ജീവിതത്തില്‍ നിരവധി വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അവിടങ്ങളിലെ അന്തേവാസികളുമായി
ജീവിതത്തില്‍ നിരവധി വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അവിടങ്ങളിലെ അന്തേവാസികളുമായി ആശയ വിനിമയം നടത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. ജീവിതസായാഹ്നത്തില്‍ ഏറെ അവശത അനുഭവിക്കുന്നവരില്‍ പലരും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് സംസാരിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. മക്കളെക്കുറിച്ച് പറയുന്നവരില്‍ പോലും പലരും അവരെ കുറ്റപ്പെടുത്താന്‍ തയാറാവാറില്ല. മാതാപിതാക്കള്‍ അങ്ങനെയാണ്. മക്കള്‍ തങ്ങളെ എത്ര ദ്രോഹിച്ചാലും അവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. അതുകൊണ്ടുതന്നെ മക്കള്‍ക്കെതിരെ പരാതി നല്‍കാനും കേസു കൊടുക്കാനും മഹാ ഭൂരിപക്ഷം മാതാപിതാക്കളും തയാറാവുകയില്ല. തങ്ങള്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും മക്കള്‍ സുഖമായി കഴിയട്ടേയെന്നാണ് അവരാഗ്രഹിക്കുക. മക്കളെ ജയിലിലടക്കുന്നത് ആലോചിക്കാന്‍ പോലും അവര്‍ക്കാവില്ല.
അതുകൊണ്ടുതന്നെ വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തിനായി ആവിഷ്‌കരിച്ച നിയമം പ്രയോജനപ്പെടുത്തുന്നവര്‍ വളരെ വിരളമായിരിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നത്തിലിടപെട്ട് വൃദ്ധജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം ഒട്ടൊക്കെ സഹായകമായേക്കും.
60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കളും പേരമക്കളും മരുമക്കളുമൊക്കെ ആറ് മാസം വരെ ജയിലില്‍ കിടക്കേണ്ടിവരും എന്നതാണല്ലോ നിയമത്തിന്റെ പ്രത്യേകത. സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം തയാറാക്കിയ ബില്ലനുസരിച്ച് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ എന്നിവയോടൊപ്പം മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും ഉള്‍പ്പെടുന്നു. മാതാപിതാക്കളെ പ്രലോഭിപ്പിച്ച് വാങ്ങിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കാന്‍ നിര്‍ബന്ധിക്കുന്ന വകുപ്പും നിയമത്തിലുണ്ട്.
എന്തുകൊണ്ടിങ്ങനെ?
മുമ്പെത്തേക്കാളും മനുഷ്യബന്ധങ്ങള്‍ക്ക് ക്ഷതമേറ്റ കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കുടുംബം ശിഥിലമായിരിക്കുന്നു, സാമൂഹിക ഘടന തകര്‍ന്നിരിക്കുന്നു.
തന്റെ കാമപൂര്‍ത്തീകരണത്തിന് തടസ്സമാകുമെന്ന് കരുതി താന്‍ ഗര്‍ഭം ചുമന്ന് പ്രസവിച്ച മൂന്ന് മക്കളെയും തന്നെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളെയും ക്രൂരമായി കൊന്നു തള്ളിയ ഒരമ്മയെക്കുറിച്ച് നമുക്ക് ഈയിടെ വായിക്കേണ്ടി വന്നു. ഇത്തരമൊരു ക്രൂരതയുടെ കഥ മുമ്പൊരിക്കലും നമുക്കാര്‍ക്കും കേള്‍ക്കാനിടവന്നിട്ടില്ല. ഭാര്യയെയും മക്കളെയും കൊല്ലുന്ന ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കളെ കൊല്ലുന്ന മക്കള്‍, ഭര്‍ത്താവിനെയും മക്കളെയും കൊല്ലുന്ന ഭാര്യമാര്‍ ഇത്തരക്കാര്‍ക്കൊന്നും ഒട്ടും പഞ്ഞമില്ലാതായിരിക്കുന്നു.
എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം ഏറെ പ്രസക്തവും പ്രധാനവുമാണ്. ശാസ്ത്രബോധത്തിന്റെ കുറവല്ലെന്നുറപ്പ്. വിദ്യാഭ്യാസമില്ലാത്തതിനാലുമല്ല. ഭൗതിക വിഭവങ്ങളുടെ അഭാവവുമല്ല. ജീവിത സൗകര്യങ്ങളില്ലാത്തതുമല്ല. ഇക്കാര്യങ്ങളിലെല്ലാം പോയ കാലങ്ങളേക്കാള്‍ എത്രയോ ഇരട്ടി മികച്ച അവസ്ഥയിലാണിന്ന് നാമുള്ളത്. എന്നിട്ടും എന്തുകൊണ്ട്?
