കുറിപ്പുകള്‍

ഫൈസല്‍ കൊച്ചി No image

ഇതു ഹോട്ടല്‍ ബക്ക സാലഹ്. നേരേ നോക്കിയാല്‍ കാണുന്നത് മാരിയട്ട്. തൊട്ടപ്പുറത്തുള്ളത് ഫന്‍ദഖ് ശുഹദാഹ്. എതിര്‍വശത്ത് മൂന്നാംനമ്പര്‍ വാഷ് റൂം. അവിടെ നിന്നും നേരെ നോക്കുന്നത് കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ്. സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷമാണ് നാം ഉംറ നിര്‍വഹിക്കുന്നത്. എല്ലാവരും റെഡിയാവുക. വഴിതെറ്റിയെന്നു തോന്നിയാല്‍ സ്വന്തമായി വഴി കണ്ടെത്താന്‍ ശ്രമിക്കരുത്. നിങ്ങളുടെ ടാഗിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ബാക്കി നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കാം.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം മുര്‍ശിദ് (1) വീണ്ടും വിളിച്ചു പറഞ്ഞു.
ഒരു പത്തു രിയാല്‍ എല്ലാ പുരുഷന്മാരും കൈയില്‍ കരുതണം. മുടി വടിക്കാനാണ്. മറ്റു വിലപിടിപ്പുള്ളതൊന്നും കൈയിലെടുക്കരുത്. സ്ത്രീകള്‍ മുറിയില്‍ തിരിച്ചുചെന്നാണ് മുടി മുറിക്കേണ്ടത്. 
അപ്പോഴാണ് ഞാന്‍  ആ കുറിപ്പുകളെ കുറിച്ചോര്‍ത്തത്. യാത്ര ചോദിക്കുമ്പോള്‍ തന്നെ എല്ലാവരും പറഞ്ഞിരുന്നു. പ്രാര്‍ഥിക്കണം. മകളുടെ കല്യാണമാണ്. മകന് പരീക്ഷയാണ്. കച്ചവടം മന്ദഗതിയിലാണ്. വീടു നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. കടബാധിതനാണ്.
ഇതെല്ലാം ചെറുകുറിപ്പുകളായി എഴുതിത്തന്നാല്‍ വലിയ ഉപകാരം. അടുത്ത കാലത്തായി മറവി കുറച്ചു കൂടുതലാണ്.
മുടി വടിക്കാനുള്ള പത്തു രൂപയെടുത്ത് ഇഹ്‌റാം വസ്ത്രത്തിനൊപ്പമുള്ള പേഴ്‌സില്‍ തിരുകിവെച്ചു. ഹോട്ടലിനു പുറത്ത് മുര്‍ശിദ് അപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്.
ഹറമില്‍ നല്ല തിരക്കുള്ള സമയമാണ്. നാം ഒന്നിച്ചാണ് ഉംറ നിര്‍വഹിക്കുക. കര്‍മങ്ങളുടെ വേളയില്‍ കൂട്ടം  തെറ്റിപ്പോയാല്‍ ആളെ അന്വേഷിച്ചു നടക്കരുത്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. എന്റെ ഈ കുട ഒരടയാളമാണ്. ഞാനത് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നുണ്ടാകും.
മനസ്സപ്പോഴേക്കും കഅ്ബയുടെ അടുത്തെത്താനുള്ള വെമ്പലിലായിരുന്നു. ഇന്നലെ രാത്രി തന്നെ കഅ്ബ കാണണമെന്ന് ആശിച്ചതാണ്. മുര്‍ശിദ് തടഞ്ഞു.
ഇന്നു രാത്രി നന്നായി വിശ്രമിക്കുക. നാളെ ഫ്രഷായി കഅ്ബ കാണാം, ഉംറ നിര്‍വഹിക്കാം.
മുര്‍ശിദ് പലതവണ വരുന്നതു കൊണ്ടാകണം അയാളുടെ മുഖത്ത് കഅ്ബ കാണുന്ന ആവേശമൊന്നും അനുഭവപ്പെട്ടില്ല.
