സംഗീതം പോലൊരു പെങ്ങള്‍

ആലങ്കോട് ലീലാകൃഷ്ണന്‍ No image

മരുമക്കത്തായ സമ്പ്രദായമുള്ള കുടുംബജീവിതമായിരുന്നു ഞങ്ങളുടേത്. മുത്തഛന്‍ നമ്പൂതിരിയായിരുന്നു. സ്വത്തുണ്ട്. എന്നാല്‍ അതൊന്നും തൊടാനുള്ള അവകാശമില്ല. സ്വത്ത് തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, പട്ടിണി, ദുരഭിമാനം മൂലം തറവാട്ടു മഹിമയുടെ പേരില്‍ പണിക്കൊന്നും പോകാനാവാത്ത അവസ്ഥ. ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലഘട്ടമായിരുന്നു ബാല്യകാലം.
മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ മണപ്പാടി തറവാടായിരുന്നു ഞങ്ങളുടേത്. അന്നത്തെ നായര്‍ തറവാടുകളില്‍ ഭര്‍ത്താവ് വന്നുപോകുന്ന ഒരാള്‍ മാത്രമാണ്. ഒരു പോക്കുപോയാല്‍ പിന്നെ കാണുന്നത് കുറേ കഴിഞ്ഞാണ്. ഇല്ലത്തെ ആശ്രയിച്ചായിരുന്നു തറവാട് കഴിഞ്ഞിരുന്നത്. ഭൂപരിഷ്‌കരണ നിയമവും മറ്റും ഇല്ലം ക്ഷയിക്കാന്‍ കാരണമായി. അത് തറവാടിനെയും ബാധിച്ചു. എന്തിനേറെ ഇല്ലത്തുനിന്നും കൊണ്ടുവരുന്ന കഞ്ഞിവെള്ളം പോലും കിട്ടാതെയായി.
ദാരിദ്ര്യം പിടിമുറുക്കിയപ്പോള്‍ അഛന്‍ ജോലി തേടി വണ്ടൂരിലേക്ക് പോയി. അന്നെനിക്ക് പ്രായം അഞ്ചു വയസ്സ്. എന്നെ തറവാട്ടില്‍ അമ്മമ്മയോടൊപ്പം നിര്‍ത്തി അഛന്റെ കൂടെ അമ്മയും അനുജത്തി വത്സലയും പോയി. ജീവിതത്തിലെ ആദ്യത്തെ ഒറ്റപ്പെടല്‍. പ്രത്യേകിച്ചും പെങ്ങളുടെ അസാന്നിധ്യം എന്നെ ഏറെ വേദനിപ്പിച്ചു. വത്സലക്കന്ന് മൂന്നു വയസ്സേയുള്ളൂ. അനുജത്തിയോടൊപ്പം കളിച്ചു നടക്കുന്ന പ്രായമല്ലേ. അവള്‍ പോയതോടെ ഞാനാകെ വിഷണ്ണനായി. രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. അതിനു ശേഷം ജനിച്ച സഹോദരങ്ങളാണ് നിര്‍മലയും വേണുഗോപാലനും.
ബാല്യകാലത്ത് രണ്ട് തരത്തിലുള്ള ദുരിതമാണ് ദാരിദ്ര്യം സമ്മാനിച്ചത്. ഒന്ന്, ദാരിദ്ര്യമുണ്ടെന്ന് പുറത്തറിയിക്കാന്‍ പാടില്ല. മുണ്ട് മുറുക്കി ഉടുക്കണം. കൂട്ടുകുടുംബ വ്യവസ്ഥയല്ലേ. അംഗങ്ങളേറെ. ഭക്ഷണം ആവശ്യത്തിനില്ല. മറ്റൊന്ന് ദുരഭിമാനമായിരുന്നു. ദാരിദ്ര്യവും ദുരഭിമാനവും ഒന്നിച്ചു വരുകയെന്നത് ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ ഒരനുഭവമാണ്. ദാരിദ്ര്യം വന്നാല്‍ നമുക്ക് സഹായത്തിന് ആരോടെങ്കിലും ചോദിക്കാം. എന്നാല്‍ ദുരഭിമാനം നമ്മെ സഹായഹസ്തം നീട്ടാന്‍ സമ്മതിക്കൂലാ. തറവാട്ടു മഹിമക്ക് കോട്ടം തട്ടുന്നതൊന്നും ചെയ്യാന്‍ പാടില്ല. മുഴുപ്പട്ടിണിയാണെങ്കിലും സഹായം തേടുകയോ ജോലിക്ക് പോവുകയോ അഭിമാനികള്‍ ചെയ്യില്ലെന്ന വിശ്വാസമായിരുന്നു തറവാട്ടില്‍.
