(മടപ്പള്ളി ഗവണ്‍മെന്റ് കോളെജിലെ ഇങ്കിലാബ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ സാരഥി സല്‍വ അബ്ദുല്‍ ഖാദറുമായി ഫറൂഖ് കോളെജ് വിദ്യാര്‍ഥിനി അഫ്‌ല റഹ്മാന്‍ നടത്തിയ അഭിമുഖം)
?? മാച്ചിനാരിയിലെ സ്ത്രീ ശബ്ദം, ഒരുപാട് പറഞ്ഞും കേട്ടും അറിഞ്ഞ സല്‍വ മടപ്പള്ളി കോളേജില്‍ ഒരു മതഭ്രാന്തി ആയിത്തീര്‍ന്ന സന്ദര്‍ഭം ഒരല്‍പം വിശദീകരിക്കാമോ?
തിരുവനന്തപുരം ലോ അക്കാദമിയില്‍ സംയുക്ത സമരസമിതി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത ദിവസം ഞങ്ങള്‍ പഠിപ്പ് മുടക്കിന് അനുവാദം ചോദിച്ച് പ്രിന്‍സിപ്പാളിന് നോട്ടീസ് നല്‍കി. നിങ്ങള്‍ സമരത്തിലില്ലാത്ത സംഘടന ആയത്‌കൊണ്ട് അനുവാദം തരില്ലാന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അപ്പോള്‍ ഇ തൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞുകൊണ്ട് എസ്.എഫ് ഐ നേതാക്കള്‍ പ്രിന്‍സിപ്പാളുടെ റൂമിലേക്ക് കയറി വന്ന് കുറെ ചീത്ത വിളിച്ചു. ചില അധ്യാപകരും എസ്.എഫ്.ഐക്കാര്‍ക്ക് അനൂകൂലമായി സംസാരിച്ചു. നിങ്ങളുടെ നന്മക്ക് ഇതൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ പ്രകടനം വിളിക്കാന്‍ അനുവാദം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ എസ് എഫ് ഐ നേതാക്കള്‍ വന്ന് തടഞ്ഞു. അപ്പോള്‍ ഞങ്ങള്‍ അവിടെ നിന്ന് മുദ്രാവാക്യം വിളിച്ചു. ഒരുപാട് എസ് എഫ് ഐ ക്കാര്‍ ഓടി വന്ന് സ്വാതന്ത്ര്യം, ജനാധിപത്യം മുദ്രാവാക്യം മുഴക്കി അടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും. ആറ് പേര്‍ ഫസ്റ്റ് ഇയര്‍ കുട്ടികളാണ്. ആണ്‍കുട്ടികളെ മൂന്ന് ഭാഗത്തേക്കായി അവര്‍ പിടിച്ചുകൊണ്ടുപോയി. തടയാന്‍ ശ്രമിച്ച എന്നെയും കൂടെയുള്ളവരെയും അവര്‍ മുഖത്തടിക്കുകയും കൈപിടിച്ച് തിരിക്കുകയും പറയാനറക്കുന്ന അസഭ്യങ്ങള്‍ വിളിക്കുകയും ചെയ്തു. എസ്.എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ സെക്കന്റ് ഇയര്‍ ഇംഗ്ലീഷിലെ ആശിഖും യൂണിയന്‍ ചെയര്‍മാന്‍ നിജിലേഷും അവിടത്തെ നേതാക്കളായ അഖിലും അര്‍ജുനും വിജിനുമാണ് എന്നെയും കൂടെയുള്ള പെണ്‍കുട്ടികളെയും തല്ലിയത്. ആണ്‍കുട്ടികളെ ഇവരുടെ നേതൃത്വത്തില്‍ കൂട്ടമായി അടിക്കുകയായിരുന്നു.
??അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീട് കാണുന്നത് ഒത്തുതീര്‍പ്പു ശ്രമങ്ങളും അടിയും ഒച്ചപ്പാടുകളുമൊക്കെയാണ്.
-അതെ, അന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ റൂമില്‍ എത്തി. അപ്പോള്‍ അവിടേക്ക് ചെയര്‍മാന്‍ വന്ന് സര്‍ ഒരു പരാതിയുണ്ട് എന്ന് പറഞ്ഞു. അനുശ്രീ എന്ന എസ്. എഫ്.ഐ നേതാവിനെ ഇന്‍ക്വിലാബിന്റെ പ്രവര്‍ത്തകനായ അസ്‌ലം മുഖത്തടിച്ചു, തല്ലി എന്നായിരുന്നു പരാതി. ഇതിലാരാണ് അസ്‌ലം എന്ന് നിനക്കറിയാമോ എന്ന് പ്രിന്‍സിപ്പാള്‍ അനുശ്രീയോട് ചോദിച്ചു. അവള്‍ക്ക് അറിയില്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് കാണിച്ച് കൊടുത്തത്. പോലീസ് വന്നപ്പോഴാണ് ആശുപത്രിയില്‍ പോവാന്‍ അവസരമുണ്ടായത്. ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലുമൊന്നും ഞങ്ങളുടെ പരിക്കിനും പരാതിക്കുമൊന്നും അവര്‍ ഒരു ഗൗരവവും തന്നില്ല.
പിന്നീടങ്ങോട്ട് കേസ് ഒത്തുതീര്‍പ്പിനുള്ള ഓട്ടത്തില്‍ ആയിരുന്നു അവര്‍. ഇതിനു വേണ്ടി എന്റെ രക്ഷിതാക്കളെ കോളേജില്‍ വിളിച്ചു വരുത്തി. എന്നാല്‍ അവരും എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കേസ് പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നെയും മറ്റുള്ളവരെയും പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.
?? സല്‍വക്കെതിരെ കോളേജിലെ പ്രധാനപ്പെട്ട ഒരു വിദ്യര്‍ത്ഥി സംഘം കൂട്ടമായി തിരിഞ്ഞ് പോരടിക്കുമ്പോഴും സോഷ്യല്‍ മീഡിയകളിലടക്കം നിറഞ്ഞ് നില്‍ക്കുമ്പോഴും ഒരു പെണ്‍കുട്ടിയാണ് സല്‍വ എന്ന നിലക്ക് സ്വാഭാവികമായും വീട്ടുകാര്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാം, അതും ഈ ഒരു കാലത്ത്. എന്തായിരുന്നു കുടുംബത്തില്‍ നിന്നുള്ള പ്രതികരണം ?
- ഈ ഒരു സന്ദര്‍ഭത്തില്‍ പോലും എനിക്കിങ്ങനെ തളരാതെ നില്‍ക്കാന്‍ കഴിയുന്നത് വീട്ടില്‍ നിന്നുള്ള നല്ലൊരു സപ്പോര്‍ട്ട് കൊണ്ട് തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഉപ്പ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ചിന്താഗതിയുള്ള ഒരാളാണ്. അതുകൊണ്ടു തന്നെ ഞാന്‍ കേസുകൊടുത്ത അഖിലിനെതിരെ വളരെ ശക്തമായി പ്രതികരിച്ചതും ഉപ്പയാണ്. ഒരു പെണ്‍കുട്ടിയെ ഒരാണ്‍കുട്ടി കൈവെക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനവും പൊതുമാപ്പ് പറഞ്ഞേ പറ്റൂ എന്ന നിലപാടും അന്ന് ഉപ്പ കൈകൊണ്ടതാണ് കേസുമായി മുമ്പോട്ട് പോകാന്‍ ഇത്രത്തോളം ആത്മവിശ്വാസം വന്നത്.
ഉമ്മാന്റെ കാര്യമാണെങ്കില്‍ ഏതൊരുമ്മാക്കും സ്വാഭാവികമായും ഉണ്ടാകുന്നത് പോലെ വേവലാതി ഉണ്ടായിരുന്നു. എതിര്‍വശത്തുള്ളത് സി.പി.എം ആയതു കൊണ്ട് തന്നെ, എതിരാളികളെ ഇല്ലാതാക്കുക എന്ന നയം അവര്‍ക്കുള്ളതു കൊണ്ടും ഉമ്മാക്കും ഭയമായിരുന്നു എന്നെയും എന്തെങ്കിലും അവര്‍ ചെയ്‌തേക്കുമോ എന്ന്. ഇതിലുപരി ഞാന്‍ പ്രവര്‍ത്തിക്കുന്നതിനോ ഇടപെടലുകള്‍ നടത്തുന്നതിനോ കേസുമായി മുന്നോട്ടു പോകുന്നതിനോ അവര്‍ ഒരിക്കലും എതിരല്ല.
