ചു മാത്രമേ കുടിക്കാന്‍ പാടുള്ളൂ. അതുപോലെ മൃഗങ്ങളുടെ അകിടില്‍നിന്നും മൂത്രത്തിലൂടെയും മറ്റ് മൃഗങ്ങളിലേക്ക് ഈ രോഗം പകരാം. ഉമിനീരിലൂടെയും ഷഡ്പദങ്ങളിലൂടെയും ഈ രോഗം പകരുകയില്ല.
മുന്‍കരുതലുകള്‍
വ്യക്തിത്വ ശുചിത്വം പാലിക്കുന്നത് അത്യാവശ്യമാണ്. ശരീരത്തിലെ ചെറിയ മുറിവുകള്‍ പോലും മൂടിക്കെട്ടണം.
വെള്ളത്തില്‍ ജോലിചെയ്യുന്നവര്‍ മുറിവുള്ളപ്പോള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലിക്കുശേഷം ശുദ്ധജലത്തില്‍ ശരീരം വൃത്തിയായി കഴുകണം. കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്. എല്ലായ്‌പ്പോഴും ചെരുപ്പ് ധരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുളിക്കാനുള്ള വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
മുറിവില്ലാത്ത ശരീരഭാഗങ്ങളില്‍ കൂടിയും രോഗം പകരാം. അതിനാല്‍ കുളത്തിലും മറ്റും അധികസമയം ചെലവഴിക്കാതിരിക്കുക. അതുപോലെ മഴക്കാലത്ത് തുറന്ന ജലാശയങ്ങളില്‍ കുളിക്കരുത്.