വാര്‍ത്ത വായിക്കുന്നത് താഹിറ റഹ്മാന്‍
യാസീന്‍ അശ്‌റഫ്
സെപ്റ്റംബര്‍ 2018
യു.എസിലെ ഇലിനോയ്, അയോവ പ്രദേശങ്ങളടങ്ങുന്ന, നാലു ലക്ഷം ജനസംഖ്യയുള്ള മേഖലയിലെ പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ് 'ലോക്കല്‍ 4 ന്യൂസ്.' കഴിഞ്ഞ ഫെബ്രുവരിയിലൊരു സന്ധ്യ. ചാനലിന്റെ ആറു മണി വാര്‍ത്തക്ക് കൗണ്ട് ഡൗണായിരിക്കുന്നു.
യു.എസിലെ ഇലിനോയ്, അയോവ പ്രദേശങ്ങളടങ്ങുന്ന, നാലു ലക്ഷം ജനസംഖ്യയുള്ള മേഖലയിലെ പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ് 'ലോക്കല്‍ 4 ന്യൂസ്.' കഴിഞ്ഞ ഫെബ്രുവരിയിലൊരു സന്ധ്യ. ചാനലിന്റെ ആറു മണി വാര്‍ത്തക്ക് കൗണ്ട് ഡൗണായിരിക്കുന്നു.
വാര്‍ത്ത വായിക്കാന്‍ തയാറായി ഇരിക്കുന്നു, ഒരു ഇരുപത്തേഴുകാരി. കൈയില്‍ വാര്‍ത്താകുറിപ്പ് കടലാസ് മടക്കിപ്പിടിച്ചിരിക്കുന്നു. ഇടക്ക് അതില്‍ നോക്കി പതുക്കെ ചുണ്ടനക്കി വായിച്ചു നോക്കുന്നു.
താഹിറ റഹ്മാന്‍ ആദ്യമായി വാര്‍ത്താ അവതാരകയുടെ ചുമതലയേല്‍ക്കുകയാണ്.
തുടങ്ങാന്‍ സെക്കന്റുകള്‍ മാത്രം. താഹിറ അവസാനമായി മുഖമൊക്കെ ശരിയാക്കി. ലേപ്പല്‍ മൈക്ക് ഉടുപ്പിന്മേല്‍ ഉറപ്പിച്ചു.
കാമറ റണ്ണിംഗ്. താഹിറ റഹ്മാന്‍ അനേകായിരം ടി.വി സ്‌ക്രീനുകളില്‍ ലൈവായിരിക്കുന്നു. ഒഴുക്കോടെ, സ്വാഭാവികതയോടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു.
ചാനല്‍ പിന്നീട് അറിയിച്ചു: അമേരിക്കയുടെ ടെലിവിഷന്‍ ചരിത്രത്തില്‍ ഇതുമൊരു ചരിത്രം. ഇവിടത്തെ മുഖ്യധാരാ ചാനലുകളില്‍ ആദ്യമായി ഹിജാബ്ധാരിണിയായ ഒരു പെണ്‍കുട്ടി സ്ഥിരം അവതാരകയാകുന്നു.
എഴുത്തിലും വാര്‍ത്തയെഴുത്തിലും മീഡിയ രംഗത്തും സ്‌കൂള്‍ കാലം തൊട്ടേ താഹിറ സജീവമായുണ്ട്. 2016 മുതല്‍ 'ലോക്കല്‍ 4 ന്യൂസി'ല്‍ പ്രൊഡ്യൂസറുമാണ്. പക്ഷേ അവളുടെ സ്വപ്‌നം വാര്‍ത്താ അവതാരകയാവുക എന്നതായിരുന്നു.
എളുപ്പമായിരുന്നു അത്.
ടി.വിയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നവര്‍ ഹിജാബ് ധരിക്കാറില്ല. 2001 സെപ്റ്റംബര്‍ 11-ന് ശേഷം 'ഹിജാബി'കളെ പലര്‍ക്കും കണ്ടുകൂടതാനും. താഹിറ തന്നെ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് അവതാരകയാകുന്നത്. 'വര്‍ഷങ്ങളായി ഞാന്‍ പ്രാര്‍ഥിക്കുന്നു, ആളുകളുടെ ഹൃദയങ്ങള്‍ക്ക് കട്ടികുറയണേയെന്ന്. ഭീതിയും തെറ്റിദ്ധാരണകളും നിറഞ്ഞ ഈ ലോകത്തിന് വെളിച്ചം കിട്ടണേയെന്ന്' - താഹിറ പറയുന്നു.