പൊതുവെ വിജനമായി തോന്നിയ ബീര്‍ബലീല ഗല്ലിയില്‍നിന്നും പ്രധാന പാതയിലേക്ക് തിരിഞ്ഞപ്പോഴേക്കും ഒഴുകിയെത്തിയ ആര്‍ത്തലച്ച തിരമാല കണക്കെയുള്ള ജനക്കൂട്ടത്തിലേക്ക് അറിയാതെ ഉള്‍ച്ചേരുകയായിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള ഒരു സംഘം ഏറെ ഉത്സാഹത്തോടെ ഞങ്ങളെ അരികിലാക്കി മുന്നോട്ടുകുതിക്കുകയും ചെയ്തു. കുളമ്പ് കല്ലിലടിച്ചു തീപ്പൊരി പാറിച്ചെന്ന കണക്കെ ജനമധ്യത്തിലൂടെ ഞങ്ങളും വേഗത വീണ്ടെടുത്തു. മാര്‍ബിള്‍ വിരിച്ച മൈതാനത്തെ ഒഴിഞ്ഞ മൂലയിലെത്തിയപ്പോള്‍ മുര്‍ശിദ് നടത്തം സാവധാനത്തിലാക്കി. അനുസരണയുള്ള ഒട്ടകങ്ങളെപ്പോലെ ഞങ്ങളും.
ആ കവാടത്തിലൂടെ നേരേ നോക്കൂ. ഇപ്പോള്‍ കണ്ണാലെ കാണുന്നത് കഅ്ബയാണ്. മുര്‍ശിദ് ചൊല്ലിത്തന്നുതുടങ്ങി.
അല്ലാഹുമ്മ സിദ് ഹാദല്‍ ബയ്ത്ത തശ് രീഫന്‍ വ തഅ്‌ളീമന്‍ വ മഹാബത്തന്‍ വസിദ് മന്‍ ശറഫഉ വ അള്ളമഹു മിമ്മന്‍ ഹജ്ജ അവിഅ്ത്തമറ...(2)
പിന്നെ ഞാനെവിടെയാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ലായിരുന്നു. മുന്നില്‍ ഇപ്പോള്‍ അലയടിച്ച സമുദ്രം പോലെയുള്ള ജനക്കൂട്ടമില്ല. ഉള്ളതു ഞാനും കഅ്ബയുടെ നാഥനും മാത്രം. നിറച്ചുവെച്ചിരിക്കുന്ന ഡബ്ബകളില്‍നിന്നും അല്‍പ്പം സംസം ജലമെടുത്തു മനസ്സൊന്നു തണുപ്പിച്ചപ്പോഴേക്കും സ്വുബ്ഹ് ബാങ്ക് മിനാരങ്ങളെ തഴുകി പരന്നൊഴുകിത്തുടങ്ങി.
തിക്കിനും തിരക്കിനുമിടയില്‍ ഞാന്‍ എത്തിപ്പെട്ട മൂലയില്‍നിന്ന് നോക്കിയാല്‍ ബാങ്കു വിളിക്കുന്നയാളെ കാണാമായിരുന്നു. മാലാഖമാരെ പോലെയുള്ള ധാരാളം സേവകര്‍ ചുറ്റുഭാഗത്തുമുണ്ട്. ബാങ്ക് കഴിഞ്ഞതും ഞെങ്ങിഞെരുങ്ങി വരിയൊപ്പിച്ചു നിന്നു. പെട്ടെന്നെല്ലാവരും എഴുന്നേറ്റുനില്‍ക്കുന്നു. നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഇമാം കടന്നുവരികയാണ്. സംസം കിണറിന്റെ വര്‍ക്ക് നടക്കുന്നതിനാല്‍ മത്വാഫിലേക്ക് ഇഹ്‌റാം വസ്ത്രമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. ഇമാം നില്‍ക്കുന്നതും അതിനടുത്ത ഒരു മൂലയിലാണ്. ഈത്തപ്പഴവും കഹ്‌വയും അവിടെ ഇടക്കിടക്ക് വിതരണം ചെയ്യുന്നുണ്ട്. ഊദ് കൈകളില്‍ തേച്ചുകൊടുത്തും മുഖമുരുമ്മിയും സ്വഫില്‍ നില്‍ക്കുന്നവര്‍ സ്‌നേഹപ്രകടനങ്ങളിലേര്‍പ്പെടുന്നുമുണ്ട്. സുന്നത്ത് നമസ്‌കാരം കഴിഞ്ഞതും ജമാഅത്ത് നമസ്‌കാരം ആരംഭിച്ചു. പാറ പിളര്‍ന്നു തെളിനീരൊഴുകുന്നതു പോലെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. ചിലര്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.