അക്കാലത്ത് സ്‌കൂളില്‍ ഉച്ചക്കഞ്ഞി കൊടുത്തിരുന്നു. എന്നാല്‍ ആവശ്യമുള്ളവരുടെ പേര് നേരത്തേ കൊടുക്കണം. വീട്ടില്‍ കാര്യം പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ല. പലപ്പോഴും അമ്മ ഉണ്ടാക്കിത്തരുന്ന കരിപ്പട്ടി കാപ്പിയായിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം. സ്‌കൂളിന്റെ ഏതെങ്കിലും മൂലയില്‍ പോയിരുന്ന് ഞാനും അനുജത്തിയും അത് കുടിക്കും. അത്രക്കും പുറത്തുപറയാന്‍ പാടില്ലായിരുന്നു ഇല്ലായ്മക്കഥകള്‍.
ഇതിന്റെ ഫലമോ, വീട്ടില്‍ പട്ടിണി കൂടിക്കൂടി വന്നു. ചൈനാ യുദ്ധം കഴിഞ്ഞ സമയം. അരി കിട്ടാനില്ല. അരവയര്‍ പോലുമുണ്ടാവില്ല ഭക്ഷണം. അമ്മമാര്‍ കഴിക്കുന്നു പോലുമുണ്ടാവില്ല. ഉള്ളത് എല്ലാവര്‍ക്കും വീതിച്ചുനല്‍കും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എനിക്കാണെങ്കില്‍ എത്ര കിട്ടിയാലും മതിയാവൂലാ. കൂടുതല്‍ കിട്ടാന്‍ വാശി പിടിക്കും. അതുകൊണ്ടുതന്നെ എന്നെ എല്ലാവരും വിണ്ണക്കന്‍ എന്നാണ് വിളിക്കുക. എത്ര തിന്നാലും മതിയാവാത്തവന്‍ എന്നര്‍ഥം. രാത്രി കിടന്നാല്‍ ഉറക്കവും വരില്ല. വയറെരിയുകയല്ലേ?
അപ്പോള്‍ അനുജത്തി വത്സല ആരും കാണാതെ എന്റെയടുക്കല്‍ വന്ന് സ്വകാര്യമായി ചോദിക്കും.
''ഏട്ടാ... ഏട്ടന് എന്റെ ഓരി വേണ്ടേ?''
വത്സലയുടെ ഭക്ഷണ ഓഹരി പലപ്പോഴും അവള്‍ കഴിക്കില്ല. ഏട്ടന് വിശക്കുന്നുണ്ടെന്ന് അവള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവള്‍ക്ക് കിട്ടുന്നത് മാറ്റിവെക്കും. എന്നിട്ട് ആരും കാണാതെ എനിക്ക് കൊണ്ടുതരും. യാതൊരു മടിയുമില്ലാതെ ഞാനതു വാങ്ങി കഴിക്കും. അവള്‍ക്കുണ്ടോയെന്നു പോലും ഞാനന്ന് ഓര്‍ത്തിരുന്നില്ല. അവള്‍ ഉണ്ണാതെയാണ് എന്നെ ഊട്ടിയതെന്ന് ഇന്നോര്‍ക്കുമ്പോള്‍ നെഞ്ചകം പിടയുന്നു. അവളുടെ എത്രയോ 'ഓരി'കള്‍ ഞാന്‍ കഴിച്ചിട്ടുണ്ട്. ഇല്ലാത്ത ഭക്ഷണത്തിന്റെ വിഹിതമാണ് ഓരിയായി അവള്‍ നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ അവളോടുള്ള സ്‌നേഹബന്ധത്തിന്റെ ഇഴയടുപ്പം കൂടുതലാണ്.
