കാലാവസ്ഥാ അഭയാര്‍ഥികളായി മാറും മുമ്പേ

ലേഖ കാവാലം No image

നിറഞ്ഞു കവിയുന്ന പുഴകളാലും നദികളാലും കായലുകളാലും സമ്പുഷ്ടമായിരുന്ന കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണിന്ന്. എങ്ങോട്ടാണ് നമ്മള്‍ ഓടുന്നത്? ആരാണ് ഉത്തരവാദികള്‍? എങ്ങനെയാണ് ഇതിനെല്ലാം പരിഹാരം? ഈ ചോദ്യങ്ങള്‍ നാം ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. ചില നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ ഇവയെല്ലാം ബധിര കര്‍ണങ്ങളിലാണോ പതിക്കുന്നത്? അതോ ബധിരത അഭിനയിക്കുന്നതോ?

സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളാണ് നദികള്‍. നദീതടങ്ങളിലാണ് നമ്മുടെ സംസ്‌കാരവും കൃഷിയും ജീവിതവുമെല്ലാം ജനിച്ചതും വളര്‍ന്നതും വികസിച്ചതും. കൃഷിയുടെ വികാസം പോലെതന്നെ വലിയ നഗരങ്ങളും വ്യവസായശാലകളും നദീ തീരങ്ങൡാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടെ, ജീവജാലങ്ങളുടെ, എന്തിന് ഏറ്റവും സമുന്നത സൃഷ്ടി എന്ന് സ്വയം പുകഴ്ത്തുന്ന മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം ജലം തന്നെ. ഭക്ഷണമില്ലാതെ ജീവികള്‍ക്കും മനുഷ്യനും മാസങ്ങളോളം ജീവിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വെള്ളമില്ലാതെ മൂന്നാലുദിവസത്തില്‍ കൂടുതല്‍ കഴിയാന്‍ സാധ്യമല്ല. കുടിവെള്ളമാണ് ഏറ്റവും അത്യാവശ്യം എന്നുപറയുമ്പോള്‍ പോലും ഭക്ഷണം പാകം ചെയ്യുക, വസ്ത്രം കഴുകുക, കുൡക്കുക, കൃഷി മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍ അങ്ങനെ ഒഴിവാക്കാനാവാത്ത ജലാവശ്യങ്ങളുടെ പട്ടിക ഇനിയും ഏറെ.

ദൈനംദിന ജീവിതത്തില്‍ കാണുന്നതും ഉപയോഗിക്കുന്നതുമായ ഏതൊരു വസ്തുവിന്റെയും നിര്‍വഹണത്തിന് ജലം അത്യന്താപേക്ഷികമാണ്. ഇവയില്‍ പലതിനും വലിയ അളവില്‍ ജലം ആവശ്യമാണുതാനും

ഒരു ടണ്‍ ധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ 1000 ടണ്‍ ജലം

ഒരു ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 70000 ഗാലന്‍ ജലം

ഒരു ടണ്‍ കടലാസ് ഉല്‍പ്പാദിപ്പിക്കാന്‍ 64000 ഗാലന്‍ ജലം

ഒരു പട്ടുസാരി 10000 ലിറ്റര്‍

ഒരു കിലോ തക്കാളി വിളയാന്‍ 200 ലിറ്റര്‍ വെള്ളം

ഒരു കിലോ കോഴിയിറച്ചി 6300 ലിറ്റര്‍

ഒരു കിലോ മാട്ടിറച്ചി ഒരു ലക്ഷം ലിറ്റര്‍

ഒരു കിലോ വെണ്ണക്ക് 17000 ലിറ്റര്‍

 