അസ്സലാമു അലൈകും യാ ഹബീബീ..
കൈകള്‍ നീട്ടിയെനിക്ക് അഭിവാദ്യം ചെയ്യുന്നത് ഒരു പയ്യനാണ്. പതിനേഴിനടുത്ത പ്രായം. മുഖത്ത് ഈമാനിന്റെ ആനന്ദഭാവം. കണ്ണുകളില്‍ പ്രത്യാശയുടെ  തിളക്കം. വീല്‍ ചെയറിലിരുന്നാണ് ആവേശത്തോടെ എന്റെ നേരെ കൈ നീട്ടുന്നത്.
വഅലൈകുമുസ്സലാം ഹബീബീ... കൈഫല്‍ ഹാല്‍...
അവനെ വാരിപ്പുണര്‍ന്നാണ് ഞാന്‍ പ്രത്യഭിവാദം ചെയ്തത്.
എല്ലാവരോടും അവന്‍ സലാം പറയുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും പോക്കറ്റില്‍ എന്തോ ഒന്നു തിരുകിവെക്കുകയും ചെയ്യുന്നുണ്ട്. കുറേനേരം ഞാന്‍ ആ കാഴ്ച കണ്ടുനിന്നു. മുര്‍ശിദിന്റെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോഴേക്കും ത്വവാഫിന്റെ നിയ്യത്തുമായി മത്വാഫിലേക്കിറങ്ങി. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞതിനാലാകണം വലിയ തിരക്കു തോന്നിത്തുടങ്ങിയിട്ടില്ല. കഅ്ബയുടെ അരികിലെത്തിയപ്പോഴാണ് പ്രാര്‍ഥനയുടെ കുറിപ്പുകളെ കുറിച്ച് ഓര്‍മ വന്നത്. അത് റൂമില്‍ തന്നെ ഇരിക്കുകയാണ്. ഓര്‍മയില്‍നിന്നെടുത്ത് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കഅ്ബയുടെ നാഥനു മുന്നില്‍ വിനയത്തോടെ സമര്‍പ്പിച്ചപ്പോഴേക്കും കണ്ണുകള്‍ കലങ്ങിയിരുന്നു. സഅ്‌യിനും മുടിവടിക്കലിനും ശേഷം ഇഹ് റാമില്‍നിന്ന് മുക്തനായി റൂമില്‍ തിരിച്ചെത്തിയപ്പോഴും ഹബീബീയെന്ന വിളി മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. എടുക്കാന്‍ മറന്നുവെച്ച കുറിപ്പുകള്‍ മേശപ്പുറത്തിരുന്നു എന്നെ തറച്ചുനോക്കി. 
ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സ് ഹറമിനു ചുറ്റും വേഗതയുള്ള നടത്തത്തില്‍ തന്നെയായിരുന്നു. മുറി തുറന്ന് പുറത്തിറങ്ങാന്‍ മറ്റു കാരണങ്ങളൊന്നും വേണ്ടിവന്നില്ല. സൂര്യന്‍ തലക്കുമുകളില്‍ വന്നു നില്‍ക്കുന്നതുപോലെ. മാര്‍ബിള്‍ മൈതാനങ്ങളില്‍നിന്നും ആവി പറക്കുന്നു. സബീല്‍ സബീല്‍ എന്നു വിളിച്ചുപറഞ്ഞു ജ്യൂസും വെള്ളവും ലബനും യഥേഷ്ടം വിളമ്പുന്നുണ്ട്. ഹറമും പരിസരവും വൃത്തിയാക്കുന്നവര്‍ ജോലിയില്‍ തന്നെ ശ്രദ്ധിക്കുകയാണ്. എസ്‌കലേറ്റര്‍ ഇറങ്ങി ഇമാം നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പതിവ് ആള്‍ക്കൂട്ടം അവിടെ തടിച്ചുകൂടിയിരിക്കുന്നു. തിങ്ങിനിറഞ്ഞ സ്വഫിനിടയില്‍ രണ്ടു പേര്‍ (അഫ്ഗാനികളാണെന്നു തോന്നുന്നു) കനിഞ്ഞു നല്‍കിയ ഒഴിവില്‍ കയറിനിന്നു. അപ്പോഴുണ്ട് വീല്‍ചെയറിലെ ആ ബാലന്‍ നാലഞ്ചു ആളുകളോടൊപ്പം വരുന്നു. അവന് വഴികാട്ടിയായി തുര്‍ക്കിക്കാരനായ ഒരാള്‍ മുന്നിലുണ്ട്. അതവരുടെ മുര്‍ശിദായിരിക്കും. കാണുന്നവര്‍ക്കെല്ലാം അവന്‍ ഹസ്തദാനത്തോടെ സലാം ചൊല്ലുന്നുണ്ടായിരുന്നു. ഒപ്പം എല്ലാവരുടെയും പോക്കറ്റില്‍ ഒരു കടലാസു കഷ്ണം തിരുകിവെക്കുകയും ചെയ്യുന്നുണ്ട്. എന്നെ കണ്ടതും അല്‍പ്പം ആവേശത്തോടെ അസ്സലാമു അലൈകും യാ ഹബീബീ എന്നു പറയുകയും കടലാസ് കഷ്ണം കൈയില്‍ തരികയും ചെയ്തു. അവ്യക്തമായ കൈപ്പടയില്‍ അറബിയിലുള്ള ചില വാചകങ്ങള്‍. ഏറെ പണിപ്പെട്ടിട്ടും വായിക്കാന്‍ കഴിഞ്ഞില്ല. ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമെന്നു കരുതി അതു പോക്കറ്റില്‍ തന്നെ വെച്ചു.