ഞാന്‍ പത്താംതരം വിജയിച്ചു. എന്നാല്‍ കോളേജില്‍ പഠിക്കാന്‍ നിവൃത്തിയില്ല. കൂട്ടുകുടുംബത്തിലെ സ്വത്തു തര്‍ക്കങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍. വീട്ടിലെ സാഹചര്യം ആകെ മോശം. തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ച ഞാന്‍ കഥാ പ്രസംഗങ്ങള്‍ നടത്തിയും നാട്ടുകാരുടെ സഹായത്തോടെയും കോളേജില്‍ ചേര്‍ന്നു. എന്നാല്‍, യാത്രാ ചെലവിനും മറ്റും പണമില്ല. ഈ സമയത്ത് വീടിനടുത്ത് ഒരു ഉപദേശി കുടില്‍ വ്യവസായമായി വല നെയ്യുന്നുണ്ടായിരുന്നു. വത്സലയും വല നെയ്യാന്‍ തുടങ്ങി. ഒരു രൂപയായിരുന്നു കൂലി. ആ പണം അവള്‍ എനിക്ക് തരും, യാത്രാ ചെലവിന്. കുറേ കാലം ഞാനങ്ങനെ പഠിച്ചു.
പത്താംതരം വിജയിച്ചെങ്കിലും വത്സല കോളേജില്‍ ചേര്‍ന്നില്ല. പകരം അഛന്റെ സുഹൃത്ത് നടത്തിയ ബുക്ക് പ്രിന്റിംഗ് പ്രസ്സില്‍ ജോലിക്കു പോയി. ഒരു ദിവസം പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി അവളുടെ കൈ ചതഞ്ഞു. എന്നിട്ടും അവളതൊന്നും കാര്യമാക്കിയില്ല. ഞങ്ങള്‍ക്കു വേണ്ടി പെങ്ങള്‍ അധ്വാനിക്കുകയായിരുന്നു. എന്നാല്‍, ജോലിക്കു പോകുന്ന വിവരം ആരുമറിയാതിരിക്കാനും അവള്‍ ശ്രദ്ധിച്ചു.
ഭക്ഷണ കാര്യത്തില്‍ വത്സലക്കൊരു കൈപുണ്യമുണ്ട്. അവള്‍ വെക്കുന്ന കറികള്‍ക്ക് പ്രത്യേക രുചിയാണ്. ഒന്നുമില്ലാതിരുന്ന കാലത്ത് അവള്‍ വെക്കുന്ന പുളി വെള്ളത്തിനു പോലും നല്ല സ്വാദായിരുന്നു. പട്ടിണിക്കാലം കപ്പ കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി. കപ്പ മുറിച്ച് ഉണക്കി ഉരലില്‍ ഇട്ട് ഇടിച്ച് പൊടിയാക്കി അരച്ച് ദോശയും ഉപ്പുമാവും പുട്ടുമെല്ലാം ഉണ്ടാക്കി പെങ്ങള്‍ ഞങ്ങളുടെ വയര്‍ നിറച്ചു.
പ്രശ്‌നങ്ങളൊന്നും അവളെ തളര്‍ത്തിയിരുന്നില്ല. പ്രതിസന്ധികളെ മറികടക്കാന്‍ ഒരു പ്രത്യേക മിടുക്കാണ് വത്സലക്ക്. ചുറുചുറുക്കും ഉന്മേഷവും സദാ അവളില്‍ കാണാം. വിഷാദമുഖത്തോടെ ഞാനൊരിക്കലും അനുജത്തിയെ കണ്ടിട്ടില്ല. അവളുണ്ടെങ്കില്‍ വീടുണരും. എല്ലാവരിലും ഒരു പ്രത്യേക ഊര്‍ജം വന്നണയും. സ്ത്രീയുടെ സാന്നിധ്യം എപ്പോഴും ചൈതന്യവത്താക്കി മാറ്റുന്ന ഒരാളാണ് വത്സല.
സഹോദരിമാരുടെ വിവാഹം ഞാനാണ് നടത്തിയത്. സാമ്പത്തികമായി അഛന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. എനിക്ക് ജോലി കിട്ടിയതിനു ശേഷമാണ് നല്ല വസ്ത്രങ്ങള്‍ പോലും വാങ്ങിയത്.