പച്ചപുതച്ച് നിമ്‌നോന്നതങ്ങളില്‍ കോടമഞ്ഞുകൊണ്ട് പളുങ്കുമുത്തുകള്‍ പതിപ്പിച്ച സഹ്യകിരീടം തലയില്‍ അണിഞ്ഞ് പാദങ്ങള്‍ തിരമാലകളാല്‍ വെള്ളിക്കൊലുസണിഞ്ഞ് അറബിക്കടലിന്റെ ചുംബനമേറ്റ് കിടക്കുന്ന മനോഹരമായ ഭൂപ്രദേശം. അനുയോജ്യമായ കാലാവസ്ഥയും സുന്ദരസുരഭിലമായ പരിസ്ഥിതിയും, ലോകത്തിലെ ഏതൊരു വ്യക്തിയേയും ഹഠാദാകര്‍ഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് - കേരളം ഇന്ന് വരള്‍ച്ചയും കൊടും താപവും കൊണ്ട് മരുഭൂവത്ക്കരണത്തിന്റെ പാതയില്‍ എത്തിനില്‍ക്കുന്നു. അതിന്റെ കാരണങ്ങളിലേക്കൊന്നെത്തിനോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ആഗോളീകരണവും തലതിരിഞ്ഞ വികസന സങ്കല്‍പങ്ങളും, പുത്തന്‍ സംസ്‌കാരവും, മാറിവന്ന ജീവിതശൈലിയും ആര്‍ത്തിപൂണ്ട മനുഷ്യന്റെ പ്രകൃതി ചൂഷണവുമെല്ലാം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കേരളത്തിന്റെ ജലസമ്പത്ത്

 കുടിനീര്‍ മുതല്‍ കൃഷി, ഉല്‍പാദന പ്രക്രിയകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനുമുള്ള ജലം പ്രധാനമായും നമുക്ക് ലഭിക്കുന്ന നദികള്‍, പുഴകള്‍, കായലുകള്‍, കിണറുകള്‍ കുളങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളം 44 നദികള്‍ 900 ല്‍പരം പോഷകനദികളും, 45 ലക്ഷത്തോളം കിണറുകള്‍, 38 കായലുകള്‍, കുളങ്ങള്‍ 590 കി.മീ നീളത്തില്‍ കടല്‍തീരവും കൊണ്ട് സമ്പന്നമാണ്. കൂടാതെ സഹ്യസാനുവും ഇടനാട്ടിലെ കുന്നുകളും മലകളും താഴ്‌വാരങ്ങളും ചേര്‍ന്ന സൗവര്‍ണ്ണതീരം. ഇത്രയും പ്രകൃതി വിഭവങ്ങള്‍കൊണ്ട് സമ്പന്നമായ വേറൊരു നാടും ലോകത്തൊരിടത്തും ഉണ്ടാവില്ല.

കേരളത്തിന്റെ മഴലഭ്യത 2001 മുതല്‍ ഇങ്ങോട്ട് 2200 നും 3700 മില്ലീലിറ്ററിനും ഇടയിലാണ്. ദേശീയ ശരാശരിയേക്കാള്‍ 2.78 മടങ്ങാണ് കേരളത്തില്‍ ലഭിക്കുന്ന മഴ. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റേത് എങ്കിലും വിവിധതരത്തിലുള്ള ജലവിഭവത്തിന്റെ ആളോഹരിലഭ്യത കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.

കേരളത്തില്‍ ലഭിക്കുന്ന മഴവെള്ളം ഇന്ത്യയില്‍ ആകെ ലഭിക്കുന്ന മഴവെള്ളത്തിന്റെ 5.4% ആണ്. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൗതിക വിഭവങ്ങളില്‍ ഒന്നാണ് ജലസമ്പത്ത്. അതിന്റെ ആകെ വിസ്തൃതി 38885 ച.കീ.മീ, ഇത് ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.3% ആണ്. കൂടാതെ കേരളത്തിലെ നദികളിലൂടെ ഒഴുകുന്ന ജലം 7840 ലി. ദശലക്ഷം ഘനമീറ്റര്‍ ആണ്. ഇതില്‍ ഉപയുക്തമായ വെള്ളം 42800 ദശലക്ഷം ഘ.മീ. മഴവെള്ളത്തിന്റെ 20% ഭൂഗര്‍ഭജലമായി മാറുന്നു. 