?? ഇത്തരത്തില്‍ ഒരു political background ഉള്ള കോളേജില്‍ ആ politics ഇഷ്ടപ്പെട്ടു കൊണ്ടാണോ സല്‍വ എത്തിച്ചേരുന്നത്? അതോ രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കണം എന്ന കാഴ്ച്ചപ്പാട് മാത്രം ഉള്ളത് കൊണ്ടാണോ?
- ബി.എ പൊളിറ്റിക്‌സ് ഇഷ്ടപ്പെട്ടു തന്നെയാണ് എടുത്തത്. പിന്നെ ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ മടപ്പള്ളിയെ കുറിച്ചും ഇവിടുത്തെ ഇങ്കുലാബിനെ പറ്റിയും നന്നായി അറിയുമായിരുന്നു. എസ്.എഫ്.ഐ ക്കാര്‍ പറയുന്ന പോലെ ഈ മഴവില്‍ കൂട്ടായ്മ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയവരില്‍ എന്റെ ഇക്കാക്ക ഹബീബുറഹ്മാന്‍ കൂടി ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇങ്കുലാബിനെ നന്നായി അറിഞ്ഞു കൊണ്ടാണ് കാമ്പസില്‍ എത്തിയത്.
?? സല്‍വ ഇപ്പഴും പഴയ സല്‍വയാണോ ? അതോ മടപ്പള്ളി സല്‍വയെ ഏതെങ്കിലും തരത്തില്‍ മാറ്റിയിട്ടുണ്ടോ ?
- സല്‍വ ഇപ്പഴും പഴയ സല്‍വ തന്നെയാണ്. എന്നാലും ആദ്യമൊക്കെ കാമ്പസില്‍ വരുമ്പൊ ഒരു പേടിയായിരുന്നു, സീനിയേഴ്‌സ് ആണെങ്കില്‍ അവരുടെ കീഴില്‍ നില്‍ക്കേണ്ട ഒരു അവസ്ഥയുണ്ടായിരുന്നു. അതൊക്കെ ഇപ്പൊ മാറി കൊറച്ചു കൂടെ ബോള്‍ഡ് ആയി. അതൊക്കെ തന്നെയാണ് വലിയ മാറ്റം. പിന്നെ കൂട്ടുകാര്‍ക്കിടയിലെ സല്‍വ പഴയതു തന്നെയാണ്. മറ്റുള്ളവര്‍ എത്രയൊക്കെ അപവാദങ്ങള്‍ പറഞ്ഞ് നടന്നിട്ടും അവര്‍ക്കറിയുന്ന സല്‍വ ഇതൊന്നുമല്ല എന്നതു കൊണ്ടുതന്നെ കൂടെയുള്ളവര്‍ അതൊന്നും വിശ്വസിച്ചിട്ടില്ല എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
?? ഒരു സംഭവത്തിന്റെ പേരില്‍ നമ്മള്‍ പോലും പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ കേസായും അടിപിടിയായും ഇവിടംവരെ എത്തി. ഇതെല്ലാം കോളേജിലെ നിലവിലെ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ പര്യാപ്തമാകുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഏതൊരര്‍ഥത്തിലുള്ള മാറ്റമാണ് സല്‍വയും കൂട്ടുകാരും പ്രതീക്ഷിക്കുന്നത് ?
- ഏകാധിപത്യ തുരുത്തില്‍ നിന്നും ജനാധിപത്യത്തിന്റെ വിശാലതയിലേക്കുള്ള മടപ്പള്ളിയുടെ ഈ ഒരു മാറ്റം തന്നെയാണ് നമ്മള്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ അത് ഇത്രത്തോളം പ്രശ്‌നങ്ങളിലൂടെ ആകും നടക്കുക എന്ന് വിചാരിച്ചിരുന്നില്ല, എന്തായാലും ചെറിയ തരത്തിലുള്ള മാറ്റങ്ങള്‍ക്കെങ്കിലും തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
?? ഇങ്കുലാബ് വിദ്യാര്‍ത്ഥി കൂട്ടായ്മയിലെ ഒരു ജി.ഐ.ഒ പ്രവര്‍ത്തകയാണ് സല്‍വ. ഇങ്കുലാബിന്റെ ബഹുസ്വരതയും നവജനാധിപത്യവും എല്ലാം പരിചയപ്പെടുത്തുന്നതിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കോളേജില്‍ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്? അതോ കോളേജില്‍ ഇതുവരെ അങ്ങനെ ഒരു സാഹചര്യം ലഭിച്ചിട്ടില്ലേ?