*
ജേണലിസം, ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ് വിഷയങ്ങളെടുത്ത് ബിരുദം സമ്പാദിച്ച ശേഷം താഹിറ റഹ്മാന്‍ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനില്‍ പ്രൊഡ്യൂസറായി. 'സി.ബി.എസ് ഈവ്‌നിംഗ് ന്യൂസി'ലും 'അല്‍ജസീറ ഇംഗ്ലീഷി'ലും ഇന്റേണ്‍ഷിപ്പ്.
'ലോക്കല്‍ 4 ന്യൂസി'ല്‍ പ്രൊഡ്യൂസറായ ശേഷവും വാര്‍ത്താ അവതാരകയാകാനായി ശ്രമം. കഴിവുണ്ട്. അത്യാവശ്യം ജോലിപരിചയമുണ്ട്. ഒറ്റ തടസ്സം: ഹിജാബ്.
ജേണലിസം ബിരുദവുമായി 2013-ല്‍ പുറത്തിറങ്ങിയതുമുതല്‍ അവളത് അറിഞ്ഞതാണ്.
താന്‍ പഠിച്ച ലൊയോള യൂനിവേഴ്‌സിറ്റി ഷിക്കാഗോയിലെ പ്രഫസര്‍മാരും മറ്റ് അഭ്യുദയകാംക്ഷികളും ഒളിഞ്ഞും തെളിഞ്ഞും അവള്‍ക്കത് പറഞ്ഞുകൊടുത്തിരുന്നു.
'സി.ബി.സി ഈവ്‌നിംഗ് ന്യൂസ്' ചാനലില്‍ ഇന്റേണായിരിക്കെ ഒരു പ്രൊഡ്യൂസര്‍ തുറന്നു ചോദിച്ചു: 'നിനക്ക് ഇഷ്ടപ്പെട്ട ചാനലില്‍, ഇഷ്ടപ്പെട്ട ന്യൂസ് റീഡര്‍ പോസ്റ്റ് കിട്ടിയെന്നു വെക്കുക. തലയിലെ സ്‌കാര്‍ഫ് നീക്കണമെന്ന് അവരാവശ്യപ്പെട്ടാല്‍ അത് ചെയ്യുമോ?'
'ഇല്ല' - അവള്‍ പറഞ്ഞു.
'ശരി. എങ്കില്‍ തിരിച്ചും ഒരുപാട് 'ഇല്ല'കള്‍ കേള്‍ക്കാന്‍ തയാറായിക്കോളൂ.'
അവള്‍ കേട്ടു, പലതവണ. മൂന്നുവര്‍ഷം നിരന്തരമായി അപേക്ഷകളയച്ചു; തിരസ്‌കരിക്കപ്പെട്ടു.
പലരും ഹിജാബ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് താഹിറ മനസ്സിലാക്കി.
'നമ്മുടെ സ്വപ്‌നത്തില്‍നിന്ന് നമ്മെ വേര്‍പ്പെടുത്തുന്നത് ഒരു തുണ്ടം തുണിയാണെങ്കില്‍ അതുമൊന്ന് കാണണമല്ലോ' എന്നായി അവള്‍. 'അതെടുത്ത് മാറ്റിയാല്‍ എനിക്ക് കാര്യങ്ങള്‍ അത്രയും എളുപ്പമാകും. ഇപ്പോഴത്തേതു പോലെ വിദ്വേഷം സഹിക്കേണ്ടി വരില്ല... പക്ഷേ, ഞാന്‍ എന്താണോ അതല്ലാതായിക്കൊണ്ടേ ജോലി കിട്ടൂ എന്ന് വരരുതല്ലോ.'
ഹിജാബ് ധരിക്കാത്തവര്‍ക്ക് അതാവും ശരി. പക്ഷേ, അത് ധരിക്കാനുള്ള സ്വാതന്ത്ര്യവും വേണമല്ലോ.
*
അവള്‍ക്ക് പ്രോത്സാഹനവും ലഭിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് സഹപ്രവര്‍ത്തകരില്‍നിന്ന്, കുടുംബത്തില്‍നിന്ന്.
വാര്‍ത്താ അവതാരക ടിഫനി പുന്‍ബര്‍ഗ് താഹിറയുടെ കഴിവുകള്‍ കണ്ടറിഞ്ഞ സഹപ്രവര്‍ത്തകയാണ്. ടിഫനിയുടെ അനേകം വാര്‍ത്താ അവതരണങ്ങളുടെ പ്രൊഡ്യൂസറായിട്ടുണ്ട് താഹിറ.
ടിഫനി പറയുന്നു: 'ഹിജാബുകാരി വാര്‍ത്ത വായിക്കുന്നത് ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഒരുകാര്യം എനിക്ക് തീര്‍ച്ചയുണ്ടായിരുന്നു- ഈ തടസ്സം ആരെങ്കിലും മറികടക്കുന്നെങ്കില്‍ അത് ഇവളായിരിക്കും.' താഹിറയുടെ ഉമ്മയാണ് പ്രോത്സാഹനവുമായി കൂടെ നിന്ന മറ്റൊരാള്‍ (ആദ്യമായി അവള്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് കാണാന്‍ വീട്ടില്‍ കുടുംബം മുഴുവന്‍ ടി.വിയുടെ മുമ്പിലുണ്ടായിരുന്നു).
