പ്രവാചകനെ സ്മരിക്കുമ്പോള്‍
സമൂഹത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട കോടതി വിധികളുടെയും മീ ടു ടാഗിലൂടെയുള്ള തുറന്നുപറച്ചിലുകളുടെയും കാലമാണിത്
സമൂഹത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട കോടതി വിധികളുടെയും മീ ടു ടാഗിലൂടെയുള്ള തുറന്നുപറച്ചിലുകളുടെയും കാലമാണിത്. ഈ തുറന്നുപറച്ചിലുകള്‍ നടത്തുന്നത് സ്ത്രീയാണ് എന്നതുകൊണ്ടും കോടതി വിധികള്‍ സ്ത്രീകളുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടുമാണ് ചൂടുളള ചര്‍ച്ചയാകുന്നത്.
മതപരമായി തങ്ങള്‍ക്കു കിട്ടേണ്ട അവകാശങ്ങള്‍ക്കു പോലും സ്ത്രീകള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്യുന്നതാണ് സമീപകാല അനുഭവങ്ങള്‍. ഭരണഘടന ഉറപ്പുതരുന്ന മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പേരിലാണ് കോടതികള്‍ സ്ത്രീ വിഷയത്തില്‍ അനുകൂല വിധി നല്‍കുന്നത്.
പ്രവാചകന്റെ ജന്മദിനത്തെ മുന്‍നിര്‍ത്തി വര്‍ണശബളമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും പ്രവാചക സ്നേഹത്തെ ആവോളം രചിക്കുകയും സ്മരിക്കുകയും ചെയ്യുമ്പോള്‍ ഈയൊരു ചിന്ത സമുദായത്തിനകത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. ദൈവം സ്ത്രീക്ക് മനുഷ്യനെന്ന നിലയില്‍ നല്കിയ അവകാശാധികാര ബാധ്യതകളും പുരുഷാധിപത്യ മേല്‍ക്കോയ്മയിലധിഷ്ഠിതമായ സമൂഹങ്ങള്‍ നല്കിപ്പോരുന്ന സ്ത്രീ അവസ്ഥകളും എപ്രകാരമാണ് മുസ്ലിം സ്ത്രീയെയും ബാധിച്ചത് എന്ന ചിന്ത കൂടി ഇത്തരുണത്തില്‍ ആവശ്യമാണ്. കാരണം പ്രവാചകനും അദ്ദേഹത്തിന്റെ ചര്യയും തന്നെയാണ് ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മേഖലയുടെയും എല്ലാ കാലത്തേക്കുമുള്ള അവലംബവും മാതൃകയും.
പക്ഷേ ഖുര്‍ആനികാധ്യാപനങ്ങള്‍ വഴി നടത്തിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മാതൃകകളാണോ പലപ്പോഴും നമ്മുടെ കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും കാണുന്നത്? മൗലികമായ ഇസ്ലാമികാധ്യാപനങ്ങള്ക്കപ്പുറം പ്രാദേശികവും തലമുറകളിലൂടെ പകര്‍ന്നുകിട്ടിയതുമായ ഇസ്ലാമിന്റേതല്ലാത്ത ആചാരങ്ങളാണ് സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നത് വസ്തുതയാണ്. മൂല്യങ്ങളെയും ധാര്‍മികതയെയും നിരാകരിക്കുന്ന ആശയങ്ങളില്‍നിന്നും സ്ത്രീയെയും യുവത്വത്തെയും രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചത് അവരെ വീടുകളില്‍ തളച്ചിടുക എന്ന സമീപനം സ്വീകരിച്ചുകൊണ്ടായിരുന്നു. തെറ്റിലേക്ക് പോകാതിരിക്കാന്‍ അടച്ചിട്ട വാതിലിന് പിന്നിലിരുത്തുക എന്ന സമീപനം യഥാസ്ഥിതിക മത പൗരോഹിത്യവും അതിനെ മറികടക്കാന്‍ സര്‍വതും തുറന്നിട്ട് എല്ലാം നേടുക എന്ന സമീപനം മറുഭാഗക്കാരും മുന്നോട്ടുവെച്ചു. പക്ഷേ തമസ്കരിക്കപ്പെട്ടത് പലപ്പോഴും ഇസ്ലാമിന്റെ സ്ത്രീസമീപനത്തിന്റെ ഉദാത്ത മാതൃകകളായിരുന്നു താനും.
വായനയിലൂടെയും പഠനത്തിലുടെയും നേടിയ അറിവുകളിലൂടെ പ്രവാചക ചര്യയോടടുക്കുന്ന സ്ത്രീ സമീപന രീതി സ്വായത്തമാക്കാന്‍ ഇന്ന് സ്ത്രീക്ക് കുറേ കഴിഞ്ഞിട്ടുണ്ട് എന്ന് മറക്കുന്നില്ല. പക്ഷേ മറുചോദ്യങ്ങള്‍ക്കുള്ള മറുപടി മാതൃകാ ചരിത്രങ്ങള്‍ ഓതിക്കേള്പ്പിച്ചുകൊണ്ടേയിരിക്കലല്ലെന്നും അവയെ അവലംബിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് കരുത്ത് പകരലുമാണെന്ന തിരിച്ചറിവ് കൂടിയാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗം.