ആച്ചുട്ടിത്താളം-26
എന്റെ ഓര്‍മകളുടെ മഞ്ഞു പെയ്യുന്ന ഒറ്റ ജാലകം ഞാന്‍ പതിയെ അടക്കുകയാണ്. കിതച്ചും തളര്‍ന്നും ഓടിയെത്തിയപ്പോള്‍ മറുകര കാണാനുള്ള സമയത്തോട് അടുത്തിരിക്കുന്നു. എന്റെ കാഴ്ചകള്‍ തുടരുന്നത്രയും കാലം കണ്ണ് തുറന്നുപിടിച്ചേ പറ്റൂ. കിതപ്പാറ്റി, ചുറ്റും തഴച്ചുവളരുന്ന സ്‌നേഹച്ചെടികള്‍ക്കു ചാരെ ഇരിക്കുമ്പോള്‍ സുഖം തന്നെ. മനസ്സ് ശാന്തം. വെറുപ്പിന്റെയും ഈറയുടെയും പരുപരുപ്പ് എന്നേ മാഞ്ഞിരിക്കുന്നു. എങ്ങും മൃദുത്വം, തെളിമ. സ്‌നേഹത്തിന്റെ ആയിരം നിറക്കൂട്ട്. എല്ലാറ്റിനോടും ഇഷ്ടം. നെഞ്ചിലേക്കു വരുന്ന വെറുപ്പിന്റെ വാക്കുകളെയും സ്‌നേഹത്തിന്റെ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങാന്‍ കൊതി. സ്‌നേഹം ഹൃദയം നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയാണ്. പുല്ലിലും പൂവിലും സകല മുഖങ്ങളിലും അത് നിറഞ്ഞു തുളുമ്പി. സ്‌നേഹമാനമേ നിന്നില്‍നിന്ന് ഇനിയുമിനിയും സ്‌നേഹത്തുള്ളികള്‍ പെയ്യട്ടെ.
പിന്നിട്ട ഇടനാഴികളേ ഇഷ്ടം. അവഗണനയുടെ വാഗ്പ്രവാഹങ്ങളേ നിങ്ങളോടും. ചേനച്ചൊറിച്ചിലിന്റെ തിണര്‍പ്പുകള്‍ തന്ന പ്രിയ കൂട്ടുകാരീ, ജീവിതത്തിന്റെ ഏതു വഴികളില്‍ വെച്ചു നാമിനി സ്‌നേഹത്തിന്റെ വാക്കുകള്‍ പറയും? കാലിലെ ചൂരല്‍ തടിപ്പുകളേ..... കഞ്ഞിക്കൊഴുപ്പില്‍ പൊങ്ങിക്കിടന്ന കറുത്ത പുഴുത്തലകളേ.... വാക്കുകളുടെ ചാട്ടകൊണ്ട് എന്നെ പൊതിരെ തല്ലിയവരേ, നിങ്ങളൊടൊക്കെ എനിക്കിഷ്ടം മാത്രം.
ഏതു തീരത്തു വെച്ചാണു നാമിനി ഒത്തുകൂടുക? ജീവിതത്തിന്റെ ഇട്ടലില്‍ എനിക്കു കൂട്ടായി വന്നവരേ, അര്‍ശിന്റെ പരിസരത്താവുമോ നമ്മുടെ സംഗമം? ആ സംഗമ വേളയില്‍ അര്‍ശിന്റെ പരിസരം ഇലഞ്ഞിപ്പൂക്കള്‍ കൊണ്ടു നിറയും. ഇലഞ്ഞിമാലയുടെ മണം പടര്‍ന്ന നമസ്‌കാര പായയില്‍നിന്ന് തസ്ബീഹിന്റെ മന്ത്രമുതിരും, മനസ്സ് പരമശാന്തി കൊണ്ട് നിറയും.
ഇപ്പോഴും പോയ കാലങ്ങളുടെ നഷ്ടം മനസ്സിലുണ്ട്. പക്ഷേ അതില്‍ വേദനിച്ച് ഇരിക്കാന്‍ വയ്യ. പൊറത്തക്കുളത്തിലേക്കുള്ള വഴികള്‍ എന്നേ തൂര്‍ന്നുപോയിരിക്കുന്നു. കുളം ഒരു ചെറിയ കിണര്‍ വട്ടത്തില്‍ വള്ളിയും പുല്ലും മൂടി ഇല്ലാതായ പഴയ കാലത്തിന്റെ കണ്ണീരോര്‍മ. അതിലേക്ക് നീര്‍ച്ചാലുകളുടെ തെളിനീര്‍ പലപ്പോഴും ഒഴുകിച്ചേരാന്‍ ഉറവകള്‍ ഒരുക്കൂട്ടിയിരുന്ന അകത്തെക്കുളം റബര്‍ കാടായി മാറിയിരിക്കുന്നു. കാലങ്ങള്‍ക്കു ശേഷം അതിലൂടെ നടക്കുമ്പോള്‍ കാലുകള്‍ക്ക് വേഗം കൂടുന്നതു പോലെ. ഏതോ തീര്‍ഥാടന മണ്ണിലെത്തിയപോലെ. അകത്ത് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം. അകന്നുപോയൊരു കാലത്തിന്റെ കണ്ണീരിനു പോലും മധുരമുണ്ടായിരുന്നെന്ന് തോന്നുന്നു. കച്ചവടത്തിന്റെ ബഹളകാലത്തിലേക്കുള്ള മാറ്റം നന്മകളുടെ വരള്‍ച്ചയായിരുന്നു. എന്നിട്ടും നടന്നുകൊണ്ടേയിരുന്നു.
പൊറത്തക്കണ്ടം ഇപ്പോള്‍ കവുങ്ങിന്‍ തോട്ടത്തിന്റെ വിളര്‍ച്ച പേറി കരിഞ്ഞു കിടക്കുന്നു. കളനാശിനിയുടെ രാസമണം തങ്ങിയ തടത്തിലൂടെ നടക്കെ തവളകളും ഞണ്ടുകളും ചത്തു മലച്ചത് കാലില്‍ തടഞ്ഞു. ഇനിയെന്നായിരിക്കും കുളവും തോടും ഈ കണ്ടവും നിറയുന്ന പ്രളയത്തില്‍ ഈ മണമൊന്ന് ഒലിച്ചുപോവുക. താന്നിമരത്തിന്റെ സ്ഥാനത്ത് ഒരു വലിയ കല്ലിനപ്പുറം അപരിചിതയെ കണ്ട മൂര്‍ഖന്‍ പടം വിടര്‍ത്തി. 'നിന്റെ വിഹാര കേന്ദ്രമാണല്ലേ?' എന്ന് അതിനോട് ചിരിച്ചപ്പോള്‍ മനസ്സിലായോ എന്തോ അതിഴഞ്ഞ് കല്ലിനടിയിലേക്കു തലതാഴ്ത്തി.
കുയ്ക്കലെ കുളത്തിലെ വെള്ളം പച്ച നിറത്തില്‍ ഒരു കുളിയുടെ സ്പര്‍ശം കൊതിച്ച് കരയിടിഞ്ഞു കിടക്കുന്നു. അതിനു വക്കത്തെ കൈതകള്‍ക്ക് മൂന്നാള്‍ പൊക്കത്തില്‍ വന്യസൗന്ദര്യം. ഓര്‍മകളേ നന്ദി... നിങ്ങള്‍ക്കരികിലൂടെ നടക്കാന്‍ എന്ത് സുഖമാണ്.
'ഉമ്മാ, എന്താ കൂട്ടാന്‍ വയ്ക്കാന്‍ വാങ്ങേണ്ടത്?'
