ഈ പശ്ചാത്തലത്തില്‍ നാം എത്തിച്ചേരാനിടയുള്ള ഒരു മാനസികാവസ്ഥയെക്കുറിച്ച് ഞാന്‍ എന്നെയും നിങ്ങളെയും താക്കീത് ചെയ്യുകയാണ്. നമ്മുടെ പൂര്‍ണശ്രദ്ധയും പ്രശ്‌നത്തില്‍ മാത്രമായിരിക്കുക എന്നതാണ് ആ അവസ്ഥ. ചരിത്രത്തില്‍ വളരെ ശക്തമായ ഒരു സംഭവമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ് മൂസാ നബിയുടേത്. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയും പ്രതിസന്ധികള്‍ക്ക് നേരെയുള്ള നമ്മുടെ പ്രതികരണങ്ങളും പൂര്‍ണമായും പ്രതിഫലിക്കുന്ന ഒരു സംഭവമാണത്. അല്ലാഹു ആ സംഭവം നമുക്ക് വിവരിച്ചു തരികയും ഒരേ സംഭവത്തോട് അല്ലെങ്കില്‍ ഒരു പ്രതിബന്ധത്തോടുള്ള വ്യത്യസ്ത വ്യക്തികളുടെ പ്രതികരണത്തെ താരതമ്യം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. 'ഈ സംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു. ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.' (അശ്ശുഅറാഅ് 61)
മൂസായും കൂട്ടരും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫറോവ തന്റെ സൈന്യവുമായി പിന്തുടരുന്നു. മൂസാ നബിയും കൂട്ടരും ചെങ്കടലിനഭിമുഖമായി നില്‍ക്കുന്നു. സൈന്യം അവരുടെ തൊട്ടുപിന്നില്‍. അതാകട്ടെ, വന്‍ശക്തിയുടെ സൈന്യം. വളരെ പ്രയാസകരമായൊരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് അവരുള്ളത്. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിലാണ് നാമും ഇപ്പോള്‍ ഉള്ളത് എന്നല്ലെ നിങ്ങളോരോരുത്തരും ചിന്തിക്കുന്നത്? നാം വളരെ പ്രയാസകരമായ ഒരു സാഹചര്യത്തില്‍ തന്നെയാണുള്ളത്. മൂസായുടെ ചരിത്രത്തില്‍ ആ രണ്ടു വിഭാഗവും അടുത്തടുത്തായി നിന്നപ്പോള്‍ മൂസായുടെ ജനത വിചാരിച്ചു; തീര്‍ച്ചയായും നാം പിടിക്കപ്പെടും എന്ന്. ശരിക്കും ഇങ്ങനെ തന്നെയാണ് നമ്മില്‍ അധികപേര്‍ക്കും ഇക്കഴിഞ്ഞ ഇലക്ഷനുശേഷം തോന്നിയത്. ഇത് ഒരു സ്വാഭാവിക പ്രതികരണമാണ്. പക്ഷെ, എനിക്ക് നിങ്ങളോട് പറയാനുള്ളത് മൂസയുടെ പ്രതികരണത്തെക്കുറിച്ചാണ്. അദ്ദേഹം കാണുന്നതും മേല്‍പറഞ്ഞ അതേ പ്രതിസന്ധി ഘട്ടമാണ്. പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മറ്റൊന്നിലാണ്. മൂസ പറഞ്ഞു. 'ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരിക തന്നെചെയ്യും.' (അശ്ശൂഅറാഅ്: 62)
ഞാനീ കഥ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഇത് കേവലം കഥയല്ല. കഥാകഥനത്തിനൊടുവില്‍ അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട് എന്ന് (അശ്ശുഅറാഅ് 67).