-ജി.ഐ.ഒവിനെ അതിന്റെ പ്രാസ്ഥാനിക തലത്തില്‍ നിന്നുകൊണ്ട് വളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല അവിടെ. എന്നാല്‍ അതിലുപരി നമ്മുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും നമ്മളിലൂടെ ചെയ്ത് കാണിച്ച് ആ മാറ്റങ്ങള്‍ കുട്ടികളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ ആ ഒരു അവസ്ഥയില്‍ ഇതുതന്നെ വലിയൊരു കാര്യമാണ്.
?? മുദ്രാവാക്യങ്ങള്‍ എപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്, അതിലുപരി ആവേശപ്പെടുത്താറുണ്ട്. ഈ ഒരര്‍ഥത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട, ആവേശത്തിലാക്കുന്ന മുദ്രാവാക്യം ഏതാണ് ?
- അതിലൊരു സംശയവും കൂടാതെ എനിക്ക് പറയാന്‍ കഴിയും. ഇങ്കുലാബ് സിന്ദാബാദ്, ഇങ്കുലാബ് ഇങ്കുലാബ് ഇങ്കുലാബ് സിന്ദാബാദ്, ഇത് വിളിക്കാറുള്ളത് ആവേശത്തോടെ മാത്രമല്ല, കൊറച്ചധികം അഹങ്കാരത്തോ ടു കൂടിയാണ്.
മാച്ചിനാരിയില്‍ ഇത് മുഴക്കുമ്പോള്‍ എതിര്‍വശത്തുള്ളവരുടെ നിസ്സഹായാവസ്ഥ കൂടി മനസ്സിലാക്കിയാല്‍ വിളിക്കാന്‍ ആവേശം കൂടും.
?? മടപ്പള്ളിയിലെ സംഭവത്തിനു ശേഷമാണ് സല്‍വയെ ഞാനടക്കം കേരളത്തില്‍ അകത്തും പുറത്തു മായി അറിഞ്ഞു തുടങ്ങുന്നത്. സല്‍ വയെയും പ്രവര്‍ത്തനങ്ങളെയും ആവശ്യമില്ലാതെ പരാമര്‍ശിച്ചു കൊണ്ട് ഓവറാക്കി കളയുന്നു എന്ന് തോന്നിയിട്ടുണ്ടോ?
- പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തിനാണ് സല്‍വയെ ഇങ്ങനെ ഉയര്‍ത്തുന്നതെന്ന്? ഞാന്‍ പലരോടും ചോദിക്കാറുമുണ്ട്. ആ കാര്യത്തില്‍ ചെറിയൊരു സങ്കടമുണ്ട്. എന്നാല്‍ അതിനപ്പുറം എസ്.എഫ്.ഐ യുടെ ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ ഒതുക്കാന്‍ ഞാന്‍ ഒരു കാരണം ആയാല്‍ അത് വലിയൊരു കാര്യമായും തോന്നാറുണ്ട് ഇടക്ക്.
?? തുടര്‍ പഠനത്തില്‍ സല്‍വയുടെ സ്വപ്നം എന്താണ് ?
-ഈ ഒരു സംരംഭത്തിനു ശേഷമാണ് യഥാര്‍ഥത്തില്‍ പുറത്ത് നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നത്. ഒരുപാട് പേരെ പരിചയ പ്പെട്ടു. അതില്‍ ഉമ്മുല്‍ ഫായിസ, ഹെബ അഹ്മദ്, രാഹുല്‍ ഇവരൊക്കെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ ആണ്. ജെ.എന്‍.യു വില്‍ പോയി പി.ജി ചെയ്യണം എന്ന് എനിക്കും ഫ്രണ്ട് സിനും ആഗ്രഹമുണ്ട്. ഇന്‍ഷാ അല്ലാഹ്. സഖാക്കള്‍ അല്ലെ എതിര്‍ വശം !