തൂണിനരികില്‍ വീല്‍ചെയര്‍ ചേര്‍ത്തുവെച്ച് അവനൊരു മുസ്വ്ഹഫ് എടുത്തുകൊടുത്തതിനു ശേഷം മുര്‍ശിദായ തുര്‍ക്കിക്കാരന്‍ വന്നിരുന്നത് എന്റെയടുത്തായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ ഞാന്‍ അയാളോട് ചില അന്വേഷണങ്ങള്‍ നടത്തിത്തുടങ്ങി. എല്ലാം അവനെ കുറിച്ചായിരുന്നു. വിശുദ്ധ മന്ദിരത്തിന്റെ മുന്നിലിരുന്ന് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് കണ്ണില്‍ കാണുന്നതുപോലെ തോന്നി.
സുഹൈല്‍ ഹനാന്‍. സിറിയയില്‍നിന്നാണ്. അറബ് വസന്തത്തിന്റെ ആവേശത്തില്‍, 'ഞങ്ങള്‍ക്ക് തുറന്ന ആകാശവും വായുവും വേണം' എന്ന് ചുമരില്‍ എഴുതിവെച്ച ദര്‍അയിലെ പതിനഞ്ചു സ്‌കൂള്‍ കുട്ടികളില്‍ ഒരാള്‍. അവര്‍ കോറിയിട്ട ചുമര്‍ ചിത്രങ്ങളില്‍നിന്ന് കത്തിപ്പടര്‍ന്ന തീജ്ജ്വാല ഭരണകൂടത്തെ ഭയപ്പെടുത്തി. പിന്നെയവന്‍ പുറംലോകം കണ്ടിട്ടില്ല. കുട്ടികളെ അന്വേഷിച്ചിറങ്ങിയ പൗര പ്രമുഖരോട് നഗര ഗവര്‍ണര്‍ പറഞ്ഞുവത്രെ; കുട്ടികളുടെ കാര്യം മറന്നേക്കുക. എത്രയും വേഗം ഭാര്യമാരോടൊത്തു ശയിച്ചു പുതിയ കുട്ടികളെ ഉണ്ടാക്കുക. മൂന്നു വര്‍ഷം നീണ്ട മര്‍ദനമുറകളുടെ ശേഷിപ്പാണ് വീല്‍ചെയറിലിരിക്കുന്നത്. മരണമുറപ്പിച്ചാണ് പട്ടാളക്കാര്‍ നദിയിലേക്ക് വലിച്ചെറിഞ്ഞത്. വന്നടിഞ്ഞത് തുര്‍ക്കിതീരത്ത്. പ്രാണന്‍ പോകാതിരുന്നത് നാഥന്റെ അനുഗ്രഹം. തുര്‍ക്കിയുടെ സഹായത്തോടെ ഇപ്പോള്‍ ഇവിടെ വരെയെത്തി. ഉംറ നിര്‍വഹിച്ചു. റമദാനില്‍ ഹറമില്‍ ചെലവഴിച്ച് ഹാഫിളാകണമെന്നാണ് ആഗ്രഹം. പെരുന്നാളിന് ജന്മനാടായ ദര്‍അയില്‍ പോകുമെന്നും ഉമരീ മസ്ജിദില്‍ ഇമാമാകുമെന്നുമാണ് പറയുന്നത്. 