ഓര്‍മ നടത്തത്തിന് മുമ്പില്‍ വന്നത് സെന്തിലാണ്. ഞാനവനെ പെറ്റിട്ടില്ല. അവനെന്റെ മടിയിലുറങ്ങിയിട്ടില്ല. ഇത്താത്ത എന്നോ അവന് ഉമ്മയായി. ആബിമ്മ പോയപ്പോഴും അബ്ബ പോയപ്പോഴും അവന്‍ എന്നെ ഇത്താത്താ എന്നു തന്നെയാണ് വിളിച്ചത്. എപ്പോഴോ നാവിന്‍തുമ്പില്‍നിന്ന് അറിയാതെ വീണുപോയ രണ്ടക്ഷരത്തില്‍ വെന്തുരുകി തലകുമ്പിട്ടു നില്‍ക്കുന്ന സെന്തിലിന്റെ മുഖം പിടിച്ചുയര്‍ത്തി.
'അതു തന്നെ വിളിച്ചാ മതി. നീയെന്റെ മകന്‍ തന്നെയാണ്' എന്നു പറയുമ്പോള്‍ ഉള്ളില്‍ മുഴുവന്‍ താരാട്ടുപാട്ടിന്റെയും ഈണമുണ്ടായിരുന്നു. ഒരു ജന്മം മുഴുവന്‍ കൊടുക്കാന്‍ ബാക്കിവെച്ച സ്‌നേഹത്തിന്റെ കണ്ണീര്‍കണം കൊണ്ട് ഞാനവനെ നനച്ചു. പ്രസവിക്കണോ ഉമ്മയാവാന്‍? വേണ്ടെന്നു തന്നെയല്ലേ ജീവിതം പഠിപ്പിച്ചത്.
നന്ദി കാരുണ്യപ്പൊരുളേ, പ്രസവിക്കാതെ, പോറ്റാതെ എനിക്കു മക്കളെ തന്നതിന്. കല്ലുമലയുടെ ഉച്ചിയില്‍നിന്ന് കാറ്റിന്റെ ഊഞ്ഞാലില്‍ ഞാണു കിടന്ന് ആരൊക്കെയോ വിളിച്ചുണര്‍ത്തുന്നു. 'ഉമ്മച്ചീ...ഉമ്മച്ചിയേ...ഞങ്ങളില്ലേ ഇവിടെ? നെല്ലിക്കീം പെറുക്കി, ഇളംവെയിലും കൊണ്ട്.....ഉമ്മച്ചി വര്ണില്ലേ....?'
പകുതിയും നരച്ചു വെളുത്ത എന്റെ മുടിയിഴകളില്‍ വിരലോടിച്ച് അവര്‍ അവരുടെ വായിലെ നെല്ലിക്ക വെള്ളത്തിന്റെ തണുപ്പ് എന്റെ മൂര്‍ധാവിലേക്കൊഴുക്കുന്നു. അറപ്പില്ലല്ലോ ഒട്ടും. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ തണുപ്പ്.
അബ്ബ പോയപ്പോള്‍ സെന്തിലിന്റെ പേര്‍ക്കെഴുതിയ വീടും രണ്ടേക്കര്‍ പറമ്പും അവനു മാത്രമല്ല, സബൂട്ടിക്കും കുടുംബത്തിനും പൊറുതിയും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഓഫീസുമായി.
'ഇത്താത്താ, യതീംഖാനകളൊക്കെ എന്നേ അടച്ചുപൂട്ടണം.'
മതിലുകളുടെ ശ്വാസംമുട്ടലില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ വഴികളിലേക്ക് ചാടിക്കടന്ന സബൂട്ടിയുടെ ആശയം പക്ഷേ അംഗീകരിക്കാനായില്ല.
'അല്ല സബൂട്ടീ, യതീംഖാനകള്‍ തുറന്നുതന്നെ കിടക്കട്ടെ. എന്നെയും നിന്നെയും നമ്മെപ്പോലെ പതിനായിരങ്ങളെയും ജീവിതത്തിന്റെ വഴികളില്‍ നിവര്‍ത്തി നിര്‍ത്തിയത് മറ്റൊന്നുമല്ല.'
'ഇടറിവീണവരും ഉണ്ട് ഇത്താത്താ......'