ആകെ ജലസമ്പത്ത് നോക്കിയാല്‍ കായലുകള്‍ - 65500 ഹെ, തടാകങ്ങള്‍/ജലസംഭരണികള്‍ 47345 ശുദ്ധജലതടാകങ്ങള്‍ / കുളങ്ങള്‍ 25046 ഹെ. / കോള്‍നിലങ്ങള്‍ 93000 ഹെ. / ചെമ്മീന്‍ കെട്ട് 12511 ഹെ, അരുവികള്‍ / നദികള്‍ 85000 ഹെ. ആകെ 328402 ഹെ. (ഇതില്‍ പലതിന്റെയും അളവ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ വേമ്പനാട്ട് കായല്‍ തണ്ണീര്‍ത്തടം, ശാംസ്താകോട്ട കായല്‍, അഷ്ടമുടിക്കായല്‍ എന്നീ മൂന്നു തണ്ണീര്‍ത്തടങ്ങളും റാസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്നവയാണ്. കുറെക്കാലം മുമ്പുവരെ കേരളത്തിന്റെ ജലസമ്പത്ത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍, പരിസ്ഥിതിയുടെ മേല്‍ മനുഷ്യന്‍ നടത്തുന്ന അനധികൃത ഇടപെടല്‍ മൂലം മഴയുടെ അളവ് ഗണ്യമായി കുറഞ്ഞു 2015-16 ല്‍ അത് 50% മുതല്‍ 60% വരെ എത്തി. ഇടവപ്പാതിയോ കാലവര്‍ഷമോ, തുലാവര്‍ഷമോ കേരളത്തിലേക്ക് എത്തിനോക്കിയതുപോലുമില്ല. ഇനിയങ്ങോട്ട് ഓരോ വര്‍ഷവും മഴ എങ്ങനെയാവുമെന്ന് പ്രവചിക്കാനേ കഴിയാത്ത രീതിയില്‍ നമ്മുടെ പരിസ്ഥിതിയില്‍ നാം മാറ്റം വരുത്തിക്കഴിഞ്ഞു. ഇനിയെങ്കിലും നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ മാറ്റി, സംസ്‌കാരത്തിലൂന്നിയ സുസ്ഥിരവികസനപാത തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ അധിവൃഷ്ടിയോ, അനാവൃഷ്ടിയോ ആവും ഫലം.

കേരളത്തിന്റെ പൊതു അവസ്ഥ ഇതായിരുന്നു എങ്കിലും 56% മഴകുറഞ്ഞ്, നിലനില്‍പ്പുതന്നെ അപകത്തിലായപ്പോഴാണ് വയനാട് അപകടം തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങളെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്.

പുഴകളുടെ മരണം

സഹ്യസാനുക്കളില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന നമ്മുടെ നദികള്‍ എല്ലാം തന്നെ ഏതാണ്ട് മരിച്ചുകഴിഞ്ഞു. അനധികൃത മണല്‍വാരല്‍, അനധികൃത നികത്തല്‍, കൈയ്യേറ്റങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍,  മലിനീകരണം എല്ലാം നമ്മുടെ ജലസ്രോതസ്സുകളുടെ മരണത്തിന് കാരണമായി.

മണല്‍് നദികളുടെയും പുഴകളുടെയും മറ്റും അടിത്തട്ടിലെ വാട്ടര്‍ ബെഡുകളാണ്. ഓന്നോ രണ്ടോ വര്‍ഷം കൊണ്ടല്ല ഈ മണല്‍ ബെഡുകള്‍ രൂപപ്പെടുന്നത്. മലമുകളില്‍ നിന്നൊഴുകി താഴ്‌വാരങ്ങളില്‍ എത്തി പലവിധ പരിവര്‍ത്തനങ്ങള്‍ക്കും ശേഷമാണ് ഇത് രൂപപ്പെടുന്നത്. പുഴയുടെ അടിത്തട്ടില്‍ ഈ ബെഡ് വെള്ളം സംഭരിച്ചുവെക്കുന്നു. അതുകൊണ്ട്. വര്‍ഷത്തിലുടനീളം നമ്മുടെ പുഴകളില്‍ വെള്ളം ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അനധികൃതമായ മണല്‍വാരല്‍ നദിയിലെ മണല്‍ ബെഡ് ഇല്ലാതാക്കി, പ്രകൃതി ദത്തമായ ജലസംഭരണം ഇല്ലാതാക്കി. അനധികൃത മണല്‍ വാരല്‍ നദിയിലെ നീരൊഴുക്ക് ഇല്ലാതാക്കുകയും നദികളില്‍ വലിയ കുഴികളും കയങ്ങളും രൂപപ്പെടുകയും അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

അനധികൃത നികത്തല്‍ ജലസ്രോതസ്സുകളുടെ നാശത്തിന് കാരണമായി. നമ്മുടെ കായലുകളും പുഴയോരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക വഴി ഇവയുടെ വിസ്തൃതി കുറയുകയും ശുദ്ധജല ലഭ്യത ഇല്ലാതാവുകയും ചെയ്യുന്നു. അനധികൃത കൈയ്യേറ്റങ്ങള്‍ മൂലവും ജലസ്രോതസ്സുകളുടെ വിസ്തൃതി കുറയുന്നു.

