ഉപ്പാക്ക് നല്ല സുഖമില്ല. ഉമ്മ മുകളിലേക്ക് കയറിവന്ന് കതകില്‍ മുട്ടി. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കൈയിലെ മൊബൈല്‍ താഴെ വെച്ച് അവന്‍ ഉമ്മയോടൊപ്പം ഇറങ്ങിവന്നു. സമയം അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ട്. പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴ. ഇപ്പോള്‍ ഈ സമയത്ത് ഇനി എങ്ങോട്ടാ പോവുക? അവന്‍ ഉമ്മയോട് ചോദിച്ചു. 'വേണ്ട മോനേ ഇപ്പോള്‍ ആശ്വാസമുണ്ട്. മോന്‍ പോയി പഠിച്ചോ. പരീക്ഷയല്ലേ. ഇനി നേരം വെളുത്തിട്ട് നോക്കാം.' ഉപ്പ ഒരു ആശ്വാസമെന്നോണം പറഞ്ഞു. പടികള്‍ കയറി. പിന്നെ മൊബൈല്‍ എടുത്ത് മുഖം അമര്‍ത്തി; ഹാവൂ. ഇല്ല ആരും ഗോളടിച്ചിട്ടില്ല. അവന് ആശ്വാസമായി. സമയം തെറ്റി പിന്നീടെപ്പോഴോ ഉറങ്ങിപ്പോയ അവന്‍ ഉമ്മയുടെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. 'ഉപ്പ' എല്ലാം അവസാനിച്ചിരിക്കുന്നു. അപ്പോള്‍ പുറത്ത് മഴ നിലച്ചിട്ടുണ്ട്. സൂര്യന്‍ ഒരു പുലരിക്ക് വെമ്പല്‍ കൊള്ളുമ്പോള്‍ അവന്റെ കണ്ണുകളില്‍ ഇരുള്‍ മൂടിയിരുന്നു. പിന്നെ ആളുകള്‍ വന്നുകൊണ്ടേയിരുന്നു. എല്ലാവരും അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഉസ്താദ് അവന്റെ കൈകള്‍ പിടിച്ച് കൂടെയിരുത്തി.
നീണ്ട പ്രാര്‍ഥനക്കു ശേഷം പള്ളിയിലേക്കവര്‍ നടന്നുനീങ്ങി. ഉപ്പയുടെ കട്ടിലില്‍ പിടിച്ചവന്‍ നടന്നു. ഇരുണ്ട മഴമേഘം കണക്കെ അവന്റെ മുഖം കനത്തിരുന്നു. ഒന്നു പൊട്ടിക്കരയണമെന്നുണ്ട്, ഉപ്പയോടൊപ്പം വളരെ കുറച്ചു കാലമേ കഴിഞ്ഞിട്ടുള്ളൂ. നാല്‍പതു വര്‍ഷത്തെ ഉപ്പയുടെ പ്രവാസം. എല്ലാ ബാധ്യതകളും തീര്‍ത്ത് ഉപ്പ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പിന്നെ അധികം നില്‍ക്കാതെ ഉപ്പ... അവന്‍ കണ്ണുകള്‍ തുടച്ചു.
എല്ലാം കഴിഞ്ഞ് പള്ളിപ്പറമ്പില്‍നിന്നും ആളുകള്‍ പിരിഞ്ഞുപോയിക്കൊണ്ടിരുന്നു. അവസാനം അവനും മടങ്ങി. കാലുകള്‍ക്ക് വലിയ ഭാരം പോലെ. അവന്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. ഏറെ വൈകിയിരിക്കുന്നു. ഉപ്പ മടക്കത്തില്‍ കൊണ്ടുവന്നതായിരുന്നു ആ മൊബൈല്‍. അത് കൈയില്‍ തരുമ്പോള്‍ ഉപ്പ പറഞ്ഞിരുന്നു; 'ഇത് ഏറ്റവും പുതിയ മോഡലാ, ഇനി ഇതുകൊണ്ട് നീ കേടു വരരുത്'. തലേ ദിവസം ഉണ്ടായതൊക്കെയും ഒരിക്കല്‍കൂടി അവന്റെ കണ്ണില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു. അവന്‍ ഒരു നിമിഷം അവിടെ തന്നെ നിന്നുപോയി. പിന്നെ തിരിഞ്ഞുതന്നെ നടന്നപ്പോള്‍ അലീക്ക അവന്റെ കൈ പിടിച്ചു; 'എങ്ങോട്ടാ? എല്ലാരും പോയല്ലോ.' അവന്‍ പതിയെ പള്ളിക്കാട്ടിലേക്കു തന്നെ തിരിഞ്ഞു നടന്നു. സമയം അസ്തമയത്തോടടുത്തിരിക്കുന്നു. ആകാശം കറുത്തിരുണ്ടിട്ടുണ്ട്. ഒരു പെരുമഴക്ക് വെമ്പല്‍ കൊള്ളുന്നു. അടിച്ചു വീശിയ ഇളം കാറ്റില്‍ അവന്റെ ഉറുമാല പാറിക്കൊണ്ടിരുന്നു. കുട്ടികള്‍ പള്ളിയിലിരുന്ന് ഉറക്കെ ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരുന്നു. അവന്‍ ഇടതൂര്‍ന്ന കാട്ടിലൂടെ ഉപ്പയുടെ ഖബ്‌റിടം ലക്ഷ്യമാക്കി നടന്നു. കനം വെച്ച കാലുകള്‍ കൊണ്ട് ഉപ്പയുടെ അരികിലെത്തിയ അവന്‍ പൊട്ടിക്കരഞ്ഞു. ആ കരച്ചിലില്‍ ആകാശവും അവനോടൊപ്പം പങ്കുചേര്‍ന്നു. അവന്‍ നീട്ടി വിളിച്ചു; ഉപ്പാ... അസ്സലാമു അലൈകും.
ആ ചുവന്ന പുതുമണ്ണില്‍ മീസാന്‍കല്ലുകള്‍ക്കിടയില്‍ അവന്‍ കുനിഞ്ഞിരുന്നു. പള്ളിയുടെ കിളിവാതിലിലൂടെ എല്ലാം കണ്ടുനിന്ന ഉസ്താദും കണ്ണുകള്‍ തുടച്ചു.