മരച്ചീനി
ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ്
നവംബര്‍ 2018
പൂളക്കിഴങ്ങ്, കപ്പക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മത്തോക്ക്, ചീനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നതാണ് മരച്ചീനി. വേവിച്ചും ചെറുതായി വടുകളാക്കി ഉണക്കിപ്പൊടിച്ചും ചെറുതായി വട്ടത്തില്‍ നുറുക്കി വറുത്തെടുത്തും പുട്ട്, പത്തിരി, അട എന്നിങ്ങനെയും ഇതു ഭക്ഷ്യയോഗ്യമാക്കി കഴിക്കുന്നു
പൂളക്കിഴങ്ങ്, കപ്പക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മത്തോക്ക്, ചീനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നതാണ് മരച്ചീനി. വേവിച്ചും ചെറുതായി വടുകളാക്കി ഉണക്കിപ്പൊടിച്ചും ചെറുതായി വട്ടത്തില്‍ നുറുക്കി വറുത്തെടുത്തും പുട്ട്, പത്തിരി, അട എന്നിങ്ങനെയും ഇതു ഭക്ഷ്യയോഗ്യമാക്കി കഴിക്കുന്നു. ഇതിന്റെ ഇലവാട്ടി നീര് കളഞ്ഞും പൂളത്തോല്‍ തിളപ്പിച്ചും വെള്ളം നീക്കിയും വളരെ ദാരിദ്ര്യത്തിലായിരുന്ന കാലത്ത് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. അരി, ഗോതമ്പ്, മറ്റു പയറു വര്‍ഗങ്ങള്‍ ഒന്നും കിട്ടാനില്ലാത്ത കാലത്തായിരുന്നു ഇത്. ഇന്ന് കാലം മാറി. നമുക്കാവശ്യമുള്ള വസ്തുക്കള്‍ നിര്‍ലോഭം കിട്ടാന്‍ തുടങ്ങി. അതുകൊണ്ടതിന്റെ പ്രസക്തിയും ഇല്ലാതായി.
ചിലയിനങ്ങള്‍ക്ക് വിഷാംശം ഉണ്ടാകാറുണ്ട്. രുചിവ്യത്യാസവും കയ്പ്പും നിറവ്യത്യാസവും കണ്ടാല്‍ മനസ്സിലാക്കണം അവന്‍ പിശകാണെന്ന്. അതേപോലെത്തന്നെ ഇവയുടെ ഇലകള്‍ക്കു വിഷാംശം (കട്ട്) ഉണ്ടാകാറുണ്ട്. ആട് മുതലായ മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അപകടമരണവുമുണ്ടാകാറുണ്ട്.
മരച്ചീനി കഴിക്കാത്തവര്‍ ആരുമുണ്ടാവുകയില്ല. വേവിച്ചും കറികളില്‍ ഉപയോഗിച്ചും ചിലപ്പോള്‍ മാംസത്തില്‍ നുറുക്കിയിട്ടു വേവിച്ചും വറുത്തും കൊണ്ടാട്ടമായും ഉപയോഗിച്ചുവരുന്നു. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇവ മഞ്ഞള്‍ വെള്ളത്തില്‍ വേവിച്ചും വെയിലത്തു വെച്ചുണക്കിയും മറ്റു രീതിയില്‍ ഉണക്കിയും സൂക്ഷിച്ചും ഭക്ഷ്യോപയോഗ്യമാക്കി വരുന്നു. വിഷാംശമുള്ള മരച്ചീനി കഴിക്കുന്നതുകൊണ്ട് വയറിന് അസുഖം, ഛര്‍ദി, വയറിളക്കം, ഓക്കാനം, വായയില്‍നിന്ന് അമിതമായ വെള്ളം വന്നുകൊണ്ടിരിക്കുക, തലവേദന മുതലായ അസുഖങ്ങള്‍ കണ്ടുവരുന്നു. സാധാരണ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ലക്ഷണങ്ങള്‍ക്കാണ് ചികിത്സിക്കുക. ചിലപ്പോള്‍ ശരീരത്തില്‍ തടിപ്പും തലചുറ്റലും ഉണ്ടാകാറുണ്ട്. പേരയില നീര് ഈ രോഗത്തിന് പ്രത്യൗഷധമാണ്. ലക്ഷണങ്ങള്‍ക്ക് പകരം മൂലകാരണത്തിനു ചികിത്സിക്കേണ്ട ഉത്തരവദിത്തം നാം വിസ്മരിക്കുന്നു.