പ്രശ്‌നം ജീവിതവീക്ഷണത്തിന്റേതാണ്. മനുഷ്യനെന്നാല്‍ ശരീരമാണെന്ന കാഴ്ചപ്പാടിന് കരുത്ത് കിട്ടി. പലരെയും അത് അഗാധമായി സ്വാധീനിച്ചു. അതോടെ ജീവിതം ജഡികകേന്ദ്രീകൃതമായി. ലക്ഷ്യം ശാരീരിക താല്‍പര്യങ്ങളുടെ സംരക്ഷണവും. തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക, പോലുള്ളവയിലായി എല്ലാ ശ്രദ്ധയും സകല ശ്രമവും. അതിനു തടസ്സമായി നില്‍ക്കുന്നതൊക്കെയും ശാപവും ശല്യവുമായി മാറി. ഭാരവും ബാധ്യതയുമായി അനുഭവപ്പെട്ടു. അതോടെ തനിക്ക് പ്രയോജനമില്ലാത്തതെല്ലാം തള്ളപ്പെടേണ്ടതാണെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വാര്‍ധക്യത്താല്‍ അവശത ബാധിച്ച്, അധ്വാനശേഷി നശിച്ച് രോഗവും ചികിത്സയും ആശുപത്രിയും മരുന്നുമായി കഴിയുന്ന മാതാപിതാക്കള്‍ പുറംതള്ളപ്പെടേണ്ടവരാണെന്ന ചിന്ത വളര്‍ന്നുവന്നത്. അവരെ സംരക്ഷിക്കുന്നതു കൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നു മാത്രമല്ല, സ്വന്തം സുഖാസ്വാദ്യതകള്‍ക്ക് തടസ്സവുമാണെന്ന ചിന്ത വളര്‍ന്നുവരുന്നതിനനുസരിച്ച് വൃദ്ധസദനങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പുറംതള്ളപ്പെടുന്ന വൃദ്ധജനങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.
കിട്ടേണ്ടത് സ്‌നേഹവും കാരുണ്യവും
കുടുംബത്തിലും സമൂഹമധ്യത്തിലും നല്ല കാലം കഴിച്ചുകൂട്ടിയ ശേഷം വാര്‍ധക്യവും വിവശതയും ബാധിച്ച് ഒറ്റപ്പെടുന്ന വൃദ്ധജനത്തിന് വേണ്ടത് മക്കളുടെയും പേരമക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും പരിഗണനയും ശ്രദ്ധയുമാണ്, സ്‌നേഹവും കാരുണ്യവുമാണ്, വാത്സല്യവും അനുകമ്പയുമാണ്. അതൊന്നും നല്‍കാന്‍ നിയമത്തിന് സാധ്യമല്ല. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതുള്‍പ്പെടെ ഏതു നിയമത്തിനും പരമാവധി സാധ്യമാവുക അവരുടെ ശാരീരിക സംരക്ഷണം ഉറപ്പു വരുത്താനാണ്. മനസ്സിന്റെ ദാഹവും ആത്മാവിന്റെ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ നിയമത്തിനു സാധ്യമല്ല. അതിനാവശ്യം മക്കളുടെ സ്‌നേഹവും കാരുണ്യവും വാത്സല്യവുമാണ്. മനുഷ്യമനസ്സുകളെ കനിവിന്റെ കിനിവ് വറ്റിവരണ്ട് മരുഭൂമിയാക്കി മാറ്റുന്ന ജീവിത ദര്‍ശനങ്ങള്‍ക്കു പകരം കാരുണ്യ വാത്സല്യ വികാരങ്ങള്‍ വളര്‍ത്തുന്ന വിശ്വാസദര്‍ശനമാണ് അതിനാവശ്യം. മാതാപിതാക്കളുടെയും വൃദ്ധജനങ്ങളുടെയും മറ്റു അവശ വിഭാഗങ്ങളുടെയും സംരക്ഷണവും അവര്‍ക്ക് അതിരുകളില്ലാത്ത കാരുണ്യം ചൊരിഞ്ഞു കൊടുക്കലും വിശ്വാസപരമായ ബാധ്യതയാണെന്ന, മതം തലമുറകളിലൂടെ പകര്‍ന്നുനല്‍കിയ ബോധം നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വൃദ്ധജനം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥ പരിഹാരം സാധ്യമാവുകയുള്ളു.