സുഹൈല്‍ അപ്പോഴും ഖുര്‍ആന്‍ പാരായണത്തില്‍ തന്നെയായിരുന്നു. ളുഹ്ര്‍ നമസ്‌കാരത്തിനായുള്ള ശ്രുതിമധുരമായ ബാങ്ക് കണ്ണുകളെ നനയിപ്പിച്ചു. 
നമസ്‌കാരം കഴിഞ്ഞതും എല്ലാവരും ക്ലോക്ക് ടവറിനു താഴെ ഒന്നിച്ചു.
മുര്‍ശിദ് പറഞ്ഞു തുടങ്ങി. നാളെയാണ് നമ്മുടെ സിയാറത്ത്. മക്കയിലെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങള്‍ നാം സന്ദര്‍ശിക്കും. ഹുദൈബിയ്യയില്‍ പോകും. നബി (സ) ഹുനൈന്‍ യുദ്ധം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ഇഹ്‌റാമില്‍ പ്രവേശിച്ച ജിഅ്‌റാനയില്‍ വെച്ചു നാം രണ്ടാമത്തെ ഉംറക്കായുള്ള നിയ്യത്തുവെക്കും. എല്ലാവരും ഇഹ്‌റാം വസ്ത്രവുമായി രാവിലെ ആറു മണിക്കു തന്നെ ബസില്‍ കയറണം. ഇന്‍ശാ അല്ലാഹ്.
നാളെ രാവിലെ എന്തായാലും കുറിപ്പുകള്‍ കൂടെ കരുതണം. ഉറ്റവരുടെ പ്രാര്‍ഥനകള്‍ അമാനത്താണ്. കഴിയുമെങ്കില്‍ മുല്‍തസിമില്‍ പറ്റിപ്പിടിച്ചു  കിടന്ന് തന്നെ സങ്കടങ്ങള്‍ സമര്‍പ്പിക്കണം.
ജിഅ്‌റാനയിലെ ഇഹ്‌റാമും ഉംറയുടെ ത്വവാഫും സഅ്‌യും വേഗത്തില്‍ പൂര്‍ത്തിയാക്കി. മുടി മുറിക്കുന്നതിനു മുമ്പ് മത്വാഫിലേക്കിറങ്ങി. ജനക്കൂട്ടത്തെ കീറിമുറിച്ച് കഅ്ബയുടെ അടുത്തെത്തി. മുല്‍ത്തസിമില്‍ പിടിച്ചു നിന്നു കുറിപ്പുകളെടുത്തു പ്രാര്‍ഥിക്കാന്‍ തുടങ്ങി. കണ്ണുകളാണ് നാഥനോട് കാര്യങ്ങള്‍ വിവരിച്ചത്. മുടി മുറിച്ചു കഴിഞ്ഞതും മനസ്സ് കിതച്ചുകൊണ്ട് ഇമാം നമസ്‌കരിക്കുന്ന ഭാഗത്തേക്ക് പാഞ്ഞു. സ്വഫ് തിങ്ങിനിറഞ്ഞുനില്‍ക്കുകയാണ്. തൂണിനടുത്ത് പക്ഷേ വീല്‍ചെയര്‍ മാത്രമില്ല. പിന്നീടുള്ള നമസ്‌കാരങ്ങളിലൊക്കെയും വീല്‍ചെയര്‍ തള്ളി തുര്‍ക്കിക്കാരനായ മുര്‍ശിദും കടന്നുവന്നില്ല. 
നുഖ്ബ ഹോട്ടലിലാണ് സാധാരണ തുര്‍ക്കികള്‍ കൂടുതലായും താമസിക്കുന്നതെന്നറിഞ്ഞ് വൈകുന്നേരം അവിടെയെത്തി. മുര്‍ശിദ് ലോബിയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ചുറ്റും ധാരാളം തുര്‍ക്കികളും. അയാള്‍ ആരുമായോ ഫോണില്‍ സംസാരിക്കുകയാണ്. എന്നെ കണ്ടതും അയാള്‍ സംസാരം നിര്‍ത്തി. 
സുഹൈല്‍ ഹനാന്‍. എനിക്കവനെയൊന്ന് കാണണമെന്നു തോന്നി.