അധിക ആളുകള്‍ക്കും അത് മനസ്സിലാവുന്നില്ല. ഞാനും നിങ്ങളും ഒരിക്കലും ഇതുപോലെ ഒരു സമുദ്രത്തിനും സൈന്യത്തിനും ഇടയില്‍ അകപ്പെട്ടുകൊള്ളണമെന്നില്ല. പക്ഷെ, തീര്‍ച്ചയായും നാം ഇതിന് സമാനമായ പ്രതിസന്ധി ഘട്ടങ്ങളില്‍ എത്തിപ്പെട്ടു എന്ന് വരാം. ഒരു രക്ഷാമാര്‍ഗവും കാണാന്‍ കഴിയാത്ത അവസ്ഥയില്‍ ഇപ്പോള്‍ നമുക്ക് അങ്ങനെ അനുഭവപ്പെടുന്നു. നാം രാഷ്ട്രീയമായും, സാമൂഹ്യമായും അങ്ങനെയൊരു ഊരാക്കുടുക്കിലാണ് ഒരു വലിയ അളവോളം ഉള്ളത് എന്ന് നമുക്ക് തോന്നുന്നു. ഇവിടെ ഏറ്റവും ശക്തമായ കാര്യം എങ്ങനെയാണ് മൂസ (അ)ക്ക് ആ രീതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് എന്നതാണ്. ഉത്തരം ഇതാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത് പ്രശ്‌നത്തിലായിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ ചെങ്കടലിലോ, സൈന്യത്തിലോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ അല്ലാഹുവിലായിരുന്നു. അല്ലാഹു തന്റെ കൂടെയുണ്ട് എന്നതിലായിരുന്നു. അല്ലാഹു നമ്മുടെ കൂടെയുണ്ടെങ്കില്‍ അവന്‍ നമുക്ക് വഴികാട്ടിത്തരും. എക്കാലത്തേക്കും പ്രസക്തമായ ഒരു പാഠമാണ് ഇവിടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. നാം ഒരു ഊരാക്കുടുക്കിലാണ് എന്ന് തോന്നുന്ന, ഇനി ഒരു രക്ഷയും സാധ്യമല്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. മൂസാ നബിക്കറിയില്ലായിരുന്നു എങ്ങനെ ആ പ്രതിസന്ധി മറികടക്കുമെന്ന്. ആളുകള്‍ സമുദ്രം പിളര്‍ത്തുന്നത് ഇതിന് മുമ്പ് അദ്ദേഹം കണ്ടിട്ടില്ല. അതൊരു സാധാരണ സംഭവം പോലെയല്ല. എന്നിട്ടും അദ്ദേഹം ബേജാറായില്ല. എങ്ങനെയാണ് സംഗതി നടക്കാന്‍ പോകുന്നത് എന്ന് അക്കമിട്ട് നമുക്ക് പറയാന്‍ കഴിയുന്ന ഒരു പരിചിത സാഹചര്യമാണെങ്കില്‍ നമുക്ക് പറയാന്‍ കഴിയും. അത് പ്രശ്‌നമല്ല, എന്റ അടുക്കല്‍ ഒരു പദ്ധതിയുണ്ട്. ഇന്ന ഇന്ന മാര്‍ഗത്തിലൂടെ അതില്‍ നിന്ന് രക്ഷപ്പെടാം എന്നൊക്കെ. പക്ഷെ, ഒട്ടും മുന്‍പരിചയമില്ലാത്ത ഒരു സാഹചര്യം, എങ്ങനെ രക്ഷപ്പെടുമെന്നറിയില്ല. എന്നിട്ടും അല്ലാഹുവിന്റെ സഹായത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ അതാണ് ഭരമേല്‍പിക്കല്‍ അഥവാ തവക്കുല്‍. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും. 