''പള്ളങ്ങള്‍'' ഭൂമിക്കൊരു റീ ചാര്‍ജ്ജ്

ഷഫീഖ് നസറുള്ള
ഏപ്രില്‍ 2017
ദേശീയ ശരാശരിയിലും വളരെയധികം മഴ കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മഴപെയ്തൊഴിഞ്ഞ് ഏറെക്കഴിയുന്നതിനു മുന്‍പേ വരള്‍ച്ചയുടെ

ദേശീയ ശരാശരിയിലും വളരെയധികം മഴ കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മഴപെയ്തൊഴിഞ്ഞ് ഏറെക്കഴിയുന്നതിനു മുന്‍പേ വരള്‍ച്ചയുടെ കെടുതികളിലേക്ക് വീഴുകയാണ് നമ്മുടെ നാട്. ഇത്തവണ തിമിര്‍ത്തുപെയ്യേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും ഒരുപോലെ ചതിച്ചു. 2012 നേക്കാള്‍ കടുത്ത വരള്‍ച്ചയാണ് നമ്മള്‍ നേരിടുന്നത്. ഒരുകാലത്ത് അധികജലമുണ്ടായിരുന്ന കേരളം എങ്ങനെയാണ് വരള്‍ച്ചാ ബാധിതമായിപ്പോയതെന്നും ചിന്തിക്കണം.

പ്രതിവര്‍ഷം 3000 മില്ലീമീറ്റര്‍ മഴ, 44 നദികള്‍, 66 ലക്ഷം കിണറുകള്‍, അത്ര തന്നെ കുളങ്ങള്‍, സമൃദ്ധമായ വന സമ്പത്ത്, കാലാവസ്ഥ നിയന്ത്രിക്കുന്ന പശ്ചിമഘട്ടത്തിന്റെ കാവല്‍. ഇവയെല്ലാമുണ്ടായിട്ടും എന്ത് കൊണ്ട് കേരളം വരള്‍ച്ചയിലേക്ക് വഴിമാറി.  

ഇടവപ്പാതിയും കാലവര്‍ഷവും കൊണ്ടുവരുന്ന മഴവെള്ളം സംഭരിച്ചു നിര്‍ത്തുന്ന, ഭൂഗര്‍ഭജല സമ്പത്ത് റീചാര്‍ജ്ജ് ചെയ്തിരുന്ന പ്രകൃതിദത്ത സംവിധാനങ്ങളുടെ നാശമാണ് ഈ ദുരവസ്ഥക്ക് കാരണം. നദീതടഭൂമി ഉപയോഗിക്കുന്നതിലെ നാശോന്മുഖമായ മാറ്റങ്ങളാണ് ഈ റീചാര്‍ജ് കുറയാനുള്ള കാരണം. പുഴകളും തടാകങ്ങളും കുളങ്ങളും കിണറുകളുമെല്ലാം നാം നശിപ്പിച്ചു. 

വ്യത്യസ്ത വിളകള്‍ കൃഷി ചെയ്തിരുന്ന തോട്ടങ്ങളും പറമ്പുകളും പാടങ്ങളു മെല്ലാം റബറും തെങ്ങും കവുങ്ങും കശുമാവും പോലുള്ള ഒറ്റ വിളകള്‍ക്ക് വഴിമാറി. ഇതും വരള്‍ച്ചയുടെ ആക്കം കൂട്ടി. റബര്‍ തോട്ടങ്ങളുടെ വിസ്തൃതി കഴിഞ്ഞ 40 വര്‍ഷത്തിനിടെ 10 ലക്ഷം ഹെക്ടറായാണ് ഉയര്‍ന്നത്. മണ്ണിലെ ജലാംശം പിടിച്ചുനിര്‍ത്താനോ ഭൂമിയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാന്‍ വഴിയൊരുക്കാനോ ഇത്തരം നാണ്യവിളകള്‍ക്ക് ഒട്ടും കഴിവില്ല. 

പ്രകൃതിദത്തമായ ജലസംഭരണികളും സ്വാഭാവിക ജലശുദ്ധീകരണ സംവിധാനവുമാണ് ചതുപ്പുകളും പാടങ്ങളും. ചതുപ്പുനിലങ്ങളാല്‍ അനുഗൃഹീതവുമായിരുന്നു നമ്മുടെ നാട്. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ 1970 -ല്‍ 8 ലക്ഷം ഹെക്ടര്‍ ചതുപ്പുകളും പാടങ്ങളും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ അതിന്റെ അളവ് വെറും 1 ലക്ഷം ഹെക്ടറിന് താഴെ മാത്രമാണ്. വികസനത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും പേരിലുള്ള ഭൂമി നികത്തലാണ് ഈയവസ്ഥയ്ക്ക് വഴിയൊരുക്കിയത്.