വിനോദ സഞ്ചാരമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കേണ്ടത് എന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട് എന്ന് തോന്നും പുഴകളും കായലുകളും കൈയ്യേറി റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും നിര്‍മിക്കുന്നത് കണ്ടാല്‍. ജലസ്രോതസ്സുകളുടെ മലിനീകരണം മറ്റൊരു വലിയപ്രശ്‌നമാണ്. കുട്ടനാട്ടില്‍ മാത്രം ഏതാണ്ട് 4000 ത്തിനടുത്ത് ഹൗസ് ബോട്ടുകളുണ്ടെന്നാണ് അധികൃതവും അനധികൃതവുമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ ഹൗസ്‌ബോട്ടുകള്‍. അധികം ഹൗസ്‌ബോട്ടുകളും ലൈസന്‍സ് ഇല്ലാത്തവയും കൃത്യമായ മാലിന്യസംസ്‌കരണ മാര്‍ഗങ്ങള്‍ ഇല്ലാത്തവയും ആണ്. ഉള്ളതു തന്നെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാലിന്യസംസ്‌കരണം ചെയ്യാത്തവയും ഇതിലെ മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കായലുകളിലും, പുഴകളിലും തള്ളുകയും ചെയ്യുന്നു. പുഴയോരങ്ങളിലും കായല്‍ത്തീരങ്ങളിലും ഉള്ള പല റിസോര്‍ട്ടുകളിലേയും ഹോം സ്‌റ്റേകളിലേയും കക്കൂസ് ടാങ്കുകള്‍ പലതും തുറന്നുവച്ചിരിക്കുന്നത് ഈ ജലസ്രോതസ്സുകളിലേക്കാണ്. കൂടാതെ നഗരങ്ങളിലെയും ഇറച്ചിവെട്ടുകേന്ദ്രങ്ങളിലെയും, വീടുകളിലെയും മാലിന്യം നിക്ഷേപിക്കാനുള്ള ഇടങ്ങളായി ജലസ്രോതസ്സുകളെ നമ്മള്‍ കാണുന്നു. 

കിഴക്കന്‍ മലകളുടെ നാശം പുഴകളുടെയും നദികളുടെയും മരണത്തിന്റെ മറ്റൊരു കാരണമാണ്. കിഴക്കന്‍ മലകളില്‍ പെയ്യുന്ന മഴ കുന്നുകൡലേയും മലകളിലേയും മണ്ണില്‍ ഊര്‍ന്നിറങ്ങി ഉറവകളായി ചെറിയ തോടുകളായി ഒഴുകി പല തോടുകള്‍ ചേര്‍ന്ന് പുഴയായി, നദിയായി മാറുന്നു. ഇങ്ങനെ ഉറവയായെത്തുന്ന വെള്ളമാണ് എന്നും നമ്മുടെ പുഴകളെയും നദികളെയും ജലസമ്പന്നമാക്കിയിരുന്നത്. പശ്ചിമഘട്ടത്തിന്റെ നാശം പല നദികളുടെയും ഉത്ഭവഘട്ടത്തില്‍ തന്നെ ഇല്ലായ്മ ചെയ്തു. അതുപോലെ കുന്നുകളും മലകളും ഇല്ലാതായതോടു കൂടി പെയ്യുന്ന മഴവെള്ളം ഒറ്റയടിക്ക് ഒഴുകി താഴ്‌വാരങ്ങളിലെത്തുകയും താഴ്ന്ന പ്രദേശങ്ങള്‍ നികത്തിയതുമൂലം അവിടെയും തങ്ങിനില്‍ക്കാതെ ഒഴുകി കടലിലേക്ക് പോവുകയും ചെയ്യുന്നു. വനനശീകരണം മറ്റൊരു പ്രശ്‌നമാണ്. വനങ്ങള്‍ ഇല്ലാതായതുമൂലം ഭൂമിയുടെ മേലുള്ള ഇലയുടെ പുതപ്പ് ഇല്ലാതാവുകയും ഒരു സ്‌പോഞ്ചുപോലെ പ്രവര്‍ത്തിക്കുന്ന ഈ പുതപ്പില്‍ തങ്ങിനില്‍ക്കുന്ന ജലം കുറേശ്ശെ ഊര്‍ന്നിറങ്ങി ഗര്‍ഭജലത്തിന്റെ അളവ് നിലനിര്‍ത്തുകയും കുറച്ച് നമ്മുടെ നദികളിലേക്കും ഊര്‍ന്ന് എത്തുകയും ചെയ്തിരുന്നു. വന നശീകരണം ഈ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കി.