വാര്‍ത്താ അവതാരകയാകാനുള്ള ഓരോ അപേക്ഷ തള്ളപ്പെടുമ്പോളും താഹിറ ടിഫനിയുമായി സങ്കടം പങ്കുവെക്കും. ടിഫനി പറയും: ശ്രമിച്ചുകൊണ്ടേ ഇരിക്കുക.
ഒടുവില്‍ അവളത് നേടി. ടിഫനിക്കായിരുന്നു കൂടുതല്‍ സന്തോഷം. അവര്‍ ഈ 'ചരിത്രനിമിഷം' വാര്‍ത്തയാക്കി; തന്റെ ബ്ലോഗിലും ഫേസ്ബുക് പേജിലും അത് ചേര്‍ത്തു. 'താഹിറയുടെ യാത്ര' എന്ന പേരില്‍ ചാനല്‍ നാലു മിനിറ്റ് വീഡിയോ ഇറക്കി. മറ്റു ചില ചാനലുകള്‍ താഹിറയെപ്പറ്റി ഫീച്ചര്‍ ചെയ്തു.
സമൂഹം അതെല്ലാം ആവേശത്തോടെ ഏറ്റെടുത്തു. അവരുടെ ചോദ്യം; ഹിജാബ് ഇല്ലാത്തവരെപ്പോലെ അതുള്ളവരെയും ചാനലുകള്‍ സ്വീകരിക്കേണ്ടതല്ലേ?
ചോദ്യം ഇങ്ങ് ഇന്ത്യക്കാര്‍ക്കും, മലയാളം ചാനലുകള്‍ക്കും കൂടി ബാധകമല്ലേ?
ചാനല്‍ ജനറല്‍ മാനേജര്‍ മാര്‍ഷല്‍ പോര്‍ട്ടര്‍ പറയുന്നു, താഹിറയുടെ കഴിവു നോക്കിയാണ് അവളെ നിയമിച്ചതെന്ന്. 'അവളെ ഇതിന് പറ്റുമോ എന്നേ ഞങ്ങള്‍ നോക്കുന്നുള്ളൂ. ഹിജാബ് ഒരു വിഷയമേയല്ല.'
പക്ഷേ, അത് വിഷയമാക്കുന്നവരുണ്ട്. അവരത് പുറത്തുപറയാറില്ല. അബോധത്തിലെ ഒരു തീരുമാനമായി അതങ്ങനെ കിടക്കും.
താഹിറയുടെ വാര്‍ത്താ വായന ശ്രദ്ധിച്ച അനേകം പേരില്‍നിന്ന്- സ്വീഡന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ- പ്രതികരണങ്ങളെത്തി. മിക്കവരും അഭിനന്ദനങ്ങളറിയിച്ചപ്പോള്‍ നാട്ടില്‍ വംശീയ വാദികള്‍ കര്‍മനിരതരായി. താഹിറക്കെതിരെ ചാനലിന് സന്ദേശങ്ങളയക്കാന്‍ ആഹ്വാനമിറങ്ങി.
അതേസമയം ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ മൈക് മിക്ക്ള്‍ പറയുന്നു: 'ഞങ്ങള്‍ക്ക് എല്ലാ സമൂഹങ്ങളുടെയും പ്രതിനിധികളെ വേണം. എല്ലാതരം ആളുകളെയും വേണം.' താഹിറ കഴിവുറ്റവളെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
താഹിറയെപ്പറ്റി നല്ല പ്രതികരണങ്ങളാണ് പൊതുവെ ഉള്ളതെന്നു കൂടി മിക്ക്ള്‍ ചൂണ്ടിക്കാട്ടുന്നു. താഹിറയാകട്ടെ, പൊതുശ്രദ്ധ തന്റെ തലയില്‍നിന്ന് മാറ്റിയെടുക്കാനും വാര്‍ത്തകള്‍ നന്നായി ചെയ്യാനുമുള്ള ശ്രമത്തിലാണ്.
അവള്‍ വിജയിക്കുന്നുണ്ടെന്ന് ആറുമാസത്തെ അനുഭവം കാണിക്കുന്നു.
തടസ്സങ്ങളും എതിര്‍പ്പുകളുമോ? മുമ്പേ നടക്കുന്നവര്‍ക്ക് അതുണ്ടാകും. എന്നിട്ടും നടത്തം തുടരുന്നതുകൊണ്ടാണല്ലോ അവര്‍ മുമ്പിലാകുന്നത്.