സാത്വികനായ ഒരാളെയാണ് വത്സലക്ക് ഭര്‍ത്താവായി കിട്ടിയത്. അവളുടെ സ്വഭാവത്തിനു ചേര്‍ന്ന വ്യക്തി. കുടുംബജീവിതത്തില്‍ വളരെ കഷ്ടപ്പാടിലൂടെയാണവള്‍ കടന്നുപോയത്. ഭര്‍ത്താവിന് ജോലിയും വരുമാനവുമില്ല. വീടെല്ലാം വിറ്റു. വാടകവീട്ടിലായി താമസം. അപ്പോഴും ശുഭാപ്തി വിശ്വാസം പെങ്ങള്‍ കൈവെടിഞ്ഞില്ല. പതുക്കെ പതുക്കെ ജീവിതം പച്ച പിടിച്ചു. കഷ്ടപ്പാടുകള്‍ മാറി. ഇല്ലായ്മയില്‍ ആരെയും കുറ്റപ്പെടുത്തിയില്ല. നിരാശപ്പെട്ടതുമില്ല. ഉള്ളതില്‍ സന്തോഷം കണ്ടെത്തി. സുഖവും ദുഃഖവും ഒരേപോലെ വരവേറ്റു.
വര്‍ഷങ്ങള്‍ക്കു മുമ്പ് അഛന്‍ യാത്രയായി. പ്രായമായ അമ്മ ഇപ്പോള്‍ വത്സലയുടെ അടുത്താണ്. കുറച്ചുകാലം അമ്മ എന്റെ കൂടെയായിരുന്നു. ഒരു ഹോം നഴ്‌സിനെ വെക്കേണ്ടിവന്നു. എന്നാല്‍ വത്സലയുടെ അടുത്താകുമ്പോള്‍ എനിക്ക് സമാധാനമാണ്. അമ്മക്കുള്ള പരിചരണം എല്ലാം അവള്‍ നല്‍കും.
സഹോദരിയുടെ സ്ഥാനം പലപ്പോഴും അമ്മയുടെയും ഭാര്യയുടെയും മേലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. അമ്മമാര്‍ പത്തു മാസം പ്രസവിച്ച കണക്കു പറയുന്നു. ഭാര്യക്ക് കിടപ്പറ പങ്കിട്ടതിന്റെ അവകാശവും പറയാനുണ്ട്. എന്നാല്‍ പെങ്ങള്‍ക്ക് ഒരവകാശമേയുള്ളൂ, രക്തബന്ധത്തിന്റെ സ്വര്‍ണനൂലിഴ കോര്‍ത്തിണക്കിയതാണത്. അത് കളങ്കരഹിതമായ സ്‌നേഹമാണ്.
പെങ്ങന്മാരുള്ളവര്‍ ഭാഗ്യവാന്മാരാണ്. സഹോദരീസ്‌നേഹം അനുഭവിച്ചവരില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നേരെ ദുഷ്ചിന്ത ഉടലെടുക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പെങ്ങള്‍ എന്നുള്ളത് വല്ലാത്തൊരു പദവിയാണ്. ഇത് മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. സ്ത്രീയുടെ ഏറ്റവും മഹത്തായ പദവി ഉടപ്പിറന്നവള്‍ എന്നാണെന്നു ഞാന്‍ കരുതുന്നു. സ്ത്രീ സത്തയുടെ ഔന്നത്യം കാണുന്നത് പെങ്ങള്‍ എന്ന പദവിയിലാണ്. അവിടെ ഉപാധിരഹിതമായ സ്‌നേഹമാണ് നിലകൊള്ളുന്നത്. സ്ത്രീയുടെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും അളവ് ആര്‍ജിക്കാന്‍ ഒരിക്കലും പുരുഷന് സാധ്യമല്ല. ജീവിതകാലം മുഴുവന്‍ അവള്‍ നല്‍കുന്നത് ആത്മീയ, മാനസിക പിന്തുണയാണ്. അത് സാന്ത്വനം കൂടിയാണ്.
എന്റെ വളര്‍ച്ചയിലും പ്രശസ്തിയിലും കളങ്കമില്ലാതെ അനുജത്തി വത്സല സന്തോഷിക്കുന്നു. അവളുടെ സ്‌നേഹം സാഹോദര്യബന്ധങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. വത്സലയും നിര്‍മലയും നല്ല കൂട്ടാണ്. അനുജനോടുള്ള സ്‌നേഹവും അവള്‍ കാത്തുസൂക്ഷിക്കുന്നു. ലോകപ്രശസ്തനായ ചേട്ടനെന്നു പറഞ്ഞ് പെങ്ങള്‍ പിന്നെയും എന്നിലേക്കടുക്കുന്നു; സ്‌നേഹസാന്ദ്രമായ സംഗീതം പോലെ.


തയാറാക്കിയത്: ശശികുമാര്‍ ചേളന്നൂര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top