ജലസ്രോതസ്സുകളുടെ നാശം നമ്മുടെ മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നു. പല ശുദ്ധജല മത്സ്യങ്ങളും മുട്ടയിടുന്നത് ഓരു വെള്ളത്തിലാണ്. അതുപോലെ ചെമ്മീന്‍ പോലുള്ള പല കടല്‍ മത്സ്യങ്ങളും മുട്ടയിടുന്നതും പ്രജനനം നടത്തുന്നതും ശുദ്ധജലത്തിലുമാണ്. അപ്പോള്‍ നമ്മുടെ പുഴകളുടെയും കായലുകളുടെയും നാശം, ഒാരുജലത്തിന്റെയും ശുദ്ധജലത്തിന്റെയും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കായല്‍ മത്സ്യബന്ധനത്തെ മാത്രമല്ല, കടലിലെ മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും.

നമ്മുടെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് പൂര്‍വികര്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. അതില്‍ ഒന്നാണ് കാവുകള്‍. ജൈവവൈവിധ്യകലവറകളായ കാവുകള്‍ അതിന്റെ ചുറ്റും ശുദ്ധവായു നല്‍കിയിരുന്നു. അതിലെ കുളം ചുറ്റുമുള്ള കിണറുകളില്‍ വറ്റാത്ത ജലം നല്‍കിയിരുന്നു. അതില്‍വസിക്കുന്ന ജന്തുജാലം പരാഗണത്തെ സഹായിക്കുകയും സസ്യജാലികയുടെ വര്‍ധനവിന് കാരണമാവുകയും ചെയ്തു. ഇവയുടെ സംരക്ഷണത്തിന് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും വെച്ചുപുലര്‍ത്തി. ഈ കാവുകള്‍ പലതും ഇന്ന് കഥകളില്‍ മാത്രമാണ്. കാവുകള്‍ പലതും നശിപ്പിച്ച് കുളങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് ഇവിടം അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങളാക്കി.

ഭൂമിയില്‍ ജന്മമെടുത്ത എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിനു മാത്രമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഒന്നും അമിതമായി ഊറ്റിയെടുക്കാതെ അടുത്ത തലമുറയക്കായ് കാത്തുവെച്ചു. പുഴസംരക്ഷണം, കാവുസംരക്ഷണം, തീരദേശസംരക്ഷണം, മരംനടീല്‍ ഇങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പല പദ്ധതികള്‍ കൊണ്ടുവരികയും കോടികള്‍ മാറ്റിവെക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയുടെ സംരക്ഷണം നടക്കുന്നില്ല എന്നുമാത്രമല്ല ഈ കോടികള്‍ ചിലരുടെ പോക്കറ്റിലേക്ക് വകമാറ്റപ്പെടുകയും, നമ്മുടെ നദികളും കായലുകളും കൂടുതല്‍ കൂടുതല്‍ മലിനീകരിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി ക്വാറി മാഫിയകള്‍, മണല്‍ മാഫിയകള്‍, വനം മാഫിയകള്‍ ഉദയം ചെയ്യുകയും ഇവരുടെയൊക്കെ അഴിഞ്ഞാട്ടത്തിന് നമ്മള്‍ സാക്ഷികളാകേണ്ടിയും വന്നു.