'അത് എല്ലായിടത്തും ഇല്ലേ...? കാഴ്ചപ്പാടുകളല്ലേ സബൂട്ടീ മാറേണ്ടത്. ബാപ്പ മരിച്ച യതീമിന് ഉമ്മയും ഇല്ലാതാക്കുന്ന ഒറ്റപ്പെടുത്തലുകള്‍ മാറട്ടെ. ചേര്‍ത്തു നിര്‍ത്തുന്ന കൈകള്‍ തന്നെയാണ് വേണ്ടത്. ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലില്‍ ഓരോ കുട്ടിയും വളരട്ടെ.'
സബൂട്ടിക്ക് ബോധ്യപ്പെട്ടു, സെന്തിലിനും. എളുപ്പം ബോധ്യപ്പെടുമല്ലോ അനുഭവങ്ങളുടെ പാകതയില്‍ വളര്‍ന്നവര്‍ക്ക്. പോംവഴിയെപ്പറ്റിയുള്ള ചിന്തകളും ചര്‍ച്ചകളും സബൂട്ടിയെ വേവിച്ചുകൊണ്ടിരുന്നു.
രാവും പകലും സബൂട്ടിയും സെന്തിലും പണിയെടുത്തു. റഹ്മ കൂടെ നിന്നു. ആളുകളുമായുള്ള കൂടിക്കാഴ്ചകള്‍. അബ്ബയുടെ പേരിലുള്ള ട്രസ്റ്റ് രൂപീകരണത്തിലേക്കെത്തിയപ്പോള്‍ ഒരുപാടു കണ്ണുകള്‍ ഈറനണിഞ്ഞു. ഡോക്ടര്‍ സുല്‍ഫിക്കര്‍ ആദ്യത്തെ തുക ട്രസ്റ്റിനു കൈമാറുമ്പോള്‍ ഗുരുവിന്റെ ഓര്‍മയില്‍ ശിഷ്യന്‍ വിതുമ്പി. പത്താം ക്ലാസ് കഴിഞ്ഞാല്‍ വേണ്ടവര്‍ക്ക് യതീംഖാനയില്‍ ചേരാം. അല്ലാത്തവര്‍ക്ക് സ്വന്തം വീട്ടില്‍ തങ്ങാം. അതുവരെ കുടുംബങ്ങളെ പിരിയാതെയുള്ള പഠനം. ചെലവുകള്‍ മുഴുവന്‍ ട്രസ്റ്റ് വഹിക്കും. ഇതായിരുന്നു സബൂട്ടിയുടെ മനസ്സ്. കൂടെ നില്‍ക്കാന്‍ ആളെക്കിട്ടിയപ്പോള്‍ ആ മനസ്സ് പൂത്തു.
ഒരുപോലെ ചിന്തിക്കുന്നവരെല്ലാം ഒപ്പംകൂടി. ഓരോ സ്ഥലത്തും സന്നദ്ധ സേവകര്‍. എല്ലാം ഒന്നിച്ച് ട്രസ്റ്റിന്റെ കീഴില്‍. ഇടക്കിടെ ചേരുന്ന കുടുംബസംഗമങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള അവസരമായിരുന്നു സബൂട്ടിയുടെ മറ്റൊരു ലക്ഷ്യം.
പണിയെടുത്താല്‍ ഏത് പാറക്കെട്ടും തലകുനിക്കും. മുള്‍പ്പടര്‍പ്പുകള്‍ പൂവാടികളാകും. 'ശാഹുല്‍ ഹമീദ് ചാരിറ്റബ്ള്‍ ട്രസ്റ്റ്' വളര്‍ന്നു. പടര്‍ന്നു. പന്തലിച്ചു. സെന്തില്‍ പത്ത് സെന്റൊഴികെ ബാക്കി മുഴുവന്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഭൂമിയിലെ നനവുകള്‍ കാരുണ്യപ്പൊരുളേ, നിന്റേതു മാത്രമെന്ന് കണ്ണുകളടച്ചു. ഒഴിവു സമയങ്ങളിലെ സന്ദര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്‍കിയ ഞാനും ഇക്കയും അവനോടൊപ്പം ചേര്‍ന്നപ്പോള്‍ സബൂട്ടിയുടെ മനസ്സ് സന്തോഷം കൊണ്ട് ഒരരുവിയാകുന്നത് നോക്കിനിന്നു.