'നമ്മുടെ പങ്ക് നാം വഹിക്കണ്ടേ എന്ന്.' യാഥാര്‍ഥ്യം ഇതാണ്. ഇത് തന്നെയാണ് മൂസാ നബിയുടെ ഈ സംഭവ കഥയുടെ ഏറ്റവും സുന്ദരമായ വശവും. വ്യക്തമായും അല്ലാഹു മൂസാനബിയെ രക്ഷപ്പെടുത്താന്‍ പോവുകയാണ്. പക്ഷെ, അപ്പോഴും അതിനുള്ള പണി എടുക്കാന്‍ അവന്‍ മൂസായോട് ആവശ്യപ്പെടുകയാണ്. അതായത് സ്വന്തം കൈയ്യിലുള്ള വടി എടുത്ത് സമുദ്രത്തില്‍ അടിക്കാന്‍. നമ്മോട് പണി എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തവക്കുലും, കര്‍മവും ഒരുമിച്ച് ചേരണം. രണ്ടും രണ്ടല്ല. ഒട്ടകത്തെ കെട്ടിയിടുകയും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. ആ പ്രവാചക വചനത്തിന്റെ വാചക ഘടന നോക്കിയാല്‍ അറിയാം കെട്ടിയിട്ടതിന് ശേഷം തവക്കുല്‍ ചെയ്യുക. എന്നല്ല ഒരേസമയം ഒരുമിച്ച് നടക്കേണ്ടതാണ് കര്‍മവും തവക്കുലും എന്ന്. നാം ഫലത്തിന് വേണ്ടി ആശ്രയിക്കേണ്ടത് നമ്മുടെ കര്‍മത്തിലല്ല. അല്ലാഹുവിന്റെ സഹായത്തിലാണ്. ആക്ടിവിസ്റ്റുകളായ നമുക്ക് പലപ്പോഴും സംഭവിക്കാറുള്ള ഒരു വീഴ്ച നാം നമ്മുടെ ആക്ടിവിസത്തിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്. അല്ലാഹുവിന്റെ സഹായത്തിലല്ല എന്നതാണ്. അതിന്റെ ഫലം, നാം പ്രതീക്ഷിച്ച അതേ ഫലം കാണാതെ വരുമ്പോള്‍ നാം നിരാശരാവുന്നു. നാം അതിജയിക്കാന്‍ പോകുന്നു എന്ന ഭയം നമ്മെ കീഴടക്കുന്നു. എന്നാല്‍ നാം അല്ലാഹുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഫലം എന്തായാലും അവിടെ അല്ലാഹുവിന്റെ സഹായം നാം കാണും. അതാണ് മൂസാനബിയുടെ കാര്യത്തില്‍ സംഭവിച്ചത്. വടികൊണ്ടടിക്കാന്‍ കല്‍പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആ കര്‍മം നിര്‍വഹിച്ചു. അത് സംഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ചിക്കാഗോയിലുള്ള നിങ്ങളോട് ഒരു വടിയെടുത്ത് മിച്ചിഗണില്‍ അടിക്കാന്‍ ഞാന്‍ പറയുകയും നിങ്ങളത് ചെയ്യുകയും ചെയ്താല്‍ അത് പിളരില്ല. കാരണം, മൂസാനബിയുടെ പ്രവൃത്തിയല്ല ആ ഫലം നല്‍കിയത്. അദ്ദേഹം വടി കൊണ്ടടിച്ചത് അല്ലാഹു ആവശ്യപ്പെട്ടത് കൊണ്ടാണ്. അത് അദ്ദേഹത്തിന്റെ ആരാധനയുടെ ഭാഗമായിരുന്നു. അതെ നാം ചെയ്യുന്ന ഒരോ കര്‍മവും, നമ്മുടെ ആക്ടിവിസവും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാകണം. നാം ഒരിക്കലും ധരിക്കരുത്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം നാം രക്ഷപ്പെടും എന്ന്. നമ്മെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവാണ്. തൗഹീദിന്റെ വളരെ പ്രധാനപ്പെട്ട അടിസ്ഥാനമാണ് ഈ വിശ്വാസം. അല്ലാഹുവാണ് വഴി തുറന്നുതരുന്നത്. അവന്‍ അല്‍ഫത്താഹ് ആണ്. ഞാന്‍ അല്‍ഫത്താഹ് അല്ല. നിങ്ങള്‍ അല്‍ഫത്താഹ് അല്ല. ഒരു സംഘടന എന്ന നിലയിലും നാം അല്‍ഫത്താഹ് അല്ല. നാമല്ല നമ്മുടെ സാഹചര്യം മാറ്റുന്നത്. അല്ലാഹുവാണ്. പക്ഷെ മാറ്റം വേണമെങ്കില്‍ ഒരു കാര്യം പ്രധാനമാണ്.
'അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റും വരെ.' (അര്‍റഅ്ദ് 11)
സാഹചര്യം മാറ്റുന്നത് തീര്‍ച്ചയായും അല്ലാഹുവാണ്. പക്ഷെ, നാം ചെയ്യേണ്ട ഒരു കര്‍മം ഉണ്ട്. നാം അടിക്കേണ്ട ഒരു സമുദ്രം ഉണ്ട്. എന്നാല്‍ നാം നിരാശരാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു എന്റെ കൂടെയുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും എന്നതാവണം നമ്മുടെ സമീപനം. അല്ലെങ്കില്‍ നിങ്ങള്‍ ബനൂഇസ്രാഈലിന്റെ പ്രതികരണത്തില്‍ എത്തിച്ചേരും. കാരണം, നാം സദാ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, ചര്‍ച്ച ചെയ്യുന്നതും എല്ലാം പ്രശ്‌നത്തെക്കുറിച്ച് മാത്രമാണെങ്കില്‍ സംഭവിക്കുന്ന ഒരു മനശാസ്ത്രപരമായ യാഥാര്‍ഥ്യമുണ്ട്. നിങ്ങള്‍ എന്തിലാണോ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത് വളരും. അതുകൊണ്ടാണ് അല്ലാഹുവിന്റെ സ്മരണയില്‍ അഥവാ ദിക്‌റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവന്‍ നമ്മോട് പറഞ്ഞത്. നാം അല്ലാഹുവിനെ എത്ര കൂടുതല്‍ സ്മരിക്കുന്നുവോ അത്രകണ്ട് അവന്‍ നമ്മുടെ ജീവിതത്തില്‍ പ്രധാനമാവുന്നു. എന്നാല്‍ നമ്മുടെ ശ്രദ്ധ മുഴുവനും നമ്മുടെ പരാജയങ്ങളില്‍ മാത്രമാണെങ്കില്‍, നമുക്കെതിരില്‍ സംസാരിക്കുന്നവരില്‍ മാത്രമാണെങ്കില്‍, നമ്മെ അങ്ങനെ ചെയ്യും ഇങ്ങനെചെയ്യും എന്നൊക്കെ പറയുന്നവരില്‍ മാത്രമാണെങ്കില്‍ ഞാന്‍ ഉറപ്പിച്ച് പറയുന്നു. നാം നിരാശയിലേക്ക് വഴുതിവീഴും. ട്രംപ് എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിലല്ല എന്റെ ശ്രദ്ധ. എന്റെ ഹൃദയം അല്ലാഹുവിലേക്ക് മാത്രമാണ് നോക്കുന്നത് അവനോടുള്ള ആരാധനയുടെ ഭാഗമായിക്കൊണ്ടാണ് ഞാന്‍ എന്റെ പങ്ക് നിര്‍വഹിക്കുന്നത്.
(എഴുത്തുകാരിയും പ്രാസംഗികയും ആക്ടിവിസ്റ്റുമായ യാസ്മിന്‍ മുജാഹിദ് ട്രംപിന്റെ അധികാരാരോഹണ പശ്ചാത്തലത്തില്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗം.)
വിവര്‍ത്തനം:ഉമ്മുറമീസ്