വ്യാപകമായ കുന്നിടിക്കലും പാറപൊട്ടിക്കലും ഭൂമിയിലേക്ക് ജലം ഊറിയിറങ്ങുന്നതിനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ ഇല്ലാതാക്കി. ചെമ്മണ്‍ കുന്നുകളിലും വ്യാപകമായ ഖനനമാണ് നടക്കുന്നത്. ഇതെല്ലാം ഭൂമിയിലേക്ക് ജലം ആഴ്ന്നിറങ്ങുന്നതിന് തടസ്സമായി. 

ജലസംരക്ഷണത്തില്‍ വളരെ പ്രധാന പങ്കാണ് പാടശേഖരങ്ങള്‍ വഹിക്കുന്നത്. വര്‍ഷത്തില്‍ 2.5 സെന്റീമീറ്റര്‍ മുതല്‍ 300 സെന്റീമീറ്റര്‍ വരെ വെള്ളം കെട്ടി നില്‍ക്കുന്ന പാടശേഖരങ്ങള്‍ തണ്ണീര്‍ത്തടങ്ങളാണ്. ഇങ്ങനെ കെട്ടിനില്‍ക്കുന്ന വെള്ളത്തിന്റെ 49 ശതമാനം ഭൂഗര്‍ഭജലമാക്കി മാറ്റപ്പെടുന്നുവെന്നാണ് പഠനം. നെല്‍പ്പാടങ്ങളുടെ വിസ്തൃതി 1975 - ല്‍ 8.77 ലക്ഷം ഹെക്ടറായിരുന്നത് ഇപ്പോള്‍ 3.51 ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ഭൂമിയിലേക്ക് ജലം റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതോടെ ചുരുങ്ങിയത്. 

ജലസംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ് വനം.  എന്നാല്‍ കേരളത്തിലെ വനത്തിന്റെ വിസ്തൃതി 14.1 ശതമാനം മാത്രമാണ്. നാള്‍ക്കുനാള്‍ വനത്തിന്റെ വിസ്തൃതി കുറഞ്ഞു വരുന്നു. ഇനിയും അവശേഷിക്കുന്ന വനങ്ങളെയെങ്കിലും സംരക്ഷിക്കുന്നതിന് നമുക്ക് കഴിഞ്ഞില്ലെങ്കില്‍ അവസ്ഥ ഭീകരമാവും. വന നാശം പുഴയുടെ നാശത്തിനും കാരണമാകുന്നു. 

കുളങ്ങളും കിണറുകളും മഴവെള്ളം ശേഖരിക്കുന്നതിനും സംരക്ഷിച്ച് വെക്കുന്നതിനുമുള്ള പ്രധാന മാര്‍ഗങ്ങളാണ്. ഇവ സംരക്ഷിക്കുന്നതിലൂടെ ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ റീചാര്‍ജ് വര്‍ധിപ്പിക്കാനാവും. മനുഷ്യ നിര്‍മിത കുളങ്ങള്‍ക്ക് പുറമെ പ്രകൃതിദത്തമായ പാറക്കുളങ്ങളുമുണ്ട്. ഇവയാണ് പള്ളങ്ങള്‍ എന്ന് അറിയപ്പെടുന്നത്. കടുത്ത വേനലിലും വറ്റാത്ത പാറക ളിലെ ജലാശയങ്ങളാണ് ഇത്. വെ ള്ളത്തിനായി പക്ഷിമൃഗാദികളും മ നുഷ്യരും ഒരുപോലെ പള്ളങ്ങളെ ആശ്രയിച്ചിരുന്നു. സമീപത്തെ വീടുകളിലെ കിണറുകളിലുള്ള ജലസാന്നിധ്യവും പള്ളങ്ങള്‍ ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇന്ന് പള്ളങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഇവ സംരക്ഷിക്കാനാവുന്നതോടെ പരിസര പ്രദേശങ്ങളിലെ ജലസാന്നിധ്യം വര്‍ധിപ്പിക്കാനാവും. 