നിത്യം പോയി വരാവുന്ന ദൂരത്തേക്ക് സബൂട്ടിയുടെ ജോലി ശരിയായപ്പോള്‍ റഹ്മയുടെ കവിളിലെ കുഴികള്‍ക്ക് ആഴം കൂടി. അവന്റെ മോള്‍ ഇപ്പോള്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉമ്മമ്മാ എന്ന അവളുടെ കൊഞ്ചല്‍ എന്റെ ഓര്‍മകളെ പച്ചയാക്കുന്നു.
രാത്രി ഭക്ഷണത്തിനു മുമ്പ് ഇക്ക, ഒന്നു പുറത്തിറങ്ങട്ടെയെന്നു പറഞ്ഞു പോയപ്പോള്‍ വെറുതെ സിറ്റൗട്ടില്‍ ചെന്നിരുന്നു. സബൂട്ടിയുടെ മുറിയില്‍നിന്ന് റഹ്മയും അവനും തമാശയുടെ തര്‍ക്കം.
'എന്റെ ഇത്താത്തയാണ് ട്ടോ. ഇജെന്നാ ഇത്താത്താനെ കാണാന്‍ തൊടങ്ങീത്...'
'ഓ പിന്നെ ഇങ്ങളല്ലേ ഇക്കാ ഇത്താത്താനെ ഇട്ട് പോയത്. സ്‌നേഹത്തെപ്പറ്റി പറയണ്ട.'
അവന്റെ മറുപടി വ്യക്തമല്ല. മേശവലിപ്പില്‍ ഇപ്പോഴും മയങ്ങുന്ന അവന്റെ കത്തുകള്‍ ചിരിയോടെ ഓര്‍ത്തു.
'ഇത്താത്ത നമ്മുടേതല്ലേ റഹ്മൂ....'
അവന്റെ സമവായം.
'അതിനേക്കാളൊക്കെ, കാരുണ്യത്തിന്റെ തമ്പുരാനേ, നീയെന്നെ സ്‌നേഹിക്കുന്നില്ലേ?' കണ്ണുകള്‍ ആകാശത്തുടക്കി. അതേയെന്ന് നക്ഷത്രക്കുഞ്ഞ് കണ്‍ചിമ്മി ചിരിച്ചു.
ദൂരെ എവിടെ നിന്നോ നകാരയുടെ ശബ്ദം.....എനിക്ക് തോന്നിയതാവുമോ?....... ആച്ചുട്ടിയുടെ ചോന്ത തട്ടം മഞ്ഞപ്പറക്കുന്നില്‍ ഇപ്പോഴും കാറ്റത്ത് ഇളകിയാടുന്നുണ്ടാവുമോ...?
(അവസാനിച്ചു)
സീനത്ത് ചെറുകോട്
2.2.1973-ന് മലപ്പുറം ജില്ലയിലെ ചെറുകോട് ജനനം. പിതാവ്: കൊക്കറണി അലവി. മാതാവ്: കന്നങ്ങാടന്‍ ഉണ്ണിപ്പാത്തു. കെ.എം.എം.എ. യു.പി സ്‌കൂള്‍ ചെറുകോട്, ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പി.എസ്.എം.ഒ കോളേജ്, ട.ട.ങ 0ഠ ഠക തിരൂരങ്ങാടി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എറിയാട് എ.യു.പി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. അധ്യാപകനായ മുഹമ്മദ് മുസ്ത്വഫയാണ് ഭര്‍ത്താവ്. ഇപ്പോള്‍ വണ്ടൂര്‍ എറിയാട് താമസം.