ഇന്ന് കേരളത്തില്‍ 12 ലക്ഷത്തിനുമേല്‍ വീടുകള്‍ ആരും താമസിക്കാനില്ലാതെ വെറുതെ കിടക്കുന്നു. ഇങ്ങനെ അനാവശ്യനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രകൃതി വിഭവങ്ങളെ അവരുടെ ഇഷ്ടാനുസരണം ഊറ്റിയെടുത്തപ്പോള്‍, മണ്ണും കല്ലും മണലും തടിയുമൊക്കെ സാധാരണക്കാരന് പ്രാപ്യമാവാത്ത തരത്തില്‍ വില കുതിച്ചുകയറുകയും, കാശുള്ളവന്റെ ധൂര്‍ത്തിനായി മാറ്റപ്പെടുകയും, വീട് ഒരു സ്റ്റാറ്റസ് സിംബലായി മാറുകയും, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണത്തിനും അധികാരവത്കരണത്തിനും വഴിതുറക്കുകയും ചെയ്തു. ഈ മാഫിയവത്കരണം നമ്മുടെ സമസ്ത മേഖലകളെയും കാര്‍ന്നുതിന്നുകയും കുടിവെള്ളം പോലും കുപ്പിയിലാക്കി വില്‍ക്കുന്ന സ്വകാര്യവത്കരണ പ്രക്രിയയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തു. 

ഭൂഗര്‍ഭജലത്തിന്റെ ലെവല്‍ വളരെ താഴുകയും കുഴല്‍കിണറുകള്‍ പലതും സ്മാരകങ്ങളായി മാറുകയും ചെയ്തിട്ടും, ഉപരിതലജലവും ഭൂഗര്‍ഭജലവും ഊറ്റിയെടുത്ത് ഒരു നാടിനെ മുഴുവന്‍ മരുഭൂമിയാക്കി മാറ്റുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലാച്ചിമടയിലും മറ്റും നമ്മള്‍ കണ്ടത്.

 ആസന്ന മരണയായി, ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ  ഉള്ള ജീവന്‍കൂടി ഇല്ലാതാക്കുന്ന പുതിയ നദീസംയോജന പദ്ധതിയുമായി (പമ്പ, അച്ചന്‍കോവില്‍, വൈപാര്‍ പദ്ധതി) സര്‍ക്കാറുകള്‍ വരുമ്പോള്‍ അതിനെതിരെ നമ്മള്‍ കൈകോര്‍ത്തില്ലെങ്കില്‍ നമ്മുക്ക് നമ്മുടെ നാട് എന്നെന്നേക്കുമായി നഷ്ടപ്പെടും. നമ്മള്‍ എല്ലാം കാലാവസ്ഥ അഭയാര്‍ത്ഥികളായി മാറും. ഇങ്ങനെ കേരളത്തിന്റെ മണ്ണും വനവും ജലവും എന്തിന് ശുദ്ധവായുപോലും നോട്ടുകെട്ടുകളായി മാറുമ്പോള്‍ ചാലിയാര്‍പ്പുഴ സംരക്ഷണത്തിന്, ഭാരതപ്പുഴസംരക്ഷണത്തിന്, അതിരപ്പിള്ളി, വാഴച്ചാല്‍ സംരക്ഷണത്തിന്, പമ്പാനദി സംരക്ഷണത്തിന് ഒക്കെ ഉഴിഞ്ഞുവെച്ച ചുരുക്കം ചില പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട സ്ത്രീമുഖങ്ങളാണ് കുസുമം ടീച്ചര്‍, ലതചേച്ചി, സാറടീച്ചര്‍, സുഗതകുമാരി ടീച്ചര്‍. ഇവരുടെയൊക്കെ പേരുകള്‍ക്കൊപ്പം എഴുതപ്പെട്ടിട്ടില്ലെങ്കിലും ഓരോരുത്തര്‍ക്കുമാവുന്നത് ചെയ്തില്ലെങ്കില്‍ ബാക്കിയുള്ള പുഴയും കാടും കായലും നഷ്ടമാവും. കേരളത്തെ ഇങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ തല കുമ്പിട്ടുനില്‍ക്കാനുള്ള അര്‍ഹത പോലും ഇല്ലാത്തവരായി നമ്മള്‍ മാറും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top