മരച്ചീനിയില്‍നിന്നുണ്ടാക്കുന്ന ഒരു ഉല്‍പന്നമാണ് മക്രോണി. ഇത് ദീര്‍ഘകാലം സൂക്ഷിക്കാന്‍ പറ്റുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം കൃഷിചെയ്യുന്നുണ്ടെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്, വിശേഷിച്ചും കേരളത്തില്‍.
കമ്പുകള്‍ മുറിച്ചു കഷ്ണങ്ങളാക്കിയാണ് കൃഷി ചെയ്യുന്നത്. ചാലുകീറിയോ കുഴി എടുത്തോ ഏരിയകളുണ്ടാക്കിയോ ഇവ കൃഷി ചെയ്യാവുന്നതാണ്. കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും ആവശ്യത്തിന് പച്ചിലകളും ജൈവവളങ്ങളും പാകത്തിനു കെമിക്കല്‍ വളങ്ങളും ചേര്‍ത്തുണ്ടാക്കിയാല്‍ വമ്പന്‍ വിളയുണ്ടാകും. ഇവയുടെ വേരുകളാണ് കിഴങ്ങുകളായി മാറുന്നത്. വേരുകള്‍ ആവശ്യത്തിലധികം കിട്ടുന്ന ഭക്ഷ്യാംശങ്ങള്‍ ശേഖരിച്ചു വെച്ചു വണ്ണം കൂടുതലുള്ള കടകളായി (കിഴങ്ങുകളായി) വളരുന്നു. തീരെ പറിക്കാതിരുന്നാല്‍ ചെറിയ മരമായിത്തന്നെ വളരുന്നു. വെള്ളം ആവശ്യമില്ലെങ്കിലും ഇടക്കിടക്കു ജലാംശവും കിട്ടിയാല്‍ മേനി കൂടുതലുണ്ടാകും. ആറു മാസം കൊണ്ടു വിളവെടുക്കുന്നത്, ഒരു കൊല്ലം കൂടുമ്പോള്‍ വിളവെടുക്കുന്നത്, 10 മാസം കൂടുമ്പോള്‍ വിളവെടുക്കുന്നത് എന്നിങ്ങനെ മൂന്നു തരത്തില്‍ കണ്ടുവരുന്നു. എല്ലാ സസ്യലതാദികള്‍ക്കും കൂടുതല്‍ വളരാന്‍ സൂര്യപ്രകാരം ആവശ്യമാവുന്നതുപോലെ ഇതിനും സൂര്യപ്രകാരം നിര്‍ബന്ധമാണ്, കൂടുതല്‍ വിളവുകിട്ടാന്‍. മാത്രമല്ല സൂര്യപ്രകാരം കിട്ടിയില്ലെങ്കില്‍ കൊള്ളിവലുതായി കട കുറയുന്നു.
കൊമ്പുകള്‍ മുറിച്ചുവെച്ചാണ് കൃഷി ചെയ്തുവരുന്നതെങ്കിലും സ്വയം പ്രജനനം നടത്തുന്നുണ്ടെന്ന യാഥാര്‍ഥ്യം നമുക്കറിയുന്നില്ല. പൂവുണ്ടായി, കായയുണ്ടായി സ്വയം പൊട്ടിത്തെറിച്ചു അനുകൂല കാലാവസ്ഥയില്‍ സ്വയം വളര്‍ന്നു വരുന്ന സ്വഭാവവും ഇതിനുണ്ട്.
മരച്ചീനിയില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത് അന്നജവും സയാനോജനിക് ഗ്ലൂക്കോസൈഡുമാണ് വിഷാംശം അടങ്ങിയ കിഴങ്ങുകളില്‍ ഹൈഡ്രോസയനിക് അമ്ലവും ഉണ്ട്. ഇത് വയറിളക്കം ഉണ്ടാക്കി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ അതിസാരം നില്‍ക്കാനും പൂളക്കിഴങ്ങുപയോഗിക്കാറുണ്ട്.
ഓരോരുത്തരിലും കാണുന്ന ലക്ഷണങ്ങള്‍ക്കനുസരിച്ചായിരിക്കണം ചികിത്സ നിശ്ചയിക്കേണ്ടത്. ഇതുസംബന്ധമായുണ്ടാകുന്ന രോഗങ്ങളില്‍ മരച്ചീനിയുടെ അംശത്തെ നീക്കലാണ് പ്രധാനം. വിരലുകള്‍ വായയില്‍ കടത്തി ഛര്‍ദിപ്പിക്കുന്ന രീതിയാണ് സാധാരണ നാട്ടിന്‍പുറങ്ങളില്‍ ചെയ്യാറ്. അതിനു ശേഷവും ശരിയാവുന്നില്ലെങ്കില്‍ ആമാശയ പ്രക്ഷാളനം ആവശ്യമായി വരും.