ഉപയോഗിക്കപ്പെട്ട കരിങ്കല്‍ ക്വാറി കള്‍ ജലസംഭരണികളാക്കി മാറ്റി ജലം സംരക്ഷിക്കാവുന്നതാണ്. തുറന്നവശം കെട്ടി അടച്ച് മഴവെള്ളം സംരക്ഷിക്കാം. മണ്ണൊലിപ്പ് തടഞ്ഞ് നീര്‍ച്ചാലുകള്‍ സംരക്ഷിക്കുന്നത് ഭൂമിയുടെ ജല റീചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് ഗുണകരമാണ്. നീര്‍ച്ചാലിലൂടെ വേഗത്തില്‍ ഒഴുകിപ്പോകുന്ന വെളളത്തിന്റെ വേഗത കുറച്ചാണ് ഭൂമിയിലേക്കുള്ള റീചാര്‍ജ് വര്‍ധിപ്പിക്കുന്നത്. ഇതിനായി സങ്കന്‍ പോണ്ട് നിര്‍മിക്കാം. ചാലിന്റെ അടിത്തട്ടില്‍ മൂന്ന് അടി വീതിയില്‍ നിര്‍മിക്കുന്ന, മുങ്ങിക്കിടക്കുന്ന കുളങ്ങളെയാണ് Sunken pond എന്നു വിളിക്കുന്നത്. ഒഴുകുന്നവെള്ളം ഈ കുഴികളില്‍ ഇറങ്ങിക്കയറി പോകുന്നത് മൂലം ഒഴുക്കിന്റെ വേഗത കുറയുന്നു. ഇത് ഭൂമിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങുന്നതിന് കാരണമാവും. 

വെള്ളം കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് വീണ്  കടുത്ത് മണ്ണൊലിപ്പിന് ഇടയാക്കുന്നത് തടയുന്നതിനായി തോടിന്റെ അടിത്തട്ടില്‍ കല്ലുകള്‍ പാകി ജലത്തിന്റെ വീഴ്ചമൂലമുള്ള ആഘാതം കുറച്ച് മണ്ണൊലിപ്പ് തടയാനാവും.

പരമ്പരാഗത കൃഷിരീതികളും ജല സംരക്ഷണത്തിന് പ്രയോജനകരമാണ്. ഏക വിള കൃഷിക്ക് പകരം ബഹുതല കൃഷിരീതി ഉപയോഗപ്പെടുത്തുന്നത് ഗുണകരമാണ്. പല തട്ടുകളായി വിവി ധ വിളകള്‍ ഉണ്ടാക്കുന്ന രീതിയാ ണ് ബഹുതല കൃഷി. ഇതുമൂലം മഴ വെളളം നേരിട്ട് മണ്ണില്‍ പതിക്കുന്നത്  കാരണം മണ്ണൊലിപ്പ് കുറയുന്നു. ഭൂമിയുടെ റീചാര്‍ജ് വര്‍ധിക്കുന്നു. ഒപ്പം കൃഷിയിടങ്ങളില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്ന വഴികളും നമുക്ക് അവലംബിക്കാവുന്നതാണ്. തടിയില്‍ നിന്നും ഒന്നരമീറ്റര്‍ വിട്ട് അര മീറ്റര്‍ വീതിയിലും അരമീറ്റര്‍ ആഴത്തിലും തടം തുറന്ന് ചകിരി തൊണ്ട്, പട്ട (ഓല), പച്ചിലകള്‍ തുടങ്ങി യവ കൊണ്ട് പുതയിടുന്നതോടെ എ പ്പോഴും കൃഷിസ്ഥലത്ത് ഈര്‍പ്പം നിലനിര്‍ത്താനാവും. 

കൃഷിഭൂമിയിലെ മണ്ണൊലിപ്പ് തടയുന്നതിന് ജൈവ വേലി നിര്‍മി ക്കുന്നതും ഏറെ പ്രയോജനം ചെയ്യും. പതിമുഖം, ശീമക്കൊന്ന, ചെമ്പരത്തി, ആടലോടകം എന്നിവ ജൈവവേലിയായി നട്ടുപ്പിടിപ്പിച്ച് മണ്ണൊലിപ്പ് തടയാനാവും. ഇത് കൂടാതെ ചരിവുള്ള ഭൂമിയില്‍ ചരിവിന് കുറുകെ മണ്‍ബണ്ടുകള്‍ നിര്‍മ്മിച്ച് മണ്ണൊലിപ്പ് തടയാം. പ്രദേശികമായി കാട്ട് കല്ല് ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് ഉപയോഗിച്ച് കല്ല് കയ്യാലകള്‍ നിര്‍മിക്കാവുന്നതുമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media