മുറിയന്‍ ഇംഗ്ലീഷിലുള്ള അന്വേഷണത്തിന് നാളെയെന്ന് അയാള്‍ ആംഗ്യം കാണിച്ചു. സന്തോഷത്തോടെ ഞാന്‍ ഹറമിലേക്ക് തിരിച്ചു. പതിവായി അവന്റെ വീല്‍ചെയറിരുന്ന ഭാഗത്തുതന്നെ നിന്ന് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ചു. 
രാത്രി റൂമിലെത്തിയതും മുര്‍ശിദ് അന്വേഷിച്ചതായറിഞ്ഞു. അടുത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു:
യാ ഹബീബീ... താങ്കളെപ്പോഴും ഒറ്റക്കാണല്ലോ ഹറമില്‍ പോകുന്നതും വരുന്നതുമെല്ലാം. എന്താ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
മറുപടി ചെറിയ ചിരിയിലൊതുക്കി. 
മുര്‍ശിദ്, ഒറ്റക്ക് നാഥനെ കണ്ടുമുട്ടാനുള്ളവരല്ലേ നമ്മള്‍
മനസ്സ് അപ്രകാരമാണ് മന്ത്രിച്ചത്. 
അന്നു രാത്രിക്ക് നല്ല നീളമുണ്ടായിരുന്നു. സ്വുബ്ഹ് നമസ്‌കാരാനന്തരം ഞാന്‍ ഫന്‍ദഖ് നുഖ്ബയിലേക്ക് പാഞ്ഞു. മുര്‍ശിദ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ അയാള്‍ നടന്നു. പുറകെ ഞാനും. ക്ലോക്ക് ടവര്‍, ബാബുസ്സലാം, സല്‍അ് പര്‍വതം, അബൂലഹബിന്റെ വീടിരുന്ന സ്ഥലം തുടങ്ങിയ ഹറമിന്റെ ഭാഗങ്ങള്‍ വേഗത്തില്‍ പിന്നിലാക്കി മസ്ജിദ് ജിന്നും മറികടന്ന് അയാള്‍ ചെറിയ ചെറിയ കുറേ കല്ലുകള്‍ പെറുക്കിവെച്ചിരിക്കുന്ന മനോഹരമായ മൈതാനത്തെത്തി. പുതുതായി പെറുക്കിവെച്ച ഒരു കല്ലിന്റെ മുന്നിലിരുന്നു അയാള്‍ വിതുമ്പി.
ഇതാ, ഇവിടെയുണ്ട് അവന്‍.
ജന്നത്തുല്‍ മുഅല്ലയിലാകെ(3) വസന്തം വിരിഞ്ഞുനില്‍ക്കുന്നതുപോലെ തോന്നി. കുഞ്ഞു ഖബ്‌റില്‍നിന്ന് സ്വര്‍ഗത്തിന്റെ സുഗന്ധം പരന്നൊഴുകി. 
എന്റെ കീശയില്‍ അവന്‍ വെച്ചു തന്ന കുറിപ്പെടുത്തു മുര്‍ശിദിനു നല്‍കി. അയാളതു പതുക്കെ നിവര്‍ത്തി.
അസ്സലാമു അലൈകും യാ ഹബീബീ,
ഇസ്മീ സുഹൈല്‍ ഹനാന്‍. അന മിന്‍ സൂരിയ. അത്തമന്നാ അന്‍ അകൂന മിനശ്ശുഹദാഅ്. വലാ തന്‍സാനീ ഫീ ദുആഇകും.(4)
ഉറ്റവര്‍ പ്രാര്‍ഥിക്കാനേല്‍പ്പിച്ച കുറിപ്പുകള്‍ എന്റെ മനസ്സില്‍ മീസാന്‍ കല്ലുകളുടെ കനം തൂക്കി.

                                                                        
.........................................
1. ഉംറ സംഘങ്ങളുടെ തലവന്‍
2. ആദ്യമായി കഅ്ബ കാണുമ്പോഴുള്ള പ്രാര്‍ഥന
3. മക്കയിലെ ഖബ്‌റിസ്ഥാന്‍
4. സലാം പ്രിയ സുഹൃത്തേ. എന്റെ പേര് സുഹൈല്‍ ഹനാന്‍. ഞാന്‍ സിറിയയില്‍ നിന്നാണ്. ശഹീദാകണമെന്നാണ് എന്റെ ആഗ്രഹം. താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെ മറക്കരുത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top